കൂദശ എന്ന പദം
കൂദാശ എന്ന വാക്ക് ‘കന്തശ്ശ്’ എന്ന സുറിയാനി മൂലത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ലത്തീനിലെ ‘Sacramentum” എന്ന പദത്തിന്റെ ഭാഷാന്തരമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ”വിശുദ്ധീകരിക്കുക” എന്നതാണ് ഇതിന്റെ വാച്യാർത്ഥം. കൂദാശ എന്ന പദത്തിന് തുല്യമായ അർത്ഥമുള്ള ‘കദശ’ എന്ന പദം ഹീബ്രു ബൈബിളിൽ കാണാൻ കഴിയും. ‘മുറിച്ചു മാറ്റുക’ എന്ന അർത്ഥമാണ് അതിനുള്ളത്. ഇതിൽ നിന്ന് ഉത്ഭവിക്കുന്ന ‘കാദോഷ, ‘കാദോഷ്’ എന്നീ പദങ്ങൾക്ക് വിശുദ്ധി എന്നാണർത്ഥം.
സുറിയാനിയിൽ റാസ്സ (രഹസ്യം) എന്ന പദവും ഗ്രീക്ക് ഭാഷയിൽ ‘മിസ്‌തേരിയോൺ’ എന്ന പദവും ലത്തീനിൽ ‘സാക്രമെന്തും’ എന്ന പദവുമാണ് കൂദശ എന്ന വാക്കിന് ഉപയോഗിക്കുന്നത്.
കൂദാശകൾ
മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ വിശുദ്ധീകരിക്കുക എന്നതാണ് കൂദാശകളുടെ ധർമ്മം. ഇവ ക്രിസ്തീയ ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങളെ സ്പർശിക്കുന്നു. സഭയിൽ കൂദാശകളെ മൂന്നായി തിരിക്കുന്നു:
1. ക്രൈസ്തവ പ്രാരംഭ കൂദാശകൾ: മാമ്മോദീസാ, തൈലാഭിഷേകം (സ്ഥൈര്യലേപനം), കുർബാന
2. സൗഖ്യദായക കൂദാശകൾ: അനുരഞ്ജന കൂദാശ, രോഗീലേപനം
3. കൂട്ടായ്മയുടെയും ദൗത്യത്തിന്റെയും കൂദാശകൾ: വിവാഹം, തിരുപ്പട്ടം ഇവയിൽ ആദ്യത്തെ അഞ്ചെണ്ണം ഒരു വ്യക്തിയുടെ ആത്മീയ പൂർണ്ണതയ്ക്ക് ഉപകരിക്കുന്നവയാണ്. അവസാനത്തെ രണ്ടെണ്ണം സഭാസമൂഹത്തിന്റെ വിശുദ്ധീകരണത്തിനും, സന്താനങ്ങളുടെ വളർത്തലിനും സമൂഹത്തിന്റെ വളർച്ചക്കും വേണ്ടിയുള്ളതാണ്. പൗരോഹിത്യം സഭയെ നയിക്കുന്നു.
a. പ്രാരംഭ കൂദാശകൾ
ആദ്യത്തെ 3 കൂദാശകളെ പ്രാരംഭ കൂദാശകൾ എന്നു വിളിക്കുന്നു. മാമ്മോദീസായിലൂടെ ഒരാൾ മിശിഹായെ ധരിക്കുകയും സഭയിൽ പ്രവേശിക്കുകയും ചെയ്യുന്നു. തൈലാഭിഷേകം പരിശുദ്ധാത്മാവിനാൽ മുദ്രിതമാക്കി മിശിഹായുടെ ശിഷ്യന്റേതായ ദൗത്യം ഭരമേൽപ്പിക്കുന്നു. ക്രിസ്തീയജീവിതത്തിന്റെ ഉറവിടവും മകുടവുമായ പരി.കുർബാനയിലൂടെ മിശിഹായുടെ പെസഹാ രഹസ്യത്തിൽ പങ്കുകാരാക്കുകയും മാമ്മോദീസായിൽ ആരംഭിച്ച ഈശോയുമായുള്ള ഐക്യം പൂർണ്ണമാക്കുകയും ചെയ്യുന്നു.
