കാരുണ്യവധം, ക്രെസ്തവ ധാർമ്മികാവലോകനം

കാരുണ്യവധവും വൈദ്യസഹായത്തോടെയുള്ള ജീവൻ ഹനിക്കലും ഇന്ത്യൻ ക്രിമിനൽ നിയമം 306, 309 ഖണ്ഡികകളനുസരിച്ചും ഇന്ത്യൻ ഭരണഘടനാവകുപ്പ് – 21 അനുസരിച്ചും നിയമവിരുദ്ധമാണ്. ഒരാൾക്കു മാന്യമായി ജീവിക്കാനും മരിക്കാനുമുള്ള അവകാശങ്ങളെക്കുറിച്ചു മുൻവർഷങ്ങളിൽ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വിവിധ വിധികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2011 മാർച്ച് 7-ലെ
അരുണാ ഷാൻബാഗ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും 2018 മാർച്ച് 9-ലെ കോമൺ കോസ് കേസിലെ വിധിയും നിഷ്‌ക്രിയ (പരോക്ഷ) ദയാവധത്തെ അനുകൂലിക്കുന്നതാണ്. അഹിംസയുടെയും സഹിഷ്ണുതയുടെയും പുണ്യഭൂമിയായ ഇന്ത്യയിൽ ഈ വിധികൾ സാംസ്‌കാരികമായും വൈദ്യശാസ്ത്രപരമായും മതാത്മകമായുംധാർമ്മികമായും കനത്ത ആഘാതമാണ് ജീവസംസ്‌കാരത്തിനുമേൽ ഇന്ന്
ഏൽപ്പിച്ചിരിക്കുന്നത്. ഈ വിധികളുടെ പശ്ചാത്തലത്തിൽനിന്നുകൊണ്ട് ശയ്യാവലംബികളായി കഴിയുന്ന രോഗികൾക്ക് പരിചരണമാണോ കാരുണ്യവധമാണോ അഭികാമ്യം എന്ന് ധാർമ്മികമായി വിലയിരുത്തുന്നത് ഇന്നിന്റെ ആവശ്യമാണ്, ജീവന്റെ ഉടമകളായ നാമോരുത്തരുടെയും കടമയാണ്.

എന്താണ് കാരുണ്യവധം?
‘യുത്തനേഷ്യ’ എന്ന ഗ്രീക്കു പദത്തിൽനിന്നുമാണ് ദയാവധം (കാരുണ്യവധം) എന്ന പദം ഉത്ഭവിക്കുന്നത്. ‘യു’ എന്നതിന് ‘നല്ലത്’ എന്നും ‘തന്നത്തോസ്’ എന്നതിന് മരണം എന്നുമാണർത്ഥം. 1938-ൽ
അമേരിക്കയിൽ രൂപീകൃതമായ ദയാവധ സംഘടന ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ”തീരാരോഗത്തിന്റെ ഫലമായി കഠിനവേദന അനുഭവപ്പെടുമ്പോൾ വേദനരഹിതമായി തന്റെ ജീവനെ
അവസാനിപ്പിക്കുക”. ദയാവധം നടപ്പാക്കുന്ന രീതികൾ, ഉദ്ദേശ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിനെ പ്രധാനമായും പ്രത്യക്ഷമായത് (ഉത്സുക)എന്നും പരോക്ഷമായത് (നിഷ്‌ക്രിയ) എന്നും രണ്ടായി തിരിക്കാം. നേരിട്ടുള്ള പ്രവൃത്തിയിലൂടെ രോഗിയുടെ ജീവൻ ഹനിക്കുന്നതാണ് പ്രത്യക്ഷദയാവധം. ഉദാഹരണമായി വേദനയില്ലാതെ പെട്ടെന്നു മരണത്തെ പുൽകുവാൻ ഒന്നുകിൽ ശ്വാസം മുട്ടിച്ചോ അല്ലെങ്കിൽ വിഷം
