വി. യോഹന്നാൻ എഴുതിയ സുവിശേഷം-10

0
567

(യോഹ 5,1-47)
യോഹന്നാൻ സുവിശേഷകൻ 5 മുതൽ 10 വരെയുള്ള അദ്ധ്യായങ്ങളിൽ ഈശോയ്ക്ക്യഹൂദരുടെഭാഗത്തുനിന്നു ലഭിച്ച പ്രതികൂല പ്രത്യുത്തരത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. യഹൂദരുടെ തിരുനാളുകളുടെ പശ്ചാത്തലത്തിലാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. യോഹ 1,17 ൽപറയുന്ന ‘മാറ്റിസ്ഥാപിക്കൽ’ (”നിയമം മോശവഴി നല്കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, ഈശോമിശിഹാവഴി ഉണ്ടായി”) എങ്ങനെ നടക്കുന്നു എന്ന് ഈ സുവിശേഷഭാഗം വ്യക്തമാക്കുന്നു. സാബത്ത് (യോഹ 5), പെസഹാത്തിരുനാൾ (യോഹ 6),
കൂടാരത്തിരുനാൾ (യോഹ 7-9), പ്രതിഷ്ഠാത്തിരുനാൾ (യോഹ 10) എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പുനസ്ഥാപനങ്ങൾ നടക്കുന്നത്. തിരുനാളുകളുടെ പഴയനിയമവായനകളുമായി ബന്ധപ്പെട്ട വിഷയങ്ങളും, തിരുനാളുകളുടെ കർമ്മങ്ങളും പ്രതീകങ്ങളും പശ്ചാത്തലങ്ങളായി സ്വീകരിച്ചുകൊണ്ടാണ് ഈശോയുടെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും ഈ ഭാഗത്ത് സുവിശേഷകൻ അവതരിപ്പിക്കുന്നത്.
ഗലീലിയിലെ ബേത്‌സഥാ കുളക്കരയിൽ 38 വർഷങ്ങളായി തളർവാതം പിടിപെട്ടു രോഗിയായി കഴിയുന്ന മനുഷ്യന്റെ അടുത്തേക്ക് ഈശോ കടന്നുചെല്ലുന്നു. ബേത്‌സഥാ കുളത്തിൽ ഇടയ്ക്കിടയ്ക്ക് ഉറവകൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇവയ്ക്ക് ഔഷധഗുണമുണ്ടായിരുന്നു എന്ന വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ രോഗികൾ അവിടെ കിടന്നിരുന്നു. ”സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ?” (5,6) എന്ന ചോദ്യവുമായി ഈശോ അയാളെ സമീപിച്ചപ്പോൾ, തളർവാതരോഗി തന്റെ നിസ്സഹായാവസ്ഥ ഏറ്റുപറയുന്നു (5,7). ”എഴുന്നേറ്റു കിടക്കയുമെടുത്തു നടക്കുക” (5,8) എന്നു പറഞ്ഞുകൊണ്ട് ഈശോ അയാളെ സുഖപ്പെടുത്തുന്നു. സാബത്തുദിവസം കിടക്കയുമെടുത്തു നടന്നതിന്റെ പേരിൽ യഹൂദർ അയാളെ കുറ്റപ്പെടുത്തിയപ്പോൾ അതിന്റെ ഉത്തരവാദിത്വം അയാൾ ഈശോയിൽ ആരോപിക്കുന്നു. ഈശോ അവനോടു പറയുന്നു: ”ഇതാ നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതൽ മോശമായതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്” (5,14). ഈശോ പാപവിമോചകനാണ് എന്നതിന്റെ അടയാളമാണ് ഈ അത്ഭുതം. പാപവിമോചനത്തിലൂടെ ജീവൻ നല്കുന്നവനായി ഈശോസ്വയംവെളിപ്പെടുത്തുന്നു. മാത്രമല്ല, സാബത്തിലും തന്റെ രക്ഷാകരപ്രവർത്തനം തുടരുന്ന ദൈവത്തിന്റെ ജോലിതന്നെയാണ് താൻ ചെയ്യുന്നതെന്നും (5,17) ഈശോ ഇവിടെ അവകാശപ്പെടുകയും ചെയ്യുന്നു.
ദൈവത്തിന്റെ ജോലിയാണ് താൻ ചെയ്യുന്നതെന്ന പ്രസ്താവനയെ എതിർത്ത യഹൂദരോട്, പിതാവുമായുള്ള തന്റെ തുല്യതയും ഐക്യവും തെളിയിച്ചുകൊണ്ട് ഈശോ നടത്തുന്ന സംവാദപരമായ പ്രഭാഷണമാണ് ഈ സുവിശേഷഭാഗം. ഈ പ്രഭാഷണത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാം: 1. പിതാവും പുത്രനും തമ്മിലുള്ള തുല്യതയും ഐക്യവും (5,19-30); 2. മിശിഹായുടെ സാക്ഷികളും അവിശ്വസിക്കുന്ന യഹൂദരും (5,31-40).
