നമ്മുടെ നന്മയെ ചൂഷണം ചെയ്യാൻ അനുവദിക്കരുത്‌

0
626

ചെറിയ ഒരിടവേളക്കു ശേഷം കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഭരണം കൈയാളൂന്ന പ്രത്യയശാസ്ത്ര പാർട്ടി ഒരുവശത്തും മറ്റു പാർട്ടികൾ മറുവശത്തുമായാണ് എല്ലായ്‌പ്പോഴും തന്നെ അക്രമങ്ങൾ ഉണ്ടാകുന്നത്. ആശയത്തെ ആശയം കൊണ്ട് എതിർക്കാൻ സാധിക്കാത്തപ്പോഴാണ്കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടാകുന്നത് എന്നൊക്കെ നേതാക്കന്മാരും പാർട്ടി ബുദ്ധിജീവികളും ചാനൽ ചർച്ചകളിൽ വാചകമടിക്കുമെങ്കിലും ഒരു കക്ഷിക്കും പ്രത്യേക ആശയങ്ങൾ ഉള്ളതായി സാധാരണജനങ്ങൾകരുതുന്നില്ല. തങ്ങളെഎതിർക്കുന്നവരെല്ലാംകൊല്ലപ്പെടേണ്ടവരാണെന്ന ‘ഉന്മൂലന സിദ്ധാന്തം’ മാത്രമാണ് ഇവരെല്ലാം മുന്നോട്ടു വയ്ക്കുന്ന’ആശയം’എന്ന്പൊതുജനംമനസ്സിലാക്കുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടുകയും മതവിശ്വാസങ്ങളെയും ദൈവങ്ങളെയും പോലുംഅവഹേളിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രക്കാർ തങ്ങളുടെ വിഗ്രഹമായ നേതാ
വിനെ മറ്റൊരു പാർട്ടിക്കാരൻ വിമർശിച്ചപ്പോൾ ഉണ്ടാക്കിയ പുകിലുകൾ കേരള സമൂഹം കണ്ടതാണല്ലോ. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ക്രൈസ്തവർ ഉൾപ്പെടെയുള്ള ചിലരെ മാത്രം അവഹേളിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് ചിലരെങ്കിലും ഇപ്പോൾ തിരിച്ചറിയുന്നുണ്ടാവും. അടുത്തിടെയുണ്ടായ രാഷ്ട്രീയ കൊലപാതകത്തിൽ കൊല്ലപ്പെട്ടതും കൊലയാളികളായി പിടിക്കപ്പെട്ടതും മുപ്പതു വയസ്സിൽതാഴെപ്രായമുള്ളചെറുപ്പക്കാരാണെന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. വീടിനും
നാടിനും സമ്പത്തായി മാറേണ്ട യൗവനത്തിൽ ജീവിതം നശിപ്പിക്കപ്പെട്ടു പോകുന്നവർ സാധാരണക്കാരായ പാർട്ടിപ്രവർത്തകരാണ്. നേതാക്കളും അവരുടെ മക്കളും സസന്തോഷം ജീവിതം ആസ്വദിക്കുമ്പോൾ അണികൾ ഈയാം പാറ്റകളെപ്പോലെ പിടഞ്ഞു വീഴുന്നു. നേതാക്കളുടെ മക്കൾ കോടികളിട്ട് അമ്മാനമാടുകയും സുഖലോലുപ ജീവിതം നയിക്കുകയും ‘ബുർജ് ഖലീഫയ്ക്കു’ മുന്നിൽ നിന്ന് ഫേസ്ബുക്ക് ലൈവ് നൽകി ഞെളിയുകയും ചെയ്യുമ്പോൾ അണികൾ ‘കോടിപുതച്ച്’ കിടക്കപ്പെടുന്നു. കൊല്ലാൻ ക്വൊട്ടേഷൻ എടുത്തവർ കുറച്ചു കാലം ഒളിവിൽ കഴിയുകയും പിന്നെ അഴിക്കുള്ളിലാവുകയും ചെയ്ത ശേഷം മറുപക്ഷത്തിന്റെ പ്രതികാരത്തിന് ഇരയാവുകയും ചെയ്യുന്നു.