b. സൗഖ്യദായക കൂദാശകൾ
അനുരഞ്ജനകൂദാശയും രോഗീലേപനവുമാണ് സൗഖ്യദായക കൂദാശകൾ. പാപം വഴി ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകന്നു പോയവർ അതിലൂടെ അനുരഞ്ജിതരായിത്തീരുന്നു. രോഗീലേപനത്തിലൂടെ ആത്മീയ സൗഖ്യവും, ദൈവം തിരുമനസ്സാകുന്നുണ്ടെങ്കിൽ ശാരീരിക സൗഖ്യവും, പാപം ചെയ്തിട്ടുണ്ടെങ്കിൽ മാപ്പും ലഭിക്കുന്നു.
c. വളർച്ചയുടെ കൂദാശകൾ
തിരുപ്പട്ടം സ്വീകരിച്ചവരുടെ പ്രധാന ദൗത്യം ദൈവവചന പ്രഘോഷണത്തിലൂടെയും കൂദാശകളുടെ പരികർമ്മത്തിലൂടെയും അജപാലനശുശ്രൂഷകളിലൂടെയും സഭയെ പടുത്തുയർത്തുകയാണ്. ദമ്പതികൾ, മിശിഹായും സഭയും തമ്മിലുള്ള വിവാഹബന്ധത്തിന്റെ മാതൃകയിൽ ജീവിച്ച് സഭാസമൂഹത്തെ വിപുലീകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവത്തിന്റെ രക്ഷാപദ്ധതിയാണ് കൂദാശകളെ മേൽക്കാണുന്ന വിധം തിരിച്ചിരിക്കുന്നതിന്റെ അടിസ്ഥാന കാരണം.
ഏഴ് കൂദാശകൾ
കൂദാശകൾ ഈശോയാൽ സ്ഥാപിക്കപ്പെട്ടവയാണ്. അതിനാൽ അവ ദൈവികമാണ് – ദൈവത്തിന്റെ പ്രവൃത്തിയാണ്, മനുഷ്യസൃഷ്ടിയല്ല. അവ വിശ്വാസത്തിന്റെ ആഘോഷമാണ്. കൂദാശകൾ വിശ്വാസം പോഷിപ്പിക്കുകയും ദൃഢമാക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ അവയെ ‘വിശ്വാസത്തിന്റെ കൂദാശകൾ’ എന്നു വിളിക്കുന്നു.
ക്രൈസ്തവസമൂഹം ഈശോയുടെ പെസഹാരഹസ്യങ്ങൾ ആഘോഷിക്കുന്ന സന്ദർഭങ്ങളാണ് കൂദാശകൾ. നമ്മുടെ ജീവിതത്തിൽ പെസഹാ രഹസ്യങ്ങൾ ജീവി
ക്കാനുള്ള സഹായവും ശക്തിയും കൂദാശകളിലൂടെ നമുക്കു ലഭിക്കുന്നു. നിത്യ
തയിലെ ഉത്ഥാന ജീവിതത്തിന്റെ സദ്വാർത്ത പ്രഘോഷിക്കുകയും ചെയ്യുന്നു. അവ ദൈസ്‌നേഹത്തിന്റെ അത്ഭുതങ്ങളുടെ ആഘോഷമാണ്.
ആദിമസഭയിൽ കൂദാശകളുടെ എണ്ണത്തെക്കുറിച്ച് ധാരണയില്ലായിരുന്നു. പീറ്റർലൊംബാർഡ് എന്ന ദൈവശ്ത്രജ്ഞനാണ് ഏഴ് കൂദാശകൾ എന്ന് നിജപ്പെടുത്തിയത്. ഫ്‌ളോറൻസ് കൗൺസിൽ രേഖകൾ 7 കൂദാശകൾ എന്നു പഠിപ്പിക്കുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ പരിണിതഫലമായി അവർ 7 കൂദാശകളെ എതിർക്കുന്നു. അവരുടെ കൗദാശിക ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം 2 മൗലികമായ തത്ത്വങ്ങളാണ്:
1. വി. ഗ്രന്ഥത്തിലെ തെളിവുകൾ മാത്രമേ സ്വീകാര്യമായിട്ടുള്ളു (Scripture alone). അതായത്, ഒരു കൂദാശ ഈശോ സ്ഥാപിച്ചതാണ് എന്ന് വ്യക്തമായി വി. ഗ്രന്ഥം തെളിവു നൽകുന്നെങ്കിൽ മാത്രമേ അംഗീകരിക്കുന്നുള്ളു.
