ഞായറാഴ്ചയുടെ പുത്രൻ (ബർഹദ്മ്പ്ശമ്പാ 6th /7th C)

നിസിബിസ്സിലെ വിഖ്യാതമായ ദൈവശാസ്ത്രകലാലയത്തോടു ബന്ധപ്പെടുത്തി പുരാതന സുറിയാനിരേഖകളിൽ കാണുന്ന ഒരു പേരാണ് ബർഹദ്മ്പ്ശമ്പാ അഥവാ ‘ഞായറാഴ്ചയുടെ പുത്രൻ’. ഇതെന്ത് പേര്? എന്ന് നമുക്ക് തോന്നുമെങ്കിലും സ്വന്തം പേരിൽപോലും സഭയുടെ വിശ്വാസം പ്രകാശിപ്പിക്കുവാൻ മാത്രം തീക്ഷണതയുണ്ടായിരുന്ന സുറിയാനിസഭാസമൂഹത്തിൻെറ തേജോമയമായ മുഖമാണ് ആ സഭയിൽ പ്രചാരത്തിലിരുന്ന ഈ പേരിൽ നാം ദർശിക്കുക. നമ്മുടെ കർത്താവീശോമിശിഹായുടെ ഉത്ഥാനം സഭവിച്ച ഞായറാഴ്ച സഭയുടെ ജീവിതത്തിൻെറ നിർണ്ണായകഭാഗമാവുക സ്വാഭാവികമാണ്. ആദിമകാലംമുതൽ സഭ ഞായറാഴ്ച ഉചിതമായി ആചരിക്കുവാൻ ശ്രദ്ധിച്ചിരുന്നു. ‘ആഴ്ചയിലെ ഒന്നാം ദിവസം’, ‘എട്ടാം ദിവസം’, ‘കർത്താവിൻെറ ദിവസം’, തുടങ്ങിയ പേരുകളിലൊക്കെ അറിയപ്പെടുന്ന ഞായറാഴ്ച പരിശുദ്ധ കുർബാനയർപ്പിക്കാനുള്ള വിശ്വാസികളുടെ ഒന്നുചേരലിലായിരുന്നു സഭയുടെ ശക്തി. തങ്ങളുടെ വിശ്വാസത്തിൻെറ കേന്ദ്രം കർത്താവിൻെറ ഉത്ഥാനമാണെന്ന തിരിച്ചറിവ് ഉത്ഥാനത്തിൻെറ വാർഷികാചരണമായ ഉയിർപ്പുതിരുന്നാളിനുപുറമെ എല്ലാ ഞായറാഴ്ചകളും ഉത്ഥാനാഘോഷവേളകളാക്കാൻ അവരെ പ്രേരിപ്പിച്ചു. ഒപ്പം ഉയിർപ്പുകാലംമുഴുവനും ഒരു വലിയ ഞായറാഴ്ചയാണന്നും നമുക്ക് പറയാനാകും. ചുരുക്കത്തിൽ ഞായറാഴ്ചയിൽ നങ്കൂരമുറപ്പിച്ച ആദിമസഭയുടെ ജീവിതശൈലി ഏറെയൊന്നും വ്യത്യാസം വരാതെ ഇന്നും സഭയിൽ തുടരുന്നു. ഞായറാഴ്ചയുടെ പ്രാധാന്യം ആഴത്തിൽ ഗ്രഹിച്ച ചിലർ തങ്ങളുടെ പേരുപോലും ഞായറാഴ്ചയോട് ബന്ധപ്പെടുത്തി സ്വീകരിച്ചിരുന്നു. അപ്രകാരം വിഖ്യാതമായ ഒരു പേരാണ് ബർഹദ്മ്പ്ശമ്പാ. സുറിയാനിയിൽ ഞായറാഴ്ച അറിയപ്പെടുക ഹദ്മ്പ്ശമ്പാ അതായത് ആഴ്ചയിലെ ആദ്യദിനം എന്നാണ്. ബർ-ഹദ്മ്പ്ശമ്പാ എന്നാൽ ഞായറാഴ്ചയുടെ അഥവാ ആദ്യദിനത്തിൻെറ പുത്രൻ എന്നാണ്.
