മാർത്തോമ്മാ നസ്രാണി സഭാചരിത്രം -12 ഉദയമ്പേരൂർ സൂനഹദോസ് ചരിത്രപശ്ചാത്തലം

ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണിചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ്
1599-ലെ ഉദയമ്പേരൂർ സൂനഹദോസ്. ഈ സൂനഹദോസിന്റെ ചരിത്രപശ്ചാത്തലം ആദ്യം വിശകലനം ചെയ്യാം. പോർട്ടുഗീസുകാർ കേരളത്തിലെത്തിയതോടെയാണല്ലോ ഭാരതത്തിലെ മാർത്തോമ്മാനസ്രാണി സഭയ്ക്ക് ലത്തീൻ സഭയുമായി നേരിട്ട് ബന്ധം ഉണ്ടായത്. ലത്തീനിൽനിന്നും വിഭിന്നമായതിനെയെല്ലാം പാഷണ്ഡതയും ശീശ്മയുമായാണ് പോർട്ടുഗീസുകാർ വീക്ഷിച്ചത്. മാർത്തോമ്മാ നസ്രാണികൾ ലത്തീൻ റീത്തിൽ നിന്നുംവ്യത്യസ്തമായ പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യമാണ് പുരാതനകാലം മുതൽ പാലിച്ചു പോന്നത്. ഇത് തങ്ങളുടെ പൂർവ്വികർക്ക് മാർത്തോമ്മാ ശ്ലീഹായിൽ നിന്നു നേരിട്ടു ലഭിച്ചതാണെന്നും അവർ പരമ്പരാഗതമായി വിശ്വസിച്ചുപോന്നു. തനിമയാർന്ന സഭാവിശ്വാസപാരമ്പര്യത്തിൽ നിന്നും മാർത്തോമ്മാനസ്രാണികളെ അകറ്റിയാൽ ആരാധനക്രമത്തിലൂടെ പോർട്ടുഗീസുകാരുടെ ആധിപത്യത്തിൽ കൊണ്ടുവരാമെന്നും അവർ കണക്കുകൂട്ടി. ഈ ക്രിസ്ത്യാനികളെ സ്വാധീനിച്ച് വശത്താക്കിയാൽ പോർട്ടുഗലിന്റെ ആധിപത്യം ഇന്ത്യയിൽ സ്ഥാപിക്കുവാൻ സാധിക്കുമെന്ന് പോർട്ടുഗീസുകാർ കരുതിയിട്ടുണ്ടാവണം. അവരുടെ കാഴ്ചപ്പാടിൽ ഇതിനെല്ലാം വിഘാതംപൗരസ്ത്യ സുറിയാനി സഭയുമായുള്ള ഇവിടുത്തെ ക്രിസ്ത്യാനികളുടെ ബന്ധമായിരുന്നു.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ
സഭയെ സംബന്ധിച്ച പോർട്ടുഗീസ്
പദ്ധതികൾ
1. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കാനോനിക തലവനായിരുന്ന കൽദായപാത്രിയാർക്കീസിനോടും കൽദായ സഭയോടുമുള്ള ബന്ധം വിഛേദിക്കുക.
2. പൗരസ്ത്യ സുറിയാനി ഭാഷ, പൗരസ്ത്യ സുറിയാനി റീത്ത് എന്നിവ ഇല്ലാതാക്കി തൽസ്ഥാനത്ത് ലത്തീൻ ഭാഷയും ലത്തീൻ റീത്തും സ്ഥാപിക്കുക.
3. പൗരസ്ത്യ മെത്രാന്മാരുടെ ആഗമനം തടസ്സപ്പെടുത്തുക, മാർത്തോമ്മാക്രിസ്ത്യാനികളുടെ സഭാ സിംഹാസനത്തിലേയ്ക്ക് ലത്തീൻ മെത്രാന്മാരെ നിയമിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുക.
4. മാർത്തോമ്മാ നസ്രാണികളുടെ സ്വയം ഭരണാവകാശ മെത്രാപ്പോലീത്താ പദവി നിർത്തലാക്കി അതിനെ ഗോവയുടെ സാമന്ത രൂപതയാക്കി മാറ്റുക.
5. മാർത്തോമ്മാ നസ്രാണിസഭയെ പോർട്ടുഗീസ് പദ്രവാദോ ഭരണത്തിൻ കീഴിലാക്കുക.

