മഹത്ത്വമേറിയ മാർ യൗസേപ്പ് തിരുനാൾ: മാർച്ച്-1

മിശിഹായുടെ പക്കലുള്ള തന്റെ മാദ്ധ്യസ്ഥ്യശക്തി മൂലം ദൈവം കഴിഞ്ഞാൽ ”സർവ്വശക്ത”യെന്നു വിശേഷിപ്പിക്കപ്പെടാവുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവും ദൈവപുത്രന്റെ വളർത്തുപിതാവുമായ മാർ യൗസേപ്പ് സ്വർഗ്ഗത്തിലുള്ള മറ്റു വിശുദ്ധരേക്കാൾ മഹത്ത്വമുള്ളവനാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. കത്തോലിക്കാസഭയിലും, ഓർത്തഡോക്‌സ് സഭകളിലും, ആംഗ്ലിക്കൽ സമൂഹത്തിലും, ലൂഥറൻ സഭയിലും, മെത്തോഡിസത്തിലും വി. യൗസേപ്പ് വണങ്ങപ്പെട്ടുവരുന്നു. വിശുദ്ധരോടുള്ള വണക്കവും പ്രാർത്ഥനയും പൊതുവേനിഷേധിക്കുന്ന പ്രൊട്ടസ്റ്റന്റ് സഭയും വി. യൗസേപ്പിനെ ആദരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
മാദ്ധ്യസ്ഥ്യശക്തി
കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് പാരമ്പര്യവും വി. യൗസേപ്പിനെ തൊഴിലാളികളുടെ മദ്ധ്യസ്ഥനായി പരിഗണിച്ചുപോരുന്നു. പീയൂസ് 9-ാമൻ മാർപ്പാപ്പ സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി വി. യൗസേപ്പിനെ പ്രഖ്യാപിച്ചു. ഇതിനുപുറമേ വിശുദ്ധൻ രോഗികളുടെ മദ്ധ്യസ്ഥനും നന്മരണ മദ്ധ്യസ്ഥനുമാണ്. ഈശോയുടെയും പരി. മറിയത്തിന്റെയും സ്‌നേഹശുശ്രൂഷകൾ സ്വീകരിച്ച്, അവരുടെ സാന്നിധ്യത്തിൽ യൗസേപ്പ് പിതാവ് ശാന്തമായി മരിച്ചുവെന്ന പരമ്പരാഗത വിശ്വാസമാണ് വിശുദ്ധനെ നന്മരണ മദ്ധ്യസ്ഥനായി കരുതുവാനുള്ള കാരണം. മറ്റു പല വിശുദ്ധരും ഓരോ പ്രത്യേക കാര്യങ്ങളുടെ മദ്ധ്യസ്ഥരായി വണങ്ങപ്പെടുമ്പോൾ മാർ യൗസേപ്പ് എല്ലാക്കാര്യങ്ങളുടെയും മദ്ധ്യസ്ഥനാണ്. മഹാനായ വി. യൗസേപ്പിനോട് താൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും സാധിച്ചതായി വേദപാരംഗതയായ ആവിലായിലെ വി. അമ്മത്രേസ്യ പ്രസ്താവിക്കുന്നുണ്ട്. മറ്റൊരു വേദപാരംഗതയായ വി. കൊച്ചുത്രേസ്യയും വി. യൗസേപ്പിന്റെ പ്രത്യേക ഭക്തയായിരുന്നു.
പുഷ്പിച്ച വടി
ലില്ലിപ്പൂക്കളോ പൂച്ചെണ്ടോ കൈയിൽ പിടിച്ചിരിക്കുന്നതായിട്ടാണ് വി. യൗസേപ്പിന്റെ തിരുസ്വരൂപങ്ങളോ ചിത്രങ്ങളോ നിർമ്മിക്കാറുള്ളത്. പരി. കന്യകയുടെ ഭർത്താവാകാൻ ദൈവം യൗസേപ്പിനെ പ്രത്യേകം തിരഞ്ഞെടുത്തതിന്റെ അടയാളമായി, അദ്ദേഹം പ്രധാന പുരോഹിതനു നൽകിയ വടി അത്ഭുതകരമായി പുഷ്പിച്ചുവെന്ന വിശ്വാസപാരമ്പര്യം ഇതിനുപിന്നിലുണ്ട്. ഇതിനു പുറമേ ഈ പൂക്കൾ വിശുദ്ധന്റെ അന്യാദൃശമായ ഹൃദയവിശുദ്ധിയെയും നിക്ഷ്‌കളങ്കതയെയും സൂചിപ്പിക്കുന്നു.