നേതാക്കൾക്കെതിരേ അഴിമതിയാരോപണങ്ങൾ ഉയരുമ്പോൾ മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചു വിടാൻ രാഷ്ട്രീയ കൊലപാതകങ്ങൾ മനഃപൂർവ്വം ആസൂത്രണം ചെയ്യപ്പെടുന്നതാണോയെന്നു
പോലും സംശയിക്കേണ്ടിയിരിക്കുന്നു. ചൂടൻ
വാർത്തകൾക്കു പുറകെ പോവുകയും കുറച്ചു സെൻസേഷൻ ഉണ്ടാക്കുകയും ചെയ്യുക എന്നതിനപ്പുറം മാധ്യമങ്ങൾ ക്രിയാത്മകമായി സമൂഹത്തിൽ പ്രവർത്തിക്കുന്നില്ലായെന്നു പറയേണ്ടിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ കണ്ണും കാതും ജിഹ്വയുമാകേണ്ട മാധ്യമങ്ങൾ മൂന്നാംകിട സിനിമയുടെ പാട്ടുസീനിൽ നടി കണ്ണിറുക്കിയതിന്റെ വിശേഷങ്ങളും അതിനു കിട്ടിയ ‘ലൈക്കുകളും’ ‘വൈറൽ’ ആക്കാനുള്ള ശ്രമത്തിൽ സമൂഹത്തെ ബാധിക്കുന്നപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മറന്നുപോകുന്നു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ആലസ്യത്തിൽ അമരുമ്പോൾ അതു മുതലെടുക്കാൻ മനുഷ്യാവകാശത്തിന്റെ മുഖം മൂടിയണിഞ്ഞ ചില വിധ്വംസക ശക്തികളും രംഗത്തുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഓരോ പൗരനും
വളരെയേറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്. നിസ്സാരമായ പ്രശ്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും പോലും ‘സോഷ്യൽ മീഡിയ’ ആക്ടിവിസം എന്നൊക്കെ ഓമനപ്പേരിട്ടു വിളിച്ച് ജനാധിപത്യ വിരുദ്ധ ബോധം സമൂഹത്തിൽ കുത്തിവെയ്ക്കാൻ ചില സംഘടനകൾ വളരെയധികം ശ്രമിക്കുന്നുണ്ട്. അത്തരം വിധ്വംസക ശക്തികൾ ജനകീയ സമരങ്ങളിൽ നുഴഞ്ഞു കയറി തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്.
ഇത്തരം ശക്തികളുടെ പ്രധാനലക്ഷ്യം ക്രൈസ്തവ സമൂഹത്തെ നശിപ്പിക്കുക എന്നതാണെന്നു സംശയിക്കാൻ തക്കവിധം പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ക്രൈസ്തവ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുള്ള വ്യാജപ്രചരണങ്ങളും അക്രമങ്ങളും സമീപകാലത്ത് കേരളത്തിൽ വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തരം ജില്ലയിലെ ഒരു സ്‌കൂളിൽ വാർഷികാഘോഷം അലങ്കോലപ്പെടുത്തുകയും കന്യാസ്ത്രീകളെ മർദ്ദിക്കുകയും ചെയ്ത അക്രമത്തിൽ നേതൃത്വം നൽകിയ സംഘടനയുടെ പേരു പറയാൻ പോലും മാധ്യമങ്ങൾക്കു ഭയമായിരുന്നുവെന്നത്നമ്മെഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. നഴ്‌സുമാരുടെ സമരത്തിന്റെ മറവിൽ സഭയെ അവഹേളിക്കാനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടരുന്നുണ്ട്. സഭയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഹോസ്പിറ്റലിനെതിരേ നടന്ന സമരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ടോയ്‌ലറ്റ് തുറന്നു നൽ
