സിവിൽ നിയമങ്ങൾ വിശ്വാസി എന്ന നിലയിൽ ഒരുവന് ബാധകമാകുന്നത് എപ്പോഴാണ്?
ആദ്യമായി മനസ്സിലാക്കേണ്ടത്, ദൈവജനത്തിന്റെ എല്ലാ കാര്യങ്ങളും സഭാനിയമം അനുസരിച്ചല്ല നിയന്ത്രിക്കപ്പെടുന്നത്. സഭാ നിയമത്തിൽ, ചില പ്രത്യേക കാര്യങ്ങൾ സിവിൽ നിയമമനുസരിച്ച് നിയന്ത്രിക്കപ്പെടണമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അത്തരം നിയമങ്ങൾ പാലിക്കപ്പെടുമ്പോൾ അത് ദൈവിക നിയമത്തിന് എതിരാകാൻ പാടില്ലായെന്ന് സഭാനിയമം വ്യക്തമാക്കുന്നു. ഏതൊക്കെ കാര്യങ്ങളിലാണ് സിവിൽ നിയമം ബാധകമാകുക എന്നു നോക്കാം. ലത്തീൻ സഭയുടെ നിയമപ്രകാരം ഒരുവന് ദത്തെടുക്കണമെങ്കിൽ രാജ്യത്തിന്റെ ദത്തെടുക്കൽ നിയമം അനുസരിക്കണം (cfr. CIC,110). എന്നാൽ പൗരസ്ത്യ സഭകളിൽ നിയമപരമായ ദത്തെടുക്കൽ വഴിയുള്ള ആളുകളും ദത്തെടുക്കുന്നവരുമായി വിവാഹ തടസ്സമുണ്ട് (CCEO,812). രണ്ടാമത്, കാലഹരണപ്പെടൽ (prescription) അഥവാ നടപ്പവകാശത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ നിയമം പാലിക്കാൻ സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർ ബാദ്ധ്യസ്ഥരാണ്. മൈനർ ആയ ഒരാളുടെ സംരക്ഷണത്തിന് സിവിൽ കോടതി നിയോഗിക്കുന്ന വ്യക്തിയെ സഭാ കോടതിയിലെ വ്യവഹാരത്തിന്, മൈനറിനു പകരമായി സ്വീകരിക്കാം (CCEO,1137). വിവാഹ നിയമങ്ങൾ പ്രകാരം, കത്തോലിക്കാ വിവാഹങ്ങൾക്ക് സഭാ നിയമവും സിവിൽ നിയമങ്ങളും ബാധകമാണ് (CCEO,781). കരാറുകളെ (contracts) സംബന്ധിച്ചുള്ള നിയമത്തിൽ, സിവിൽ നിയമം പാലിക്കണമെന്ന് സഭാനിയമം അനുശാസിക്കുന്നുണ്ട്. വാഗ്ദാനങ്ങളും കടമകളും കൂടി ചേർന്നതാണ് ഓരോ കരാറും. സഭ, കരാറുകൾക്കായി പൊതു നിയമം നൽകുന്നില്ല. എന്നാൽ കരാറുകളെ സംബന്ധിച്ച്, സ്ഥലത്തെ സിവിൽ നിയമം പാലിക്കണമെന്ന് കല്പിക്കുന്നു (CCEO,1034). സഭാനിയമപ്രകാരം, രാജ്യത്തിന്റെ നിയമം ദൈവികനിയമത്തിന് എതിരാകാത്ത ഘട്ടത്തിൽ സഭയുടെ നിയമം ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് പരാമർശിക്കുന്നില്ലെങ്കിൽ സിവിൽ നിയമം പാലിക്കപ്പെടണം (CCEO,1504). ദൈവികനിയമത്തിന് വിരുദ്ധമായ ഗർഭഛിദ്രം നിയമമാക്കിയിരിക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് ഉദാഹരണമായി നാം മനസ്സിലാക്കേണ്ടതാണ്. സഭയുടെ നന്മയെ കരുതി തയ്യാറാക്കുന്ന വിൽ പത്രങ്ങൾ സിവിൽ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെടണം (CCEO,1043). മരണശേഷം തങ്ങളുടെ ആഗ്രഹവും ലക്ഷ്യവും നടപ്പാക്കാൻ ഇത്തരത്തിലുള്ള രജിസ്‌ട്രേഷൻ സഹായകമാകും. സിവിൽ നിയമത്തിലെ നിബന്ധനകൾ അനുസരിച്ച് നടത്താൻ പാടില്ലാത്ത ഒരു വിവാഹം, സഭയിൽ നടത്തരുതെന്ന് സഭാനിയമം കല്പിക്കുന്നു (CCEO,789). പ്രായപൂർത്തിയാകാത്ത ഒരാളുടെ വാസസ്ഥാനം സാധാരണയായി അതിന്റെ മാതാപിതാക്കളുടേതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ സിവിൽ കോടതി വഴി സ്വതന്ത്രനാക്കപ്പെട്ട ഒരു മൈനറിന് സ്ഥിര വാസസ്ഥാനം നേടാൻ സാധിക്കും. ഇത് താല്ക്കാലിക വാസസ്ഥാനത്തിന്റെ കാര്യത്തിലും നടക്കാം (CCEO,915). കൈവശാവകാശത്തെ സംബന്ധിച്ച് കേസുകൾ ഉത്ഭവിക്കുമ്പോൾ, സ്ഥലത്തെ സിവിൽ നിയമം പാലിക്കപ്പെടണം (CCEO,1162). സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർ സിവിൽ നിയമങ്ങളുടെ നിബന്ധനകൾ പാലിച്ച് സഭാസ്വത്തുക്കൾ സംരക്ഷിക്കണം (CCEO,1028). സഭാവിശ്വാസികൾ പാലിക്കേണ്ടതായി സഭാ നിയമത്തിൽ പൊതുവായി പരാമർശിക്കുന്നവയാണ് മേൽ വിവരിച്ചവ.