സഭയുടെ വിശ്വാസത്തിന്റെ മഹോന്നത പ്രകാശനമായ പരിശുദ്ധ കുർബ്ബാനയുടെ സമർപ്പണപരമായ ഹൃദയഭാഗമാണ് ‘അനാഫൊറ’, ‘കൂദാശ’, ‘കുർബ്ബാന’, കൃതജ്ഞതാ പ്രാർത്ഥന’, കാനൻ’ തുടങ്ങിയ പേരുകളിലൊക്കെ അറിയപ്പെടുന്ന പ്രാർത്ഥനാസമുച്ചയം. പൗരസ്ത്യ സുറിയാനിക്കാരായ സീറോ മലബാറുകാരുടെയിടയിൽ ‘കൂദാശ’ എന്ന വാക്കാണ് ‘അനാഫൊറ’ എന്ന ഗ്രീക്ക് പദത്തിന് പകരമായി പരക്കെ ഉപയോഗിക്കുക. തിരുസ്സഭയുടെ ആരാധനാപാരമ്പര്യത്തിൽ ചെറുതും വലുതുമായ നിരവധി കൂദാശകൾ/അനാഫൊറകൾ വികാസം പ്രാപിച്ചിട്ടുണ്ട്. പ്രാർത്ഥിക്കുന്ന സഭയുടെ ഹൃദയമാകുന്ന പവിഴപ്പുറ്റിലിരുന്ന് അവളുടെ വിശ്വാസാഗ്നിയുടെ ചൂടേറ്റ് നൂറ്റാണ്ടുകളിലൂടെ രൂപം പ്രാപിച്ച അപൂർവ്വ മുത്തുകളായ ഈ കൂദാശകളിൽ സഭയുടെ വിശ്വാസവും ആദ്ധ്യാത്മികതയും മനോഹരമായി പ്രതിഫലിക്കപ്പെടുന്നു. പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങളിൽപ്പെട്ട മിക്ക സഭകളിലും ഒന്നിലധികം കൂദാശകൾ ഉപയോഗത്തിലുണ്ട്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ മൂന്ന് കൂദാശകളാണുള്ളത്: മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശ, മാർ തെയദോറിന്റെ കൂദാശ, മാർ നെസ്‌തോറിയസിന്റെ കൂദാശ. 1599-ൽ നടന്ന ചരിത്രപ്രധാനമായ ഉദയമ്പേരൂർ സൂനഹദോസു വരെ മാർത്തോമ്മാ നസ്രാണി സഭയിലും ഈ മൂന്ന് കൂദാശകളും ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ മാർ തെയദോറിന്റെയും മാർ നെസ്‌തോറിയസിന്റെയും കൂദാശക്രമങ്ങളുടെ ഉപയോഗം സൂനഹദോസ് അവസാനിപ്പിച്ചു. അങ്ങനെ സീറോ മലബാർ സഭയിൽ സമീപകാലം വരെ മാർ അദ്ദായിയുടെയും മാർ മാറിയുടെയും പേരിലുള്ള ഒന്നാമത്തെ കൂദാശക്രമം മാത്രമാണ് ഉപയോഗത്തിലുണ്ടായിരുന്നത്. ലത്തീൻ മിഷനറിമാരുടെ സ്വാധീനം മൂലം നഷ്ടമായ നമ്മുടെ ആരാധനാ പാരമ്പര്യങ്ങളുടെ പുനരുദ്ധാരണ ശ്രമങ്ങൾ നടന്നുവന്നിരുന്ന കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിറുത്തലാക്കപ്പെട്ട രണ്ടു കൂദാശകളും പുനരുദ്ധരിച്ച് ഉപയോഗത്തിൽ വരുത്തണമെന്ന് പരിശുദ്ധ സിംഹാസനം നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. അതനുസരിച്ച് ദീർഘനാളത്തെ പഠനത്തിനും പരിചിന്തനത്തിനും ശേഷം നമ്മുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി 2013 ജൂലൈ 24-ാം തിയതി നൽകിയ ഡിക്രി പ്രകാരം (Prot. No. 1430/2013) രണ്ടാമത്തെ കൂദാശയായ മാർ തെയദോറിന്റെ കൂദാശക്രമം പരീക്ഷണാർത്ഥമുള്ള ഉപയോഗത്തിനായി സീറോ മലബാർ സഭയിൽ പ്രാബല്യത്തിലായി. മംഗളവാർത്ത (സുബാറ) ഒന്നാം ഞായർ മുതൽ ഓശാന ഞായർ ഉൾപ്പെടെയുള്ള കാലഘട്ടത്തിലാണ് മാർ തെയദോറിന്റെ കൂദാശക്രമം ഉപയോഗിച്ച് കുർബ്ബാനയർപ്പിക്കേണ്ടത്. നിശ്ചയിക്കപ്പെട്ടിരുന്ന ഈ കാലയളവിൽ ഈ കൂദാശക്രമം പരമാവധി ഉപയോഗിക്കണമെന്ന് നമ്മുടെ അതിരൂപതയിൽ പ്രത്യേക നിർദ്ദേശവും നൽകപ്പെട്ടിരുന്നല്ലോ. അതനുസരിച്ച് ഈ കഴിഞ്ഞ നാളുകളിൽ ഏകാഗ്രതയോടും വിശുദ്ധിയോടും കൂടി മാർ തെയദോറിന്റെ കൂദാശക്രമം ഉപയോഗിച്ച് പരിശുദ്ധ കുർബ്ബാനയർപ്പിച്ച ഏതൊരു വ്യക്തിയേയും ഈ കൂദാശയിലെ മനോഹരങ്ങളായ പ്രാർത്ഥനകൾ സ്പർശിക്കാതിരിക്കില്ല.
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സുറിയാനി പാത്രിയാർക്കീസായിരുന്ന മാർ ആബാ (AD. 540-552) യായിരിക്കണം ഈ കൂദാശയുടെ ചിട്ടപ്പെടുത്തലിന് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ രൂപം കൊണ്ട അദ്ദായി-മാറി കൂദാശക്രമത്തേക്കാൾ വികാസം പ്രാപിച്ച ദൈവശാസ്ത്ര ചിന്തകളാണ് തെയദോറിന്റെ കൂദാശയിൽ കാണാൻ കഴിയുക. അദ്ദായി-മാറി കൂദാശക്രമത്തേക്കാൾ ദൈർഘ്യമേറിയ മാർ തെയദോറിന്റെ കൂദാശക്രമത്തിൽ ഹൃദയം കൊണ്ട് പങ്കുചേരുന്ന ഒരു വ്യക്തിക്ക് അത് പ്രദാനം ചെയ്യുന്ന ആദ്ധ്യാത്മിക നിറവ് വിവരിക്കാനാവില്ല. പരിശുദ്ധ കുർബ്ബാനയിലെ കൂദാശാഭാഗം ആരാധനാസമൂഹത്തിന്റെ ഏകാഗ്രതയും ശ്രദ്ധയും മനനാത്മകതയും നിറഞ്ഞ പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. അതിലെ പ്രാർത്ഥനകൾ സമഗ്രവും ആഴമേറിയതുമാകയാൽ സ്വകാര്യ പ്രാർത്ഥനകളെപ്പോലെ ഇമ്പകരവും അനായാസം ഗ്രഹിക്കാവുന്നവയുമല്ല. ആയൂർവേദത്തിലും ഹോമിയോപ്പതിയിലുമൊക്കെ പല പ്രാവശ്യം ആവർത്തിച്ച മരുന്നുകൾ കുറഞ്ഞ അളവിൽ ഉപയോഗിക്കാൻ നിർദ്ദേശിക്കാറുണ്ട്. കാരണം അത്ര വീര്യമേറിയവയാണവ. ഇപ്രകാരം തന്നെ കൂദാശാക്രമത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളുമൊക്കെ സഭയുടെ സജീവ പാരമ്പര്യമാകുന്ന ഉലയിൽ ഊതികാച്ചിയ വിശ്വാസ ദർശനങ്ങളാണ്. അതുകൊണ്ട് പരിശുദ്ധ കുർബ്ബാനയിലെ കൂദാശാക്രമത്തിന്റെ ശരിയായ പരികർമ്മത്തിന് അവയിലെ പ്രാർത്ഥനകൾ പഠിക്കുകയും അതിലടങ്ങിയിരിക്കുന്ന ഉന്നതദർശനങ്ങൾ മനസ്സിരുത്തി ഗ്രഹിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. സഭയുടെ ലിറ്റിർജിയുടെ/കുർബ്ബാനയർപ്പണത്തിന്റെ അവസരം തന്നെ ഒരു പരിശീലന കളരിയാണ്. പ്രാർത്ഥിക്കുന്ന സഭ അല്ലെങ്കിൽ കുർബ്ബാനയർപ്പിക്കുന്ന സഭ ഒരേ സമയം ‘മാതാവും’ ‘ഗുരുനാഥയുമാണ്’ (Mater et Magistra). സഭയുടെ മടിയിൽ അവളുടെ ഹൃദയത്തിലിരുന്നു പ്രാർത്ഥിക്കുന്ന വിശ്വാസസമൂഹത്തെ, സ്‌നേഹവും ആർദ്രതയും നിറഞ്ഞ സഭാമാതാവ് പ്രാർത്ഥനകളിൽ മറഞ്ഞിരിക്കുന്ന വിശ്വാസരഹസ്യങ്ങൾ പഠിപ്പിക്കുന്നു. പള്ളിയിൽ മദ്ബഹായുടെ മുമ്പിൽ പരിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ നാമണയുമ്പോൾ നമ്മെ പഠിപ്പിക്കുന്ന അവളുടെ സ്വരത്തിന് കാതും ഹൃദയവും നൽകാൻ നമുക്കാകണം. ദൈവാരാധനയിൽ നാം പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അവളുടെ സ്വരമാണ്. അത് ശ്രദ്ധിച്ചാൽ നാമറിയാതെ തന്നെ സത്യത്തിന്റെ തികവിലേയ്ക്ക്, യഥാർത്ഥ ജ്ഞാനത്തിലേയ്ക്ക് നാം നയിക്കപ്പെടും. ഉദാഹരണത്തിന് മാർ തെയദോറിന്റെ കൂദാശാക്രമത്തിലെ നാലാം ഗ്ഹാന്തായിൽ നിന്ന് അടർത്തിയെടുത്ത നാലു പ്രാർത്ഥനാശകലങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധയെ നമുക്ക് തിരിക്കാം. ഉന്നതമായ ആദ്ധ്യാത്മിക ദർശനങ്ങളാണ് അവയിൽ ഉറങ്ങുന്നത്. നമ്മുടെ കൂദാശാക്രമങ്ങൾ എത്ര സമ്പന്നമാണെന്ന് തിരിച്ചറിയുവാൻ ഇപ്രകാരമൊരു പഠനം തീർച്ചയായും നമ്മെ സഹായിക്കും.
1. നുറുങ്ങിയ ഹൃദയം
മാർ തെയദോറിന്റെ കൂദാശയിൽ നാലാം ഗ്ഹാന്തായിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: ”ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ രഹസ്യമാകുന്ന പരിശുദ്ധവും സ്വീകാര്യവുമായ ഈ ബലി നുറുങ്ങിയ ഹൃദയത്തോടും എളിയ ആത്മാവോടും കൂടി അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ മുമ്പാകെ ഞങ്ങൾ സമർപ്പിക്കുന്നു”. ഈ പ്രാർത്ഥനയിലെ ‘നുറുങ്ങിയ ഹൃദയവും”എളിയ ആത്മാവും’ അർപ്പകന്റെ അർപ്പണം സ്വീകാര്യമാകാനുള്ള വ്യവസ്ഥകളായാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ എന്താണ് ഈ ‘നുറുങ്ങിയ ഹൃദയം’?