2. മനുഷ്യൻ രക്ഷ പ്രാപിക്കുന്നത് വിശ്വാസം വഴിയാണ് (faith alone), കൂദാശകൾ വഴിയല്ല. അവർ മാമ്മോദീസായും പരി. കുർബാനയും (വിരുന്ന്) ഒഴികെയുള്ള 5 കൂദാശകൾ അംഗീകരിക്കുന്നില്ല. അവരുടെ കാഴ്ചപ്പാടനുസരിച്ച് ഒരു കർമ്മം കൂദാശയാകണമെങ്കിൽ അത് മിശിഹാ സ്ഥാപിച്ചതാണെന്ന് വി. ഗ്രന്ഥത്തിൽ വ്യക്തമായ തെളിവു വേണം.
പാപം മോചിക്കണമെന്ന് മിശിഹാ ശിഷ്യന്മാരോട് നിർദ്ദേശിച്ചു (യോഹ. 20,22-23). എന്നാൽ ഒരു കൗദാശിക കർമ്മത്തെക്കുറിച്ചോ ക്ഷമ നൽകുന്നതിനെക്കുറിച്ചോ ഒന്നും പറയുന്നില്ല. അതിനാൽ കുമ്പസാരം (അനുരഞ്ജനം) ഒരു കൂദാശയല്ല. അതുപോലെ തന്റെ സുവിശേഷം പ്രസംഗിക്കാൻ ഈശോ തന്റെ ശിഷ്യന്മാരെ നിയോഗിക്കുകയും (മർക്കോ. 16,15), തന്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോൾ അപ്പം മുറിക്കൽ ശുശ്രൂഷ നടത്താൻ കല്പിക്കുകയും ചെയ്‌തെങ്കിലും പട്ടം നൽകൽ ക്രമം സ്ഥാപിച്ചതായി കാണുന്നില്ല. അതിനാൽ പൗരോഹിത്യം ഒരു കൂദാശയല്ല. കൈവയ്പു
ശുശ്രൂഷയും (നട, 8,17) തൈലം പൂശൽ ശുശ്രൂഷയും (യാക്കോ. 5,14) ആദിമ ക്രൈസ്തവരുടെ ഇടയിൽ ഉണ്ടായിരുന്നു എന്നതിനു വി. ഗ്രന്ഥത്തിൽ തെളിവുണ്ടെങ്കിലും അതു നടത്തണമെന്ന് മിശിഹാ അനുശാസിച്ചിട്ടില്ല. അവസാനമായി മിശിഹാ വിവാഹത്തെ അംഗീകരിച്ചെങ്കിലും (യോഹ.
2,1-10) അവിടുന്ന് അത് സ്ഥാപിച്ചിട്ടില്ല. ആദിമകാലം മുതൽ നിലവിലിരുന്ന ഒരു യാഥാർത്ഥ്യമാണ്, തന്മൂലം വിവാഹം ഒരു കൂദാശയല്ല. എന്നാൽ തെന്ത്രോസ് സൂനഹദോസ് ഇവരുടെ അബദ്ധസിദ്ധാന്തങ്ങളെ എതിർക്കുകയും ‘ഈശോ ഏഴ് കൂദാശകൾ സ്ഥാപിച്ചു എന്ന് ഔദ്യോഗികമായി പഠിപ്പിക്കുകയും ചെയ്തു. സഭയുടെ നിലപാടിൽ കൂദാശ സ്ഥാപിച്ചത് രണ്ടു കാര്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്:
1. കൂദാശകൾ സ്ഥാപിക്കാൻ മിശിഹായ്ക്ക് മാത്രമേ ശക്തിയുള്ളൂ.
2. മിശിഹായാണ് കൂദാശകൾ സ്ഥാപിച്ചത്.
കാരണം കൂദാശകളുടെ ശക്തി ദൈവത്തിൽ നിന്നും മാത്രമാണ് വരുന്നത്. അതിനാൽ ദൈവത്തിന് മാത്രമേ കൂദാശ സ്ഥാപിക്കാൻ കഴിയുകയുള്ളു. ശ്ലീഹന്മാർക്കോ അവരുടെ പിൻഗാമികൾക്കോ കൂദാശ സ്ഥാപിക്കാൻ കഴിയുകയില്ല.
