ലോകം മുഴുവൻ ആദരിക്കപ്പെടുകയും വണങ്ങപ്പെടുകയും ചെയ്യുന്ന ഒരു മഹാരക്തസാക്ഷിയാണ് വിശുദ്ധ ജോർജ് (St. George) അഥവാ വിശുദ്ധ ഗീവർഗീസ് സഹദാ. ക്രിസ്തീയ രാജ്യങ്ങളിൽ മാത്രമല്ല, അതിനപ്പുറവും അദ്ദേഹത്തിന്റെ പ്രശസ്തി വ്യാപിച്ചിരുന്നു. ക്രിസ്തീയ രാജ്യങ്ങളെ ആക്രമിക്കുമ്പോൾ വി. ജോർജിന്റെ പ്രതിമ തകർക്കരുതെന്ന് സാരസന്മാരുടെ നേതാവ് പടയാളികൾക്കു നിർദ്ദേശം നൽകിയിരുന്നു. ”വെള്ളക്കുതിരമേലേറിയ മാടമ്പി” (white horsed knight) എന്നാണ് അവർ വിശുദ്ധനെ വിശേഷിപ്പിച്ചത്.
വിശുദ്ധനോടുള്ള ഭക്തി
വി. ജോർജിനോടുള്ള ഭക്തി സഭയിൽ അതിപുരാതനവും വ്യാപകവുമാണ്.
പൗരസ്ത്യദേശത്ത് വിശുദ്ധന്റെ നാമത്തിൽ കോൺസ്റ്റന്റയിൽ ചക്രവർത്തി നാലു ദൈവാലയങ്ങൾ പണി കഴിപ്പിച്ചു. അതിപുരാതനമായ ആരാധനക്രമങ്ങളിൽ വിശുദ്ധന്റെ നാമം വിളിച്ചുകൊണ്ടുള്ള പ്രാർത്ഥനകളുണ്ട്.
ഗ്രീക്കുകാരാണ് വിശുദ്ധനെ മഹാരക്തസാക്ഷിയെന്ന് ആദ്യമായി വിളിച്ചത്. പാശ്ചാത്യദേശത്ത് ഇംഗ്ലണ്ട്, ജർമ്മനി, പോർട്ടുഗൽ എന്നീ രാജ്യങ്ങളുടെയും ജനോവ, വെനീസ് എന്നീ നഗരങ്ങളുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥനാണ് വിശുദ്ധ ജോർജ്. മാൾട്ടാ, ബാഴ്‌സലോണ, വലെൽസിയ, ആരഗോണാ എന്നിവിടങ്ങളിലും വിശുദ്ധനോടുള്ള ഭക്തി പ്രചരിച്ചിരുന്നു.
ഇംഗ്ലണ്ടിൽ
ഇംഗ്ലണ്ടിന്റെ മേലുള്ള വിശുദ്ധന്റെ പ്രത്യേക സംരക്ഷണം ബനഡിക്റ്റ് പതിനാലാമൻ മാർപ്പാപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡിൽ 1223-ൽ സമ്മേളിച്ച ദേശീയ കൗൺസിൽ വിശുദ്ധന്റെ തിരുനാൾ ദിനം അവധിദിവസമായി ആചരിക്കാൻ തീരുമാനിച്ചു. 1330-ൽ എഡ്‌വേർഡ് തൃതീയൻ രാജാവ് ”വിശുദ്ധ ജോർജിന്റെ മാടമ്പികൾ” (Knights of St. George) എന്നൊരു ”സ്ഥാനം” സ്ഥാപിക്കുകയുണ്ടായി.
