ആരാധനാവത്സരത്തിലെ ഉയിർപ്പുകാലം മിശിഹായുടെ ഉയിർപ്പിനെപ്പറ്റി ധ്യാനിക്കാനും അതിലൂടെ ഈശോമിശിഹാ സാധിച്ച മനുഷ്യരക്ഷയെ അനുദിന
വിചിന്തന വിഷയമാക്കി പ്രത്യാശയോടെ ഈ ഭൂമിയിലെ ജീവിതത്തെ കാണാനുമുള്ള അവസരമാണ്. ഈ ദൈവശാസ്ത്രചിന്തയുടെ അടിസ്ഥാനം പൗരസ്ത്യസുറിയാനി സഭാപിതാക്കന്മാരുടെ ദർശനങ്ങളാണ്. വ്യതിരിക്തമായ ദർശനം കൊണ്ട് പൗരസ്ത്യസുറിയാനി പണ്ഡിതരുടെ ശ്രേണിയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് അഫ്രഹാത്ത്. മിശിഹായുടെ ഉയിർപ്പിനെപ്പറ്റി അദ്ദേഹം പങ്കുവയ്ക്കുന്ന ദർശനങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. അഫ്രഹാത്തിന്റെ
രചനകളെ വിളിക്കുന്ന പേര് ”തഹ്‌വീത്ത” (Demonstrations) എന്നാണ്. ക്രൈസ്തവസത്യങ്ങളെ സുറിയാനിഭാഷയുടെ ഏറ്റവും ശുദ്ധമായ രൂപത്തിൽ പ്രതിപാദിക്കുന്നവയാണ് അദ്ദേഹത്തിന്റെ ”തഹ് വീത്ത”കൾ. ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രമായ മിശിഹായുടെ ഉത്ഥാനം വികസിതമായ ദൈവശാസ്ത്രരൂപത്തിൽ അഫ്രഹാത്തിന്റെ ”തഹ്‌വീത്ത”കളിൽ കാണുന്നില്ല. എങ്കിലും, ഇന്നത്തെ വികസിതമായ ഉത്ഥാനദൈവശാസ്ത്രത്തിന്റെ ആദിമരൂപങ്ങളെ അഫ്രഹാത്തിന്റെ രചനകളിൽ വായിച്ചെടുക്കാൻ നമുക്കു കഴിയും. പ്രധാനമായും മൂന്നു ചിന്തകളായി അഫ്രഹാത്തിന്റെ ഉത്ഥാനദൈവശാസ്ത്രത്തെ സംഗ്രഹിക്കാൻ കഴിയും.
1. മിശിഹായുടെ ഉത്ഥാനം ‘ജീവന്റെ’ രഹസ്യം
പ്രതീകങ്ങളും അടയാളങ്ങളുംകൊണ്ട് സമ്പന്നമായ അഫ്രഹാത്തിന്റെ ദൈവശാസ്ത്രം മിശിഹായുടെ ഉത്ഥാനത്തെ ”ജീവന്റെ രഹസ്യ”(Mystery of Life)മായിട്ടാണ് അവതരിപ്പിക്കുക. ”മിശിഹാ ദൈവത്തിന്റെ പുത്രൻ” എന്ന ”തഹ്‌വീത്ത”യിൽ അഫ്രഹാത്ത് ഇപ്രകാരം പറയുന്നു: ”ഈശോമിശിഹാ നാശത്തിൽനിന്നു രക്ഷിക്കപ്പെട്ടു. അവൻ പാതാളത്തിൽനിന്ന് പുറത്തുവരികയും, മൂന്നാംദിവസം ”’ജീവനു’ളളവനായി, ഉത്ഥിതനായി മാറുകയും ചെയ്തു” (തഹ്‌വീത്ത 17:10). വീണ്ടും 22-ാം ”തഹ്‌വീത്ത”യിൽ പറയുന്നു: ” ‘മരിച്ചവനായ’ ഈശോമിശിഹാ ‘മരണത്തിന് അന്ത്യംകുറിച്ചു. അവനിലൂടെ ”ജീവൻ” ഭരണം നടത്താനും അപ്രകാരം ”മരണം” കടന്നുപോകാനും കാരണമായി” (തഹ്‌വീത്ത 22:5).