മരിയോളജിയും ജോസഫോളജിയും
ആധുനിക കാലത്ത് മരിയശാസ്ത്രം (Mariology) അതിവേഗം വികസിച്ചതിന്റെ ഫലമായി ഒരുലക്ഷത്തിലധികം ഗ്രന്ഥങ്ങൾ ദൈവമാതാവിനെപ്പറ്റി വിരചിതമായിട്ടുണ്ട്. അതോടൊപ്പം വി. യൗസേപ്പിനെപ്പറ്റിയുള്ള ദൈവശാസ്ത്രപഠനവും (Josephology) വളർന്നിട്ടുണ്ട്. 1950 മുതൽ ഇതിനുവേണ്ടിയുള്ള പഠനകേന്ദ്രങ്ങളും സ്ഥാപിതമായി. ഒരുകാലത്ത് പശ്ചാത്തലത്തിലേക്ക് തള്ളിനീക്കപ്പെട്ടിരുന്ന ഈ മഹാവിശുദ്ധന്റെ സ്മരണ ഇന്ന് ദൈവമാതൃസ്മരണയോടൊപ്പം പരി. കുർബാനയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്.
പിതാക്കന്മാർക്കുള്ള മാതൃക
വിശുദ്ധ യൗസേപ്പ് നിത്യകന്യകയായ മറിയത്തിന്റെ ഭർത്താവും ദൈവപുത്രന്റെ വളർത്തുപിതാവുമാണ്. ലോകമെങ്ങുമുള്ള പിതാക്കന്മാർക്കുള്ള മാതൃകയായി വിശ്വാസികൾ വി. യൗസേപ്പിനെ കരുതിപ്പോരുന്നു. അപ്രാമാണിക ഗ്രന്ഥങ്ങളിൽ (apocryphal books) വി. യൗസേപ്പിന് വേറെ മക്കളുണ്ടായിരുന്നുവെന്ന പ്രസ്താവന തിരുസ്സഭ അംഗീകരിക്കുന്നില്ല. ‘കർത്താവിന്റെ സഹോദരൻ’ എന്ന് സുവിശേഷത്തിൽ പരാമർശിക്കപ്പെടുന്ന യാക്കോബ്, യൂദാ, യോസേ, ശിമയോൻ എന്നിവർ ഈശോയുടെ ‘കസിൻസ്’ (വകയിൽ സഹോദരന്മാർ) മാത്രമായിരുന്നുവെന്നുള്ള സഭാപ്രബോധനം ആധികാരികമാണ്.
പുതിയനിയമത്തിൽ
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലും (Pauline epistles) മർക്കോസിന്റെ സുവിശേഷത്തിലും ഈശോയുടെ വളർത്തുപിതാവിനെപ്പറ്റിയുള്ള പരാമർശമില്ല. മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിലാണ് വി. യൗസേപ്പ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇവർ രണ്ടുപേരും ഈശോയുടെ വംശാവലി കൊടുക്കുന്നുണ്ട്. ദാവീദ് രാജാവിന്റെ വംശത്തിലാണ് ഈശോ പിറന്നതെന്നു കാണിക്കാൻവേണ്ടിയാണിത്. യൗസേപ്പും മറിയവും ദാവീദിന്റെ വംശജരാണ്. ഈശോയുടെ വംശാവലി, ശൈശവം എന്നിവയെപ്പറ്റി പ്രതിപാദിക്കുമ്പോൾ യൗസേപ്പ് പ്രത്യക്ഷപ്പെടുന്നു. യോഹന്നാൻ 6-ാം അദ്ധ്യായത്തിൽ തിരുക്കുടുംബത്തെപ്പറ്റി ഒരിക്കൽ പരാമർശിക്കുന്നുണ്ട്. മറ്റു വിവരണങ്ങളെല്ലാം മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിലാണ്.