കാരണം അവർ സഭയെ ഭരിക്കുവാനുള്ള മിശിഹായുടെ വികാരിമാർ മാത്രമാണ്. കൂദാശ ഈശോയുമായുള്ള കണ്ടുമുട്ടലാണ്.
അത് യോഗ്യതാപൂർവ്വം സ്വീകരിക്കാൻ തയ്യാറാകുന്നവർക്ക് ഈശോ സ്വയം വെളിപ്പെടുത്തുകയും തന്റെ ജീവൻ നൽകുകയും ചെയ്യുന്നു. ഇതിനുള്ള മാർഗ്ഗം തെരഞ്ഞെടുക്കുവാൻ അവിടുത്തേയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ ഈശോയ്ക്ക് മാത്രമേ കൂദാശ സ്ഥാപിക്കാൻ ശക്തിയുള്ളു. ”എല്ലാ കൂദാശകളും മിശിഹായാൽ സ്ഥാപിക്കപ്പെട്ടതല്ലെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അവർ ശപിക്കപ്പെട്ടവനാകട്ടെ” എന്ന് തെന്ത്രോസ് സൂനഹദോസ് പ്രസ്താവിക്കുന്നു.
കൂദാശകളുടെ വി. ഗ്രന്ഥാടിസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരോ കൂദാശയും സ്ഥാപിച്ചത് ഈശോയാണെന്ന് വ്യക്തമായി കാണിക്കുവാൻ സാധിക്കുകയില്ല. എന്നാൽ വി. ഗ്രന്ഥത്തിൽ ക്രിസ്തീയവിശ്വാസത്തെ സംബന്ധിക്കുന്ന എല്ലാ സത്യങ്ങളും വ്യക്തമായി ഇല്ലെന്ന കാര്യം വിസ്മരിക്കരുത്. പല സത്യങ്ങളും അവ്യക്തമായും പരോക്ഷമായും വി. ഗ്രന്ഥത്തിലുണ്ട്. കാലാന്തരത്തിൽ സഭാപരവും ദൈവശാസ്ത്രപരവുമായ വിചിന്തനത്തിലൂടെയും പഠനത്തിലൂടെയും അവ കൃത്യമായി അവതരിപ്പിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. വചനവും പാരമ്പര്യവും ഒരുമിച്ചു പോകേണ്ടതാണെന്ന് ഇവ നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാ കൂദാശകളെക്കുറിച്ചും വ്യക്തമായ വചനഭാഗങ്ങൾ ഉണ്ട്:
മാമ്മോദീസാ – മത്താ. 28,19-20;
മർക്കോ. 16,16;
യോഹ. 3,3-6.
തൈലാഭിഷേകം – ലൂക്ക. 24,48;
യോഹ. 20,22.
കുർബാന – ലൂക്ക. 22,14-21;
മർക്കോ. 14,22-26;
യോഹ. 6 ലരേ.
കുമ്പസാരം – യോഹ. 20,23;
മർക്കോ. 18,18 ലരേ.
രോഗീലേപനം – മർക്കോ. 6,13;
യാക്കോ. 5,14-15.
പൗരോഹിത്യം – ലൂക്ക. 22,17;
ഹെബ്രാ. 5,1-10.
വിവാഹം – എഫേ. 5,25;
മത്താ. 19,3-9.
സഭാപിതാക്കന്മാർ കൂദാശകളെ കാണുന്നത് ഈശോയുടെ പെസഹാരഹസ്യങ്ങളോടും സഭയോടും ബന്ധപ്പെടുത്തിയാണ്. കൂദാശകൾ മിശിഹായുടേതാണ്, മനുഷ്യരുടേതല്ല. അവ സഭയിൽ പരികർമ്മം ചെയ്യുന്നത് മിശിഹായുടെ നാമത്തിലും മിശിഹായിലും വൈദികരാണ്. അവയുടെ ഫലദായകത്വം അത് പരികർമ്മം ചെയ്യുന്ന ആളെ ആശ്രയിച്ചല്ല, കൂദാശകൾ സ്ഥാപിച്ച മിശിഹായെ ആശ്രയിച്ചാണ്.