കുത്തിവച്ചോ രോഗിയെ മരണത്തിലേക്കു നയിക്കുന്നു. പരോക്ഷമായ ദയാവധത്തിൽ രോഗിക്ക് ഇപ്പോൾ നല്കിക്കൊണ്ടിരിക്കുന്ന വൈദ്യസഹായം, ചികിത്സാവിധികൾ എന്നിവ നിർത്തിവയ്ക്കുന്നു. ഉദാഹരണമായി ജീവനെ നിലനിർത്തിപ്പോരുന്ന ഉപകരണങ്ങളുടെ പ്രവർത്തനം നില്ക്കാൻ അനുവദിക്കുക, മരുന്നുകൾ നല്കാതിരിക്കുക, ചികിത്സ നിർത്തിവയ്ക്കുക, ഭക്ഷണവും വെള്ളവും ശുചീകരണവും കൊടുക്കാതിരിക്കുക, ശ്വാസോച്ഛ്വാസത്തെ സഹായിക്കുന്ന ഉപകരണങ്ങൾ മാറ്റുക തുടങ്ങിയവയാണ്. രോഗിയുടെ ആഗ്രഹപ്രകാരമോ, നിർദ്ദേശപ്രകാരമോ (മരണപത്രം), പൂർണ്ണമായി സമ്മതം കൊടുക്കാൻ പറ്റാത്ത സാഹചര്യങ്ങളിലോ പ്രത്യക്ഷമായോ പരോക്ഷമായോ ദയാവധം നടപ്പാക്കാം. ഇത്തരുണത്തിൽ രോഗിയുടെ പൂർണ്ണമായ സമ്മതമുള്ളപ്പോഴും സമ്മതം കൊടുക്കാൻ സാധിക്കാത്ത അവസരങ്ങളിലും പരോക്ഷദയാവധം നൽകുവാൻ
വ്യവസ്ഥകളോടെ അനുവദിക്കുന്നതാണ് ഇന്ത്യൻ സുപ്രീംകോടതിയുടെ പുതിയവിധി.

സാധാരണ ചികിത്സയും കാരുണ്യവധവും – വ്യത്യാസങ്ങൾ
സാധാരണ ചികിത്സയും (Ordinary/Proportionate) ദയാവധവും തമ്മിൽ വ്യത്യാസമുണ്ട്. പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പായുടെ (Prolongation of Life, 1959) അഭിപ്രായത്തിൽ: സമയം, സ്ഥലം, സാഹചര്യം,
രോഗിയുടെ മൊത്തത്തിലുള്ള അവസ്ഥ എന്നിവ പരിഗണിച്ചാണ് സാധാരണ ചികിത്സയും അസാധാരണ ചികിത്സയും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. എല്ലാവർക്കും അടിസ്ഥാന ചികിത്സ ലഭ്യമാകണം.
ഭക്ഷണവും വെള്ളവും അടിസ്ഥാന ആവശ്യങ്ങളാണ്. ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്നതും അപ്പോൾ അത്യാവശ്യമുള്ളതു തന്നെ (Pope John Paul II, Care of Permanent Vegetative State). എന്നാൽ പരോക്ഷ
ദയാവധത്തിൽ ഭക്ഷണവും വെള്ളവും നല്കുന്നതു നിർത്തിവച്ച് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്നു. ഇതു സാധാരണ ചികിത്സയ്ക്കു വിരുദ്ധമായ പ്രവൃത്തിയാണ്. അപ്പോൾ പരോക്ഷമായ ദയാവധം
നടപ്പിലാക്കുമ്പോൾ അതിന്റെ ലക്ഷ്യം ഒരാളെ കൊല്ലുക എന്നതുതന്നെയാണെന്നു മനസ്സിലാക്കാം. ഒരാൾ സ്വാഭാവികമരണം വരിക്കുമ്പോൾ അതിന് അതിൽത്തന്നെ മരിക്കണമെന്ന് ലക്ഷ്യമില്ല. എന്നാൽ
ദയാവധത്തിൽ മരിക്കണമെന്നുള്ള ലക്ഷ്യം കൃത്യമായി നടപ്പിലാക്കുന്നു. പ്രയോജനമില്ലാത്ത ചികിത്സ നിർത്തുവാൻ രോഗിക്ക് അവകാശമുണ്ട് (ജീവന്റെ സുവിശേഷം, 65). ഒരു രോഗി തനിക്ക് അത്യാവശ്യമായ ചികിത്സ നിഷേധിക്കുന്നുവെങ്കിൽ അതിനെ ധാർമ്മികമായി ന്യായീകരിക്കാൻ സാധിക്കില്ല. അതിനാൽദയാവധം എന്നത് ജീവനെ സ്വയം നശിപ്പിക്കുന്ന ആത്മഹത്യയുടെ പര്യായപദം തന്നെയാണെന്നു നിസ്സംശയം പറയാനാകും.