ആറാം നൂറ്റാണ്ടിൻെറ അവസാനത്തിലോ ഏഴാം നൂറ്റാണ്ടിൻെറ ആരംഭത്തിലോ ജീവിച്ചിരുന്ന ഹുൽവാനിലെ മെത്രാനായിരുന്നു ബർഹദ്മ്പ്ശമ്പാ. പൗരസ്ത്യസുറിയാനിസഭയിലെ അറിയപ്പെടുന്ന ചരിത്രകാരനും ദൈവശാസ്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിൻെറ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകൾ തികച്ചും പരിമിതമാണ്. നിസിബിസ്സിലെ ദൈവശാസ്ത്രകലാലയത്തിലെ അംഗമായിരുന്ന ബർഹദ്മ്പ്ശമ്പാ കലാലയ തലവനോടുള്ള അഭിപ്രായവ്യത്യാസംമൂലം അവിടം വിട്ടുപോയി എന്ന് ചില രേഖകൾ സാക്ഷിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ ആദിമനൂറ്റാണ്ടുകളിൽ നടന്ന സൂനഹദോസുകളുടെ നടപടിക്രമങ്ങൾ വിവരിക്കുന്ന ‘സിനഡിക്കോൺ ഓറിയന്താലെ’യിൽ AD 605ൽ നടന്ന മാർ ഗ്രിഗോറിയോസ് സൂനഹദോസിൽ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്ന് സൂചനയുണ്ട്. ഇദ്ദേഹം പല കൃതികളും രചിച്ചുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും AD 581-നും 610-നും ഇടക്ക് എഴുതപ്പെട്ടുവെന്ന് കരുതപ്പെടുന്ന ‘വിദ്യാലയങ്ങളുടെ സ്ഥാപനത്തിനുള്ള കാരണം’ (Cause of the foundation of the Schools) നമ്മുടെ സവിശേഷ പരിഗണന അർഹിക്കുന്നു.
ഒരു പുതിയ അദ്ധ്യയനവർഷത്തിൽ നിസിബിസ്സിലെ ദൈവശാസ്ത്ര കലാലയത്തിന്റെ പ്രധാനാദ്ധ്യാപകൻ വിദ്യാർത്ഥികളോടായി നടത്തുന്ന പ്രൗഢവും സുന്ദരവുമായ ഒരു പ്രസംഗത്തിൻെറ രൂപത്തിലാണ് ഈ കൃതി എഴുതപ്പെട്ടിരിക്കുന്നത്. ക്രിസ്തീയജീവിതംതന്നെ ഒരു അദ്ധ്യയനമാണെന്ന് ഈ പ്രധാനാദ്ധ്യാപകൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ലോകത്തിൻെറ സൃഷ്ടി മുതലുള്ള ചരിത്രം കലാലയങ്ങളുടെ ശൃംഖലയായി ഇതിൽ വിവരിക്കപ്പെടുന്നു. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവം മാലാഖാമാർക്കുവേണ്ടി ആരംഭിച്ച ആദ്യത്തെ വിദ്യാലയത്തിൽ തുടങ്ങി ആറാം നൂറ്റാണ്ടിൻെറ അവസാനം നിസിബിസ്സ് സ്‌ക്കൂളിൻെറ നായകത്വം വഹിച്ചിരുന്ന വിവാദപുരുഷനായിരുന്ന അദിയാബേനായിലെ ഹെന്നാനാവരെയുള്ളവരുടെ ചരിത്രം വിവരിക്കുന്ന ഈ രേഖ പൗരസ്ത്യ സുറിയാനി സഭയുടെ ദൈവശാസ്ത്രവികാസത്തിൻെറ ചരിത്രം പഠിക്കുന്നവർക്കുള്ള സുപ്രധാന ഉറവിടമാണ്.