മുകളിൽ പ്രതിപാദിച്ച ”തഹ്‌വീത്ത”കളിൽ അഫ്രഹാത്ത് ഈശോമിശിഹായെ ”ജീവദാതാവും, ”മരണത്തിന്റെ അന്തകനും” ആയിട്ടാണ് അവതരിപ്പിക്കുക. അതിലൂടെ ഈശോമിശിഹായുടെ ഉത്ഥാനം ”ജീവന്റെ രഹസ്യത്തെ” വെളിപ്പെടുത്തുന്ന യാഥാർത്ഥ്യമായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുക. അഫ്രഹാത്തിന്റെ ഈ ഉത്ഥാനദർശനം പൗരസ്ത്യസുറിയാനി ദൈവശാസ്ത്രത്തിന്റെ വ്യതിരിക്തമായൊരു കാഴ്ചപ്പാടിനെയാണ് നമുക്കുമുമ്പിൽ തുറന്നുവയ്ക്കുന്നത്. പൗരസ്ത്യസുറിയാനി ക്രിസ്തുവിജ്ഞാനീയം (Christology) ഭാവാത്മകമായ (Positive) കാഴ്ചപ്പാടിനാണ് എപ്പോഴും പ്രാമുഖ്യം കൊടുക്കുക.
അതിൻപ്രകാരം ‘രക്ഷ’ (Salvation) എന്ന വാക്കിന് പകരമായി ‘ജീവൻ'(Life) എന്ന വാക്കാണ് പൗരസ്ത്യസുറിയാനി ദൈവശാസ്ത്രം ഉപയോഗിക്കുക. എന്താണ് ഈ വ്യത്യാസത്തിന് കാരണം? അത് കാഴ്ചപ്പാടിന്റെ വ്യത്യസ്തതയാണ്. ‘എന്തിൽനിന്നെങ്കിലും മോചിപ്പിക്കുക, രക്ഷിക്കുക’ എന്ന നിഷേധാത്മക (negative) സമീപനത്തേക്കാൾ ‘ജീവൻ കൊണ്ടു നിറയ്ക്കുക’, ‘ജീവൻ നൽകുക’, ‘ജീവന് കാരണമാകുക’ എന്നിങ്ങനെയുള്ള ഭാവാത്മക (positive) കാഴ്ചപ്പാടിനാണ് പൗരസ്ത്യ ദൈവശാസ്ത്രം ഊന്നൽ നൽകുക. ഈയൊരു കാഴ്ചപ്പാടിന്റെ ഉറവിടമായി നിലകൊള്ളുന്നത് സുറിയാനി ബൈബിളായ ‘പ്ശീത്താ’ തന്നെയാണ്. ‘പ്ശീത്താ’ ബൈബിൾ, ‘രക്ഷ’ (salvation) എന്നർത്ഥംവരുന്ന ഗ്രീക്ക് ബൈബിളിലെ വാക്കുകളെ ‘ജീവൻ’ (Life) എന്ന വാക്കുകൊണ്ട് മൊഴിമാറ്റം നടത്തുന്നു.
ഇത്തരമൊരു മാറ്റത്തിനു കാരണം ‘പ്ശീത്ത’ ബൈബിൾ സൂക്ഷിക്കുന്ന ക്രിസ്തുവിജ്ഞാനീയമാണ് (Christology). പൗരസ്ത്യ ക്രിസ്തുവിജ്ഞാനീയത്തിൽ ഈശോമിശിഹായെ ‘രക്ഷകൻ’ എന്നതിനെക്കാൾ ‘ജീവദാതാവാ’യി കാണുന്നു. ആദത്തിന്റെ പാപംമൂലം നഷ്ടപ്പെട്ട ‘ജീവൻ’ നമുക്കു തിരികെ നൽകാനാണ് മിശിഹാ ഈ ഭൂമിയിൽ ജന്മമെടുത്തത്. ആദിപിതാവിന്റെ പാപംമൂലം മരണത്തിന്റെ ഇരുളിൽപ്പെട്ട മനുഷ്യവർഗ്ഗത്തിന്, ‘ജീവന്റെ’ വെളിച്ചം നൽകാനാണ് ഈശോമിശിഹാ മനുഷ്യനായി ഭൂമിയിൽ അവതരിച്ചത്. ഈ ‘ജീവൻനൽകൽ’ പ്രക്രിയ പൂർത്തിയായത് ഈശോമിശിഹായുടെ കുരിശുമരണത്തിലൂടെയും പാതാളത്തിലിറങ്ങലിലൂടെയും, ഉത്ഥാനത്തിലൂടെയുമാണ്. അതിനെക്കുറിച്ച് അഫ്രഹാത്ത് വിവരിക്കുന്നത് ഇപ്രകാരമാണ്:
”മരണത്തിന്റെ അന്തകനായ ഈശോമിശിഹാ വന്നപ്പോൾ അവൻ ആദത്തിന്റെ
ബീജത്തിൽനിന്ന് ‘ശരീരം ധരിച്ച്, ശരീരത്തിൽ ക്രൂശിക്കപ്പെട്ട്, മരണം രുചിച്ചു. പക്ഷേ, ഈശോമിശിഹാ തന്റെ ലോകത്തിലേക്കു വരുന്നു എന്നു കേട്ടപ്പോൾ, ‘മരണം’ ഞെട്ടിവിറയ്ക്കുകയും, ഈശോയെ തന്റെ രാജ്യത്ത് കണ്ടപ്പോൾ അവൻ (മരണം) അസ്വസ്ഥനാവുകയും ചെയ്തു (…). അങ്ങനെ ‘മരണ’ത്തിന് തന്റെ അധികാര സ്ഥാനം നഷ്ടപ്പെട്ടു. ‘മരണം’ അവന്റെ അന്തകനായ ‘ഈശോമിശിഹാ’ എന്ന മരുന്ന് രുചിച്ചു (…). ഇപ്രകാരം മിശിഹാ മരണത്തിന്റെമേലുള്ള തന്റെ ശുശ്രൂഷ (ministry) പൂർത്തിയാക്കി” (തഹ്‌വീത്ത 22:4). മേൽവിവരിച്ച ”തഹ്‌വീത്ത”യിൽ അഫ്രഹാത്ത് ‘മരണത്തെ’ ഒരു വ്യക്തിയായും (person), മരണത്തിന്മേലുള്ള മിശിഹായുടെ വിജയം ‘ജീവൻ നൽകൽ’ (Lifegiving) ശുശ്രൂഷയുമായി കാണുന്നു. അതുകൊണ്ടാണ് അഫ്രഹാത്ത് തുടർന്നു പറഞ്ഞുവയ്ക്കുക ”മിശിഹാ മരണത്തിന്റെ ലോകത്തിൽനിന്ന് പുറത്തുവന്നപ്പോൾ ‘ജീവന്റെ വാഗ്ദാനം’ (promise of Life) എന്ന വിഷം മരണത്തിന്റെ ലോകത്ത് അവശേഷിപ്പിച്ചു. തന്മൂലം, മരണം പതുക്കെപതുക്കെ നശിപ്പിക്കപ്പെട്ടു” (തഹ്‌വീത്ത 22:5). ഇപ്രകാരം ഈശോയുടെ ഉത്ഥാനം ‘ജീവന്റെ രഹസ്യം’ (രക്ഷയുടെ രഹസ്യം) വെളിപ്പെടുന്ന യാഥാർത്ഥ്യമായി അഫ്രഹാത്ത് അവതരിപ്പിക്കുന്നു.