സ്വാഭാവിക ധാർമ്മിക നിയമം
ദയാവധം സ്വാഭാവിക ധാർമ്മിക നിയമത്തിനെതിരായ പ്രവൃത്തിയാണ്. മനുഷ്യസ്വഭാവത്തിൽ എന്താണ് ശരി അല്ലെങ്കിൽ എന്താണ് തെറ്റ് എന്നുള്ളത് വ്യക്തിയുടെ സത്തയിലും മനസ്സാക്ഷിയിലും അറിവിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി ഒരാൾ മരണം വരിക്കുന്നത് അറിവിന്റെ തലത്തിൽനിന്നും സത്തയുടെ തലത്തിൽ നിന്നും പരിശോധിച്ചാൽ തെറ്റായ പ്രവൃത്തിയാണെന്ന് വ്യക്തമാണ്. സ്വാഭാവിക
ധാർമ്മികനിയമം പറയുന്നത് നന്മചെയ്യണം; തിന്മ ചെയ്യരുത് എന്നാണ് (C.C.C, 1954). ജീവൻ നിലനിർത്തുന്നതും സംരക്ഷിക്കുന്നതും എപ്പോഴും നന്മയാണ്. അത് അടിസ്ഥാനമൂല്യമാണ്. പരോക്ഷമായ ദയാവധം നന്മയ്ക്കും മൂല്യത്തിനുമെതിരായ പ്രവൃത്തിയാണ്. അത് സ്വാഭാവിക ധാർമ്മിക നിയമത്തെ ലംഘിക്കുന്നു (ജീവന്റെ സുവിശേഷം, 70).

സ്വാതന്ത്ര്യം ജീവൻ അവസാനിപ്പിക്കുന്നതിനോ?
പ്രയോജനവാദവും സാന്ദർഭികവാദവും സ്വാതന്ത്ര്യം ഏതു രീതിയിലും വിനിയോഗിക്കുവാൻ ഒരുവനെ പ്രേരിപ്പിക്കുന്നു. ഇവയുടെ പ്രയോഗം എന്നും വ്യക്തിക്കും സമൂഹത്തിനും ഹാനികരമായി നിലനിൽക്കും. സ്വാതന്ത്ര്യം എപ്പോഴും നീതിപൂർവ്വമായ നിയമത്തിനും മനുഷ്യമാഹാത്മ്യത്തിനുമനുസൃതമായിരിക്കണം. വിശ്വാസത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തിൽ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ അതു ജീവനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് (Instruction Libertatis Conscientia, 26). അങ്ങനെയെങ്കിൽ ദയാവധം യഥാർത്ഥ സ്വാതന്ത്ര്യന്മേലുള്ള കടന്നുകയറ്റമാണെന്നു പറയേണ്ടിവരും. അതായത് യഥാർത്ഥ
സ്വാതന്ത്ര്യത്തിന്റെ ”മരണമാണ്” ഓരോ ദയാവധവും ആഘോഷിക്കുന്നത്. ചില അവസരങ്ങളിൽ ദുർബലനായ വ്യക്തിയുടെ ജീവൻ ശക്തനായ വ്യക്തിയുടെ കൈകളിൽ ഏല്പ്പിക്കപ്പെടുന്നു. ദുർബ്ബലരായ ഇത്തരം രോഗികളെ അവർ ദയാവധത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.

