സിവിൽ നിയമപ്രകാരം വിവാഹമോചനം അനുവദിച്ച ശേഷവും സഭ വിവാഹമോചനം നല്കാത്തത് എന്തു‌കൊണ്ട്?

സിവിൽനിയമത്തെ സഭയുടെ നിയമമാക്കുന്നത് ശരിയല്ല. സിവിൽനിയമം മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. സഭാനിയമം ദൈവമനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ്. സഭ ദൈവത്തിന്റെ ജനമാണ്. ദൈവത്തിന്റെ കല്പനകൾക്കനുസൃതമായേ സഭയ്ക്ക് നിയമനിർമ്മാണം നടത്താനാവൂ. വിവാഹമോചനം ദൈവത്തിന്റെ ക്രമീകരണത്തിനു വിരുദ്ധമാണ്. ദൈവത്തിന്റെ ക്രമീകരണപ്രകാരം വിവാഹബന്ധം അഭേദ്യമാണ്: ”ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ” (മർക്കോ 10,9). മനുഷ്യനെ സൃഷ്ടിച്ച ദൈവം, സൃഷ്ടിയിൽത്തന്നെ നിശ്ചയിച്ച ക്രമീകരണമാണ് വിവാഹത്തിന്റെ അഭേദ്യത: ”അതിനാൽ പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവർ ഒറ്റ ശരീരമായിത്തീരും” (ഉല്പ 2,24). സ്രഷ്ടാവ് നിശ്ചയിച്ച ക്രമീകരണത്തിനു വിരുദ്ധമായ ഒരു ക്രമീകരണം നടത്താൻ സൃഷ്ടികളായ മനുഷ്യർക്ക് അവകാശമില്ല. അതുകൊണ്ടാണ് സിവിൽനിയമപ്രകാരം വിവാഹമോചനം അനുവദിച്ചശേഷവും സഭ വിവാഹമോചനം നടത്താത്തത്.