സാമൂഹിക ശാസ്ത്രജ്ഞരും കുടുംബ പ്രേഷിതരും കൈകോർക്കണം

മാതാപിതാക്കൾ മക്കളെ കൊല്ലുന്നതും, മക്കൾ മാതാപിതാക്കളെ കൊല്ലുന്നതും, മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ അമ്മ ഒളിച്ചോടുന്നതും, ഭാര്യയെയും മക്കളെയും ഗൗനിക്കാതെ മദ്യപാനത്തിലും അസാന്മാർഗ്ഗികതയിലും ഭർത്താക്കന്മാർ മുഴുകുന്നതും, അദ്ധ്യാപകരെ വെടിവയ്ക്കുകയും സഹപാഠിയുടെ കഴുത്തറുക്കുകയും തുടങ്ങി വളരെയധികം ക്രിമിനൽ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന കുട്ടികൾ വർദ്ധിക്കുന്നതും മാധ്യമങ്ങളിൽ നിത്യം വാർത്തയാകുന്നുണ്ട്. അടുത്തനാളുകളിൽ പല മാധ്യമങ്ങളും ഇത്തരം അസാധാരണ പ്രവണതകൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം ശ്രദ്ധിക്കപ്പെടാതെ
പോകുന്ന ചില മാനസിക പ്രശ്‌നങ്ങളാണെന്ന് പറഞ്ഞു വച്ചു. അത് ശാസ്ത്രീയമായി ശരിയാണെങ്കിലും അത്തരം മാനസിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്നത് പലപ്പോഴും കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും ചെറുപ്പത്തിലേ ശരിയായ മാനുഷികസ്‌നേഹവും പരിശീലനവും പരിഗണനയും കുടുംബത്തിൽ ലഭിക്കാത്തതുമാണെന്ന് വലിയ ഗവേഷണം നടത്താതെ തന്നെ മനസ്സിലാക്കാം.
അതു കൂടുതൽ മനസ്സിലാക്കാൻ സമൂഹത്തിലെ മാറുന്ന രീതികൾ, നൂതന ജീവിതശൈലികൾ, ആധുനിക സാങ്കേതിക വിദ്യകൾ തുടങ്ങിയവ എങ്ങനെ കുടുംബത്തെയും കുടുംബബന്ധങ്ങളെയും ബാധിക്കുന്നു എന്ന് ആഴത്തിൽ വിശകലനം ചെയ്യണം. അതുപോലെ കുടുംബത്തിലെ പരസ്പര സ്‌നേഹക്കുറവും വിശ്വാസമില്ലായ്മയും എങ്ങനെ സമൂഹത്തെ ബാധിക്കുന്നുവെന്നതും വിശകലന വിധേയമാക്കേണ്ടതുണ്ട്. കുടുംബസംവിധാനത്തെയും അതിന്റെ ഭദ്രതയെയും തകർക്കുന്ന രീതികളും ആശയങ്ങളും സമൂഹത്തിന്റെയും ഭദ്രതയ്ക്കും നിലനില്പ്പിനും ഭീഷണിയാണ്.
അതുപോലെ സാമൂഹ്യക്രമത്തെ തകർക്കുന്ന പ്രവണതകളും പുത്തൻ ശൈലികളും കുടുംബത്തെയും തകർക്കുന്നതാണ്. അങ്ങനെയുള്ള ചില കാര്യങ്ങൾ പരിശോധിച്ചാൽ ഇതു ബോധ്യപ്പെടും.
സ്‌ക്രീൻ അഡിക്ഷൻ
മുംബൈക്കാരനായ മനഃശാസ്ത്രജ്ഞൻ ഡോ. ഹരീഷ് ഷെട്ടി തന്റെ ഏഴുവയസ്സുകാരനായ പേഷ്യന്റിനെപ്പറ്റി വിവരിച്ചത് അടുത്തയിടെ വായിച്ചു. കൂട്ടുകാരുമായി സ്ഥിരമായി വഴക്കടിക്കുന്നതും ക്ലാസ്സിൽ അപമര്യാദയായി പെരുമാറുന്നതും പഠിക്കാൻ മടിക്കുന്നതും എല്ലാം പരിധി വിട്ടതിനെ തുടർന്നാണ് ഡോക്ടറുടെ അടുക്കൽ കൊണ്ടുവന്നത്. അധികം പ്രയാസമില്ലാതെ പ്രധാന കാരണങ്ങൾ കണ്ടെത്തി. അമിതമായി സ്‌ക്രീനിനു മുമ്പിൽ സമയം ചെലവഴിക്കുന്നതാണ് പ്രധാന വില്ലൻ. മണിക്കൂറുകളോളം i pad, smart phone, TV എന്നിവയ്ക്കു മുമ്പിൽ ചെലവഴിക്കുന്നത് ചെറുപ്പത്തിലേ ശീലിച്ചതാണ് പ്രശ്‌നം.