ദയാവധം സഹനത്തിനുള്ള പരിഹാരമോ?
ദയാവധത്തെ അനുകൂലിക്കുന്ന ഏറ്റവുംശക്തമായ വാദം ‘ദയാവധം സഹനത്തെ ഇല്ലായ്മ ചെയ്യുന്നു’ എന്നതാണ്. ജീവന്റെ വില, അതു കൊണ്ടുവരുന്ന സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും
അളവനുസരിച്ചു മാത്രം കണക്കാക്കുന്ന ഒരു തെറ്റായ പ്രവണതയാണ് ഇന്നുള്ളത്. സഹനമെന്നത് ഉൾക്കൊള്ളാനാവാത്ത, തികഞ്ഞ പരാജയമായി കരുതപ്പെടുന്നു. എന്തുവില കൊടുത്തും ഒഴിവാക്കേണ്ട ഒരു
കുറവായി സഹനത്തെ മാറ്റിനിർത്തുന്നു. വേദനനിറഞ്ഞ ജീവിതത്തെ ചിലർ അർത്ഥശൂന്യമായി കാണുന്നു; വേദനയിൽ നിന്നുള്ള വിമോചനമായി മരണത്തെ വീക്ഷിക്കുന്നു. എന്നാൽ ദൈവത്തിൽ വിശ്വസിക്കുന്ന വ്യക്തിക്ക് സഹനം അർത്ഥപൂർണ്ണമാണ്, ആനന്ദം നൽകുന്നതാണ് (യാക്കോ. 1: 2). ദൈവമഹത്ത്വത്തിനുവേണ്ടിയും വ്യക്തിയുടെ നന്മയ്ക്കുവേണ്ടിയും സഹനത്തെ സ്വീകരിക്കുമ്പോൾ അതു രക്ഷാകരമായി തീരുന്നു. ദൈവം തന്റെ ഛായ ഒരാളുടെ മനസ്സിലും ഹൃദയത്തിലും മുദ്രണം ചെയ്യുന്നത് സഹനത്തിലൂടെ കടന്നുപോകുമ്പോഴാണ്. വിശ്വാസജീവിതം നയിക്കുന്ന വ്യക്തിക്കു മാത്രമേ സഹനത്തിന്റെ അർത്ഥതലം കണ്ടെത്താൻ കഴിയൂ. ദൈവ-മനുഷ്യ സ്‌നേഹത്തിലൂടെയാണ് സഹനത്തിന് ഒരാൾ ഉത്തരം കണ്ടുപിടിക്കുന്നത് (Pope john Paul II, Christian Meaning of suffering,13). ദീർഘശാന്തതയും ക്ഷമയും ധൈര്യവും ഉള്ള വ്യക്തിക്കു മാത്രമേ സഹനത്തെ സ്വീകരിച്ചുകൊണ്ട് അതിനെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ. അല്ലാത്തവർ ചില കുറുക്കുവഴികൾ സ്വീകരിക്കും. അത് യഥാർത്ഥലക്ഷ്യത്തിൽ എത്തിച്ചേരാത്ത കാരുണ്യവധം പോലെയുള്ള
കുറുക്കുവഴികളാണ്.

ദയാവധം മരണോത്ഥാന തിരസ്‌കരണമോ?
