ഭാരതകമാകെ അജപാലന – പ്രേഷിത പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം – 3 (തുടർച്ച)

ആദ്ധ്യാത്മിക രംഗത്തു പാളിച്ചകൾ
പൗരസ്ത്യ സഭകളിലെ ആദ്ധ്യാത്മികത ആരാധനക്രമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരാധനക്രമത്തിലെ ഊന്നലുകളനുസരിച്ചു ആദ്ധ്യാത്മികത രൂപപ്പെടുത്തുമ്പോൾ വൈവിധ്യം സ്വാഭാവികമാണ്. പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട പാശ്ചാത്യ സഭയുടെ ആദ്ധ്യാത്മികതയിൽ നിന്നും ഏറെ വ്യത്യാസങ്ങൾ പൗരസ്ത്യ സഭകളിൽ കാണാം. അടിസ്ഥാനപരമായുള്ള വൈവിധ്യം അവഗണിക്കാനാവില്ല.
ഒരു കാലത്ത് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രാർത്ഥനാരീതികളും അനുഷ്ഠാന
ങ്ങളും, ആചരണങ്ങളുമെല്ലാം ആരാധനക്രമത്തോട് ഒത്തിണങ്ങിപ്പോയിരുന്നെങ്കിലും പോർച്ചുഗീസുക്കാരുടെ ആഗമനത്തോടെ ഈ രംഗത്തും വ്യതിയാനങ്ങൾ സംഭവിച്ചു.
ഉദാഹരണമായി നോമ്പാചരണം : നമ്മുടെ വലിയ നോമ്പ് 50 ദിവസത്തേക്കുള്ള
താണല്ലോ. പക്ഷേ പാശ്ചാത്യർ നോമ്പ് ആരംഭിക്കുന്നത് ക്ഷാര ബുധനാഴ്ച മുതലാണ്. പാശ്ചാത്യ സ്വാധീനത്തിൽ ബുധനാഴ്ച മുതലുള്ള നോമ്പാചരണം നമ്മുടെ ഇടയിലുമായി. ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയ ഭക്താനുഷ്ഠാനങ്ങളും പാശ്ചാത്യരെ അനുകരിച്ചു രൂപംകൊണ്ടിട്ടുള്ളതാണല്ലോ. നോമ്പാചരണത്തിന്റെ രീതിയിലും മാറ്റങ്ങൾ വന്നു. നമ്മുടെ സഭയിലെ ആരാധനക്രമ പുനരുദ്ധാരണശ്രമം റോമിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ചെങ്കിലും ഇന്നും ലത്തീൻ രീതികൾ തന്നെ പലരും പുലർത്തുകയാണ്. അക്കാലത്ത് ആരംഭിച്ച പല വിധത്തിലുള്ള നോവേനകൾ, പെരുന്നാളുകൾ തുടങ്ങിയവയെല്ലാം ഇന്നും പലയിടങ്ങളിലും തുടരുന്നു. അതോടൊപ്പം കുടുംബങ്ങളിലെ യാമപ്രാർത്ഥനകൾ തുടങ്ങിയവ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
ആരാധനക്രമ രംഗത്തുപോലും പാശ്ചാത്യ അനുകരണം ഇന്നും തുടരുകയാണ്. കാഴ്ചവയ്പ്പു പ്രദക്ഷിണം, കാർമ്മികൻ ജനാഭിമുഖമായി നിന്നുള്ള കുർബാനയർപ്പണം, തുടങ്ങിയ പാശ്ചാത്യ അനുകരണങ്ങൾ ഇവിടെയും സാധാരണമായിട്ടുണ്ട്. സ്വയംപ്രേരിത പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുക, സ്വേഛപോലെ പ്രാർത്ഥനാ ഭാഗങ്ങൾ വെട്ടിച്ചുരുക്കുക, ഉപേക്ഷിക്കുക എന്നതെല്ലാം നടക്കുന്നുണ്ട് (പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുന്നതും വിട്ടുകളയുന്നതും രണ്ടാം വത്തിക്കാൻ കൗൺസിൽ ഗൗരവമായി നിരോധിച്ചിട്ടുണ്ടെന്നത് (SC 22,13) പലരും സൗകര്യമായി മറക്കുന്നു.)