സൃഷ്ടിക്ക് മുമ്പുതന്നെ സ്ഥിതിചെയ്യപ്പെടുന്നവനായ സ്രഷ്ടാവായ ദൈവത്തിൻെറ നന്മയും ജ്ഞാനവും ശക്തിയുമെല്ലാം ഇതിൽ വിവരിക്കുന്നു. സൃഷ്ടിക്കപ്പെട്ട മനുഷ്യബുദ്ധിക്ക് സൃഷ്ടിക്കപ്പെടാത്ത ദൈവത്തെ അവിടുന്ന് തൻെറ കൃപയാൽ അനുവദിക്കാത്തിടത്തോളം കാലം ഗ്രഹിക്കാനാവില്ല. പ്രപഞ്ചത്തിൽ കാണുന്ന വൈവിധ്യങ്ങളിലൂടെ ദൈവം നമുക്കായി ആവിഷ്‌കരിക്കപ്പെടുന്നു. സൃഷ്ടിയിലൂടെ സ്രഷ്ടാവിനെക്കുറിച്ച് പഠിക്കുവാൻ മനുഷ്യനെ സഹായിക്കുക അവൻെറ ആത്മാവാണ്. മനുഷ്യാത്മാവ് ഒരു വിളക്കാണ്. അവൻെറ മനസ്സാകട്ടെ ദൈവികപ്രകാശത്താൽ വിളങ്ങുന്ന അതിനുള്ളിലെ നാളവും. മനസ്സ് ഒരു കപ്പലിൻെറ കപ്പിത്താനെപ്പോലെയാണ്. അത് വ്യക്തിയെ പരിപൂർണ്ണതയിലേക്ക് നയിക്കുന്നു. ആറുദിവസം നീണ്ടുനിന്ന ഈ ലോകത്തിൻെറ സൃഷ്ടികർമ്മം ദൈവത്തെക്കുറിച്ച് അറിവ് നൽകാനായി മാലാഖാമാർക്കുവേണ്ടി നടത്തപ്പട്ട പഠനശിബിരമായിരുന്നു. ദൈവം സ്ഥാപിച്ച ആദ്യത്തെ ഈ വിദ്യാലയത്തിൽ മടിയന്മാരും തീക്ഷണമതികളുമായ മാലാഖാമാർ ഉണ്ടായിരുന്നു. തന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള താക്കീതായി മടിയർ മാലാഖാമാർക്ക് സംഭവിച്ചതെന്താണന്ന് പ്രസംഗകൻ വിവരിക്കുന്നുണ്ട്. മനുഷ്യർക്ക് ബഹുമാനം നൽകണമെന്ന് ആവശ്യപ്പെട്ട ദൈവത്തിനെതിരെ മടിയർ മാലാഖാമാർ പിറുപിറുത്തു. അക്കാരണത്താൽ അവരുടെ അദ്ധ്യാപകൻ അവരെ സ്വർഗ്ഗീയ സ്‌കൂളിൽനിന്ന് പുറത്താക്കി. എന്നാൽ തീക്ഷണമതികളായ മാലാഖാമാർക്കാകട്ടെ സ്വർഗ്ഗീയഭരണസമിതിയിൽ വിവിധ സ്ഥാനങ്ങൾ ലഭിച്ചു.
മാലാഖാമാർക്കുവേണ്ടിയുള്ള സ്‌കൂളുകളെക്കുറിച്ചുള്ള വിവരണശേഷം മനുഷ്യർക്കായുള്ള സ്‌കൂളുകളെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. ഏദേൻ തോട്ടത്തിൽ ആദത്തിനായി സ്‌ക്കൂൾ സ്ഥാപിക്കപ്പെട്ടു. തൻെറ സ്ലേറ്റിൽ നിന്ന് ദൈവികനിയമം മായ്ച്ചുകളഞ്ഞതിനാൽ ആദം സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കായേൻെറയും ആബേലിൻെറയും നോഹിൻെറയും അബ്രാഹത്തിൻെറയും സ്‌കൂളുകൾ സ്ഥാപിക്കപ്പെട്ടു. തത്ത്വശാസ്ത്രം അതിൻെറ പൂർണ്ണതയിൽ പഠിപ്പിക്കുന്ന കലാലയത്തിൻെറ ശ്രേഷ്ടകാര്യസ്ഥനായി മൂശെ നിയമിക്കപ്പെട്ടു. അതോടെ മനുഷ്യൻ വിദ്യാർത്ഥികളുടെ നിലയിൽനിന്ന് പരിശീലകൻെറ നിലയിലേക്ക് ഉയർത്തപ്പെട്ടു. മൂശെയിൽനിന്ന് കലാലയം ഈശോ ബർനോൻ (ജോഷ്വാ) ഏറ്റുവാങ്ങി. പിന്നീട് ശ്‌ളേമോൻ രാജാവും പ്രവാചകരുമെല്ലാം തങ്ങളുടേതായ കലാലയങ്ങൾ തുടങ്ങി. ഗ്രീക്ക് ചിന്തകരും, സൊരാസ്ട്രിയൻ മതക്കാരുമൊക്കെ ദൈവം സ്ഥാപിച്ച സ്‌ക്കൂളുകളെ അനുകരിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ഈ കലാലയങ്ങളുടെ തകർച്ചക്കുശേഷം തൻെറ പിതാവിൻെറ ആദ്യ കലാലയം നവീകരിക്കാനായി ഈശോ യോഹന്നാൻ മാംദാനയെ ഈ സ്‌കൂളിൻെറ വ്യാഖ്യാതാവായും കേപ്പാശ്ലീഹായെ കാര്യസ്ഥനായും നിയമിച്ചു. പിന്നീട് പൗലോസ് ശ്ലീഹായിലൂടെയും, ഇതര ശ്ലീഹന്മാരിലൂടെയും ഈ സ്‌കൂള് തുടർന്നുപോന്നു. വിശുദ്ധഗ്രന്ഥം ആദ്യമായി വ്യാഖ്യാനിച്ച അലക്‌സാഡ്രിയൻ സ്‌കൂളും നിഖ്യാ സൂനഹദോസിനു ശേഷം സ്ഥാപിതമായ തെയദോറിൻെറ സ്‌കൂളും എദ്ദേസായിലെ ദൈവശാസ്ത്രകലാലയവും, അത് അടയ്ക്കപ്പെട്ടപ്പോൾ സമാരംഭിച്ച നിസിബിസ്സിലെ ദൈവശാസ്ത്ര കലാലയവുമെല്ലാം അതിൻെറ പില്ക്കാലകണ്ണികളാണ്.
വിശ്വാസജീവിതത്തെ ഒരു പഠനമായി അവതരിപ്പിക്കുന്ന ആദിമസഭയുടെ ശൈലി തന്നെയാണ് ഈ കൃതിയിലും കാണുക. ഈശോയും ശിഷ്യരും തമ്മിലുള്ള ബന്ധം വർണ്ണിക്കപ്പെടുക ഗുരുശിഷ്യബന്ധമായാണല്ലോ. സഭയിലെ ആദ്യകാല പിതാക്കന്മാരായ രക്തസാക്ഷിയായ വി. ജസ്റ്റിനും, അലക്‌സാഡ്രിയായിലെ ക്ലമെൻെറും, ഒരിജനും, സുറിയാനിസഭയിലെ മാർ അപ്രേമും, നർസായിയുമൊക്കെ നല്ല അദ്ധ്യാപകരായിരുന്നു. സുറിയാനിസഭ ‘മിശിഹാനുകരണം’ ഒരു ‘യുൽപ്പാന’ (പഠനം) യാണെന്നാണ് വ്യാഖ്യാനിക്കുക. അതായത് മിശിഹായുടെ മുഖത്തുനോക്കി അവൻെറ പാദത്തിങ്കലിരുന്ന് അവനെപ്പോലെയാകാൻ പഠിക്കുക. മാലാഖാമാർക്കുവേണ്ടിയുള്ള സ്‌കൂളിൽ ദൈവം ആരംഭിച്ച ഈ അദ്ധ്യാപന – അദ്ധ്യയന ശൈലി സഭ ഇന്നും തുടരുന്നു. സഭയാകുന്ന കലാലയത്തിൽ ഗുരുനാഥയായ സഭാമാതാവ് തൻെറ പ്രബോധനം മാർപ്പാപ്പായിലൂടെയും, മെത്രാന്മാരിലൂടെയും, വൈദികരിലൂടെയും, മതബോധകരിലൂടെയും എന്തിന് സ്വന്തം കുഞ്ഞിനെ മടിയിലിരുത്തി ഈശോ നാമം ചൊല്ലിക്കൊടുക്കുന്ന അമ്മയിലൂടെപ്പോലും തുടരുന്നു.