മനുഷ്യ ജീവിതത്തിൽനിന്നും മരണത്തെ മാറ്റി നിറുത്തുവാൻ സാധിക്കുകയില്ല (ജോഷ്വ 23:14). എല്ലാവരും മരിക്കും (പ്രഭാ. 14: 17). ഈശോ തന്റെ മരണത്തെ കീഴടക്കി (ഹെബ്ര. 2:14). അവൻ നമുക്കുവേണ്ടി മരിച്ചു (റോമ. 5: 6). ഈശോയുടെ മരണമാണ് ഒരു ക്രൈസ്തവന്റെ മരണത്തിന് മാതൃകയായി നിൽക്കുന്നത് (യോഹ. 21:19). ഒരു വിശ്വാസി ഈശോയിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു (റോമ 14:7). ക്രൈസ്തവ വിക്ഷണത്തിൽ മരണം പ്രത്യാശ നല്കുന്നതാണ്. ഈശോ മർത്തായോട് പറഞ്ഞ വാക്യങ്ങൾ ഇവിടെ പ്രസക്തമാണ്: ഞാനാകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും (യോഹ. 11: 25). ഇത് അർത്ഥമാക്കുന്നത് ഈശോയാണ് ഉത്ഥാനത്തിന്റെ കേന്ദ്രം എന്ന സത്യമാണ്. ജീവിക്കുന്നവർക്കും മരിച്ചവർക്കും പ്രത്യാശ നല്കുന്നത് അവിടുത്തെ ഉത്ഥാനമാണ്. ഈ
പശ്ചാലത്തലത്തിൽ കൗദാശിക ജീവിതത്തിലൂടെ ആരംഭിച്ച ക്രൈസ്തവ ജീവിതത്തിന്റെ പൂർത്തീകരണമാണ് മരണത്തിൽ സംഭവിക്കുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് മരണം സ്വർഗ്ഗീയ
ജറുസലേമിലേക്കുള്ള യാത്രയുടെ തുടക്കമാണ്. മരിച്ചവർ അവസാനം ഉയിർത്തെഴുന്നേറ്റ് ദൈവത്തിൽ ആനന്ദിക്കും. ദയാവധം ഈശോയുടെ കുരിശിലെ മരണത്തെയും വിശ്വാസത്തിന്റെ കേന്ദ്രമായ ഉത്ഥാനത്തെയും
തിരസ്‌കരിക്കുന്നു.

സമഗ്രപരിചരണം – ഇന്നിന്റെ ആവശ്യകത
സമഗ്രപരിചരണം കൊടുക്കുകയാണെങ്കിൽ ദയാവധത്തെക്കുറിച്ചുള്ള ചിന്തകൾ രോഗിയിൽനിന്നും, അവരെ ശുശ്രൂഷിക്കുന്ന വ്യക്തികളിൽനിന്നും ദൂരെയകറ്റാൻ സാധിക്കും (Declaration on Euthanasia IV).
തീരാ രോഗികൾക്ക് ആശുപത്രിയിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും നൂനതസാങ്കേതിക വിദ്യകളോടുകൂടിയ പരിചരണം ഒരുക്കണം. ഇതിൽ വൈദഗ്ദ്ധ്യമുള്ള വ്യക്തികളായിരിക്കണം ശുശ്രൂഷ ചെയ്യേണ്ടത്. ഇന്നു
വേദനകൾ ലഘൂകരിക്കാനും ഇല്ലാതാക്കുവാനുമുള്ള ഫലപ്രദമായ പല ചികിത്സാരീതികളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള രോഗികൾക്ക് ഇത്തരം ചികിത്സ നല്കുവാനും സാമ്പത്തികമായി
സഹായിക്കുവാനും ഭരണകൂടത്തിനും സമൂഹത്തിനും കഴിയണം. മഹാത്മാഗാന്ധി ഇപ്രകാരം പറയുന്നു: ”തീരാരോഗിക്ക് ആദ്യം ആവശ്യമായിരിക്കുന്നത് പരിചരണവും ആതുരസേവനവുമാണ്. ദയാവധം ഒരു
