നിക്ഷേപഗ്ഗളുടെ ഗുഹ (മ്അറാത്ത് ഗസ്സേ – 6വേ C)

0
589

ഉള്ളടക്കംകൊണ്ടും പേരുകൊണ്ടും വായനക്കാരിൽ ഏറെ കൗതുകം ജനിപ്പിക്കുന്ന, 6-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു സുറിയാനി അപ്പോക്രിഫൽ ഗ്രന്ഥമാണ്
നിക്ഷേപങ്ങളുടെ ഗുഹ (മ്അറാത്ത് ഗസ്സേ /
Cave of Treasures). എദേസായിലോ, നിസിബിസിലോ ഉണ്ടായിരുന്ന പാശ്ചാത്യസുറിയാനി പാരമ്പര്യത്തിൽപെട്ട ഏതോ ഒരു അജ്ഞാതവ്യക്തിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. സുറിയാനി ഭാഷയോടും താൻ ഉൾപ്പെടുന്ന സുറിയാനി സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശകരമായ സ്‌നേഹം ഈ കൃതിയിൽ പ്രകാശിപ്പിക്കപ്പെടുന്നുണ്ട്. സുറിയാനിഭാഷയെക്കുറിച്ച് അദ്ദേഹം നടത്തുന്ന ഒരു പ്രസ്താവന ഏറെ ശ്രദ്ധേയമാണ്: ”ആദംമുതൽ ഇന്നുവരെ അവർക്കെല്ലാം ഒറ്റ ഭാഷണവും ഒറ്റ ഭാഷയുമായിരുന്നു. അവരെല്ലാം ഈ ഭാഷ അതായത് സുറിയാനി അഥവാ അറമായ ആണ് സംസാരിച്ചിരുന്നത്. ഈ ഭാഷ ഭാഷകളുടെ രാജാവാണ്. എബ്രായഭാഷയാണ് ആദ്യത്തെ ഭാഷയെന്ന് കരുതിയിരുന്ന ആദ്യത്തെ എഴുത്തുകാർക്ക് തെറ്റുപറ്റിയിരിക്കുന്നു. ലോകത്തിലുള്ള എല്ലാ ഭാഷകളും സുറിയാനിയിൽനിന്ന് ഉത്ഭവിക്കുന്നു. ഗ്രന്ഥങ്ങളിലുള്ള എല്ലാ ഭാഷകളും സുറിയാനിയിൽ കലർന്നിരിക്കുന്നു’. ഗ്രന്ഥകർത്താവിന്റെ അഭിപ്രായ
ത്തിൽ കർത്താവിന്റെ സ്ലീവായിൽ പീലാത്തോസ് സ്ഥാപിച്ച ലിഖിതം ഗ്രീക്ക്, ലത്തീൻ, ഹീബ്രുഭാഷകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു; കാരണം സുറിയാനിക്കാർക്ക് കർത്താവിന്റെ സ്ലീവാമരണത്തിൽ യാതൊരു പങ്കാളിത്തവുമില്ലായിരുന്നു.
ലോകസൃഷ്ടിമുതൽ പന്തക്കുസ്താവരെയുള്ള വിശുദ്ധഗ്രന്ഥചരിത്രം സഭയുടെ വിശ്വാസത്തിന്റെ പ്രതിഫലനമെന്നനിലയിൽ പുനരാഖ്യാനപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് ഗ്രന്ഥകർത്താവ് നല്കിയിരിക്കുന്ന പേര് ‘ആദംമുതൽ മിശിഹാവരെയുള്ള തലമുറകളുടെ പിന്തുടർച്ചയുടെ ക്രമം’ എന്നാണ്. പക്ഷേ, പറുദീസായിൽനിന്ന് പുറത്താക്കപ്പെട്ട ആദത്തിന്റെയും ഹവ്വായുടെയും വാസസ്ഥാനമായി കരുതപ്പെട്ടിരുന്ന ഒരു ഐതിഹാസികഗുഹയെ കേന്ദ്രീകരിച്ചുള്ള രസകരമായ വിവരണങ്ങൾ ഈ കൃതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ
‘നിക്ഷേപങ്ങളുടെ ഗുഹ’ എന്ന പേരിലാണ് ഈഗ്രന്ഥത്തിന് പ്രചാരം ലഭിച്ചിരിക്കുന്നത്.
