സീറോ മലബാർ സഭയിൽ മാർത്തോമ്മാ സ്ലീവായും ക്രൂശിതരൂപവും നാളുകളായി ചർച്ചാവിഷയമാണ്. ഇതിൽ സഭയുടെ നിലപാട് എന്താണ്, കാരണമെന്ത്?

സീറോ മലബാർ സഭയിൽ ക്രൂശിതരൂപത്തോടുള്ള ഭക്തി പതിനാറാം നൂറ്റാണ്ടിൽ ലത്തീനീകരണത്തോടുകൂടി ആരംഭിച്ചതാണ്. ലത്തീൻ സഭയിൽത്തന്നെ ആദ്യനൂറ്റാണ്ടുകളിൽ ഇല്ലാതിരുന്ന ഒരു ഭക്തിയാണ് കുരിശുരൂപത്തോടുള്ള ഭക്തി. ഈശോയുടെ മനുഷ്യത്വത്തോടുള്ള ഊന്നൽ കൊടുക്കുവാൻ തുടങ്ങിയ കാലഘട്ടത്തിലാണ് കുരിശുരൂപഭക്തി ലത്തീൻ സഭയിലും ഉണ്ടായത്. അതുവരെ എല്ലാ സഭകളിലും രൂപമില്ലാത്ത കുരിശിനോടുള്ള ഭക്തിയാണ് നിലവിലിരുന്നത്. മരിച്ച് ഉത്ഥാനംചെയ്ത ഈശോയിലുള്ള വിശ്വാസത്തെയാണ് അതു പ്രകടമാക്കുന്നത്. അതാണല്ലോ ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാ
നവും. ”മിശിഹാ ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്” (1 കൊറി 15,17). പിന്നീട് ക്രൂശിതരൂപം കണ്ടു ശീലിച്ച പശ്ചാത്തലത്തിൽ, വൈകാരികമായ ഒരടുപ്പം അതിനോടുണ്ടായ
പശ്ചാത്തലത്തിൽ,സഭയുടെആദിമപാരമ്പര്യമനുസരിച്ചുള്ള മാർത്തോമ്മാ സ്ലീവായോടുള്ളഭക്തിപുനരുദ്ധരിക്കാൻ ശ്രമിച്ചപ്പോൾ അതു സ്വീകരിക്കാനുണ്ടായ വൈകാരികമായ ബുദ്ധിമുട്ടാണ് ചർച്ചകൾക്കും പ്രതികരണങ്ങൾക്കും കാരണമായത്. സഭയുടെ ഔദ്യോഗിക നിലപാട് പരമ്പരാഗതമായി ഉണ്ടായിരുന്ന മാർത്തോമ്മാ സ്ലീവാ ഉപയോഗിക്കണമെന്നുള്ളതാണ്.
സഭാഭരണത്തിലും നടത്തിപ്പിലും അല്മായ പങ്കാളിത്തം വേണം എന്ന വാദം ശക്തമാകുന്നു. ഇതിനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്ത്?
സഭാഭരണത്തിലും നടത്തിപ്പിലും അല്മായ പങ്കാളിത്തം വേണം എന്നതിനു സംശയമൊന്നുമില്ല. അത് ഉറപ്പാക്കാനാണ് പാസ്റ്ററൽ കൗൺസിൽ, പാരിഷ് കൗൺസിൽ തുടങ്ങിയ സമിതികൾ ഇന്നു സഭയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സീറോമലബാർസഭയെ സംബന്ധിച്ചിടത്തോളം, ഇടവകകളിൽ പണ്ടു മുതലേ കൈക്കാരന്മാരും പൊതുയോഗങ്ങളും ഉണ്ടായിരുന്നു എന്നത് അല്മായ പങ്കാളിത്തത്തിന്റെ ഏറ്റംഉദാത്തമായ ഉദാഹരങ്ങളാണ്. അതേസമയം,സഭാഭരണം വെറുമൊരു ജനാധിപത്യശൈലിയിലാവാൻ പാടില്ല. കാരണം സഭ മിശിഹായുടെ ശരീരമാണ്. ശരീരത്തിന് ശിരസ്സും അവയവങ്ങളുമുണ്ട്. ശിരസ്സിനെപ്രതിനിധീകരിക്കുന്ന മെത്രാൻ-പുരോഹിത ശുശ്രൂഷയോടു ചേർന്ന് ശരീരത്തിന്റെ പൊതുവായ നന്മയ്ക്കുതകുംവിധം പ്രവർത്തിക്കുന്ന ശൈലിയായിരിക്കണം അവയവങ്ങൾക്കടുത്ത പ്രവർത്തനം നിർവഹിക്കുന്ന അല്മായർക്കുണ്ടാകേണ്ടത്.
