മാർത്തോമ്മാ നസ്രാണി സഭാചരിത്രം -14  ഉദയമ്പേരൂർ സൂനഹദോസിന്റെ സാധുത (കഴിഞ്ഞ ലക്കം തുടർച്ച…)

1599-ൽ നടന്ന ഉദയമ്പേരൂർ സൂനഹദോസ് സാധുവാണെന്നും അസാധുവാണെന്നും വാദം ഉണ്ട്. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും സൂനഹദോസ് സാധുവാണെന്നും അസാധുവാണെന്നും ഗവേഷകർ നിരീക്ഷണം ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. 1952-ൽ ഗോവക്കാരനായ അന്താദ ഡെ ഗ്രിഗോറിയോ മാഞ്ഞോ (Antao Gregorio Magno) എന്നൊരു വൈദികൻ ഉദയമ്പേരൂർ സൂനഹദോസ് നിയമാനുസൃതമാണെന്ന് വാദിച്ചുകൊണ്ട് (”സിനൊഡൂസ് ദിയാംമ്പൊറിത്താനാ) എന്നൊരു പ്രബന്ധം രചിച്ചു. 1958-ൽ ഫാ. ജോനാസ് തളിയത്ത് പ്രസ്തുത സൂനഹദോസ് അസാധുവാണെന്ന് തെളിയിച്ചു. അദ്ദേഹത്തിന്റെ വാദമുഖങ്ങളായിരിക്കും ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
ഉദയമ്പേരൂർ സൂനഹദോസ് അസാധുവോ?
താഴെ പറയുന്ന കാരണങ്ങളാൽ ഉദയമ്പേരൂർ സൂനഹദോസ് അസാധുവാണെന്ന് ഫാ.ജോനാസ് തളിയത്ത് പ്രസ്താവിക്കുന്നു:
1. മെനേസിസിന് അധികാരമുണ്ടായിരുന്നില്ല പൗരസ്ത്യ സുറിയാനി സഭയായ മാർത്തോമ്മാ നസ്രാണിസഭയിൽ ഒരു രൂപതാ സൂനഹദോസ് വിളിച്ചുകൂട്ടാൻ ലത്തീൻ മെത്രാപ്പോലീത്തയായ മെനേസിസിന് അധികാരമില്ലായിരുന്നു. 1533-ൽ ഇന്ത്യയിലെ ആദ്യത്തെ ലത്തീൻ രൂപതയായ ഗോവ സ്ഥാപിക്കപ്പെട്ടു. 1558-ൽ ഗോവ അതിരൂപതയായി ഉയർത്തപ്പെട്ടു. ഗോവ മെത്രാപ്പോലീത്ത ഇന്ത്യ മുഴുവൻ അധികാരം ആവകാശപ്പെടുകയും മാർത്തോമ്മാ നസ്രാണി സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ അനധികൃതമായി ഇടപെടുകയും ചെയ്തു. അങ്ങനെ പോർട്ടുഗീസുകാർ മാർത്തോമ്മാനസ്രാണികളുടെ അങ്കമാലി അതിരൂപതയെ ഗോവ അതിരൂപതയുടെ സാമന്തരൂപതയായി കണക്കാക്കി വന്നു. അതിനാലാണ് അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായ മാർ അബ്രാഹം നിര്യാതനായപ്പോൾ മെനേസിസ് അങ്കമാലി അതിരൂപതയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടത്.
എന്നാൽ അങ്കമാലി അതിരൂപത ഗോവ അതിരൂപതയുടെ സാമന്തരൂപതയല്ല എന്ന് ചരിത്രം തെളിയിക്കുന്നു. 1552-ൽ കൽദായ സഭ റോമാ സിംഹാസനവുമായി ബന്ധം സ്ഥാപിച്ചതോടെ പരിശുദ്ധ സിംഹാസനം കൽദായപാത്രിയാർക്കീസുമാർക്ക് മലബാറിലുള്ള അധികാരത്തെ അംഗീകരിച്ചിരുന്നു.
