ഉദയമ്പേരൂർ സൂനഹദോസിന്റെ ഒൻപതു സമ്മേളനങ്ങളിലായി ദൈവശാസ്ത്രപരവും കാനോനികവുമായ നിരവധി ഡിക്രികൾ പാസാക്കി. പാശ്ചാത്യ സംസ്‌ക്കാരത്തോടും ലത്തീൻ റീത്തിനോടും മാർത്തോമ്മാ നസ്രാണിസഭയെ അനുരൂപപ്പെടുത്തുക എന്നതായിരുന്നു ഉദയമ്പേരൂർ സൂനഹദോസിന്റെ ലക്ഷ്യം. സൂനഹദോസിനുശേഷം മാർത്തോമ്മാ നസ്രാണികളെ കത്തോലിക്കാ വിശ്വാസത്തിന് ”അധീനമാക്കി”യെന്നും അവരെ മാർപ്പാപ്പായോടുള്ള അനുസരണത്തിലേയ്ക്കു തിരികെ കൊണ്ടുവന്നുവെന്നും മിഷനറിമാർ റോമിനെയും പാശ്ചാത്യരെയും അറിയിച്ചു. ഇന്നും ചില പാശ്ചാത്യ ഗ്രന്ഥകാരന്മാർ ഈ വാദഗതി വച്ചുപുലർത്തുന്നുണ്ട്. എന്നാൽ ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ പരിശോധിക്കമ്പോൾ നമുക്ക് മനസ്സിലാകുന്നത് മാർത്തോമ്മാ മാർഗ്ഗവും പൗരസ്ത്യ റീത്തും അമർച്ചചെയ്യുവാനും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മേൽ പോർട്ടുഗീസ് രക്ഷാധികാരം വ്യാപിപ്പിക്കാനുമായാണ് സൂനഹദോസ് നടത്തിയവർ ശ്രമിച്ചതെന്നാണ്. മാർത്തോമ്മാ നസ്രാണികളുടെ സഭാപാരമ്പര്യങ്ങളെ ഉദയമ്പേരൂർ സൂനഹദോസ് അടിമുടി മാറ്റി. ശ്ലൈഹികസഭകളുടെ സവിശേഷതകൾ ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം, ഭരണക്രമം, പാരമ്പര്യങ്ങൾ, നോമ്പ്, ഉപവാസം മുതലായവയാകുന്നു. ഉദയമ്പേരൂർ സൂനഹദോസ് മാർത്തോമ്മാ നസ്രാണിസഭയിൽ വരുത്തിയ ചില മാറ്റങ്ങൾ ചുവടെ ചേർക്കുന്നു:
1. സൂനഹദോസിനുമുമ്പ് മാർത്തോമ്മാ നസ്രാണിസഭയിൽ പരി. കുർബ്ബാനയ്ക്ക് മൂന്ന് അനാഫൊറകൾ ഉണ്ടായിരുന്നു. ഇവയിൽ ‘ശ്ലീഹന്മാരുടെ അനാഫൊറ’ ഒഴികെ മറ്റ് രണ്ട് അനാഫൊറകൾ സൂനഹദോസ് നിർത്തലാക്കി. ഇതിനുപുറമേ കുർബ്ബാനയിലെ കൂദാശാവചനങ്ങൾ ലത്തീൻ കുർബ്ബാനക്രമത്തിൽനിന്ന് സുറിയാനിയിലേയ്ക്ക് തർജ്ജമ ചെയ്ത് നടപ്പിലാക്കി.
2. ‘മിശിഹായുടെ മാതാവ്’ എന്ന് ഉപയോഗിച്ചിരുന്നിടത്തെല്ലാം ‘ദൈവമാതാവ്’ എന്നാക്കി.
3. വിശ്വാസപ്രമാണം ലത്തീൻ റീത്തിനോട് പൊരുത്തപ്പെടുത്തി എങ്കിലും ബഹുവചനത്തിൽതന്നെ നിലനിർത്തി.
4. ഏഴു കൂദാശകളുടെയും അനുഷ്ഠാനക്രമം ലത്തീൻ റീത്തിലെ ‘Rituale Romanum’ അനുസരിച്ച് മാറ്റി.
5. പൗരസ്ത്യ ആരാധനക്രമത്തിലെ ഔദ്യോഗിക തിരുവസ്ത്രങ്ങൾക്കു പകരം ലത്തീൻ റീത്തിലെ തിരുവസ്ത്രങ്ങൾ ഉപയോഗിക്കണമെന്ന് നിശ്ചയിച്ചു.
6. വൈദിക ബ്രഹ്മചര്യം നിർബ്ബന്ധമാക്കി. വിവാഹ ജീവിതം നയിക്കുന്നവർ പൗരോഹിത്യ പദവിക്ക് അർഹരല്ലെന്ന പാശ്ചാത്യപാരമ്പര്യം മാർത്തോമ്മാ നസ്രാണിസഭയിലും നടപ്പിലാക്കി. ഇത് പൗരസ്ത്യസഭാ പാരമ്പര്യങ്ങൾക്ക് എതിരാണ് (cfr. CCEO can. 373). ഐച്ഛികബ്രഹ്മചര്യമാണ് പൗരസ്ത്യരീതി.
7. ഇടവക വിഭജനരീതിയും രൂപതയുടെ ഭരണരീതിയും പാശ്ചാത്യസഭയുടേതിനോട് അനുരൂപപ്പെടുത്തി. ദൈവജനപങ്കാളിത്തം കുറച്ചു.