പിന്നീട് മാതാപിതാക്കളാണ് സംഭവം വിവരിച്ചത്. രണ്ടു വയസ്സു മുതൽ കുഞ്ഞിന് ശ ു മറ ലഭ്യമായി. ഭക്ഷണം കഴിക്കാനും കരയാതിരിക്കാനും കുസൃതി കാട്ടാതിരിക്കാനും സ്‌ക്രീനിൽ നോക്കണമെന്നായി. അങ്ങനെ വളർന്ന കുട്ടി കൂട്ടുകാരോടൊത്ത് കളിക്കാനും മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും, പൊതുസ്ഥലത്ത് എങ്ങനെ വ്യാപരിക്കണമെന്നുമൊന്നും പഠിച്ചില്ല. ഇങ്ങനെ അമിതമായി സ്‌ക്രീനിനു മുന്നിൽ ചെലവഴിക്കുമ്പോൾ സോഷ്യൽ സ്‌കിൽസ് വളരാതെ പോകുന്നു, സംസാരശേഷി കുറയുന്നു, പൊണ്ണത്തടി, ഏകാഗ്രത നഷ്ടപ്പെടൽ, അക്രമപരമായ സ്വഭാവം, ഉറക്കമില്ലായ്മ എന്നിവയെല്ലാം സംഭവിക്കുന്നുവെന്ന് വിദഗ്ദ്ധ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വക്താവായ താരിഖ് യാസറേവിക് പറയുന്നത് അടുത്ത വർഷത്തെ WHO പുറത്തിറക്കുന്ന പുതിയ രോഗങ്ങളുടെ പട്ടികയിൽ (International Classification for Diseases -ICD) വീഡിയോ ഗെയിം അഡിക്ഷനെയും മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും മറ്റെല്ലാ
പ്രവർത്തനങ്ങളെയും മറന്ന് വീഡിയോ ഗെയിമിന് അതീവ പ്രാധാന്യവും താല്പര്യവും ഉണ്ടാകുന്ന തരത്തിലുള്ള ജീവിത രീതി എന്നാണ് ‘Gaming Disorder’ -ന്റെ
നിർവ്വചനം. സമൂഹത്തിൽ ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികളെ കാണുമ്പോൾ ആദ്യം ചികിത്സിക്കേണ്ടത് അത്തരത്തിൽ കുട്ടികൾ വളരുന്ന കുടുംബത്തെയും അവരുടെ മാതാപിതാക്കളെയുമാണ് എന്നതാണ് ഓർക്കേണ്ടത്.
പെരുകുന്ന ആത്മഹത്യ
മറ്റൊരു സാമൂഹ്യപ്രശ്‌നം അടുത്തനാളിൽ വായിച്ചത് (Sunday Times, January 07, 2018) ഇന്ത്യയിൽ ഒരു മണിക്കൂറിൽ ഒന്നിലധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നവെന്ന കണക്കാണ്. കഴിഞ്ഞ രണ്ടു വർഷത്തെ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 26,476. അതിനു കാരണമായി പറയുന്നത് പട്ടിണിയും ദാരിദ്ര്യവുമല്ല. മറിച്ച് വിഷാദം, ലഹരി, ആൽക്കഹോൾ മുതലായവയാണ്. പ്രസ്തുത വാർത്തയിൽ സാമൂഹ്യ ശാസ്ത്രജ്ഞയായ സമതാ ദേശ്‌മെയ്ൻ നിരീക്ഷിച്ചിരിക്കുന്നത് ഇപ്രകാരമാണ്: സമൂഹം വളരെ വേഗത്തിൽ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പല ആളുകൾക്കും ആ മാറ്റത്തിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കാൻ പറ്റുന്നില്ല. മനുഷ്യനെക്കുറിച്ചുള്ള വളരെ പരമ്പരാഗതമായ ഒരു നിർവ്വചനം അവൻ സാമൂഹ്യജീവിയാണെന്നതാണ്.