വിശുദ്ധഗ്രന്ഥത്തിന്റെ കാനോനിക ഏടുകളിൽ പറഞ്ഞിട്ടില്ലാത്ത പുതുമയേറിയ പലവിവരണങ്ങളും ഉൾപ്പെടുത്തിമിശിഹാ,ആദത്തിന്റെപിൻതലമുറക്കാരനാണെന്നും അവന്റെ രക്ഷാകരപദ്ധതിയുടെ നിഴലുകൾ പ്രതീകങ്ങളായി പഴയനിയമത്തിൽ നിറഞ്ഞു
നില്ക്കുന്നുവെന്നും സ്ഥാപിക്കുവാൻ ഗ്രന്ഥകർത്താവ് കിണഞ്ഞുപരിശ്രമിക്കുന്നു. പറുദീസായിൽനിന്നു പുറത്താക്കപ്പെട്ട ആദവും ഹവ്വായും അതിനു സമീപമുള്ള ഒരു ഗുഹയിലാണ് താമസിച്ചിരുന്നത്.
പറുദീസായുടെ മലനിരകളിൽനിന്നു ലഭിച്ച സ്വർണവും കുന്തിരിക്കവും മീറയും ശേഖരിച്ച് ഈ ഗുഹയിൽ നിക്ഷേപിച്ചശേഷം ആദം തന്റെ മക്കൾക്കുള്ള പ്രാർത്ഥനാഭവനമായി അതിനെ ആശീർവദിച്ച് ‘മ്അറാത്ത് ഗസ്സേ’ (നിക്ഷേപങ്ങളുടെ ഗുഹ) എന്ന പേര്
അതിന് നല്കി. ഈ ഗുഹയിൽ ആദവും ഹവ്വായും ദൈവത്തിന്റെ സ്‌നേഹപരിചരണങ്ങളുടെ മാധുര്യം ഏറെ അനുഭവിച്ചു. ദൈവം ആദത്തെ നാഗരികതയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു. ആദം തന്റെ മക്കളോടും പിൻതലമുറക്കാരോടുമൊപ്പം ദീർഘകാലം തങ്ങളുടെ ആരാധനാസ്ഥലവും,നിക്ഷേപാലയവും, കബറിടവുമൊക്കെയായ ഈ ഗുഹയിൽ കഴിഞ്ഞു. തന്റെ മരണശേഷം ആദം അടക്കപ്പെട്ടതും ഈ ഗുഹയി
ലാണ്. പിന്നീട് നോഹ ആദത്തിന്റെ ശരീരം തന്റെ പേടകത്തിലാക്കി ഓറശ്‌ളേമിലേക്ക് കൊണ്ടുവന്നു; ഓറശ്‌ളേമിലെ ഭൂമി വായ പിളർന്ന് ആ ശരീരം സ്വീകരിച്ചു. ആദത്തിന്റെ ശരീരം കബറടക്കപ്പെട്ട അതേ സ്ഥലത്താണ് ഗാഗുൽത്തായിൽ കർത്താവിന്റെ സ്ലീവാ സ്ഥാപിക്കപ്പെട്ടത്. സ്ലീവായിൽ കിടന്നിരുന്ന ഈശോയുടെ കുത്തിതുറക്കപ്പെട്ട തിരുവിലാവിൽനിന്ന് ഒഴുകിയ രക്തം ആദത്തിന്റെ കബറിടത്തിൽ വീഴുകയും അയാൾ ജീവനുള്ളവനാകുകയും, തിരുവിലാവിൽനിന്ന് ഒഴുകിയ ജലത്തിൽ അയാൾ മാമ്മോദീസാ സ്വീകരിക്കുകയും ചെയ്തു.