2. മിശിഹായുടെ ഉത്ഥാനം നമ്മുടെ ഉത്ഥാനത്തിന് വിശ്വാസ്യത (credibility) നൽകുന്നു
ഈശോയുടെ ഉത്ഥാനത്തെ നമ്മുടെ ഉത്ഥാനവുമായി ബന്ധപ്പെടുത്തിയാണ് അഫ്രഹാത്ത് പലപ്പോഴും പ്രതിപാദിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മിശിഹായുടെ ഉത്ഥാനം നമ്മുടെ ഉത്ഥാനത്തിന് വിശ്വാസ്യത (credibility) നൽകുന്നു. ഉദാഹരണത്തിന് 23-ാം ”തഹ്‌വീത്ത” യിൽ അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നു:
”ഈശോയുടെ തനിക്കുവേണ്ടിത്തന്നെയുള്ള പ്രാർത്ഥന ദൈവം കേട്ടില്ല. നമ്മുടെ നന്മയ്ക്കുവേണ്ടിയാണ് രക്ഷകന്റെ പ്രാർത്ഥന ദൈവം കേൾക്കാതെ പോയത്. മരിക്കുക എന്നത് (ഈശോയുടെ) ആവശ്യമായിരുന്നു. എന്തെന്നാൽ, അതിലൂടെ നമ്മെപ്പോലെ അവനും മരിച്ചുവെന്ന് നമുക്ക് ഉറപ്പുനൽകി. പക്ഷേ, അവൻ മരണത്തെ ‘കൊല്ലുക’യും ഉത്ഥാനം ചെയ്യുകയും ചെയ്തു. അതിലൂടെ നമ്മുടെ ഉയിർപ്പിനും അവൻ കാരണമാവുകയും നമ്മൾ ‘ജീവിക്കുകയും’ ചെയ്യുമെന്ന് അവൻ ഉറപ്പ് നൽകി”
(തഹ്‌വീത്ത 23: 11). മുകളിൽ പ്രസ്താവിച്ച ഉദ്ധരണിയിൽ, മിശിഹായുടെ ഉയിർപ്പ് മനുഷ്യവംശത്തിന്റെ ഉയിർപ്പിന്റെ ‘മാനദണ്ഡവും’ (criterion) ‘ഉറപ്പു’ (credibility)മായി അഫ്രഹാത്ത് അവതരിപ്പിക്കുന്നു. നമ്മെപ്പോലെ ശരീരത്തിൽ മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്തവൻ നമ്മുടെ ഉയിർപ്പിന്റെയും കാരണ ഭൂതനായിത്തീർന്നു. ”ആദ്യം അവൻ നമ്മുടെ മരണത്തിലൂടെ മരിച്ചു. അത് അവന്റെ മരണത്തിലൂടെ നമ്മെ ശക്തരാക്കാൻ വേണ്ടിയായിരുന്നു. പിന്നീട് മരണത്തിന്റെ ലോകത്തിൽനിന്ന് അവൻ ആരോഹണം ചെയ്ത്, മരണത്തെ കീഴ്‌പ്പെടുത്തി ബലഹീനതകളില്ലാതെ ഉത്ഥാനം ചെയ്തു (…). ഈശോയുടെ മരണം ഒഴിവാക്കാനുള്ള ഗത്‌സെമിനിയിലെ പ്രാർത്ഥന ദൈവം കേട്ടിരുന്നുവെങ്കിൽ ആരാണ് നമ്മുടെ ഉത്ഥാനം ഉറപ്പായ സത്യമായി അംഗീകരിക്കുക? തന്റെ ഉത്ഥാനത്തിലൂടെ അവൻ നമ്മെ ശക്തരാക്കുകയും, അവനിൽ സന്തോഷിക്കാൻ നമ്മെ പ്രാപ്തരാക്കുകയും