2. മെനേസിസിന് അങ്കമാലിയിൽ രൂപതാ സിനഡ് വിളിച്ചു കൂട്ടുന്നതിനുള്ള അധികാരം ഉണ്ടായിരുന്നില്ല പാരമ്പര്യമനുസരിച്ച് രൂപതയുടെ മെത്രാൻ അന്തരിച്ചാൽ ‘കത്തീഡ്രൽ ചാപ്റ്റർ’ എട്ടുദിവസത്തിനുശേഷം അഡ്മിനിസ്‌ട്രേറ്ററെ തിരഞ്ഞെടുക്കണമെന്നാണ് ട്രെന്റ് സൂനഹദോസിൽ പാസാക്കിയിരുന്ന നിയമം അനുശാസിക്കുന്നത്. ഇതിന്റെ വെളിച്ചത്തിൽ മാർത്തോമ്മാ നസ്രാണികളുടെ കൽദായ മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രാഹം അന്തരിച്ചപ്പോൾ ഗോവ മെത്രാപ്പോലീത്ത മലബാർ സഭയിൽ നടത്തിയ ഇടപെടൽ നീതീകരിക്കാനാവില്ല. കാരണം ആർച്ചുഡീക്കൻ ഗീവർഗ്ഗീസ് (George of the Cross) മലബാർ സഭയിൽ അഡ്മിനിസ്‌ട്രേറ്ററായി ഉണ്ടായിരുന്നു.
3. ”യഥാർത്ഥ അധികാരിയുടെ അസാന്നിദ്ധ്യത്തിൽ ഒന്നും പുതുതായി പാടില്ല” (‘Sede vacante nihil innovetur’)
ഈ തത്ത്വത്തിന് വിധേയനായി വർത്തിക്കുവാൻ മെനേസിസ് ബാദ്ധ്യസ്ഥനാണ്. എന്നാൽ മെനേസിസ് മലബാറിലെത്തി നൂറിൽ പരം ശെമ്മാശന്മാർക്ക് വൈദികപട്ടം നൽകുകയും മലബാർ സഭയുടെ അതിപുരാതന പാരമ്പര്യങ്ങളെപ്പോലും നീക്കി പുതിയവ പ്രതിഷ്ഠിക്കുന്നതിന് സൂനഹദോസ് വിളിച്ചുകൂട്ടുകയും ചെയ്തു.
4. ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ മെനേസിസിനെ സൂനഹദോസ് വിളിച്ചുകൂട്ടാൻ അധികാരപ്പെടുത്തിയിരുന്നില്ല.
5. സൂനഹദോസ് നിയമാനുസൃതം നടത്തപ്പെട്ടില്ല
മെനേസിസ് പട്ടം നൽകിയവരായിരുന്നു സൂനഹദോസിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും. ഭീഷണിയും നാട്ടുരാജാക്കന്മാരുടെ പിൻബലവും സ്വാധീനവും ഉപയോഗിച്ചുകൊണ്ടാണ് സൂനഹദോസ് വിളിച്ചുകൂട്ടിയത്.
6. ഉദയമ്പേരൂർ സൂനഹദോസിന് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചില്ല
7. സൂനഹദോസ് വിളിച്ചുകൂട്ടുന്നതിന് മെനേസിസിന് അധികാരമില്ലായിരുന്നതുകൊണ്ടും സൂനഹദോസ് വിളിച്ചുകൂട്ടാൻ വ്യക്തമായ ഉദ്ദേശ്യമില്ലായിരുന്നതുകൊണ്ടും സൂനഹദോസ് നടത്തിയ രീതിയിൽ കാതലായ ക്രമക്കേടുകൾ ഉണ്ടായിരുന്നതുകൊണ്ടും ഉദയമ്പേരൂർ സൂനഹദോസ് അസാധുവാണെന്ന് ഗവേഷകർ സമർത്ഥക്കുന്നു.
(തുടരും)