ഭാരതകമാകെ അജപാലന – പ്രേഷിത പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം – 3

സഭാവിജ്ഞാനീയത്തിൽ സഭ ഏറെ മുന്നോട്ടു പോയ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞനൂറ്റാണ്ട്. Ratzinger, Henri de Lubac, Karl Rahner, Congar, Balthasar തുടങ്ങിയവരെല്ലാം ഈ രംഗത്ത് മികച്ച സംഭാവനകൾ നൽകി. സഭൈക്യത്തെക്കുറിച്ചുള്ള ചർച്ചകളും സഭകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു. സഭ ഒരു കൂട്ടായ്മയാണെന്ന കാര്യം ഊന്നിപ്പറയാൻ കാർഡിനൽ റാറ്റ്‌സിങ്ങറെപ്പോലെയുള്ളവർ ശ്രദ്ധിച്ചു. പക്ഷേ അക്കാര്യം ഭാരതത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെന്നു തോന്നുന്നു.
സീറോ മലബാർ സഭയിൽ സ്വത്വബോധം ഏറെ നഷ്ടമായി എന്നു
നേരത്തെ സൂചിപ്പിച്ചല്ലോ. ഇതിനൊരു മാറ്റംവരുത്താൻ തീവ്രമായ ശ്രമങ്ങൾ നടത്തിത്തുടങ്ങിയത് ബഹു. പ്ലാസിഡ് അച്ചൻ ആയിരുന്നുവെന്നു പറയാം. നമ്മുടെ സഭയുടെ സ്വത്വബോധം ഏറ്റം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഈ സഭയുടെചരിത്രം, ആരാധനക്രമം, വ്യക്തിത്വം തുടങ്ങിയ മേഖലകളിൽ വെളിച്ചം വീശി, മാതൃ സഭയുടെ സ്വത്വബോധം വളർത്താനാണ് അച്ചന്റെ ലേഖനങ്ങളും ഗ്രന്ഥങ്ങളും ഏറെ സഹായിച്ചത്. അതുപോലെ അച്ചന്റെ ശിഷ്യന്മാരും (ആ കാലത്ത് റോമിൽ പഠിച്ചിരുന്നവർ) ഈ ദൗത്യം തുടർന്നു. ബ. സേവ്യർ കൂടപ്പുഴ അച്ചൻ ചരിത്ര രംഗത്തും ബ. വെള്ളിയാനച്ചനും മണ്ണൂരാംപറമ്പിലച്ചനും
പൈങ്ങോട്ടച്ചനും പാത്തിക്കുളങ്ങര അച്ചനും
ആരാധനക്രമരംഗത്തും ബ. വെള്ളാനിക്കലച്ചൻ ദൈവശാസ്ത്ര രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകി. പിന്നീട് മറ്റുപലരും പ്ലാസിഡച്ചന്റെ പാത പിന്തുടർന്നതു സ്വത്വബോധത്തിന് ഉണർവേകി. പിതാക്കൻമാരായ A.D Mattam, Perumattam, Pallikaparampil തുടങ്ങിയവരും ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടവരാണ്.