ആദ്യ കേൾവിയിൽ അനുതാപവിവശമായ അല്ലെങ്കിൽ തീവ്രവ്യഥ അനുഭവിക്കുന്ന അവസ്ഥയുടെ ആവിഷ്‌ക്കാരമാണോ ‘നുറുങ്ങിയ ഹൃദയം’ എന്ന് തോന്നിപ്പോകും. പക്ഷേ അതിലുപരിയായ ഒരു വിശാല അർത്ഥം ഈ പ്രയോഗത്തിലടങ്ങിയിരിക്കുന്നു. ‘നുറുങ്ങിയ ഹൃദയം’ (ലമ്പാ ശ്ഹീഖാ) എന്ന പ്രയോഗം വിശുദ്ധ ഗ്രന്ഥത്തിന്റെ സുറിയാനി വിവർത്തനമായ പ്ശീത്തായിൽ നിന്നായിരിക്കണം ഗ്ഹാന്താ പ്രാർത്ഥനയിൽ സ്ഥാനം പിടിച്ചത്. പ്ശീത്തായിൽ സങ്കീ. 51,17-ൽ ഇപ്രകാരം കാണുന്നു: ”ദൈവത്തിനുള്ള ബലി എളിയ ആത്മാവാണ് (റൂഹാ മക്കീക്ത്താ), നുറുങ്ങിയ ഹൃദയത്തെ (ലമ്പാ ശ്ഹീഖാ) അവിടുന്ന് നിരസിക്കുകയില്ല”. ‘എളിയ ആത്മാവും’, ‘നുറുങ്ങിയ ഹൃദയവും’ ഗ്ഹാന്തായിലും അടുത്തടുത്ത് കാണപ്പെടുന്നതിൽ നിന്ന് ഗ്ഹാന്തായിൽ സങ്കീർത്തനം ഉദ്ധരിക്കപ്പെട്ടതായിരിക്കണമെന്ന് അനുമാനിക്കാൻ കഴിയും. നുറുങ്ങിയ ഹൃദയത്തോടും എളിയ ആത്മാവോടും കൂടെ ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുന്ന ഒരുവൻ ദൈവത്തിനുള്ള സ്വീകാര്യമായ ബലിയായി പരിണമിക്കുമെന്നാണ് സങ്കീർത്തകൻ പറയുക. സഭാസമൂഹം അർപ്പിക്കുന്ന കുർബ്ബാനയുടെ സ്വീകാര്യതയെക്കുറിച്ച് തന്നെയാണ് ഈ രണ്ട് പ്രയോഗത്തിലൂടെ തെയദോറിന്റെ കൂദാശയും പറയാനാഗ്രഹിക്കുക.
അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സുറിയാനിയിൽ ഏതോ ഒരു അജ്ഞാത താപസനാൽ വിരചിതമായ ‘ശ്രേണികളുടെ ഗ്രന്ഥത്തിൽ’ (ക്‌സാവാ ദ്മസ്‌ക്കാസാ/Book of Steps) ഹൃദയത്തിന്റെ നുറുങ്ങിയ അവസ്ഥ എന്താണെന്ന് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ‘ശഹഖ്’ എന്ന സുറിയാനി ക്രിയാരൂപമാണ് ‘തകരുക’, ‘നുറുങ്ങുക’ എന്നയർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ, അല്ലെങ്കിൽ മനസ്സിന്റെ നുറുങ്ങിയ അവസ്ഥയെക്കുറിച്ച് ഈ അജ്ഞാതഗ്രന്ഥകാരൻ പഠിപ്പിക്കുന്നത് പരിശുദ്ധ കുർബ്ബാനയുടെ പശ്ചാത്തലത്തിൽ ഏറെ അർത്ഥപൂർണ്ണമാണ്. പൂർണ്ണതയിലേയ്ക്ക് പ്രയാണം നടത്തുന്ന ഒരു വ്യക്തി തന്റെ ഉള്ളിലുള്ള ഉപകാരമില്ലാത്ത ലൗകിക അറിവുകളെ തച്ചുടച്ച് യഥാർത്ഥ ജ്ഞാനത്താൽ നിറയാൻ നടത്തുന്ന പ്രയത്‌നങ്ങളാണ് ഈ ‘നുറുങ്ങൽ’ അഥവാ ‘തകർക്കപ്പെടൽ’ എന്നാണ് അദ്ദേഹം വ്യാഖ്യാനിക്കുക. ‘നുറുങ്ങിയ ഹൃദയം’ ആ അർത്ഥത്തിൽ ഒരു ഉരിഞ്ഞുമാറ്റലാണ്; പഴയതിനെ ഉരിഞ്ഞ് പുതിയതിനെ ധരിക്കാനുള്ള യത്‌നം. അജ്ഞാതഗ്രന്ഥകാരന്റെ അഭിപ്രായത്തിൽ ദൈവാന്വേഷണവും തിരുവചനങ്ങളുടെ പഠനവും വഴിയാണ് ഒരുവന്റെ ഹദയം നുറുങ്ങുന്നത്. ശക്തിയേറിയ യന്ത്രസംവിധാനങ്ങളുപയോഗിച്ച് പഴയ കെട്ടിടസമുച്ചയങ്ങൾ തച്ചുടച്ച് നീക്കം ചെയ്ത് പുതിയവ പണിതുയർത്തുന്നതുപോലെയുള്ള ഒരു പ്രക്രിയയാണത്. ഒരുവന്റെ അഹവും അവന്റെ ശരികളും അവൻ നേടിയ അറിവുകളുമൊക്കെ ശക്തിയേറിയ ദൈവവചനം കൊണ്ട് തട്ടിത്തെറിപ്പിച്ച് റൂഹായാൽ നിറയുന്ന പ്രക്രിയയാണ് ഹൃദയത്തിന്റെ നുറുങ്ങലിൽ നടക്കേണ്ടത്. പരി. കുർബ്ബാനയിലെ വചനശുശ്രൂഷയിൽ ആരാധനാസമൂഹത്തിന്റെ ഹൃദയത്തിന്റെ ഈ നുറുങ്ങലാണ് നടക്കുന്നത്. വചനശുശ്രൂഷയിൽ ഇരുതലവാളിനേക്കാൾ മൂർച്ചയേറിയ ദൈവവചനത്താൽ തന്റെ ഹൃദയത്തെ നുറുക്കി, തന്നിലെ പഴയമനുഷ്യനെ ഉരിഞ്ഞുനീക്കി പുത്തൻ മനുഷ്യനായി വേണം ഒരുവൻ കൂദാശയർപ്പിക്കേണ്ടത്.
