രൂപതാ വൈദികസമിതികൾ എന്ത്? എന്തിനുവേണ്ടി? ചോദ്യങ്ങൾക്കു മറുപടി

നമ്മുടെ രൂപതകളിൽ പുരോഹിതർ മാത്രമായുള്ള ഒരു സമിതിയാണ് രൂപതാ വൈദിക സമിതി അഥവാ ”പ്രസ്ബിറ്ററൽ കൗൺസിൽ”. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത് രൂപപ്പെട്ടത് (cfr. CD 27; PO 7). എന്താണ് ഇതിന്റെ രൂപീകരണ ലക്ഷ്യം? രൂപതാ മെത്രാന്റെ അജപാലന
ദൗത്യത്തിൽ ആലോചന അഥവാ ഉപദേശം വഴി സഹായിക്കുന്ന ദൗത്യമാണ് വൈദികസമിതിക്കുള്ളത്. സഭാനിയമത്തിൽ ഒരിടത്തും ഈ സമിതിയുടെ സമ്മതം അഥവാ അംഗീകാരം വേണമെന്ന് പറയുന്നില്ല. അതിനാൽ തന്നെ, വൈദികസമിതിയുടെ ഉപദേശം സ്വീകരിക്കാനും നിരാകരിക്കാനും
രൂപതാദ്ധ്യക്ഷന് സാധിക്കും. എന്നാൽ ഗൗരവമായ ഒരു കാരണമില്ലാതെ ഏകകണ്ഠമായുള്ള രൂപതാ വൈദികസമിതിയുടെ അഭിപ്രായം കണക്കിലെടുക്കാതെ പോകരുത് (cfr. c. 934). രൂപതയിലെ വൈദികഗണം മുഴുവന്റെയും പ്രാതിനിധ്യസ്വഭാവമുള്ള സമിതിയാണിത്. വൈദിക സമൂഹത്തിന്റെ വിവിധ ശുശ്രൂഷകൾക്ക് പ്രാതിനിധ്യം ലഭിക്കത്തക്കവിധം സ്വതന്ത്രമായ തിരഞ്ഞെടുപ്പുവഴിയും തങ്ങളുടെ ഉദ്യോഗത്താൽ തന്നെ ലഭ്യമാകുന്നതുവഴിയും (ex-officio) രൂപതാദ്ധ്യക്ഷന്റെ നിയമനത്താൽ അംഗത്വം ലഭിക്കുന്നതുമായ മാർഗ്ഗങ്ങളിലൂടെയാണ് രൂപതാ വൈദികസമിതിയിൽ അംഗത്വം ലഭിക്കുന്നത്.
രൂപതാ വൈദികസമിതിയുടെ ഉപദേശം നിർബ്ബന്ധമായും തേടേണ്ട ചില അവസരങ്ങളുണ്ട്. ഉദാഹരണത്തിന്, രൂപതായോഗം വിളിക്കുന്നതിനു മുമ്പും, ഇടവകാതിർത്തികൾക്കു മാറ്റം വരുത്തുന്നതിനെ സംബന്ധിച്ചും, പുതിയ ഇടവകയോ ഫൊറോനയോ സ്ഥാപിക്കുന്നതിനു മുമ്പും, ഒരു ദൈവാലയം ദൈവാരാധനക്കുള്ള ഉപയോഗം അസാദ്ധ്യമാകുമ്പോൾ മാന്യമായ ഉതര ആവശ്യങ്ങൾക്കായി മാറ്റുന്നതിനുവേണ്ടിയും രൂപതാ വൈദിക സമിതിയുടെ അഭിപ്രായം തേടണം. എന്നാൽ, മറ്റേതു വിഷയത്തെ സംബന്ധിച്ചും ചർച്ചചെയ്യപ്പെടുന്നത് രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെയാകണം. രൂപതാമെത്രാനുമായുള്ള നല്ല ബന്ധത്തിൽ പ്രവർത്തിക്കേണ്ട ഒരു സമിതി ആകയാൽ രൂപതാദ്ധ്യക്ഷനില്ലാതെ ഇതിന്റെ മീറ്റിംഗുകൾ കൂടുവാൻ പാടില്ല. സഭയിൽ ഏതു ശുശ്രൂഷ ചെയ്യുന്നവരായാലും വൈദിക സമിതിയിൽ എല്ലാവരും തുല്യരാണ്. അതായത്, ശുശ്രൂഷയുടെ സ്വഭാവമനുസരിച്ചുള്ള പ്രാധാന്യമോ പ്രാധാന്യക്കുറവോ വൈദികസമിതിയിൽ ഇല്ല.
ചർച്ച ചെയ്യുന്ന വിഷയങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത് രൂപതാദ്ധ്യക്ഷനാണ്. എന്നാൽ ആവശ്യമെങ്കിൽ അദ്ദേഹത്തിന് അംഗങ്ങളുടെ അഭിപ്രായം തേടാം. എത്ര പ്രാവശ്യം വൈദികസമിതി ചേരണമെന്ന് പൊതുനിയമം പറയുന്നില്ല. സമിതി അംഗങ്ങൾ ചർച്ച ചെയ്യുന്ന ഒരു കാര്യവും പുറത്തു പറയുവാൻ പാടില്ല. അതിന് ഉതകുന്ന സത്യപ്രതിജ്ഞ ഓരോ അംഗവും എടുക്കുന്നുണ്ട്. വൈദികസമിതുയുടെ വിവരങ്ങൾ തന്റെ വിവേചനം അനുസരിച്ച് രൂപതാദ്ധ്യക്ഷൻ പരസ്യപ്പെടുത്തുന്നു. എന്നാൽ തന്റെ ശുശ്രൂഷയ്ക്ക് ഹാനി വരുത്തുന്ന, അല്ലെങ്കിൽ ഫലപ്രദമായി പ്രവർത്തിക്കാത്ത ഒരു വൈദികസമിതിയെ നിയമപ്രകാരം മെത്രാപ്പോലീത്തയുമായി ആലോചിച്ച് ഒരു രൂപതാമെത്രാന് പിരിച്ചുവിടാം. എന്നാൽ, ഒരു അതിരൂപതയിലെ വൈദികസമിതിയുടെ കാര്യത്തിൽ ഈ ആലോചന നടത്തേണ്ടത് ആതിരൂപതയുടെ കീഴിൽ വരുന്ന ഏറ്റവും മുതിർന്ന രൂപതാ മെത്രാനുമായിട്ടാണ്.