എന്നാൽ ഇന്ന് സാമൂഹ്യമാനങ്ങൾ കുറഞ്ഞ് ആളുകൾ കൂടുതൽ വ്യക്തികേന്ദ്രീകൃതമാകുന്നു. അവനവനെക്കുറിച്ച് മാത്രം ആകുലപ്പെടുന്നു. അപരന്റെ ആവശ്യങ്ങളെ പരിഗണിക്കുന്നില്ല. കുട്ടികൾക്കും തങ്ങളുടെ ചെറിയ പ്രശ്‌നങ്ങൾ പോലും വളരെ വലുതായി തോന്നുകയും അതു പരിഹരിക്കാനോ പങ്കുവയ്ക്കാനോ തിരക്കുള്ള മാതാപിതാക്കളെയും അക്കാദമിക നിലവാരം മാത്രം അമിതമായി ശ്രദ്ധിക്കുന്ന അദ്ധ്യാപകരെയും ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ വിഷാദത്തിനും ലഹരിക്കും അടിപ്പെടുകയും ചെയ്യുന്നു. പ്രശ്‌നങ്ങൾ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്.
അകലെനിന്നുള്ള പേരന്റിംഗ്
കേരളത്തിലെ കുടുംബ-സാമൂഹിക ജീവിതത്തെ ബാധിക്കുന്ന മറ്റൊരു പ്രധാനവിഷയമാണ് മാതാപിതാക്കൾ രണ്ടു പേരുടെയും സാമീപ്യവും പരിശീലനവും
കിട്ടാതെ വളരുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ. ഒരു അനൗദ്യോഗിക കണക്കനുസരിച്ച് ഏതാണ്ട് 40 ലക്ഷത്തിലധികം കുട്ടികൾ മാതാപിതാക്കളുടെ ജോലിത്തിരക്കു മൂലമോ, അവർ വിദേശത്തായിരിക്കുന്നതു മൂലമോ, കുട്ടികൾ ബോർഡിംഗിൽ താമസിക്കുന്നതു മൂലമോ മാതാപിതാക്കളുടെ സാമീപ്യം കിട്ടാതെ വളരുന്നു.
അതേ സമയം അവർക്കാവശ്യമായ പണമോ, നൂതനമായ ഇലക്‌ട്രോണിക് ഉപകരണങ്ങളോ, മറ്റു ഭൗതിക കാര്യങ്ങളോ ഒട്ടും കുറവില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം സി.ഡി.എസിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. ഉദയശങ്കർ മിശ്ര, ഒരിക്കൽ വിദേശത്തായിരിക്കുന്ന അപ്പനോടുള്ള ബന്ധം ഒരു കുട്ടി പങ്കുവച്ചതു പറഞ്ഞത് മുൻപൊരു ലേഖനത്തിൽ പറഞ്ഞെങ്കിലും വീണ്ടും ഓർക്കുന്നു. എല്ലാം നല്കുകയും എന്നാൽ വിദേശത്തായിരിക്കുകയും ചെയ്യുന്ന തന്റെ അപ്പനോടുള്ള ആ കുട്ടിയുടെ ബന്ധം ഒരു ATM മെഷീനോടുള്ള ബന്ധം ആണത്രേ. പണം ആവശ്യമുള്ളപ്പോഴെല്ലാം കൊടുക്കുന്ന വെറും ഒരു മെഷീൻ. കുട്ടികൾക്ക് ഭൗതികമായതെല്ലാം കൊടുക്കുന്നതാണ് അവരോടുള്ള പ്രധാന കടമ എന്നത് മിഥ്യാധാരണയാണ്. മാതാപിതാക്കളിൽ നിന്നു കിട്ടുന്ന വ്യക്തിപരമായ അടുപ്പത്തിനും സ്‌നേഹത്തിനും ആശയവിനിമയത്തിനും
തിരുത്തലിനും ശാസനക്കും പകരം വയ്ക്കാൻ മറ്റൊന്നിനും ആവില്ല. കുട്ടികളുമായി ബന്ധപ്പെട്ട് സമൂഹത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങൾക്കും കാരണം അവർക്കു കുടുംബത്തിൽ മാതാപിതാക്കളിൽ നിന്ന് ശരിയായി പരിശീലനം ലഭിക്കാത്തതു തന്നെയാണ്.
