ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പുരാതന സുറിയാനിലിഖിതങ്ങളുടെ കൈയെഴുത്തുപ്രതികളുടെ സമാഹാരങ്ങൾക്കിടയിൽ ഗവേഷണം നടത്തിയിരുന്ന ഏതാനും പണ്ഡിതരിൽ വിസ്മയം ജനിപ്പിച്ച ഒരു നാമമായിരുന്നു യോഹന്നാൻ ഈഹീദായ (John of Solitary). കാരണം ഇദ്ദേഹത്തിന്റെ പേരിൽ ആ സമാഹാരങ്ങൾക്കിടയിൽ നിന്ന് നൂറുകണക്കിന് കൃതികളാണ് അവർ കണ്ടെത്തിയത്. പല കൃതികളും ഇപ്പോഴും കൈയെഴുത്തുപ്രതികളായിത്തന്നെ പ്രസിദ്ധീകരണം കാത്തു കഴിയുന്നു. വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങളും, ലേഖനങ്ങളും, പ്രഭാഷണങ്ങളും, പ്രബന്ധങ്ങളുമൊക്കെയായി രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതികളിൽ ആദിമ സുറിയാനി സഭയുടെ ആദ്ധ്യാത്മികദർശനങ്ങൾ സുവ്യക്തമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ഈ ലിഖിതങ്ങളുടെ മനോഹാരിതയും ഉള്ളടക്കത്തിന്റെ ആഴവുംമൂലം ആകർഷിതരായി നിരവധിപേർ അവ
പഠിക്കുവാനും പ്രസിദ്ധീകരിക്കുവാനുമൊക്കെ ശ്രമിച്ചെങ്കിലും അവയുടെ കർത്താവായി കരുതപ്പെടുന്ന ഈ യോഹന്നാൻ ആരാണെന്ന് കൃത്യമായി കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല. ലഭ്യമായ കൃതികളുടെ ബാഹുല്യം നിമിത്തം അവയുടെ കർത്താവ് ഒരാൾത്തന്നെയാണോ? അതോ വിവിധ കാലങ്ങളിൽ ജീവിച്ചിരുന്ന പല വ്യക്തികളാണോ? തുടങ്ങിയ ന്യായവും സ്വാഭാവികവുമായ ചോദ്യങ്ങൾ ഉയർന്നു. ഇവക്ക് ഉത്തരം കണ്ടെത്തുവാൻ പണ്ഡിതലോകം ഏറെ ശ്രമിച്ചു. ഈ കൃതികളിൽ കാണുന്ന പൊതുവായ പ്രയോഗങ്ങളും ചിന്താധാരകളുടെ സമാനതയും പ്രതിപാദന വിഷയങ്ങളുടെ പൊതു സ്വഭാവവുമൊക്കെ ഈ കൃതികൾ ഏറിയപങ്കും ഒരു വ്യക്തിയുടേതുതന്നെയാണ് എന്ന അനുമാനത്തിലേക്കാണ് പണ്ഡിതലോകത്തെയെത്തിച്ചത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സിറിയായിലെ അപ്പമ്‌യായിൽ ജീവിച്ചിരുന്ന ഒരു താപസികനായിരിക്കണം ഈ യോഹന്നാൻ എന്നതാണ് ആധുനിക നിഗമനം. അതുകൊണ്ടുതന്നെ യോഹന്നാൻ അപ്പമ്‌യ എന്നും യോഹന്നാൻ ഈഹീദായ അറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ പേരിനോടു ചേർത്തുള്ള ഈഹീദായ എന്ന പദം ഇതിനോടകം നാം പരിചയപ്പെട്ടിട്ടുണ്ട്. ‘ഏകാകി’, ‘ഏകാന്തവാസി’, എന്നൊക്കെ അർത്ഥംവരുമെങ്കിലും ‘ഉടമ്പടിയുടെ മക്കൾ’ (ബനൈ ക്യാമ) എന്നറിയപ്പെട്ടിരുന്ന ആദ്യകാലസുറിയാനി താപസികരും ഈഹീദായമാർ എന്നാണറിയപ്പെട്ടിരുന്നത്.ഒരു പക്ഷേ അപ്പമ്‌യായിൽ നിന്നുള്ള ഈ യോഹന്നാനും ഒരു ഉടമ്പടിയുടെ പുത്രൻ (ബർ ക്യാമ/ ഈഹീദായ) ആയിരുന്നിരിക്കാം.
