സഭയുടെ ഉപ്പ് ഉറകെട്ടുപോകാതെ സൂക്ഷിക്കാം

”ഉറകെട്ടു പോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല” (മത്തായി 5,13). ഭക്ഷണത്തിനു രുചി പകരാനും
രോഗാണുക്കളെ നശിപ്പിക്കാനും മുറിവുകൾ സുഖപ്പെടുത്താനും ഉപ്പിനു പ്രത്യേകകഴിവുണ്ട്. എന്നാൽ ഉറകെട്ടു പോയാൽ അതു വെറും കല്ലു പോലെയാകുന്നു. ഗുണംനഷ്ടപ്പെട്ട അത് വലിച്ചെറിയപ്പെടുകയും
മനുഷ്യരാലും മൃഗങ്ങളാലും ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു. സമൂഹത്തിൽ തിരുത്തൽ ശക്തിയായി നിലകൊള്ളാനുംധാർമ്മികതയുടെ രുചി പടർത്താനും ക്രൈസ്തവ സമൂഹത്തിനും ക്രിസ്ത്യൻ
ചിന്താധാരകൾക്കും കഴിഞ്ഞിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ‘വിക്‌ടോറിയൻ സദാചാരം’ എന്ന പേരിൽ ധാർമ്മിക മൂല്യങ്ങൾ അപഹസിക്കപ്പെടുകയും പുരോഗമന വാദത്തിന്റെയും ഫെമിനിസത്തിന്റെയും പേരിൽ സദാചാര വിരുദ്ധതയും ക്രൈസ്തവ വിരുദ്ധതയും സമൂഹത്തിലേക്ക് ഒളിച്ചു കടത്തപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അതിനെ വേണ്ടവിധം പ്രതിരോധിക്കാൻ നമുക്കു
സാധിക്കണം. സഭ ദൈവികസ്ഥാപനമായിരിക്കുന്നതുപോലെ തന്നെ അതു നിലനിൽക്കുന്നത് ഈ ഭൂമിയിലാണ്. ലോകത്തിന്റേതായ ദൗർബ്ബല്യങ്ങളും പ്രലോഭനങ്ങളും സഭയിലുള്ളവരെയുംബാധിക്കുക
സ്വാഭാവികമാണ്. ‘നിങ്ങൾ ലോകത്തിലാണെങ്കിലും ലോകത്തിന്റേതല്ലാതെ ജീവിക്കണെമെന്ന്’ നമ്മുടെ കർത്താവ് അരുളിച്ചെയ്തത് ജീവിതത്തിൽ പാലിക്കാൻ എല്ലാ സഭാവിശ്വാസികൾക്കും കടമയുണ്ട്. അത്
പാലിക്കപ്പെടുമ്പോഴാണ് പൊതുസമൂഹത്തിലുണ്ടാകുന്ന അപചയങ്ങളെ തിരുത്താനും ധാർമ്മികപ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെടാനും സഭാ മക്കൾക്ക് ആധികാരികത ലഭിക്കുന്നത്.
സഭയുടെ ധാർമ്മിക മുഖം ദുർബ്ബലമാകുമ്പോൾ ദുഷ്ടൻ സന്തോഷിക്കുകയാണ്. ഇന്ത്യയിൽ ദയാവധത്തിനു നിയമപരമായി സാധുത നൽകുന്നവിധത്തിൽ സുപ്രധാനമായ വിധി പരമോന്നത നീതിപീഠത്തിൽ
നിന്ന് ഉണ്ടായപ്പോൾ സഭയുടെ ഭാഗത്തു നിന്നുയർന്ന ശബ്ദവും ദുർബ്ബലമായിരുന്നു. കേരള സർക്കാരിന്റെ മദ്യനയത്തോടുള്ള എതിർപ്പ് സഭയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ അതുപോലും ഗൗരവമായെടുക്കാൻ
പൊതുസമൂഹമോ സർക്കാരിന്റെ അധികാരം കയ്യാളുന്നവരോ തയ്യാറായിട്ടില്ല. സഭാസമൂഹത്തിന്റെ കെട്ടുറപ്പിനെ ബഹുമാനത്തോടും ഭയത്തോടും കണ്ടിരുന്നവർ പലരും ആ ഭയഭക്തിബഹുമാനങ്ങൾ
നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്നു. മദ്യനയവിഷയത്തിൽ സഭയുടെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രമുഖ രാഷ്ട്രീയ നേതാവ് തുറന്നു പറഞ്ഞത് ഇതിന് ഉത്തമ ഉദാഹരണമാണ്.
