ഗൗരവതരമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ആ കൂദാശ ഫലദായകമാകുമോ? സാധുവാണോ?

കൂദാശകൾ മിശിഹായുടെ പ്രവൃത്തികളാണ്. സഭയുടെ പ്രവൃത്തികളാണ്. സ്വകാര്യവ്യക്തികളുടെ പ്രവൃത്തികളല്ല. അതുകൊണ്ട് സഭയുടെ കൂട്ടായ്മയിലല്ലാത്ത വൈദികർ അഥവാ ഗൗരവമായ കുറ്റത്തിന് ശുശ്രൂഷ മുടക്കിയിട്ടുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശകൾ കൂദാശകളല്ല. അതുകൊണ്ട് അങ്ങനെയുള്ള വൈദികർ പരികർമ്മം ചെയ്യുന്ന കൂദാശകളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് കൂദാശാപരമായ ഫലദായകത്വം ലഭിക്കുകയില്ല. ഇതിന് ഒരു അപവാദം മാത്രമേയുള്ളു. അത് കുമ്പസാരമെന്ന കൂദാശയെ സംബന്ധിച്ചുള്ളതാണ്. മരണാസന്നനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സഭാമുടക്കിൽപ്പെട്ട ഒരു വൈദികനേ ആ സമയത്തുള്ളുവെങ്കിൽ അദ്ദേഹത്തിന് ആ മരണാസന്നനായ വ്യക്തിയെ കുമ്പസാരിപ്പിക്കാം. ആ വ്യക്തിക്ക് ഫലദായകമാംവിധം കൂദാശ സ്വീകരിക്കുവാനും കഴിയും. ഇതു സാധ്യമാകുന്നത് സഭതന്നെ അത് അംഗീകരിച്ചിരിക്കുന്നതുകൊണ്ടാണ്. സാധുത്വവും ഫലദായകത്വവും തമ്മിലുള്ള വ്യത്യാസം നൈയാമികമായ ഒരു പരിഗണനയാണ്. അത് പാശ്ചാത്യസഭയുടെ നൈയാമിക പശ്ചാത്തലത്തിൽ രൂപംകൊണ്ട ഒരു പരിഗണനയാണെന്നു പറയാം.