ചോദ്യങ്ങൾക്കു മറുപടി രൂപതാ കൂരിയാ: പരമപ്രധാനമായ സംവിധാനം

രൂപതാ ഭരണത്തിൽ അവിഭാജ്യ ഘടകമാണ് രൂപതയുടെ കൂരിയാ. സംഘടനകൾ, സമിതികൾ, കമ്മറ്റികൾ, വ്യക്തിയധിഷ്ഠിത ഓഫീസുകൾ എന്നിവയുടെ സമാഹാരമാണ് രൂപതാ കൂരിയാ. രൂപതയുടെ ഭരണപരവും അജപാലനപരവുമായ ജോലികൾ ചെയ്യുന്നതിന് രൂപതാമെത്രാനെ സഹായിക്കുന്ന സംവിധാനമാണ് രൂപതാ കൂരിയാ.
കൂരിയാ മൂന്നു തലങ്ങളിൽ രൂപതാ മെത്രാനെ സഹായിക്കുന്നു:
1. പൊതുവായ രൂപതാ ഭരണത്തിൽ
2. അജപാലന പ്രവർത്തനങ്ങളെ നിയന്ത്രിച്ചുകൊണ്ട്
3. രൂപതയുടെ നീതിന്യായ അധികാര നിർവ്വഹണത്തിൽ സഹായിച്ചുകൊണ്ട്.
ഒരു രൂപതയുടെ ദൈനംദിന ഭരണ സംവിധാനത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കുവാൻ രൂപതാദ്ധ്യക്ഷനെ സഹായിക്കുന്ന കൂരിയാ എപ്രകാരമായിരിക്കണമെന്നും, ഏതു വിധത്തിൽ പ്രവർത്തിക്കണമെന്നും തീരുമാനിക്കാനുള്ള വിപുലമായ വിവേചനാധികാരം രൂപതാദ്ധ്യക്ഷനുണ്ട്. താഴെ പറയുന്നവർ രൂപതാ കൂരിയായിൽ നിയമപ്രകാരം അംഗങ്ങളാണ്:
പ്രോട്ടോ സിഞ്ചെല്ലൂസ്, സിഞ്ചെല്ലൂസുമാർ, ചാൻസിലർ, വൈസ് ചാൻസിലർ, നോട്ടറിമാർ, രൂപതാ ധനകാര്യസ്ഥൻ, രൂപതാധനകാര്യ സമിതി, ജുഡീഷ്യൽ വികാരി, ജഡ്ജിമാർ, മറ്റ് ട്രൈബ്യൂണൽ അംഗങ്ങൾ. ഇവരെക്കൂടാതെ രൂപതാമെത്രാൻ ആഗ്രഹിക്കുന്ന ഇതര സമിതികൾ, ഓഫീസുകൾ, കമ്മീഷനുകൾ എന്നിവയ്ക്കും രൂപതാ കൂരിയായിൽ അംഗത്വം ലഭിക്കുന്നു. കൂരിയാ അംഗങ്ങൾ രണ്ടു തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നു: വിശ്വസ്തതയോടെ തങ്ങൾ ഏറ്റെടുക്കുന്ന ദൗത്യം നടത്തിക്കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. കൂടാതെ, കൂരിയായുടെ രഹസ്യ സ്വഭാവം പാലിച്ചുകൊണ്ട് തങ്ങൾ രഹസ്യം സൂക്ഷിച്ചുകൊള്ളാമെന്നുള്ള പ്രതിജ്ഞയും അവർ നടത്തുന്നു.
കാര്യക്ഷമവും സുതാര്യവുമായ ഭരണനിർവ്വഹണത്തിന് കൂരിയാ യോഗങ്ങൾ
കൂടുക അനിവാര്യമാണ്. എന്നാൽ എപ്പോഴും വിപുലമായ ഈ സംവിധാനത്തെ ഒരുമിച്ചുകൂട്ടുക എന്നുള്ളത് അപ്രായോഗികമാണ്. അതുകൊണ്ട് പല രൂപതകളിലും
വിപുലമായ കൂരിയായുടെ ചെറുതായ സംവിധാനം ദൈനംദിനം ചേരാറുണ്ട്. ഇതിനെ കൂരിയായുടെ ഒരു ”എക്‌സിക്യൂട്ടീവ് കമ്മറ്റി” (ഭരണ നിർവ്വഹണ സമിതി) എന്നു വിളിക്കാവുന്നതാണ്. എന്നാൽ പ്രസ്തുത എക്‌സിക്യൂട്ടീവ് കമ്മറ്റി ഒരിക്കലും രൂപതാ കൂരിയായ്ക്കു പകരമാവില്ല.
ഉദാഹരണത്തിന്, നീതിന്യായ നിർവ്വഹണത്തെ സംബന്ധിച്ച് ഒരുതീരുമാനമെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടവരുടെ ആലോചന ആവശ്യമാണ്. കൂരിയായുടെ നടപടികൾ വിശദമായി എഴുതി സൂക്ഷിക്കപ്പെടണം. അങ്ങനെ രേഖപ്പെടുത്തുന്ന നടപടികളിൽ രൂപതാ ചാൻസിലറുടെ കൈയൊപ്പ് ആവശ്യമാണ്. ഓരോ കൂരിയായും തികഞ്ഞ ഗൗരവത്തോടെയും കാര്യക്ഷമമായും നടപ്പാക്കപ്പെടുന്നതിന് അതിന്റെ നടപടികളുടെ രേഖപ്പെടുത്തലും അതിന്മേലുള്ള തുടർ നടപടികളെ സംബന്ധിച്ച റിപ്പോർട്ടും പരമ പ്രധാനമാണ്. കൂരിയാ എടുക്കുന്ന തീരുമാനങ്ങളും അതിന്റെ നടപടികളും രൂപതാ ആർക്കൈവ്സിന്റെ ഭാഗമാണ്.
രൂപതാ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പരമ പ്രധാനമായ ഭരണ നിർവ്വഹണ
മാർഗ്ഗമെന്ന നിലയിൽ കൂരിയാ രൂപതാ മെത്രാന്റെ പേരിൽ പ്രവർത്തിക്കുന്നു. രൂപതാ മെത്രാന്റെ ദൗത്യനിർവ്വഹണത്തിൽ ദിശാബോധം നൽകുന്നതാണ് രൂപതാ കൂരിയാ.