ഫ്രാൻസിൽ
ടൂഴ്‌സിലെ വിശുദ്ധ ഗ്രിഗറിയുടെ ഒരു പ്രസ്താവനയനുസരിച്ച് ഫ്രാൻസിൽ 6-ാം ശതകം മുതൽ വിശുദ്ധനോടുള്ള ഭക്തിയുണ്ടായിരുന്നു. ഫ്രാൻസിലെ ആദ്യത്തെ ക്രിസ്ത്യൻ രാജാവായിരുന്ന ക്ലോവിസിന്റെ ഭാര്യ ക്ലോട്ടിൽഡാ വി. ജോർജിന്റെ നാമത്തിൽ നാലു ബലിപീഠങ്ങൾ സ്ഥാപിച്ചു. മഹാനായ ഗ്രിഗോറിയോസ് മാർപ്പാപ്പ
നശിച്ചു തുടങ്ങിയ വി. ജോർജിന്റെ ഒരു ദൈവാലയം പുനരിദ്ധരിക്കാൻ ആജ്ഞാപിക്കുകയുണ്ടായി.
രക്തസാക്ഷിത്വം അനിഷേധ്യം
ഈ വിശുദ്ധൻ ജീവിച്ചിരുന്നുവെന്നും ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവെന്നുമുള്ളത് അനിഷേധ്യമായ ചരിത്രവസ്തുതകളാണ്. എ.ഡി. 300-ൽ ഡയോക്ലീഷ്യന്റെ മതപീഡന കാലത്ത് ഈ ധീരമായ രക്തസാക്ഷിത്വം നടന്നുവെന്ന് കരുതപ്പെടുന്നു. പലസ്തീനായിലെ ലിദ്ദായിൽ (ദിയോപോലിസിൽ) വച്ചായിരുന്നു ഈ സംഭവം. വിശുദ്ധ ജോർജിന്റെ ജീവിതത്തെയും രക്തസാക്ഷിത്വത്തെയുംപറ്റിയുള്ള കഥകൾ (ഐതിഹ്യങ്ങൾ) ചരിത്രാംശങ്ങളായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ പല കാര്യങ്ങളിലും അസ്പഷ്ടത അനിവാര്യമാണ്. എങ്കിലും വിശുദ്ധ ജോർജ് പാശ്ചാത്യ പൗരസ്ത്യസഭകളിൽ ഒന്നുപോലെ പ്രസിദ്ധനാണ്. ഒരുപക്ഷേ പാശ്ചാത്യസഭയിലെന്ന
തിനേക്കാൾ അധികമായി വിശുദ്ധൻ വണങ്ങപ്പെടുന്നത് പൗരസ്ത്യസഭയിലാണ്. ലോകമാസകലമുള്ള ക്രൈസ്തവർക്ക് വിശുദ്ധ ജോർജിനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ തീർത്ഥസ്ഥലങ്ങളോടുള്ള ആദരവും അദ്ദേഹത്തിന്റെ മഹത്ത്വമാർന്ന രക്തസാക്ഷിത്വത്തിനും മാദ്ധ്യസ്ഥ്യശക്തിക്കുമുള്ള വ്യക്തമായ തെളിവാണെന്നു നിസ്സംശയം പറയാം.
കേരളത്തിൽ
കേരളീയർക്ക് വിശുദ്ധ ജോർജിനോട് പ്രത്യേക ഭക്തിയുണ്ട്. ഇടപ്പള്ളിപ്പള്ളിയിലും, എടത്വാപ്പള്ളിയിലും, അരുവിത്തുറപ്പള്ളിയിലും ഈ വിശുദ്ധന്റെ തിരുനാൾ സാഘോഷം ആചരിക്കപ്പെട്ടുപോരുന്നു. സർപ്പദംശനമുണ്ടാകാതിരിക്കാൻ വിശുദ്ധ ജോർജിനോടും വസന്തയിൽ നിന്നു രക്ഷപെടാൻ വിശുദ്ധ സെബസ്ത്യാനോസിനോടും കേരളക്രൈസ്തവർ മാദ്ധ്യസ്ഥ്യം യാചിക്കുന്നു.