മിശിഹാ പിറന്നത് യൂദായിലെ ബേത്‌ലഹേമിലാണെങ്കിലും അവിടുന്ന് വളർന്നത് ഗലീലിയിലെ നസറത്തിലാണ്. അതുകൊണ്ടാണ് അവിടുന്ന് ‘നസ്രായൻ’ എന്നു വിളിക്കപ്പെട്ടത്. മത്തായിയുടെ സുവിശേഷത്തിൽ മറിയത്തെ സംശയിക്കാതെ വിവാഹം കഴിക്കാനുള്ള മാലാഖയുടെ നിർദ്ദേശത്തെ യൗസേപ്പ് അനുസരിക്കുന്നു. ഈശോയുടെ ജനനത്തിനുശേഷം അല്പകാലത്തേക്ക് (ഒരുപക്ഷേ രണ്ടു വർഷം) യൗസേപ്പും കുടുംബവും ബേത്‌ലഹേമിൽ താമസിക്കുന്നുണ്ട്. ഇക്കാലത്താണ് രാജർഷികൾ (പൂജരാജാക്കന്മാർ) തിരുക്കുടുംബത്തെ സന്ദർശിക്കുന്നത്.
ഇതിനുശേഷം സകുടുംബം ഈജിപ്തിലേക്കു പലായനം ചെയ്യാൻ ഒരു സ്വപ്നദർശനത്തിൽ മാലാഖ യൗസേപ്പിനോട് ആവശ്യപ്പെടുന്നു. ഒരു റോമൻ പ്രോവിൻ
സായ യൂദായിലെ ഭരണാധിപനായിരുന്ന ഹെരോദ് പ്ലാൻ ചെയ്ത ശിശുവധത്തിൽ നിന്നു രക്ഷപെടാനായിരുന്നു ഇത്. (ഈജിപ്തിൽ കെയ്‌റോയിലാണ് തിരുക്കുടുംബം താമസമാക്കിയത്). ഹെരോദിന്റെ മരണശേഷം മടങ്ങിവരാൻ മാലാഖ അറിയിക്കുന്നു. എങ്കിലും ഹെരോദിന്റെ മകനായ അർക്കലാവോസിനെ ഒഴിവാക്കാനായി യൗസേപ്പ് ഭാര്യയെയും ശിശുവിനെയും ഗലീലിയിലെ നസറത്തിലേക്കു കൊണ്ടുവന്ന് അവിടെ താമസം ഉറപ്പിച്ചു. മത്തായി ഇതെല്ലാം വിവരിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തിൽ യൗസേപ്പ് നസറത്തിൽ താമസിക്കുമ്പോഴാണ് അഗസ്റ്റസ് സീസറിന്റെ സെൻസസ് നടക്കുന്നത്. പേരെഴുതിക്കാനായി യൗസേപ്പും മറിയവും ബേത്‌ലഹേമിലെത്തുന്നു. ഈശോ അവിടെ ജനിക്കുന്നു. എന്നാൽ യൗസേപ്പിനുണ്ടായ മാലാഖയുടെ ദർശനം, ശിശുവധം, ഈജിപ്തിലേക്കുള്ള യാത്ര എന്നിവ ലൂക്കായുടെ വിവരണത്തിലില്ല.
യൗസേപ്പിനെ അവസാനമായി സുവിശേഷത്തിൽ നാം കാണുന്നത് ഈശോ പന്ത്ര
ണ്ടാമത്തെ വയസ്സിൽ കാണാതെ പോയ അവസരത്തിലാണ്. ഈ സംഭവം ലൂക്കാ മാത്രമാണു വിവരിക്കുന്നത്. ഈശോയ്ക്കു തന്റെ ദൗത്യത്തെപ്പറ്റിയുണ്ടാകുന്ന അവബോധമാണ് ഇവിടെ പ്രതിപാദ്യം. ”തന്റെ (സ്വർഗ്ഗീയ) പിതാവിനെ”പ്പറ്റിയുള്ള ദൈവപുത്രന്റെ പരാമർശം യൗസേപ്പിനും മറിയത്തിനും മനസ്സിലാകുന്നില്ല. ഇതിനുശേഷം യൗസേപ്പിനെപ്പറ്റി സുവിശേഷത്തിൽ ഒരു വിവരണവുമില്ല.