പുതിയനിയമ യാഥാർത്ഥ്യങ്ങളുടെ
നിഴലുകൾ പഴയനിയമത്തിൽ കണ്ടെത്താ
നുള്ള ഗ്രന്ഥകർത്താവിന്റെ ശ്രമങ്ങളും ശ്രദ്ധേയമാണ്. ആദം പുരോഹിതനും, പ്രവാചകനും, രാജാവുമായി ശുശ്രൂഷ ചെയ്തിരുന്ന ഏദേൻ തോട്ടം പരിശുദ്ധ സഭയുടെയും, ജീവന്റെ വൃക്ഷം മിശിഹായുടെ സ്‌ളീവായുടെയും പ്രതീകങ്ങളാണ്. ആദം ദൈവത്തിന് ബലി അർപ്പിച്ചിരുന്നതും നിക്ഷേപങ്ങളുടെ ഗുഹയിലായിരുന്നു. കായേനും ആബേലും ബലിയർപ്പിച്ചപ്പോൾ ആദ്യ പുരോഹിതനായ ആദം സന്നിഹിതനായിരുന്നു. സഹോദരനാൽ വധിക്കപ്പെട്ട ആബേലിന്റെ മൃതശരീരം ആദം തന്റെ ഗുഹയിൽ സൂക്ഷിച്ചുവച്ചു. അതിനരുകിൽ ആദം കത്തിച്ചുവച്ച വിളക്ക് മദ്ബഹായിലെ കെടാവിളക്കിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു. യാക്കോബിന്റെ കോവണി മിശിഹായുടെ സ്‌ളീവായാണ്; അതിലുണ്ടായിരുന്നവർ സ്‌ക്കറിയായും, മറിയവും, രാജർഷികളും, ആട്ടിടയരുമായിരുന്നു. യാക്കോബിന്റെ കിണർ മാമ്മോദീസായുടെയും, അദ്ദേഹം പ്രതിഷ്ഠിച്ച കല്ല് മദ്ബഹായുടെയും പൂർവ്വരൂപങ്ങളാണ്. ഈശോയുടെ തുന്നൽ കൂടാതെ നെയ്ത അങ്കി സഭയുടെ യഥാർത്ഥ വിശ്വാസത്തിന്റെ പ്രതീകമാണ്. മർത്ത്യരുടെ മാതാവായ ഹവ്വാആദത്തിന്റെ വിലാവിൽനിന്ന് പുറപ്പെട്ടു; അമർത്ത്യരുടെ മാതാവായ മാമ്മോദീസാ ഈശോയുടെ വിലാവിൽനിന്ന് പുറപ്പെട്ടു.
മിശിഹാസംഭവങ്ങളുടെ ആഘോഷവേദിയായ സഭയുടെ മടിത്തട്ടിലിരുന്ന് പഴയനിയമഗന്ഥം വായിക്കുന്ന ഒരു വിശ്വാസിക്ക്അതിലെല്ലായിടത്തും മിശിഹായെ ദർശിക്കുവാൻ കഴിയുമെന്ന് ‘നിക്ഷേപങ്ങളുടെ ഗുഹ’ നമ്മെ പഠിപ്പിക്കുന്നു. ചുരുക്കത്തിൽ കഥയുടെയും നോവലിന്റെയുമൊക്കെ ശൈലിയിൽ സരളമായി രചിക്കപ്പെട്ടിരിക്കുന്നെങ്കിലും ‘നിക്ഷേപങ്ങളുടെ ഗുഹ’യിൽ ഒന്നാം ആദത്തിന്റെ പിൻതുടർച്ചക്കാരുടെ സമ്പാദ്യങ്ങൾ മാത്രമല്ല, മറിച്ച് രണ്ടാം ആദമായ ഈശോയുടെ പിൻതുടർച്ചയായ സഭയുടെ വിശ്വാസദർശനങ്ങളുടെയും അനർഘ നിക്ഷേപങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.