വി. യോഹന്നാൻ എഴുതിയ സുവിശേഷം-11

(യോഹ 6,1-71)

വിശുദ്ധ യോഹന്നാന്റെ സുവിശേഷപ്രകാരം ഈശോ ലോകത്തിലേക്കു വന്നത് എല്ലാ മനുഷ്യർക്കും ജീവൻ നല്കുന്നതിനുവേണ്ടിയാണ്. ”ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” (10,10). സുവിശേഷരചനയുടെ ലക്ഷ്യവും മറ്റൊന്നല്ല (20,31). സുവിശേഷത്തിൽ ഈശോ സ്വയം വിശേഷിപ്പിക്കുന്നതും ‘ജീവന്റെ അപ്പം’ എന്നാണ്. ”ഈശോ അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം” (6,35). ഇത് യോഹന്നാൻ ശ്ലീഹാ അവതരിപ്പിക്കുന്നത് ആറാം അദ്ധ്യായത്തിലാണ്. ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണവും അതിനൊരുക്കമായി പ്രവർത്തിക്കുന്ന രണ്ട് അത്ഭുതങ്ങളുമാണ് ആറാമദ്ധ്യായത്തിന്റെ ഉള്ളടക്കം. ഈ അദ്ധ്യായം അഞ്ചു ഭാഗങ്ങളായി തിരിക്കാം:

1. 6,1-15 അപ്പം വർദ്ധിപ്പിക്കുന്നു
2. 6,16-21 വെള്ളത്തിനു മീതേ നടക്കുന്നു
3. 6,22-34 പ്രഭാഷണത്തിനൊരുക്കം
4. 6,35-59 ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണം
5. 6,60-71 പ്രഭാഷണത്തിനുള്ള പ്രതികരണം

നാലു സുവിശേഷകന്മാരും വിവരിച്ചിരിക്കുന്ന ഏക അത്ഭുതം അപ്പം വർദ്ധിപ്പിക്കുന്നതാണ്. പരി. കുർബാനയുടെ സൂചനയുള്ളതുകൊണ്ടാവാം ഈ അത്ഭുതത്തിന് ഇത്ര പ്രാധാന്യം ലഭിച്ചത്. പരി. കുർബാനയോട് ബന്ധപ്പെടുത്താവുന്ന സൂചനകൾ യോഹന്നാന്റെ വിവരണത്തിൽ പ്രകടമായി കാണാം. ”യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നു” (6,4) എന്ന പരാമർശം പരി. കുർബാനയിലേക്കു വിരൽചൂണ്ടുന്നതാണ്. തന്റെ അടുത്തേക്കു വരുന്നവർക്കുവേണ്ടിയാണ് (6,5) അവിടുന്ന് അപ്പം വർദ്ധിപ്പിച്ചു നല്കുന്നത്. ‘തന്റെ അടുത്തേക്കു വരിക’ എന്നു വച്ചാൽ ‘തന്നിൽ വിശ്വസിക്കുക’ എന്നാണർത്ഥം (6,35). വിശ്വാസികളുടെ സമൂഹത്തിനാണല്ലോ പരി. കുർബാന ജീവന്റെ അപ്പമാവുക. ഈശോ വർദ്ധിപ്പിക്കുന്നത് ‘ബാർലി’യപ്പമാണെന്ന് എടുത്തുപറയുന്നു (6,9). പരി. കുർബാനയ്ക്ക് ഉപയോഗിക്കേണ്ടത് ബാർലിയപ്പമായിരിക്കണമെന്ന് ആദിമസഭയിലെ പ്രബോധനരേഖയായ ‘ഡിഡാക്കെ’യിൽ പറഞ്ഞിരിക്കുന്നു. ഈശോ ‘അപ്പം എടുത്തു’, ‘കൃതജ്ഞതാസ്‌തോത്രം ചെയ്തു’, ‘വിതരണം ചെയ്തു’ (6,11). പരി. കുർബാനയുടെ
സ്ഥാപനവിവരണത്തിലും ഈ ക്രിയകളെല്ലാമുണ്ട്. ഈശോതന്നെയാണ് അപ്പം ജനങ്ങൾക്കു വിതരണം ചെയ്യുന്നത്. ഇതിലൂടെ പരി. കുർബാനയാകുന്ന ജീവന്റെ അപ്പത്തിന്റെ ദാതാവ് ഈശോ മാത്രമാണെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ ബാക്കിയുള്ളവ നഷ്ടപ്പെടാതെ ശേഖരിക്കുവാൻ ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു (6,12). ” പരി. കുർബാനയ്ക്കുശേഷം ബാക്കി വന്നവ ശേഖരിക്കണം; നഷ്ടപ്പെടുത്തരുത്” എന്ന് ‘ഡിഡാക്കെ’യിൽ നിർദ്ദേശിക്കുന്നുണ്ട്. ഇപ്രകാരം പരി.കുർബാനയെ സൂചിപ്പിക്കുന്ന ഒരടയാളമായിട്ടാണ് യോഹന്നാൻ ഈ അത്ഭുതം അവതരിപ്പിക്കുന്നത്.