സ്തുതിപാടകരാണോ യഥാർത്ഥ സഭാസ്‌നേഹികൾ? ഇവരെ തിരിച്ചറിയാൻ വൈദികർ എന്തു മാർഗ്ഗമാണ് സ്വീകരിക്കേണ്ടത്?സ്തുതിപാടകർ യഥാർത്ഥ സഭാസ്‌നേഹികളല്ല. സഭാസ്‌നേഹികളെ തിരിച്ചറിയാനുള്ള മാർഗ്ഗം അവർ സഭയെ ആത്മാർത്ഥമായി സ്‌നേഹിക്കുകയും സഭയുടെ വിശ്വാസത്തിനനുസൃതമായി ജീവിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ്. സഭയുടെ ആരാധനാജീവിതത്തിൽ ക്രമമായി പങ്കുചേരുകയും സഭയുടെ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി സഹകരിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ സഭാസ്‌നേഹികൾ. അപ്രകാരമുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും പ്രവർത്തനനിരതരാക്കുവാനും വൈദികർ നിരന്തരം പരിശ്രമിക്കണം.
നഷ്ടപ്പെട്ടുപോയ കുഞ്ഞാടിനെ തിരികെ കൊണ്ടുവരാൻ കൂട്ടിലുള്ള ഇടവകജനത്തെ ഉപേക്ഷിക്കുന്നതു ശരിയാണോ? ഇതിലെ ദൈവനീതിയെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?നഷ്ടപ്പെട്ടുപോയ കുഞ്ഞാടിനെ തിരികെകൊണ്ടുവരാൻ കൂട്ടിലുള്ള ഇടവകജനത്തെ ഉപേക്ഷിക്കുന്നതു ശരിയല്ല. നഷ്ടപ്പെട്ടുപോയ ആടിന്റെ ഉപമയായിരിക്കുമല്ലോ ഈ ചോദ്യത്തിന്റെ പശ്ചാത്തലം. ഓരോ ഉപമയ്ക്കും ഒരു ശ്രദ്ധാകേന്ദ്രമുണ്ട്. മറ്റു ചോദ്യങ്ങൾക്ക് അവിടെ പ്രസക്തിയില്ല. ഈ ഉപമയിലെ ഊന്നൽ നഷ്ടപ്പെട്ട ഒരാടിനെ തേടിപ്പോകാനുള്ള ഇടയന്റെ സന്മനസ്സിലും ഹൃദയവിശാലതയിലുമാണ്.
നഷ്ടപ്പെട്ട ആട് ആ ഇടയന് വിലപ്പെട്ടതാണ്. അതിനെ ഉപേക്ഷിക്കാൻ അയാൾ തയ്യാറല്ല. അതാണ് ഈ ഉപമയിൽ ഈശോ ഊന്നിപ്പറയുന്നത്. മറ്റു ചോദ്യങ്ങൾ ചോദിച്ച് ഉപമയുടെ കേന്ദ്രബിന്ദുവിൽനിന്നും മാറിപ്പോകരുത്. ഉപമകൾ എപ്പോഴുംഏക കേന്ദ്രീകൃത സാഹിത്യരൂപമാണ്. പാപികളോടുള്ള ദൈവത്തിന്റെ സ്‌നേഹം ഉദാഹരിക്കുക എന്നതുമാത്രമാണ് നഷ്ടപ്പെട്ട ആടിന്റെ ഉപമയുടെ ലക്ഷ്യം.