ഇക്കാര്യത്തിൽ അത്യുന്നത കർദ്ദിനാൾടിസ്സറാങ്ങ് തിരുമേനിയുടെ പിന്തുണയും പ്രോത്സാഹനവും നമുക്കു സഹായകമായി. മലബാറിലേക്കുള്ള സീറോമലബാറുകാരുടെ കുടിയേറ്റം കഴിഞ്ഞ നൂറ്റാണ്ടിൽ വലിയൊരു സംരംഭമായിരുന്നു. മലബാർ ഭാരതപ്പുഴക്കു വടക്കായിരുന്നതുകൊണ്ടു അവർക്ക് ആവശ്യമായ അജപാലന ശുശ്രൂഷ ലഭ്യമായില്ല. അത് അക്കാലത്ത് സഭയിൽ വലിയ പ്രശ്‌നമായി. ടിസ്സറാങ്ങ് തിരുമേനി 1953 ൽ കേരളം സന്ദർശിച്ചപ്പോൾ ഇക്കാര്യം അദ്ദേഹത്തിനു നേരിട്ടു ബോധ്യമായി. അതു റോമിൽ ബോധ്യപ്പെടുത്തിയതിന്റെ ഫലമായിട്ടാണ് സീറോ മലബാർ സഭയുടെ അധികാര പരിധി വ്യാപിപ്പിച്ചത്. മലബാറിൽ പലരുടെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് തലശ്ശേരി രൂപത സ്ഥാപിതമായി. അധികം താമസിയാതെ ചങ്ങനാശ്ശേരിയുടെ അതിർത്തി കന്യാകുമാരി വരെയാക്കുകയും ചങ്ങനാശ്ശേരിയെ അതിരൂപതയായി ഉയർത്തുകയും ചെയ്തല്ലോ. വടവാതൂർ സെമിനാരി പൗരസ്ത്യസഭകൾക്കായുള്ള സെമിനാരിയായി സ്ഥാപിക്കുന്നതിനും ടിസ്സറാങ്ങു തിരുമേനി താല്പര്യമെടുത്തു. ആ സ്ഥാപനം ഏറെ നാളത്തേയ്ക്ക് പൗരസ്ത്യ സഭാവിജ്ഞാനിയത്തിന് ഊന്നൽ നൽകി. അക്കാലത്തായിരുന്നു Oriental Study Forum രൂപപ്പെട്ടത.് അതിന്റെ ആഭിമുഖ്യത്തിൽ Christian Orient എന്ന മാസികയും സെമിനാരിയിൽ നിന്ന് പിന്നീട് പ്രസിദ്ധീകൃതമായി. അവിടുത്തെ പരിശീലനം പൗരസ്ത്യസഭാ പാരമ്പര്യങ്ങൾ അറിയാനും അതോടൊത്തു ജീവിക്കാനും പലരെയും സഹായിച്ചു. ഇവരെല്ലാമാണ് പിന്നീടു സഭയുടെ പൈതൃകം വികലമാക്കാതിരിക്കാൻ വേണ്ടിയും നമ്മുടെ സഭയുടെ വ്യക്തിത്വം പ്രകടമാക്കാനും ശ്രമിച്ചത്.
ആരാധനക്രമ രംഗത്തെ ചേരിതിരിവ് ആരാധനക്രമ സംബന്ധമായ വിവാദങ്ങൾ സ്വത്വബോധത്തോടു ഗാഢമായി ബന്ധപ്പെട്ടതാണ്. ‘ആരാധനക്രമമാണ് സഭയുടെ പ്രവർത്തനം ലക്ഷ്യം വച്ചിരിക്കുന്ന അത്യുച്ചസ്ഥാനവും അതോടൊത്ത് അവളുടെ ശക്തിമുഴുവൻ നിർഗ്ഗളിക്കുന്ന ഉറവിടവും’ (SC10) എന്നു പറഞ്ഞുകൊണ്ടു വത്തിക്കാൻ കൗൺസിൽ സഭയിലെ ആരാധനക്രമത്തിന്റെ കേന്ദ്രസ്ഥാനിയത ഏറ്റുപറയുന്നുണ്ട്. മിശിഹായുടെ മണവാട്ടിയായ സഭയുടെ ഏറ്റം സമുന്നതമായ ആത്മാവിഷ്‌കാരമാണ് ആരാധനക്രമത്തിൽ സംഭവിക്കുക. സഭകളുടെ വൈവിധ്യം ആരാധനക്രമത്തിലാണ് ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയിലെ ആരാധനക്രമം ആ സഭയുടെ വ്യത്യസ്തത വ്യക്തമാക്കുന്നതുകൊണ്ടാണല്ലോ അവരെ ഒരു വ്യത്യസ്ത സഭയായി മറ്റുള്ളവർ പെട്ടെന്ന് അംഗീകരിക്കുന്നത്.