ഉയർന്ന സാംസ്‌ക്കാരികനിലവാരവും ഉന്നതവിദ്യാഭ്യാസവുമുണ്ടായിരുന്നയാളായിരുന്നു യോഹന്നാനെന്ന് അദ്ദേഹത്തിന്റെ കൃതികളിൽനിന്ന് വ്യക്തമാണ്. സംഭാഷണശൈലിയിലാണ് മിക്ക കൃതികളും
രചിക്കപ്പെട്ടിരിക്കുന്നത്. സുറിയാനിയിലാണ് അവ എഴുതിയതെങ്കിലും ഗ്രീക്ക് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അദ്ദേഹം ഒരു വൈദ്യനോ വൈദ്യലോകവുമായി നല്ല പരിചയമുള്ള വ്യക്തിയോ ആയിരുന്നു. ആദ്ധ്യാത്മികജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയാണ് അദ്ദേഹം തന്റെ കൃതികളിൽ പ്രതിപാദിക്കുക. ശരീരവും (പഗ്‌റാ), ആത്മാവും (നവ്ശാ), ചേതന(റൂഹാ)യുമുള്ള ഒരു മനുഷ്യന്റെ ആദ്ധ്യാത്മികജീവിതത്തെ അദ്ദേഹം ത്രിമാനതലങ്ങളിലൂടെ വിശദീകരിക്കുവാൻ ശ്രമിച്ചു. പരിപൂർണ്ണതയിലേക്കുള്ള ഒരുവന്റെ പ്രയാണത്തിൽ ഒരുവൻ കടന്നുപോകുന്ന പഗ്‌റാനൂസാ (ശാരീരികതലം), നവ്ശാനൂസാ (ആത്മീയതലം), റൂഹാനൂസാ (ആദ്ധ്യാത്മികതലം) എന്നീ ഘട്ടങ്ങളെക്കുറിച്ച് അദ്ദേഹം നല്കിയ വ്യക്തമായ പഠനങ്ങൾ പിന്നീടുവന്ന പല എഴുത്തുകാരിലും ഗണ്യമായ സ്വാധീനം ചെലുത്തി.
നിനിവേയിലെ ഇസഹാക്ക്, യൗസേപ്പ് ഹസ്സായ, ദാദീശോ ഖത്രായ തുടങ്ങിയവരുടെ കൃതികളിലൊക്കെ യോഹന്നാൻ ഈഹീദായയുടെ ദർശനങ്ങൾ അതേപടി കണ്ടെത്താനാകും. ത്രിമാനതലങ്ങളുള്ള ഒരു വ്യക്തി താൻ ബന്ധപ്പെടുന്ന എല്ലാ യാഥാർത്ഥ്യങ്ങളെയും മൂന്ന് ഘട്ടങ്ങളിലൂടെയാണ് മനസ്സിലാക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഉദാഹരണമായി, സഭയ്ക്ക് മൂന്ന് തലങ്ങളുണ്ട്. ശാരീരികതലത്തിൽ അത് ജനത്തിന്റെ സമ്മേളനമാണ്. എന്നാൽ ആത്മീയതലത്തിൽ സഭ ഒരേ വിശ്വാസത്തിലുള്ള ഒന്നുചേരലാണ്; ഒരേ വിശ്വാസമുള്ളവരുടെ മനസ്സുകളുടെ ഐക്യമാണ്. ആദ്ധ്യാത്മികതലത്തിലാകട്ടെ സഭ ഈ ലോകത്തിന് ഉപരിയാണ്; സ്വർഗ്ഗത്തിലെ കൂട്ടായ്മയാണ്.