കിയില്ലെന്ന ആരോപണവുമായി സമീപത്തെ പള്ളിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയും സഭയെയും പുരോഹിതരെയും അവഹേളിക്കുകയും ചെയ്തത് നഴ്‌സുമാരുടെ സംഘടനയുടെ പ്രവാസി വിഭാഗത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു. ക്രൈസ്തവ നാമധാരികളായ ഒട്ടേറെപ്പേർ അതു ‘ഷെയർ’ ചെയ്യുകയും സഭയെ പുലഭ്യം പറഞ്ഞ് ‘കമന്റുകൾ’ ഇടുകയും ചെയ്തു. സമരക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കേണ്ടത് സമീപത്തെ ക്രിസ്ത്യൻ പള്ളിയുടെ മാത്രം ബാധ്യതയാകുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കാൻ ക്രൈസ്തവരായ നഴ്‌സുമാർക്കുപോലും സാധിക്കുന്നില്ലായെന്നത് അവർ എത്രമാത്രം മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ടു എന്നതിന്റെ തെളിവാണ്. സമീപത്തെ അമ്പലത്തിനോ മോസ്‌ക്കിനോ സ്‌കൂളുകൾക്കോ വീടുകൾക്കോ സമരത്തിനിറക്കിയ സംഘടനക്കോ ഇല്ലാത്ത എന്ത് ഉത്തരവാദിത്തമാണ് ഇക്കാര്യത്തിൽ ക്രിസ്ത്യൻ പള്ളിക്ക് ഉണ്ടാകേണ്ടത്? ദിവസങ്ങളായിസമരംചെയ്യുന്നവർപ്രാഥമികാവശ്യങ്ങൾക്കായി പള്ളിയോടനുബന്ധിച്ചുള്ള ടോയ്‌ലറ്റകളാണ് ഉപയോഗിച്ചിരുന്നതെന്നും കൂടുതൽ സമരക്കാർ എത്തുന്നതിനാലാണ് പ്രധാനസമരം നടന്ന ദിവസം ടോയ്‌ലറ്റകൾ അടച്ചിട്ടതെന്നുമാണ് അറിയാൻ സാധിച്ചത്. കുറച്ചുപേർക്ക് മാനുഷിക പരഗണനയുടെ പേരിൽ നൽകിയ മൗനാനുവാദമാണ് ഈ പ്രശ്‌നത്തിനിടയായത്. ആദ്യമേതന്നെ അത് അനുവദിക്കാൻ പാടില്ലായിരുന്നു. പള്ളിപ്പരിസരത്തുള്ളത് പൊതു ടോയ്‌ലറ്റ് അല്ലല്ലോ. സമീപത്തുള്ള ബസ് സ്റ്റാൻഡിലെയോ റയിൽവേ സ്റ്റേഷനിലെയോ പൊതു ടോയ്‌ലറ്റുകൾ സമരക്കാർക്ക് ഉപയോഗിക്കാമെന്നിരിക്കേ പള്ളിയുടെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവദിക്കാൻ പാടില്ലായിരുന്നു.
പൊതു സമൂഹത്തിൽ ജീവിക്കമ്പോൾ വിവേകത്തോടെ പ്രവർത്തിക്കുവാൻ നമുക്ക് സാധിക്കണം. ക്ഷമയുടെ പേരിൽ കേസുകൾ ഒത്തുതീർപ്പാക്കുക, മാനുഷിക പരിഗണനയുടെ പേരിൽ അനാവശ്യവും അനർഹവുമായ സഹായങ്ങൾ നൽകുക എന്നതൊക്കെ പലപ്പോഴും ഒഴിവാക്കപ്പെടേണ്ടതാണ്. നമ്മുടെ നന്മയെ ചൂഷണം ചെയ്ത് വളരാൻ തിന്മയെ അനുവദിക്കരത്. പൊതുവിഷയങ്ങളിൽ ഇടപെടുന്ന സഭാതനയർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്. കോടികളുടെ ബാങ്ക് തട്ടിപ്പിനേക്കാൾ വലിയ പ്രാധാന്യം ചെറുകിട കർഷക സംഘങ്ങളുടെ വായ്പാകുടിശികയുടെ കാര്യത്തിൽ ചില ചാനലുകൾ വാർത്തകളിൽ നൽകുന്ന പശ്ചാത്തലത്തിലാണ്ഇതെഴുതുന്നത്.വിവേകത്തോടെയും ജാഗ്രതയോടെയും വർത്തിക്കാൻ മിശിഹാ നമ്മെ അനുഗ്രഹിക്കട്ടെ.

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.