1. പിതാവും പുത്രനും തമ്മിലുള്ള തുല്യതയും ഐക്യവും (5,19-30): ഈ സംവാദപ്രഭാഷണത്തിന്റെ പ്രധാനപ്രമേയം ഈശോയും പിതാവും തമ്മിലുള്ള സമത്വവും ഐക്യവുമാണ്. ജോലിയിലാണ് അവർ തമ്മിലുള്ള സമത്വം സമർത്ഥിക്കുന്നത് (5,19). സ്‌നേഹത്തിലുള്ള ഐക്യമാണ് ജോലിയിലുള്ള ഐക്യത്തിന് അടിസ്ഥാനം (5,20). രണ്ടുപേരും ചേർന്ന് ചെയ്യുന്ന ജോലി മനുഷ്യർക്കു ‘ജീവൻ നല്കുക’ എന്നതാണ് (5,21). ജീവൻ നല്കുവാനധികാരമുള്ളതുകൊണ്ട് വിധിക്കാനുള്ളഅധികാരവും പുത്രനുണ്ട് (5,22). കാരണം,’വിധി’ എന്നു പറയുന്നത്, ജീവനോ മരണമോ എന്ന് നിശ്ചയിക്കുവാനുള്ള അധികാരമാണ്. പുത്രന് പിതാവിനോട് ജോലിയിലും തുല്യതയുള്ളതുകൊണ്ട് പിതാവും പുത്രനും ഒരുപോലെ ആദരവർഹിക്കുന്നു (5,23). ഈ ജീവൻ ലഭിക്കുന്നതിനുള്ള വ്യവസ്ഥ വിശ്വാസവും വചനസ്വീകരണവുമാണ് (5,24). ഈ ജീവൻഈലോകത്തിൽത്തന്നെഅനുഭവവേദ്യമാകുന്നതും അന്ത്യാത്മകവുമാണ് (5,25-29).
2. മിശിഹായുടെ സാക്ഷികളും അവിശ്വസിക്കുന്ന യഹൂദരും (5,31-47): പിതാവുമായുള്ള തന്റെ ഐക്യത്തിനും തുല്യതയ്ക്കും ആധികാരികത നല്കുവാൻ ഈശോ ഏഴു സാക്ഷികളെ അവതരിപ്പിക്കുന്നു. ഏഴ് പൂർണതയുടെ സംഖ്യയാണല്ലോ. ഈശോ സ്വയം നല്കുന്ന സാക്ഷ്യംതന്നെയാണ് ഒന്നാമത്തേത് (5,31). രണ്ടാമതായി വേറൊരാളുണ്ട്. അവന്റെ സാക്ഷ്യം സത്യമാണെന്ന് ഈശോയ്ക്കറിയാം (5,32). അത് ഈശോയെ അയച്ച ദൈവംതന്നെയാകാം. മൂന്നാമത്തെ സാക്ഷി, സത്യത്തിനു സാക്ഷ്യംവഹിക്കാൻ വന്ന സ്‌നാപക
യോഹന്നാനാണ് (5,33-35). യോഹന്നാന്റെ പക്കൽ ഔദ്യോഗികമായി അയയ്ക്കപ്പെട്ട
വരുടെ മുമ്പിൽ യോഹന്നാൻ ഈശോയ്ക്കു സാക്ഷ്യം വഹിച്ചെങ്കിലും അവർ വിശ്വസിച്ചില്ല (യോഹ 1,19-28). നാലാമത്തെ സാക്ഷി ഈശോയുടെ പ്രവൃത്തികൾ
തന്നെയാണ് (5,36). തന്റെ അത്ഭുതങ്ങളെ പ്രവൃത്തികളെന്നാണ് ഈശോ വിശേഷിപ്പിക്കുന്നത്. അഞ്ചാമത്തെ സാക്ഷി ഈശോയെ അയച്ച പിതാവുതന്നെയാണ് (5,37-38). ദൈവവുമായി മല്പിടുത്തം നടത്തിയ യാക്കോബിന്റെ മക്കളായിട്ടും ഇസ്രായേൽക്കാർക്ക് ശരിയായ ദൈവാനു
ഭവമില്ല എന്ന് ഈശോ സൂചിപ്പിക്കുന്നു. അതുകൊണ്ട് അവർ അവിശ്വാസികളായി തുടരുന്നു. ആറാമത്തെ സാക്ഷിയായി ഈശോഅവതരിപ്പിക്കുന്നത് വിശുദ്ധ ലിഖിതങ്ങളാണ് (5,39). ഏഴാമത്തെ സാക്ഷി മൂശെതന്നെയാണ് (5,46). ഇപ്രകാരം പൂർണതയിലുള്ള സാക്ഷ്യമുണ്ടായിട്ടും വിശ്വസിക്കാൻ കഴിയാത്തതിന് രണ്ടു കാരണങ്ങളാണ് ഈശോ ചൂണ്ടിക്കാണിക്കുന്നത്. 1. അവരിൽ ദൈവസ്‌നേഹമില്ല (5,42);
2. അവർ ദൈവമഹത്ത്വം തേടാതെ മനുഷ്യമഹത്ത്വം തേടുന്നു (5,44).
ചോദ്യങ്ങൾ
1. യോഹ 5 മുതൽ 10 വരെയുള്ള അദ്ധ്യായങ്ങളുടെ വിഷയവും അവതരണത്തിന്റെ പ്രത്യേകതകളും എന്ത്?
2. യോഹ 5,1-18 ൽ തളർവാതരോഗിക്ക് സൗഖ്യം നല്കുന്ന അത്ഭുതം ഈശോ ആരാണെന്നാണ് വെളിപ്പെടുത്തുന്നത്?
3. സംവാദപ്രഭാഷണത്തിന്റെ ആദ്യഭാഗത്ത് (5,19-30) ഈശോ പിതാവിനോടുള്ള തന്റെ തുല്യതഎപ്രകാരമാണ് സ്ഥാപിക്കുന്നത്?
5. സംവാദപ്രഭാഷണത്തിന്റെ രണ്ടാം ഭാഗത്ത് (5,31-47) തന്റെ സാക്ഷികളായി ആരെയെല്ലാമാണ് ഈശോ അവതരിപ്പിക്കുന്നത്? ഇത്രയും സാക്ഷികളുണ്ടായിട്ടും യഹൂദർ വിശ്വസിക്കാഞ്ഞതിന്റെ കാരണമെന്ത്?