ചെയ്തു” (തഹ്‌വീത്ത 23:11). വീണ്ടും അഫ്രഹാത്ത് പറഞ്ഞുവയ്ക്കുന്നു, നമ്മുടെ ഉത്ഥാനവുമായി ബന്ധപ്പെട്ട എല്ലാ ഉറപ്പുകളെയും മിശിഹാ തന്നിൽ പൂർത്തിയാക്കി. തന്മൂലം, നമ്മൾ തീർച്ചയായും ഉയിർത്തെഴുന്നേല്ക്കും എന്ന സത്യം അവനിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടു. ഈ സാക്ഷാത്ക്കാരം സാധിതമാക്കാനായി ഈശോമിശിഹാ നമ്മിൽനിന്ന് ‘ശരീരം ധരിക്കുകയും, അവന്റെ പ്രകൃതത്തിലേക്ക് ആ ശരീരത്തെ മാറ്റുകയും ചെയ്തു (തഹ്‌വീത്ത 23:49). അതിലൂടെ നമ്മുടെ ഉത്ഥാനം ഉറപ്പായ ഒരു യാഥാർത്ഥ്യമാക്കി മാറ്റി.
3. ഉത്ഥാനാനുഭവം അനുദിനം ജീവിക്കേണ്ട യാഥാർത്ഥ്യം
മിശിഹായുടെ ഉത്ഥാനത്തെ വെറുമൊരു ദൈവശാസ്ത്രചിന്തയായി മാത്രം അഫ്രഹാത്ത് ഒതുക്കുന്നില്ല. മറിച്ച്, ഉത്ഥാനത്തിന്റെ ദർശനത്തെ പ്രായോഗിക ചിന്തകളുമായി ബന്ധപ്പെടുത്തി അദ്ദേഹം അവതരിപ്പിക്കുന്നു. ഉത്ഥാനം ഒരുവൻ അവന്റെ നിരന്തരജീവിതത്തിൽ അനുഭവിക്കേണ്ട യാഥാർത്ഥ്യമാണ്. ഈ അനുദിനസാക്ഷാത്ക്കാരത്തിന് നമ്മെ പ്രാപ്തരാക്കുന്നത് നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവാണ്. അഫ്രഹാത്തിന്റെ അഭിപ്രായത്തിൽ ഈശോയിൽ വസിച്ച ആത്മാവാണ് അവന്റെ ഉത്ഥാനത്തിന് ഹേതുവായത് (തഹ്‌വീത്ത 23:11). മിശിഹായുടെ ആത്മാവിനെത്തന്നെയാണ് നാം മാമ്മോദീസായിൽ സ്വീകരിച്ചത്. മാമ്മോദീസായിലൂടെ നാം സ്വീകരിച്ച പരിശുദ്ധാത്മാവ് യുഗാന്ത്യോന്മുഖയാഥാർത്ഥ്യമായ ഉത്ഥാനത്തെ ഇന്നും ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. മാമ്മോദീസാ ഒരു രണ്ടാം ജന്മമാണ്. സൃഷ്ടിയിലൂടെ നാം സ്വീകരിച്ച ആത്മാവ് ‘സ്വാഭാവിക ആത്മാവാണ്’ (Natural Spirit). എന്നാൽ, മാമ്മോദീസായിലൂടെയാണ് നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. ഒരുവൻ മരിക്കുമ്പോൾ ‘സ്വാഭാവിക ആത്മാവ്’ ജഡത്തോടൊപ്പം ഈ ഭൂമിയിൽ വസിക്കുന്നു. എന്നാൽ പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിലേക്ക് മിശിഹായുടെ സാമീപ്യത്തിലേക്ക് തിരിച്ചുപോകുന്നു. അവസാനദിനങ്ങളിൽ കാഹളനാദമുയരുമ്പോൾ കല്ലറകളിൽ
നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ശരീരങ്ങൾ ആത്മാവിന്റെ ശക്തി സ്വീകരിക്കുകയും മഹത്ത്വീകരിക്കപ്പെട്ട അവസ്ഥയിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു (തഹ്‌വീത്ത 6:14, 6:18). എന്നാൽ അഫ്രഹാത്തിന്റെ വീക്ഷണത്തിൽ, ഉത്ഥാനാനന്തരം ശരീരം ആത്മാവിനാൽ മഹത്ത്വീകരിക്കപ്പെട്ട് സ്വർഗ്ഗപ്രാപ്തിക്ക് യോഗ്യമായിത്തീരണമെങ്കിൽ ഒരുവന്റെ ജീവിതകാലത്ത് ഈ ആത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദുഃഖിപ്പിച്ചാൽ, അവസാനവിധിദിവസത്തിൽ ഞാൻ ദുഃഖിപ്പിച്ച ആത്മാവ് എനിക്കു
നിത്യനരകം കിട്ടുന്നതിന് ദൈവത്തിന്റെ മുമ്പിൽ കാരണക്കാരനാകും. അതുകൊണ്ട് ‘ഹൃദയത്തിന്റെ പരിശുദ്ധി’യും ‘ഹൃദയത്തിന്റെ സമഗ്രതയും’ സൂക്ഷിച്ചുകൊണ്ട് ആത്മാവിനെ ദുഃഖിപ്പിക്കാതെ ജീവിക്കാൻ ഒരുവൻ നടത്തുന്ന പരിശ്രമമാണ് ഉത്ഥാനത്തെ ഇന്നും ജീവിക്കുന്ന യാഥാർത്ഥ്യമായി മാറ്റുക. മിശിഹായെ ഉയിർപ്പിച്ച ആത്മാവ് എനിക്കും ഉത്ഥാനം പ്രദാനം ചെയ്യണമെങ്കിൽ പരിശുദ്ധിനിറഞ്ഞ ഹൃദയം,
കലഹങ്ങളൊഴിഞ്ഞ സമൂഹജീവിതം, പരദൂഷണമില്ലാത്ത വ്യക്തിജീവിതം ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. ഒരുവന്റെ ഉത്ഥാനം മുന്നിൽകണ്ട്, വിശ്വസ്തതയോടെ, ആത്മാവിനെ കളങ്കമില്ലാതെ സൂക്ഷിക്കാൻ നടത്തുന്ന തീവ്രപോരാട്ടം ഉത്ഥാനത്തിലൂടെ മിശിഹാ സാധിച്ച രക്ഷയെ അനുദിന ജീവിതയാഥാർത്ഥ്യമാക്കി നിലനിർത്താൻ സഹായിക്കുന്നു.
മുകളിൽ വിവരിച്ച അഫ്രഹാത്തിന്റെ ഉത്ഥാനദർശനം വികസിതമായ ഒരു ദൈവശാസ്ത്രമല്ല; മറിച്ച്, ദൈവശാസ്ത്രവും പ്രായോഗികജീവിതവും ഒരുമിച്ചു ചേരുന്ന പ്രതീകാത്മക അവതരണമാണ്. മിശിഹായുടെ ഉത്ഥാനം ജീവന്റെ (രക്ഷയുടെ) രഹസ്യമാണെന്നും, ഈ ഉത്ഥാനം നമ്മുടെ ഓരോരുത്തരുടേയും ഉത്ഥാനത്തിന്റെ ‘ഉറപ്പാണന്നും, അതുകൊണ്ടുതന്നെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഈശോ ഒരിക്കൽ സാധിച്ച ‘ജീവന്റെ’ (രക്ഷയുടെ) അനുഭവത്തെ എന്റെ അനുദിനജീവിതത്തിൽ ജീവിക്കേണ്ട യാഥാർത്ഥ്യമാണെന്നും അഫ്രഹാത്ത് ഓർമ്മിപ്പിക്കുന്നു.