മരിച്ചവരുടെ ഉയിർപ്പിനെക്കുറിച്ചും, ദൈവത്തോടൊത്തുള്ള വാസത്തെക്കുറിച്ചും, മാലാഖാമാരൊത്തുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലനാകുന്ന യോഹന്നാന്റെ കൃതികളിൽ വരുവാനിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നിറഞ്ഞുനില്ക്കുന്നു. ഒരുവന്റെ അസ്തിത്വത്തിന്റെ ഉയർന്നതലമായ റൂഹാനൂസാ (ആദ്ധ്യാത്മികതലം) അവന്റെ ഉത്ഥാനാനന്തര ജീവിതമാണന്നാണ് യോഹന്നാൻ ഈഹീദായ പറയുന്നത്. എന്നാൽ മാമ്മോദീസായിൽ നമ്മുടെ മരണവും ഉത്ഥാനവും സംഭവിക്കുന്നതായും അദ്ദേഹം വർണ്ണിക്കുന്നുണ്ട്. റൂഹാനൂസാ നാം ചെയ്യുന്ന പ്രവൃത്തികളിലല്ല നിലകൊള്ളുന്നത്. ഉത്ഥാനശേഷം നാം ദൈവത്തിൽനിന്ന് സ്വീകരിക്കുന്ന ജീവൻ നമ്മുടെ നന്മ പ്രവൃത്തികളേക്കാൾ വളരെ ഉയർന്നതാണന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. ഉത്ഥാനാനന്തര ജീവിതമായ റൂഹാനൂസാ ദൈവികരഹസ്യങ്ങളെക്കുറിച്ചുള്ള അറിവിലുള്ള
പങ്കാളിത്തം വഴി ദൈവത്തോടു ചേർന്നിരിക്കുന്ന അവസ്ഥയാണ്. തന്റെ ശിഷ്യനായ ഹെസീക്കിയസിന് യോഹന്നാൻ ഈഹീദായ പ്രാർത്ഥനയെക്കുറിച്ച് ഇപ്രകാരം എഴുതുന്നു:
ദൈവതിരുമുമ്പാകെ നീ പ്രാർത്ഥനയ്ക്കായി നില്ക്കുമ്പോൾ, നിന്റെ മനസ്സ് ഏകാഗ്രചിത്തമായിരിക്കാൻ ശ്രദ്ധിക്കുക. മനപ്പകർച്ച ഉണ്ടാക്കുന്ന ചിന്തകളൊക്കെ ദൂരെയകറ്റുക. ദൈവത്തിന്റെ യഥാർത്ഥ ഗാംഭീര്യം നിന്റെ ആത്മാവിൽ നിനക്കനുഭവപ്പെടണം. നിന്റെ ചിന്തകളെ ശുദ്ധീകരിക്കുക, നിനക്ക് അവയുമായി പോരാട്ടം നടത്തേണ്ടതായിട്ടുണ്ടെങ്കിൽ നിന്റെ പോരാട്ടത്തിൽ സ്ഥിരതയുള്ളവനായിരിക്കുക, പോരാട്ടം നിർത്തി
വയ്ക്കരുത്. ദൈവം നിന്റെ സ്ഥിരോത്സാഹം ദർശിക്കുകയും പെട്ടെന്ന് കൃപ നിന്റെ മേൽ ഉദിക്കുകയും ചെയ്യും. നിന്റെ ഹൃദയം തീക്ഷ്ണതയാൽ എരിയുകയും നിന്റെ ആത്മാവിന്റെ ചിന്തകൾ പ്രകാശിക്കുകയും
ചെയ്യുമ്പോൾ നിന്റെ മനസ്സ് ശക്തികണ്ടെത്തും…എന്നാൽ പുതിയ ലോകം സമാഗതമാകുമ്പോൾ നമ്മുടെ ഇപ്പോഴത്തെ ധാരണകളൊന്നും അപ്പോഴുണ്ടായിരിക്കുകയില്ല. എല്ലാറ്റിന്റെയും കർത്താവിന്റെ മഹത്ത്വത്തെപ്പറ്റിയുള്ള ഭയബഹുമാനങ്ങളല്ലാതെ മറ്റൊന്നും മനസ്സിനു വിഷയമാകില്ല. യോഹന്നാൻ ഈഹീദായയുടെ കൃതികൾ മനനാത്മകമായി വായിക്കുന്നവർക്ക് നമ്മുടെ കരംപിടിച്ച് നമ്മെ പൂർണ്ണതയിലേക്ക് നയിക്കുന്ന
സ്‌നേഹവും കരുതലും വിവേകവും വിജ്ഞാനവുമുള്ള, മനുഷ്യമനസ്സ് വായിക്കാനറിയുന്ന, വൈദ്യനായ ഒരു ആദ്ധ്യാത്മികപിതാവിന്റെ വ്യക്തിപരമായ സാമിപ്യം അനുഭവപ്പെടുമെന്നത് വിസ്മയകരമായ
യാഥാർത്ഥ്യമാണ്.