സൈനികജീവിതം
വിശുദ്ധ ജോർജിന്റെ ജന്മസ്ഥലം നമുക്ക് കൃത്യമായി അറിഞ്ഞുകൂടാ. മെറ്റാഫ്രാറ്റസ് എന്ന ഗ്രന്ഥകാരൻ നൽകുന്ന വിവരണമനുസരിച്ച് വിശുദ്ധന്റെ മാതാപിതാക്കൾ കുലീനരായിരുന്നു. പിതാവിന്റെ മരണശേഷം ജോർജ് മാതാവിനോടൊപ്പം
പലസ്തീനായിലേക്കു പോയി. അരോഗദൃഢഗാത്രനായിരുന്ന ഈ യുവാവ് ഒരു ഉന്നത സൈനികോദ്യോഗസ്ഥനായി (Tribune) ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കീഴിൽ സേവനമനുഷ്ഠിച്ചു പോന്നു. അങ്ങനെയിരിക്കെ ക്രിസ്ത്യാനികൾക്കെതിരായി ചക്രവർത്തി മതപീഡനം ആരംഭിച്ചു. ഉറച്ച ക്രിസ്ത്യാനിയായിരുന്ന ജോർജ് ആ നടപടിയെ സധൈര്യം എതിർത്തു. ഉടൻ തന്നെ അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു.
ക്രൈസ്തവവിശ്വാസം ഉപേക്ഷിച്ചാൽ പലവിധ സമ്മാനങ്ങളും നൽകാമെന്ന് അധികാരികൾ വാഗ്ദാനം ചെയ്തു. ഈ മോഹനവാഗ്ദാനങ്ങൾക്കൊന്നിനും ആ ധീരപുരുഷന്റെ വിശ്വാസത്തെ ഇളക്കാൻ കഴിഞ്ഞില്ല. പലവിധത്തിലുള്ള ക്രൂരപീഡനങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു. പലസ്തീനായിലെ ദിയാപോലിസിൽ വച്ചായിരുന്നു ഈ ശിരഛേദനമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. നിക്കൊഡേമ്യായിലെ മതപീഡനവിളംബരം പറിച്ചു കളഞ്ഞ യുവാവ് വിശുദ്ധ ജോർജായിരുന്നുവെന്ന് ലക് ടാൻസിയൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചക്രവർത്തിയുടെ ക്രൂരതയെ ഭയപ്പെടാതെ അദ്ദേഹം മതപീഡനവിധേയരായ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഉറപ്പിച്ചുപോന്നു. വിശുദ്ധ സെബസ്ത്യാനോസും ഇപ്രകാരം ചെയ്തിരുന്നുവല്ലോ.
റിച്ചേർഡ് രാജാവിനു ദർശനം
കുരിശുയുദ്ധത്തിന് ഇറങ്ങിത്തിരിച്ച റിച്ചേർഡ് രാജാവിന് വിശുദ്ധ ജോർജ് പ്രത്യക്ഷപ്പെട്ട് പ്രോത്സാഹനം നൽകി. അടുത്ത ദിവസം നടന്ന യുദ്ധത്തിൽ അദ്ദേഹം ശത്രുസൈന്യങ്ങളെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായി.
വ്യാളത്തെ കൊന്ന കഥ
വിശുദ്ധ ജോർജിന്റെ ചിത്രത്തിലും പ്രതിമയിലും അദ്ദേഹത്തെ ഒരു കുതിരയുടെ പുറത്താണു നാം കാണുക. കുതിരയുടെ പാദങ്ങളുടെ കീഴിൽ കുന്തം കൊണ്ടുള്ള കുത്തേറ്റ് മലർക്കുന്ന ഒരു വ്യാളത്തെ (dragon) കാണാം. ഈ കാള സർപ്പം പിശാചിനെ സൂചിപ്പിക്കുന്നു. തന്റെ വിശ്വാസവും ധീരതയും വഴി നരക സർപ്പത്തെ വിശുദ്ധൻ പരാജയപ്പെടുത്തിയതിന്റെ പ്രതീകമായി ഇതിനെ കാണാം.