അധർമ്മത്തിന്റെ പരീക്ഷണശാലയായി മാറിയിരിക്കുകയാണോ കേരളം എന്നു തോന്നിപ്പോകുന്നു. സഭ ഏറെ ശക്തമായ കേരളത്തിൽ പരീക്ഷിച്ചു വിജയിച്ചാൽ ഇന്ത്യയിൽ എവിടെയും അതു നടപ്പിലാക്കാൻ സാധിക്കുമെന്ന് എതിർ ശക്തികൾ ചിന്തിക്കുന്നു. ട്രാൻസ്‌ജെൻഡറുകളോടുള്ള പരിഗണനയെന്ന പേരിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതോടെ അത് പ്രായോഗികമാകും. കുടുംബങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെ ‘ലിവിംഗ് ടുഗദർ’ സംസ്‌ക്കാരവും വിവാഹ പൂർവ്വ, വിവാഹേതര ലൈംഗികബന്ധങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തിന്മയുടെ കെണിയിൽ
വീണ യുവതലമുറ ചുംബന സമരം കടന്ന് മാറു തുറക്കൽ സമരത്തിൽ എത്തിനിൽക്കുന്നു. വിവാഹം എന്ന കൂദാശയുടെ പവിത്രത തിരിച്ചറിയാതെ അന്യമത വിവാഹങ്ങളിൽ ഏർപ്പെടുകയും സഭവിട്ടുപോവുകയും
ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. ‘അപ്പർ റൂമിൽ സ്വർഗ്ഗീയ വിരുന്നാക്കുക’ എന്ന ലക്ഷ്യത്തോടെ ചിതറിക്കപ്പെട്ട കുഞ്ഞാടുകളെ നൂതന ആത്മീയതക്കാർ വേട്ടയാടുന്നു. ഭിന്നതയുടെ ആത്മാവ് സഭയിലും
സമൂഹത്തിലും വിതയ്ക്കപ്പെട്ടിരിക്കുന്നു. സഭയെ ചിതറിക്കുന്ന സെക്ടുകൾ പലയിടങ്ങളിലും തലപൊക്കുന്നു.
ശത്രു പ്രബലമാകുന്നത് തിരിച്ചറിഞ്ഞ് വിശ്വാസത്തിലും ദൈവാശ്രയത്തിലും സഭ ഒന്നടങ്കം കൂടുതൽ ആഴപ്പെടേണ്ട നാളുകളാണ് ഇവ. മിശിഹായുടെ തോട്ടത്തൽ ശത്രു വിതച്ച കളകൾ വ്യക്തമായി
തിരിച്ചറിഞ്ഞ് വെട്ടി തീയിലെറിയാൻ തോട്ടം സൂക്ഷിപ്പുകാർ വിവേകവും ജാഗ്രതയും പുലർത്തണം. തോട്ടം നശിപ്പിച്ച സൂക്ഷിപ്പുകാർ എന്ന് മിശിഹായാൽ കുറ്റം ചുമത്തപ്പെടാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ ജാഗരൂക
രാവട്ടെ. പീഡാനുഭവത്തിന്റെ വേദനയിൽ നിന്ന് ഉത്ഥാനത്തിന്റെ മഹത്ത്വത്തിലേക്ക് പ്രവേശിക്കാൻ പരിശുദ്ധ റൂഹാ നമ്മെ ശക്തിപ്പെടുത്തട്ടെ.

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.