ചുരുക്കത്തിൽ ‘നുറുങ്ങിയ ഹൃദയം’ ആദ്ധ്യാത്മിക യാത്രയിലെ ഒരു അവശ്യവ്യവസ്ഥയാണ്. പരിപൂർണ്ണതയിലേക്കുള്ള ഒരുവന്റെ പ്രയാണത്തിൽ, തടസ്സമായി നിലകൊള്ളുന്ന, ഈ ലോകത്തിന്റെ ചായ്‌വുകളിലേക്ക് തിരിഞ്ഞിരിക്കുന്ന അവന്റെ ഹൃദയത്തെ, സ്വർഗ്ഗോന്മുഖമാക്കുന്ന പ്രക്രിയയാണത്. ലോകത്തിൽ നിന്ന് ഓടിയകലുക (Flight from the world) എന്ന ഗ്രീക്ക് പിതാക്കന്മാരുടെ സാമാന്യ തത്ത്വത്തേക്കാൾ ലോകത്തിലായിരുന്നുകൊണ്ട് അതിനോടു പുലർത്തുന്ന ഒരുതരം ക്രിയാത്മകമായ നിർമ്മമതയ്ക്കാണ് (Creative indifference through fasting to the world) സുറിയാനി പിതാക്കന്മാർ കൂടുതൽ പ്രാധാന്യം നൽകുക. അങ്ങനെ നോക്കുമ്പോൾ ‘നുറുങ്ങിയ ഹൃദയം’ ആയിരിക്കുന്ന ഒരവസ്ഥയേക്കാൾ തുടരുന്ന ഒരു പ്രക്രിയയാണ്; ഭൗതിക ശാരീരിക തലങ്ങളിൽ നിന്ന് ഉയരാനായി ഒരുവൻ നടത്തുന്ന എല്ലാ താപസിക വ്യാപാരങ്ങളുടെയും ആകെത്തുകയാണത്. ഞാൻ വലുതെന്നു കരുതുന്ന സകലതും, എന്റെ ജ്ഞാനവും നേട്ടങ്ങളും, ഞാൻ എന്ന ഭാവവും, എന്റെ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന എന്റെ സ്വകാര്യ നിക്ഷേപങ്ങളുമെല്ലാം ദൈവവചനത്തിന്റെ മഹാശക്തിയാൽ തവിടുപൊടിയാക്കി തട്ടിമാറ്റപ്പെട്ട അവസ്ഥയിൽ ഞാനനുഭവിക്കുന്ന ‘ഭാവാത്മകമായ’ ഒരു ‘ശൂന്യത’യാണത്; നിറവിനായുള്ള ഒരു കാത്തിരുപ്പ്. നുറുങ്ങിയ ഹൃദയത്തിനു മാത്രമേ പരി. കൂർബ്ബാനയിലൂടെ ചൊരിയപ്പെടുന്ന നവജീവനാൽ നിറയാനാകൂ. അതുകൊണ്ടുതന്നെ നമ്മുടെ കുർബ്ബാനയർപ്പണത്തിന്റെ സ്വീകാര്യതയ്ക്ക് അർപ്പകനുണ്ടായിരിക്കേണ്ട അവശ്യവസ്ഥകളിലൊന്നാണ് ‘നുറുങ്ങിയ ഹൃദയം’.
തുടരും…