വിവിധ ആരാധനക്രമങ്ങൾ വിവിധ ശ്ലൈഹിക പാരമ്പര്യങ്ങളെയാണ് അടിസ്ഥാനമായി സ്വീകരിക്കുക. ദേശീയ സംസ്‌കാരത്തിന്റെ അംശങ്ങൾ താരതമ്യേന അപ്രധാനമാണ്. ശ്ലീഹന്മാർ ഒരേ സുവിശേഷം തന്നെ വിവിധ രൂപങ്ങളിലും ഊന്നലുകളിലൂടെയുമാണല്ലോ അവതരിപ്പിച്ചിരിക്കുന്നത്. പത്രോസും പൗലോസും വ്യത്യസ്തതകളോടെയാണ് ഒരേ സുവിശേഷം പ്രസംഗിച്ചത്. സുവിശേഷ ഗ്രന്ഥങ്ങൾ തന്നെ വ്യത്യസ്തതയോടെയാണല്ലോ എഴുതപ്പെട്ടരിക്കുന്നത്. ശ്ലൈഹിക പാരമ്പര്യം വിശ്വസ്തതയോടെ പുലർത്താനാണ് പിതാക്കന്മാർ ശ്രദ്ധിച്ചത്. സാംസ്‌കാരികാനുരൂപണത്തിനല്ല അവർ പ്രാധാന്യംനൽകിയത്. ഇന്നും വിവിധ മതസമൂഹങ്ങൾ അവരവരുടെ ആരാധനാപാരമ്പര്യത്തിന്റെ തനിമ സൂക്ഷിക്കാനാണല്ലോ ശ്രമിക്കുന്നത്.
ദേശീയ സംസ്‌കാരത്തിന്റെ അനുരൂപണം എന്നു പറയുമ്പോൾ നാം പലപ്പോഴും ശ്ലൈഹിക പാരമ്പര്യത്തിന്റെ പ്രാധാന്യം മറക്കുകയാണ്. മാത്രമല്ല അതു പലപ്പോഴും ഭൂരിപക്ഷ മതത്തിന്റെ അനുഷ്ഠാനങ്ങളും അടയാളങ്ങളുമെല്ലാം സ്വീകരിക്കുന്ന രീതിയിലാണു നിലവിൽ വരിക. ഒരു കാലത്ത് ഇവിടെ ‘ഓം’ മന്ത്രത്തിനു പ്രാധാന്യം കൊടുക്കുന്ന രീതി വന്നപ്പോൾ ഹിന്ദുക്കൾ തന്നെ അതിനെ എതിർത്തതാണ്.
മത രീതികൾ സ്വീകരിക്കുമ്പോൾ അതു മത പരിവർത്തനത്തിനാണെന്ന ആരോപണവും ഇന്ന് ഉയരുന്നുണ്ടല്ലോ. പ്രത്യേകിച്ച് ഇന്നു, തീവ്രവാദം കൊടികുത്തി വാഴുന്ന കാലത്ത്, ഇത്തരം അനുകരണഭ്രമം കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ. ഏതായാലും ദേശീയാനുകരണങ്ങൾ വളരെ ശ്രദ്ധയോടുംകരുതലോടും ശ്ലൈഹികപാരമ്പര്യത്തിനു തെല്ലും ഹാനിവരാത്ത രീതിയിലും ചെയ്യേണ്ടതാണ്. ആരാധന വിശ്വാസത്തിന്റെ ആഘോഷമാണ്. ശ്ലൈഹിക
പാരമ്പര്യമാണ് അതിലൂടെ കൈമാറേണ്ടത് എന്നുള്ള ഓർമ്മ ഈ അനുരൂപണശ്രമത്തിൽ എപ്പോഴും ഉണ്ടായിരിക്കണം. ആരാധനക്രമരംഗത്തെ ചർച്ചകൾ കൂടുതൽ വ്യക്തിത്വബോധത്തിലേക്കു നമ്മെ നയിക്കേണ്ടതായിരുന്നു. അനുകരണഭ്രമത്തിൽ നിന്നു നമ്മെ അകറ്റേണ്ടതായിരുന്നു.
പക്ഷേ നമ്മുടെയിടയിൽ ഈ രംഗത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ നമ്മുടെ സ്വത്വബോധത്തിന്റെ ശരിയായ വളർച്ചയ്ക്കു തടസ്സമായി വന്നു. ഇതിനെ നാം അതിവേഗം മറികടക്കേണ്ടതാണ്. മലങ്കര കത്തോലിക്കരെപ്പോലെ നാമും നമ്മുടെ ആരാധനാ പാരമ്പര്യം കേടുകൂടാതെ സംരക്ഷിക്കുകയാണ് വേണ്ടത്. എങ്കിലേ നമ്മുടെ സഭയുടെ വ്യക്തിത്വം അന്യർക്ക് വേണ്ട രീതിയിൽ സ്വീകാര്യമാകൂ. (തുടരും…)