ഇന്നിപ്പോൾ ധ്യാനകേന്ദ്രങ്ങളും ചില കരിസ്മാറ്റിക്ക് രീതികളും വ്യാപകമായി വരികയാണല്ലോ. അവയെല്ലാം ആരാധനക്രമാധിഷ്ഠിതമായ ഒരു ആദ്ധ്യാത്മികതയിൽ നിന്ന് നമ്മെ അകറ്റുന്ന ഒരു സംരഭമായി മാറിയിരിക്കയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ പ്രസ്ഥാനം ആരംഭിച്ച വേളയിൽ അമേരിക്കയിലെ ആരംഭകർതന്നെ തങ്ങളുടെ പ്രസ്ഥാനത്തെ വിളിച്ചത് ‘Catholic Pentecostalism’ എന്നായിരുന്നു. വ്യാപകമായ പ്രചരണവും ഉച്ചത്തിലുള്ള ഗാനാലാപനവും അത്ഭുതപ്രകടനങ്ങളും വഴി നമ്മുടെ നാട്ടിലും ധാരാളം ആളുകൾ കൺവെൻഷനുകളിൽ ഒത്തുകൂടുന്നു. പൂർവ്വികരുടെ പാപങ്ങൾ പിൻതലമുറക്കാരിൽ വരുത്തുന്ന വിനയെക്കുറിച്ചുമെല്ലാം പറഞ്ഞ് ആളുകളെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏതായാലും സഭകളുടെ വൈവിധ്യം പാടെ വിസ്മൃതിയിലാക്കാനുള്ള ഒരു പ്രസ്ഥാനമായും ഇതിനെ കാണാൻ കഴിയും. ഇതെല്ലാം മനസ്സിലാക്കി ചിക്കാഗോ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ അങ്ങാടിയത്ത് അടുത്ത കാലത്തു പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്. ആദ്ധ്യാത്മികതയിലുള്ള വൈവിധ്യവും സഭകളുടെ സ്വത്വബോധം വളർത്താൻ ഉപകരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ അതു നഷ്ടമാകാതിരിക്കാൻ സഭകൾ ഇന്ന് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
ദൈവശാസ്ത്രം എങ്ങനെ?
പൗരസ്ത്യ സഭകളുടെ ദൈവശാസ്ത്രവും ആരാധനക്രമത്തോട് അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ പാശ്ചാത്യദേശങ്ങളിലും മധ്യപൂർവ ദേശത്തുമെല്ലാം ഉണ്ടായിരുന്നതുപോലെയുള്ള ദൈവശാസ്ത്ര കേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ മാർത്തോമ്മാ ക്രിസ്ത്യാനികൾക്കു സാധിച്ചില്ല എന്നു വേണം പറയാൻ. പോർച്ചുഗീസ് ഭരണകാലത്ത് അവർ സെമിനാരികൾ ആരംഭിക്കുകയും അവിടെ പാശ്ചാത്യ ദൈവശാസ്ത്രം പഠനവിഷയമാക്കുകയും ചെയ്തപ്പോൾ നമ്മുടെ പ്രബോധകർ പാശ്ചാത്യ ദൈവശാസ്ത്രജ്ഞരുടെ വക്താക്കളായി മാറുകയായിരന്നു. കേരളത്തിൽ ഈ അടുത്ത കാലം വരെ രൂപതാ വൈദികർക്കായി ഉണ്ടായിരുന്ന മംഗലപ്പുഴ സെമിനാരി എല്ലാ കത്തോലിക്കാ സഭകൾക്കും വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടു പാശ്ചാത്യ ദൈവശാസ്ത്രമാണ് പ്രധാനമായും അവിടെ പഠനവിഷയമായത്. പൗരസ്ത്യർ കുർബാനക്രമം വ്യത്യസ്തമായി പഠിച്ചിരുന്നു എന്നു മാത്രം. പൂനാ പേപ്പൽ സെമിനാരിയിൽ CMI വൈദികരാണ് സീറോ മലബാർ വൈദികാർത്ഥികളെ കുർബാനക്രമവും മറ്റും പഠിപ്പിച്ചത്. ബ. പ്ലാസിഡച്ചന്റെ ശിഷ്യന്മാർ വന്നപ്പോഴാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രവും ലിറ്റർജിയും സംബന്ധിച്ച പ്രബോധനം കുറേയെങ്കിലും സെമിനാരിക്കാർക്ക് ലഭ്യമായത്.
വടവാതൂർ സെമിനാരി ഒരു മാറ്റത്തിന് തുടക്കമിട്ടു. മംഗലപ്പുഴ സെമിനാരി വിഭജിക്കാൻ പിതാക്കന്മാർ തീരുമാനമെടുത്തെങ്കിലും പല വൈദികരും അതിനെതിരായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയല്ലോ. ദൈവശാസ്ത്രം ആരാധനക്രമത്തോടു ഗാഢമായി ബന്ധപ്പെട്ടിരിയ്ക്കണമെന്ന കൗൺസിൽ പ്രബോധനം (SC 14,17) തന്നെ അവർ പാടെ വിസ്മരിച്ചു. ഒരുപക്ഷേ പാശ്ചാത്യദേശങ്ങളിൽ ഉണ്ടായതുപോലെ ഒരു ആരാധനക്രമ നവോത്ഥാനപ്രസ്ഥാനം ഇവിടെയുണ്ടായിരുന്നെങ്കിൽ ശരിയായ കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ ലഭിച്ചേനേ എന്നു തോന്നുന്നു. ഏതായാലും ദൈവശാസ്ത്രരംഗത്ത് നമുക്കുണ്ടായ പരാധീനത നമ്മുടെ സ്വത്വബോധം തളർത്തുന്നതിനു മാത്രമേ സഹായകമായുള്ളൂ. അതുകൊണ്ടാണ് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനക്രമം പുനരുദ്ധരിക്കുന്നതിനും അതിന്റെ സർഗ്ഗാത്മകമായ വളർച്ചയക്ക് ശ്രമിക്കുന്നതിനും പകരം ലത്തീൻ രീതികൾ പ്രചരിപ്പിക്കാൻ നമുക്കു ഇടയായത്.
ശിക്ഷണക്രമ രംഗത്ത്
പൗരസ്ത്യരുടെ തനതായ ശിക്ഷണക്രമം കർശനമായും പാലിക്കപ്പെടണമെന്നായിരുന്നു വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചത് (UR 16). പോർച്ചുഗീസ് ഭരണകാലത്ത് സീറോ മലബാർ സഭയെ ലത്തീൻ സഭയുടെ ഒരുഭാഗമെന്ന നിലയിലേക്കു മാറ്റി. ആ നയത്തിനു കുറേയെങ്കിലും മാറ്റം വരാൻ തുടങ്ങിയതു പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പായുടെ കാലം മുതലാണ്. പിന്നീടു കൗൺസിലിന് ശേഷം 1970 കളിൽ കുറേക്കൂടി പൗരസ്ത്യ രീതികൾക്ക് അംഗീകാരം ലഭിച്ചു. എങ്കിലും 1990 ൽ മാത്രമാണ് പൗരസ്ത്യർക്കായി ഒരു പുതിയ നിയമസംഹിതരൂപം കൊണ്ടത്. അതിനോടൊത്ത് വി. ജോൺ പോൾ മാർപ്പാപ്പ സഭൈക്യം യാഥാർത്ഥ്യമാക്കുമ്പോൾ പൗരസ്ത്യ സഭകളുടെ നിയമസംഹിത വീണ്ടും പുനക്രമീകരിക്കേണ്ടി വരുമെന്ന് ഒരു സിനഡിൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു സഭയുടെ അന്തസത്ത സംരക്ഷിക്കുന്നത് ശിക്ഷണക്രമമാണ്. അത് ഇല്ലാതാകുമ്പോൾ സ്വത്വബോധം നഷ്ടപ്പെടുമെന്നു മാത്രമല്ല, സത്തയ്ക്കു തന്നെ കെടുതി സംഭവിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ, നമുക്ക് നമ്മുടെ മനോഭാവങ്ങളിൽ വലിയ മാറ്റം വരുത്താൻ ഇത് ഇടയാക്കും.
അങ്ങനെ പ്രായോഗികമായി സ്വത്വബോധം നഷ്ടപ്പെട്ട ഒരു സമൂഹമായിട്ടാണ് സീറോ മലബാർ സഭയെ 20-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിന്റെ ആരംഭത്തിൽ നാം കാണുക. റോമിൽ നിന്ന് നമ്മുടെ സ്വത്വസ്ഥിതി പുനരുദ്ധരിക്കാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും നമ്മിൽ പലരും കഴിഞ്ഞ കാലത്തെ കാഴ്ചപ്പാടുകളിൽ കുടുങ്ങി നില്ക്കുകയാണു ചെയ്തത്.
(തുടരും…..)