സഭാസ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നത് എന്തിന്?

സഭയും രാഷ്ട്രവും സ്വതന്ത്രവും സ്വയം ഭരണാവകാശമുള്ളതുമാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (GS.76). സഭയുടെ സ്വത്തുക്കൾ ഇന്ത്യൻ ഭരണഘടനാപ്രകാരം സ്വയമേവ അംഗീകരിക്കപ്പെടുന്നില്ല. ആയതിനാൽ, സിവിൽ നിയമപ്രകാരമുള്ള സംയോജിപ്പിക്കൽ (incorporation) അത്യാവശ്യമാണ്. രാഷ്ട്രനിയമമനുസരിച്ചുള്ള ആനുകുല്യങ്ങൾക്ക് അർഹരാകുവാൻ മേൽപറഞ്ഞ സംയോജിപ്പിക്കൽ കൂടിയേ തീരൂ. എന്നാൽ സംയോജിപ്പിക്കലിൽ സഭാവസ്തുക്കളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനും, സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടുന്നതിനും ഉപകരിക്കുന്നതായിരിക്കണം. ട്രസ്റ്റ്, സൊസൈറ്റി, കമ്പനി- എന്നീ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന സഭാസ്വത്ത്, സിവിൽ നിയമത്തിനു മുമ്പിൽ നിയമപരമായ വ്യക്തിയായി തീരുന്നു. സിവിൽ നിയമം ദൈവികനിയമത്തിന് എതിരല്ലാത്തപ്പോഴും, കാനൻ നിയമത്തിൽ മറിച്ച് നിർദ്ദേശിക്കാതിരിക്കുകയും ചെയ്യുമ്പോഴും സിവിൽ നിയമം പാലിക്കുവാൻ ബാദ്ധ്യസ്ഥരാണ് (c. 1504). മുകളിൽ സൂചിപ്പിച്ചതുപോലെ, സിവിൽ രജിസ്റ്ററേഷൻ വഴി സഭാവസ്തുക്കൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ഓരോ ഭരണകർത്താവിനുമുണ്ട്. നമ്മുടെ രാജ്യത്തിന്റെ നിയമത്തിനു വിധേയമായി, വസ്തുക്കളുടെ വാങ്ങൽ, വില്പന, പണത്തിന്റെ ക്രയവിക്രയം, സർക്കാർ ഏജൻസികളിൽ നിന്നുള്ള സഹായം, കെട്ടിടനിർമ്മാണം, നികുതിയിളവുകൾ മുതലായവയ്ക്ക് നിയമപരമായ പദവി ആർജ്ജിച്ചിരിക്കണം. സഭാവസ്തുക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങളായ ദൈവാരാധന, അപ്പസ്‌തോലിക – പരസ്‌നേഹപ്രവർത്തനങ്ങൾ നടത്താനും, സഭാ ശുശ്രൂഷകർക്ക് ന്യായമായ ജീവിതസൗകര്യങ്ങൾ ചെയ്തുകൊടുക്കാനുമാണ് സിവിൽ നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻകൊണ്ട് സാധ്യമാകേണ്ടത്. ഇപ്രകാരമുള്ള സംയോജിപ്പിക്കൽ, അനന്യ
സാധാരണമായ (extraordinary) ഭരണ നിർവ്വഹണം ആകയാൽ, ആവശ്യമായ തലങ്ങളിൽ നിന്നുമുള്ള അനുവാദം തക്കതായ ഭരണാധികാരികൾ വാങ്ങിയിരിക്കണം. ഇങ്ങനെയുള്ള അനുവാദം വാങ്ങാതെ നടത്തുന്ന ഏതൊരു അനന്യസാധാരാണമായ ഭരണ നിർവ്വഹണവും സഭാനിയമപ്രകാരം നിയമാനുസൃതമായിരിക്കില്ല. സിവിൽ നിയമപ്രകാരം, സംയോജിക്കപ്പെട്ട ഒരു സഭാവസ്തു, സിവിൽ നിയമത്തിനു മുമ്പിൽ അസ്തിത്വമുള്ളതായി തീരുകയും ചില ഉത്തരവാദിത്വങ്ങളും കടമകളും അതിലേക്കു വന്നുചേരുകയും ചെയ്യുന്നു. സഭാ സ്വത്തുക്കൾ നേരിട്ടു ഭരണം നടത്തുന്നവർ, അവരുടെ ശുശ്രൂഷയിൽ ആവശ്യമായ ആലോചനയും സമ്മതവും നൽകേണ്ട സമിതികളുമായി ചേർന്നാണ് ഭരണ നിർവ്വഹണം നടത്തുന്നത്.