സമാന്തരസുവിശേഷങ്ങളിൽ പ്രകൃതിയത്ഭുതങ്ങളിൽ ഒന്നായിട്ടാണ് ഈ സംഭവം വിവരിക്കുന്നത്. യോഹന്നാനിൽ, ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തുന്ന സംഭവമായിട്ടാണ് ഇതു രേഖപ്പെടുത്തുന്നത്. അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിന്റെ ശരിയായ അർത്ഥം ഗ്രഹിക്കാതെ ഈശോയെ ഭൗമികരാജാവാക്കാൻ ശ്രമിച്ച ജനത്തിന്റെ തെറ്റിദ്ധാരണ തിരുത്തി അവിടുത്തെ യഥാർത്ഥ വ്യക്തിത്വത്തെ മനസ്സിലാക്കിക്കൊടുക്കുവാനാണ് ഈ അത്ഭുതം ഈശോ പ്രവർത്തിച്ചത്. ”ഞാനാണ്, ഭയപ്പെടേണ്ട” (6,20) എന്ന മറുപടിയിലൂടെ താൻ വെറും മനുഷ്യനല്ല, ‘ജീവന്റെ അപ്പം നല്കാൻ കഴിവുള്ള’ ദൈവമാണ് എന്ന സുപ്രധാന വെളിപ്പെടുത്തലാണ് അവിടുന്നു നല്കുന്നത്. പഴയനിയമ ഇസ്രായേൽജനം ചെങ്കടൽ കടന്നതിന്റെ സൂചനയും ഇതിന്റെ പിന്നിലുണ്ട്. ഈശോയാകുന്ന പെസഹാക്കുഞ്ഞാടിന്റെ കടന്നുപോകലിലൂടെ –
സഹനമരണോത്ഥാനങ്ങളിലൂടെ – പുതിയജനം സ്വർഗീയജീവനിലേക്കു പ്രവേശിക്കുന്നു. ഈശോയാകുന്ന നിത്യജീവന്റെ അപ്പം പുതിയജനത്തിന് അപ്പമായി നല്കുന്നു.

ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിനൊരുക്കമായ ഭാഗമാണിത്. അപ്പം ഭക്ഷിച്ചു വിശപ്പടക്കിയ ജനം ഇനിയും അതുപോലെയുള്ള അത്ഭുതങ്ങൾ പ്രതീക്ഷിച്ച് ഈശോയുടെ പിന്നാലെ എത്തുന്നു. അത്ഭുതങ്ങളൊക്കെ ഈ ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നവയാണെന്നും, മനുഷ്യന് ആത്യന്തിക സംതൃപ്തി നല്കുന്നത് അനശ്വരമായ ദൈവികജീവനാണെന്നും, ആ ജീവന്റെ അടയാളങ്ങളായി അത്ഭുതങ്ങളെ കാണണമെന്നും ഈശോ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അതോടൊപ്പം ജീവന്റെ അപ്പമായി ഈശോയെ സ്വീകരിക്കണമെങ്കിൽ യഥാർത്ഥമായ ദൈവാന്വേഷണവും (6,22-25) ആഴമേറിയ വിശ്വാസവും (6,29) ആത്മീയവിശപ്പും (6,34) ആവശ്യമാണെന്നും അവിടുന്നു പഠിപ്പിക്കുന്നു.