ഇതിന്റെ പിന്നിൽ 12-ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ഉത്ഭവിച്ച ഒരു ഐതിഹ്യമുണ്ട്. ഈ കഥ ‘The Golden Legend’ എന്ന ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം: റോമിന്റെ ഒരു പ്രവിശ്യയായ ലിബിയായിൽ വലിയൊരു തടാകമുണ്ടായിരുന്നു; സമീപത്ത് ഒരു നഗരവും. ആ തടാകത്തിൽ വിഷം ചീറ്റുന്ന ഒരു വ്യാളം ഉണ്ടായിരുന്നു. ഈ ഭീകരസത്വം കരയിൽ കയറി നഗരവാസികളെ ഒന്നാകെ നശിപ്പിക്കാതിരിക്കാൻവേണ്ടി ജനങ്ങൾ ഓരോദിവസവും അതിന് രണ്ട് ആടുകളെ ഇരയായി നൽകിവന്നു. ആടുകൾ തീർന്നപ്പോൾ ഓരോ മനുഷ്യനെ ഇരയായി നൽകാൻ തീരുമാനിച്ചു. കുറിയട്ടാണ് ഇരയാകേണ്ട ആളിനെ കണ്ടുപിടിച്ചിരുന്നത്. ഒരു ദിവസം കുറി വീണത് ആ ദേശത്തെ രാജാവിന്റെ പുത്രിക്കാണ്. ദുഃഖാർത്തയായ ഈ രാജപുത്രിയെ, അതുവഴി വരാനിടയായ പടയാളിയായ ജോർജ് കാണാനിടയായി. കഥയെല്ലാം അവളിൽ
നിന്നു ഗ്രഹിച്ച ആ ധീരയുവാവ് വ്യാളത്തെ കൊന്ന് രാജകുമാരിയെയും, ഒപ്പം നഗരത്തെയും രക്ഷിച്ചു. ഇതേ തുടർന്ന് രാജാവും കുടുംബവും ആയിരക്കണക്കിനു ജനങ്ങളും ജ്ഞാനസ്‌നാനം സ്വീകരിച്ചു. ഇതിൽ കുപിതനായി അവിടുത്തെ റോമൻ പ്രീഫെക്റ്റ് ഡേഷ്യൻ പല വിധത്തിലുള്ള ക്രൂരപീഡനങ്ങൾക്ക് ജോർജിനെ വിധേയനാക്കി. ദൈവകൃപ ഈ സഹനങ്ങളിലെല്ലാം അദ്ദേഹത്തെ ശക്തിപ്പെടുത്തി. അവസാനം നിരാശാഭരിതനായ പ്രീഫെക്റ്റ് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചു. ഈ ക്രൂരകൃത്യം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ഡേഷ്യനെ ആകാശത്തു
നിന്നും അഗ്നിയിറങ്ങി ദഹിപ്പിച്ചുവെന്നാണ് കഥാവസാനം.
ഈ കഥയെ അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ല. വിശുദ്ധരുടെ ജീവചരിത്രകാര
ന്മാരിൽ പ്രഥമഗണനീയനായ ആൽബൻ ബട്‌ലർ (അഹയലി ആൗഹേലൃ) പറയുന്നതുപോലെ വിശുദ്ധ ജോർജിന്റെ പ്രശസ്തിയുടെ പ്രഭാവലയത്തിനു ചുറ്റും കനത്ത ഒരു നിഴൽവളർന്നിട്ടുണ്ട്. അതിന്റെ ഒരു ഭാഗമായി ഈ ഐതിഹ്യത്തെ കരുതിയാൽ മതി. എങ്കിലും അത് വിശുദ്ധന്റെ വിശ്വാസത്തിനും
ധീരതയ്ക്കും ഊന്നൽ നൽകുന്നുവെന്നും നമുക്കു മറക്കാതിരിക്കാം.
നമ്മുടെ ചുറ്റും വിശ്വാസത്തോടുള്ള വെല്ലുവിളികൾ വർദ്ധിക്കുകയും, ദുഷ്ടതയുടെ പെരുപ്പം നമ്മെ അന്ധാളിപ്പിക്കുകയും ചെയ്യുന്ന ഈ കാലയളവിൽ നമുക്ക് ഈ വിശുദ്ധ സഹദായിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യാം.