യൗസേപ്പിന്റെ മരണം
ഈശോയുടെ പരസ്യജീവിതം ആരംഭിച്ചപ്പോൾ മറിയം വിധവയായിരുന്നുവെന്നാണ് ക്രിസ്തീയ പാരമ്പര്യം. കാനായിലെ കല്യാണത്തിലോ ഈശോയുടെ പീഡാനുഭവത്തിന്റെ അവസരത്തിലോ യൗസേപ്പ് സന്നിഹിതനായിരുന്നില്ല. സന്നിഹിതനായിരുന്നെങ്കിൽ, യഹൂദാചാരമനുസരിച്ച്, കുരിശുമരണത്തിനു ശേഷം ഈശോയുടെ ശരീരം യൗസേപ്പിനെ ഏല്പിക്കുമായിരുന്നു. പകരം അരിമത്തിയാക്കാരൻ യൗസേപ്പാണ് അവിടുത്തെ ശരീരം ഏറ്റുവാങ്ങുന്നത്. അതുപോലെ തന്നെ യൗസേപ്പ് ജീവിച്ചിരുന്നെങ്കിൽ ഈശോ തന്റെ അമ്മയുടെ സംരക്ഷണം യോഹന്നാൻ ശ്ലീഹായെ ഭരമേല്പിക്കുമായിരുന്നില്ല.
തൊഴിലാളിയായ യൗസേപ്പ്
യൗസേപ്പ് ദാവീദ് രാജാവിന്റെ വംശജനായിരുന്നെങ്കിലും തച്ചന്റെ ജോലിയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് തടിപ്പിണി മാത്രമായിരുന്നില്ല; കരകൗശലപ്പണികളും അദ്ദേഹം ചെയ്തിരുന്നുവെന്നു കരുതാം. ഇതുവഴിയായി കായികാദ്ധ്വാനത്തിന്റെ മഹത്ത്വം നമുക്കു ഗ്രഹിക്കാവുന്നതാണ്; അതുപോലെ തന്നെ തൊഴിലാളിയുടെ ജീവിതമഹത്ത്വവും ഇവിടെ വെളിപ്പെടുന്നു. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമാണ്. ആ ദിവസത്തെ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ 1955-ൽ തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനമായി പ്രഖ്യാപിച്ചു.
യൗസേപ്പിന്റെ പ്രായം
യൗസേപ്പിന്റെ വിവാഹാവസരത്തിലെയോ മരണാവസരത്തിലെയോ പ്രായ
ത്തെപ്പറ്റി നമുക്ക് അറിവൊന്നുമില്ല. അദ്ദേഹത്തെ വൃദ്ധനും ദുർബ്ബലനുമായി ചിത്രീകരിക്കുന്ന പഴയ പാരമ്പര്യം ഇന്ന് സ്വീകരിക്കപ്പെടുന്നില്ല. മറിച്ച് യൗസേപ്പ് യൗവനയുക്തനും അരോഗദൃഢഗാത്രനുമായിരുന്നുവെന്നാണ് ആധുനികവീക്ഷണം. യഹൂദരിൽ ദൈവഹിതമനുസരിച്ചു ജീവിച്ചിരുന്ന എസ്സീനിയൻസിന്റെ ഗണത്തിൽ പെട്ടവനും ബ്രഹ്മചാരിയായ നാസിർ വ്രതക്കാരനുമായിരുന്നു അദ്ദേഹമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ഉപസംഹാരം
വിശുദ്ധ യൗസേപ്പിന്റെ ഹൃദയവിശുദ്ധി, നിഷ്‌കളങ്കത, ദൈവഹിതത്തോടുള്ള പരി
പൂർണ്ണ വിധേയത്വം, സ്ഥിരോത്സാഹം, കഠിനാദ്ധ്വാനശീലം, ക്ഷമ, ധീരത എന്നിവയെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മിഴിവുറ്റതാക്കുന്നു. ഈശോയും മറിയവും കഴിഞ്ഞാൽ നമുക്ക് ഏറ്റം പ്രിയപ്പെട്ട നാമം വിശുദ്ധ യൗസേപ്പിന്റേതായിരിക്കട്ടെ.