ജീവന്റെ അപ്പത്തെക്കുറിച്ചുള്ള വ്യക്തമായ പഠിപ്പിക്കലാണ് ഈ പ്രഭാഷണം ഉൾക്കൊള്ളുന്നത്. ഈശോ പറയുന്നു: ”ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (6,35). ‘ജീവന്റെ അപ്പം’ എന്ന് ഈശോ സ്വയം വിശേഷിപ്പിക്കുന്നു. ഇത് അന്വർത്ഥമാകുന്നത് പരി. കുർബാനയിലാണ്. പ്രഭാഷണത്തിന് രണ്ടു ഭാഗങ്ങളുണ്ട്.
1. 6,35 മുതൽ 50 വരെ; 2. 6,51 മുതൽ 59 വരെ. ആദ്യഭാഗത്ത് കുർബാനയിലുള്ള ഈശോയുടെ വചനപരമായ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നെങ്കിൽ, രണ്ടാം ഭാഗത്ത് ഈശോയുടെ കൂദാശാപരമായ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. ആദ്യഭാഗത്ത്, പ്രത്യുത്തരമായി ഈശോ ആവശ്യപ്പെടുന്നത് വിശ്വാസമാണ് (6,35.36.40.47). രണ്ടാം ഭാഗത്ത് പ്രത്യുത്തരമായി ആവശ്യപ്പെടുന്നത്, തന്റെ ‘ശരീരം ഭക്ഷിക്കുക’, ‘രക്തം പാനംചെയ്യുക’ എന്നിവയാണ് (6,53.54.56). ലോകത്തിന്റെ ജീവനുവേണ്ടി താൻ നല്കുന്ന അപ്പം തന്റെ ശരീരമാണെന്ന് ഈശോ വ്യക്തമായി പറയുന്നുമുണ്ട് (6,51). അതുകൊണ്ട് ‘ജീവന്റെ അപ്പം’ എന്ന് ഈശോ വിശേഷിപ്പിക്കുന്നത് വചനത്തിലൂടെയും കൂദാശയിലൂടെയും പരി. കുർബാനയിൽ സന്നിഹിതനാവുകയും സ്വയം നല്കുകയും ചെയ്യുന്ന തന്നെക്കുറിച്ചുതന്നെയാണ്. പരി. കുർബാനയെന്ന യാഥാർത്ഥ്യത്തെ ‘ജീവന്റെ അപ്പ’മെന്നു വിശേഷിപ്പിച്ച് വിശദമാക്കുന്നതോടൊപ്പം, ഈ അപ്പം ഭക്ഷിക്കുന്നവർക്കു ലഭിക്കുന്ന, പരി. കുർബാനാനുഭവത്തിന്റെ മൂന്നു ഫലങ്ങളെക്കുറിച്ചും ഈശോ ഈ പ്രഭാഷണത്തിൽ പറയുന്നുണ്ട്. ഒന്നാമത്തേത് നിത്യജീവനാണ് (6,40.47.51.54.57-58). മിശിഹായുടെ ശരീരരക്തങ്ങൾ സ്വീകരിക്കുന്നതിലൂടെ മിശിഹായുടെ അരൂപിയെയാണ് നാം സ്വീകരിക്കുക. അരൂപിയാണ് ജീവൻ നല്കുന്നത് (6,63). രണ്ടാമതായി, പരി. കുർബാനാനുഭവം മിശിഹായുമായുള്ള ഐക്യത്തിൽ നമ്മെ വളർത്തും (6,56). മിശിഹായുമായുള്ള പരസ്പര സഹവാസം ആത്യന്തികമായി ദൈവൈക്യത്തിലേക്ക് നമ്മെ എത്തിക്കും. മൂന്നാമതായി, ജീവന്റെ അപ്പം ഭക്ഷിക്കുന്നവർക്കു ലഭിക്കുന്ന ഫലം ഉത്ഥാനമാണ് (6,54). പരി. കുർബാന മിശിഹായോടൊത്തുള്ള നമ്മുടെ പുനരുത്ഥാനത്തിന് അച്ചാരമായിത്തീരുന്നു.

ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന് പ്രതികൂലവും അനുകൂലവുമായ രണ്ടു പ്രതികരണങ്ങൾ ലഭിച്ചു: വിശ്വാസമില്ലായ്മയുടെയും (6,60-66) വിശ്വാസത്തിന്റെയും (6,67-71). വിശ്വാസമില്ലായ്മയുടെ പ്രത്യുത്തരം നല്കിയവർ പിന്നീടൊരിക്കലും ഈശോയോടുകൂടെ നടന്നില്ല. ശിഷ്യത്വം ഉപേക്ഷിച്ചുപോയി. യൂദാസ് വിശ്വാസമില്ലാതെ ഈശോയോടുകൂടെ നടന്ന വ്യക്തിയാണെന്ന് ഇവിടെ സൂചിപ്പിക്കുന്നുണ്ട് (6,64.70-71). വിശ്വാസത്തിന്റെ പ്രത്യുത്തരം നല്കിയവർ പന്ത്രണ്ടു ശ്ലീഹന്മാരാണ്. അവരെ പ്രതിനിധീകരിച്ചുകൊണ്ട് പത്രോസ് വിശ്വാസപ്രഖ്യാപനം നടത്തുന്നു. നിങ്ങളും പോകുന്നുവോ എന്ന് ഈശോ ചോദിച്ചപ്പോൾ പത്രോസ് മറുപടിയായി വിശ്വാസം ഏറ്റുപറയുന്നു: ”നീയാണു ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു” (6,69). ജീവന്റെ അപ്പമായ മിശിഹായോടൊത്തുള്ള ജീവിതം വെറും മാനുഷിക പരിശ്രമത്താൽ സാദ്ധ്യമായതല്ല. ദൈവത്തിന്റെ അരൂപിയുടെ പ്രവർത്തനത്തോടു സഹകരിച്ച്, മാനുഷിക ചിന്തകൾക്കും നിലപാടുകൾക്കും അതീതമായി വർത്തിക്കുന്നവർക്കേ അതു സാദ്ധ്യമാകൂ: ”അരൂപിയാണു ജീവൻ നല്കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ അരൂപിയും ജീവനുമാണ്” (6,63).