8. നോമ്പ് ആചരിക്കുന്ന രീതിയിലും ചില വ്യത്യാസങ്ങൾ വരുത്തി. അമ്പതു നോമ്പ് തുടങ്ങുന്ന തിങ്കളാഴ്ചയായിരുന്നു ഇവിടുത്തെ അനുതാപശുശ്രൂഷയും ഉപവാസവും. ലത്തീൻ റീത്തിൽ ബുധനാഴ്ച നോമ്പ് തുടങ്ങിയിരുന്നതിനാൽ അന്നുതന്നെ ഇവിടുത്തെ പൗരസ്ത്യസഭയും വിഭൂതി ആചരിക്കണമെന്ന് തീരുമാനിച്ചു. ഇപ്പോൾ മാർത്തോമ്മാ നസ്രാണിസഭയിൽ പല സ്ഥലങ്ങളിലും ആദ്യ തനതുപാരമ്പര്യം പുനരുദ്ധരിച്ചിട്ടുണ്ട്.
9. കുരിശു വരച്ചിരുന്നത് തന്നെത്തന്നെ ആശീർവദിക്കുന്ന രീതിയിലാണ്. അതു മാറ്റി ലത്തീൻ റീത്തിലേപ്പോലെ ഇടത്തെ തോളിൽ നിന്ന് വലത്തേ തോളിലേയ്ക്ക് വരയ്ക്കണമെന്ന് പ്രത്യേകം നിഷ്‌ക്കർഷിച്ചു.
10. തോമ്മായുടെ നിയമത്തിനും പൗരസ്ത്യ റീത്തിനും പകരം പത്രോസിന്റെ നിയമവും ലത്തീൻ റീത്തും നടപ്പിലാക്കാൻ നിയമനിർമ്മാണം നടത്തി.
11. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സുറിയാനി ‘ലെക്ഷനറി’ (ആണ്ടുവട്ടത്തിലെ ഓരോ ദിവസവും പരി. കുർബ്ബാനയ്ക്ക് ഉപോഗിക്കാനുള്ള വി. ഗ്രന്ഥവായനകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ) മാറ്റി പകരം ‘തിരുസ്സഭാ മാതാവ്’ ഉപയോഗിക്കുന്ന വുൾഗാത്തയുടെ (ലത്തീൻ) പതിപ്പ് ഉപയോഗിക്കണമെന്ന് സിനഡ് നിഷ്‌ക്കർഷിച്ചു.
12. സാർവ്വത്രിക സഭയുടെ രീതിയനുസരിച്ച് എല്ലാ കുട്ടികൾക്കും അവർ ജനിച്ച്
എട്ടാം ദിവസം മാമ്മോദീസാ നൽകണമെന്ന് സൂനഹദോസ് കർക്കശമായി കൽപിച്ചു.
13. സൂനഹദോസ് തൈലാഭിഷേക കൂദാശയെ (സ്ഥൈര്യലേപനം) മാമ്മോദീസായിൽ നിന്ന് വേർപെടുത്തുകയും, തൈലാഭിഷേക കൂദാശയുടെ കാർമ്മികൻ വൈദികനല്ല, മെത്രാനായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തു.
14. ഉദയമ്പേരൂർ സൂനഹദോസോടുകൂടി കൽദായ സഭയുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. ലത്തീൻ ഭരണം ആരംഭിക്കുകയും ചെയ്തു.
15. ഉദയമ്പേരൂർ സൂനഹദോസ് അയിത്തോച്ചാടനം പോലുള്ള ചില ദുരാചാരങ്ങൾ ദൂരീകരിക്കാൻ ശ്രമിച്ചുവെന്നതും ഇവിടെ പ്രസ്താവ്യമാണ്.
ഉപസംഹാരം
പൗരസ്ത്യ സഭാപാരമ്പര്യത്തെക്കുറിച്ചുള്ള അജ്ഞതയും ലത്തീൻ റീത്തിന് ചേരാത്തതെല്ലാം പാഷണ്ഡതയാണെന്ന സങ്കുചിത ധാരണയുമാണ് മാർത്തോമ്മാ നസ്രാണികളുടെ സഭാ പൈതൃകത്തെ നശിപ്പിക്കാൻ പാശ്ചാത്യരെ പ്രേരിപ്പിച്ചത്. ഉദയമ്പേരൂർ ‘സൂനഹദോസ്’ വാസ്തവമാണെന്ന് നൂറ്റാണ്ടുകളിലൂടെ വിദേശാധികാരികളിലൂടെ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ ഫലമായി ഇപ്പോൾ സ്വന്തം മാതൃസഭയുടെ മുഖം വിരൂപമാണെന്ന് തിരിച്ചറിയാൻ പോലുമുള്ള കഴിവും ഒട്ടേറെ നഷ്ടപ്പെട്ടിരിക്കുന്നുവെന്നത് വേദനാ ജനകമാണ്. ഈ സൂനഹദോസ് അസാധുവാണെന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതിനാൽ മാർത്തോമ്മാ നസ്രാണികളുടെ പൈതൃകത്തിന് ചേരാത്ത പലതും നീക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലും ഇപ്പോൾ മാർത്തോമ്മാ നസ്രാണിസഭയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ലത്തീൻ രീതിയിൽ നിന്ന് വിഭിന്നമായതെന്തും യഥാർത്ഥ സഭാജീവിതത്തിനു നിരക്കാത്തതാണെന്ന പതിനാറാം നൂറ്റാണ്ടിലെ പാശ്ചാത്യ ചിന്തകൾ വച്ചു പുലർത്തുന്നവർ ഇന്നുമുണ്ട്. ഇത് ഈ സഭയുടെ പൈതൃകവും വ്യക്തിത്വവും വീണ്ടെടുക്കുന്നതിന് പ്രതിബന്ധമായി
നിലകൊള്ളുന്നു.