പരിഹാരത്തിനും മാർഗ്ഗമല്ല”. ഇങ്ങനെയുള്ള അവസരങ്ങളിൽ നീതിപൂർവകവും സ്‌നേഹത്തോടുകൂടിയതുമായ തീരുമാനമാണ് ഏറ്റവും വിലപ്പെട്ടത്. പരിചരണത്തിന്റെ ഒരു ധാർമ്മികമാർഗ്ഗരേഖ നാം
അവലംബിക്കണം. അത് ഇപ്രകാരമാണ്: ഓരോ രോഗിക്കും നാം ശ്രദ്ധകൊടുക്കണം. അവരുടെ അവസ്ഥ അനുകമ്പാർദ്രമായി മനസ്സിലാക്കുകയും ആഴത്തിലുള്ള സൗഹൃദം രോഗിയോട് പുലർത്തുകയും വേണം. ഇതുമൂലം രോഗിയുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്ന വ്യക്തി ഉത്തരവാദിത്തപൂർണ്ണമായ തീരുമാനമെടുത്തു രോഗിയെ ശുശ്രൂഷിക്കും (ലൂക്ക 10: 25-37). രോഗിക്ക് അത് അളവില്ലാത്ത ആത്മവിശ്വാസം നൽകും. 42 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ അരുണാ ഷാൻബാഗിനെ ദയാവധത്തിന് ഇരയാക്കണമെന്ന് ആധുനികസമൂഹത്തിന്റെ ശാഠ്യത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത മുംബെയിലെ കിംഗ് എഡ്വേർഡ് ഹോസ്പിറ്റലിലെ കാരുണ്യത്തിന്റെ മാലാഖമാരായ ആതുരസേവകരെ നമുക്ക് മറക്കാതിരിക്കാം. അരുണയുടെ ഒരു പുഞ്ചിരിക്ക് തങ്ങളുടെ ജീവിതത്തിലെ മറ്റ് ഏതു നേട്ടങ്ങളെക്കാളും തിളക്കമുണ്ടെന്ന് പറഞ്ഞ് കേക്കു മുറിച്ച് അരുണയുടെ പുനർജ്ജന്മം ആഘോഷിച്ച ഈ സാധാരണക്കാരാണ് പരിചരണത്തിന്റെ മാതൃകയായി നമുക്കു മുന്നിൽ നിൽക്കുന്നത്. ചുരുക്കത്തിൽ പരോക്ഷദയാവധം ജീവനെ നശിപ്പിക്കുന്ന പ്രവൃത്തിയാണ്. സ്വാഭാവികമരണം ഭൂമിയിലെ ജീവിതത്തെ അവസാനിപ്പിച്ച് അനശ്വരതയുടെ ജീവിതത്തെ പ്രദാനം ചെയ്യുന്നു. ദൈവത്തിന്റെ വിളിക്ക് നമുക്ക് കാതോർത്തിരിക്കാം. നാം
ആഗ്രഹിക്കാതെ, നമുക്കു ദാനമായി കിട്ടിയ ഈ ജീവിതത്തിന് പൂർണ്ണ വിരാമം ഇടേണ്ടത് ദൈവമല്ലേ? അതിനാൽ രോഗിക്ക് സമഗ്രപരിചരണം നൽകിക്കൊണ്ട് ദയാവധത്തിന്റെ ചിന്തകളെ നമുക്ക് ഉന്മൂലനം ചെയ്യാം. ഓർക്കുക! കൊലപാതകത്തിനോട് ‘കരുണ’ എന്ന പേര് കൂട്ടിച്ചേർത്താലും തിന്മ തിന്മയല്ലാതായി മാറുന്നില്ല. ‘ഒഴിവാക്കൽ’ സംസ്‌കാരത്തിലേക്കല്ല നാം നടന്നടുക്കേണ്ടത്, ചേർത്തുനിർത്തുന്ന – കൂടെക്കൂട്ടുന്ന
നന്മയുടെ, സ്‌നേഹത്തിന്റെ ജീവസംസ്‌കാരത്തിലേക്കാണ്.