നാർസിസം
ഗ്രീക്കു പുരാണമനുസരിച്ച്, നാർസിസൂസ് എന്നു പേരുള്ള സുന്ദരനായ ചെറുപ്പക്കാരൻ തന്റെ സ്വന്തം സൗന്ദര്യത്തിൽ മതിമറന്ന് അമിതമായ വ്യർത്ഥാഭിമാനവും മറ്റുള്ളവരുമായി ഇടപഴകാൻ താല്പര്യം ഇല്ലാത്ത ആളുമായിരുന്നു. ദൈവങ്ങൾ, വേട്ടക്കാരനായ നാർസിസൂസിനെ, തന്റെ തന്നെ പ്രതിബിംബത്തോട് പ്രേമബദ്ധനാകുന്ന തരത്തിൽ ശിക്ഷിക്കാൻ തീരുമാനിച്ചു. ഒരു ജലാശയത്തിലെ തന്റെ തന്നെ പ്രതിബിംബത്തിൽ നോക്കി നോക്കി തന്നോടുതന്നെ പ്രേമപരവശനായി നാർസിസൂസ് മരിച്ചുവെന്നാണ് പുരാണം. പിന്നീട് അവനവന്റെ കാര്യത്തിൽ മാത്രം അമിതശ്രദ്ധയും താല്പര്യവും കാണിക്കുകയും മറ്റുള്ളവരെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ആധുനിക മനുഷ്യന്റെ പ്രവണതക്ക് ആ പേരു വന്നു – നാർസിസ്റ്റ്. ഇന്ന് കുടുംബങ്ങളിൽ തങ്ങളിൽ തന്നെ അമിതമായ ശ്രദ്ധ നല്കി കുഞ്ഞുങ്ങളെ വളർത്തുന്നതിനാൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന ‘അവനവനിസം’ പുതിയ തലമുറയിൽ വളരെ പ്രകടമാണ്. അപരനിലേക്ക് കണ്ണു തുറക്കാതെ സമൂഹവുമായി ബന്ധപ്പെടാതെ ജീവിക്കാൻ ശ്രമിച്ചാൽ സ്വാർത്ഥതയിലും
അഹങ്കാരത്തിലും ഏകാന്തതയിലും വിഷാദത്തിലും നീറി പുകയും എന്നാണ് കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളെല്ലാം സൂചിപ്പിക്കുന്നത്.
ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് കുടുംബത്തെയും സമൂഹത്തെയും ഒരേപോലെ ബാധിക്കുന്ന തരത്തിലുള്ളത്. ഓരോന്നും സൂക്ഷ്മമായി അപഗ്രഥിക്കണം. കുടുംബങ്ങൾ ഊഷ്മളമായ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പരസ്പരആദരവിന്റെയും പുണ്യങ്ങളുടെയും വിളനിലമായാൽ ആ ബന്ധവും സ്‌നേഹവും ആദരവും പുണ്യങ്ങളും സമൂഹത്തിൽ പ്രതിഫലിക്കും. അതേ സമയം കുട്ടികളിൽനിന്ന് നല്ല മാർക്കും ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും മാത്രമാണ് കുടുംബത്തിലുള്ളവർ പ്രതീക്ഷിക്കുന്നതെങ്കിൽ സമൂഹത്തിലും അങ്ങനെയുള്ളവരെ മാത്രം ലഭിക്കും. സാമൂഹ്യപ്രതിബദ്ധതയുള്ള നന്മനിറഞ്ഞ മനുഷ്യരെ ലഭിച്ചെന്നു വരികയില്ല. കുടുംബപ്രേഷിതരും സാമൂഹിക ശാസ്ത്രജ്ഞരുമാണ് ഒരുമിച്ചു നിന്ന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. സർക്കാരും നിയമസംവിധാനങ്ങളും സാധാരണയായി കതിരേൽ കൊണ്ട് വളം വയ്ക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നത്. ഉദാഹരണമായി, എല്ലാ മദ്യഷാപ്പുകളും തുറന്നു കൊടുത്തിട്ട് മദ്യത്തിനെതിരെ ബോധവല്ക്കരണം നടത്തുക, കുട്ടികളെ ശരിയായി ശിക്ഷണം നല്കാൻ സ്‌കൂളിലും
കോളേജിലും അനുവദിക്കാതെ, പരിശ്രമിക്കാതെ, ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെടുന്നവരെ ശിക്ഷിക്കാനും ഇരകളെ സഹായിക്കാനും ബാലാവകാശനിയമങ്ങളും ചൈൽഡ് ലൈൻ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക തുടങ്ങിയവയാണവ. പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി
പഠിച്ച് അവ ഉണ്ടാകാതെ പ്രതിരോധിക്കാനാണ് ഈ രംഗത്ത് വൈദഗ്ദ്ധ്യമുള്ളവർ ഒരുമിച്ചുകൂടി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. അതിന് കുടുംബരംഗത്തു
പ്രവർത്തിക്കന്നവരും സാമൂഹ്യപ്രവർത്തകരുമാണ് കൈകോർക്കേണ്ടത്.