അക്കാലത്തെ സഭാ-രാഷ്ട്രീയാധികാരികളുടെ ചില നടപടികൾ, കത്തുകൾ,
പ്രഖ്യാപനങ്ങൾ തുടങ്ങിയവ ശ്രദ്ധാപൂർവ്വംപരിശോധിച്ചാൽ ഈ പദ്ധതി ക്രമേണചുരുളഴിയുന്നതായി കാണാം. കൽദായകത്തോലിക്കാപാത്രിയാർക്കീസായിരുന്ന മാർ അബ്ദീശോ അഥവാ എബേദിയേസൂസ് (1555-1567) അയച്ച മാർത്തോമ്മാ നസ്രാണികളുടെ മെത്രപ്പോലീത്താ മാർ ജോസഫ് സൂലാക്കാ, പാത്രിയാർക്കൽ സന്ദർശകനായ മാർഏലീയാസ് എന്നീ രണ്ടു മെത്രപ്പോലീത്താമാരെ പൗരസ്ത്യ നിയമപാലനാധികാരം ഇന്ത്യയിൽ നിർത്തലാക്കുക എന്ന ഉദ്ദേശ്യത്തോടെ പോർട്ടുഗീസ് അധികാരികൾ അറസ്റ്റ് ചെയ്ത് ഗോവയിൽ തടങ്കലിൽ പാർപ്പിച്ചു. ഈ മെത്രാന്മാരെ അനുഗമിച്ച ലത്തീൻ കത്തോലിക്കനായ ഡൊമിനിക്കൻ മെത്രാപ്പോലീത്തായും മാർപ്പാപ്പായുടെ പൗരസ്ത്യ ദേശത്തെ സ്ഥാനപതിയുമായ അമ്പ്രോസ് ബുട്ടിഗേഗിനെയും ഗോവയിൽ തടങ്കലിൽ പാർപ്പിച്ചു. മാർ അബ്രാഹത്തിനു ശേഷം സുറിയാനി മെത്രാന്മാർ കേരളത്തിൽ പ്രവേശിക്കാതിരിക്കാൻ പോർട്ടുഗീസുകാർ പ്രത്യേകം ശ്രദ്ധിച്ചതായി കാണുന്നു. മാർത്തോമ്മാ നസ്രാണികളുടെ അവസാനത്തെ മെത്രാപ്പോലീത്തയായിരുന്നു മാർ അബ്രാഹം. അദ്ദേഹം 1597-ൽ അന്തരിച്ചു. ഈ വിയോഗവാർത്തയറിഞ്ഞയുടൻ അന്നത്തെ ഗോവാ മെത്രാപ്പോലീത്തായായിരുന്ന മെനേസിസ് ഇശോസഭാംഗമായ ഫ്രാൻസിസ് റോസ് എന്ന വൈദികനെ അങ്കമാലിയുടെ വികാരി അപ്പസ്‌തോലിക്കയായി നിയമിച്ചു. എന്നാൽ ആർച്ചുഡീക്കൻ ഗീവർഗ്ഗീസ് മാർത്തോമ്മാനസ്രാണികളുടെ അതിപുരാതന പാരമ്പര്യമനുസരിച്ച് അങ്കമാലി രൂപതയുടെ ഭരണം ഏറ്റെടുത്തിരുന്നു. മെനേസിസ്, റോസിന്റെ നിയമനം പിൻവലിച്ചു.
മെനേസിസിന്റെ അധികാരം
എന്തധികാരമുപയോഗിച്ചുകൊണ്ടാണ് ലത്തീൻ അതിരൂപതയായ ഗോവയുടെ ഭരണകർത്താവ് സുറിയാനിസഭയിൽ ഈ നിയമനം നടത്തിയത് എന്നത് ഒരു ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. വികാരിഅപ്പസ്‌തോലിക്കയെനിയമിക്കാൻ മെനേസിസിന് ആര് അധികാരം നല്കി? ഗോവാ അതിരൂപതയുടെ സാമന്തരൂപതയല്ല അങ്കമാലി. അതുകൊണ്ട്ഗോവാഅതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിൽ അങ്കമാലി അതിരൂപതയിൽ മെനേസിസിന് അധികാരമില്ലായിരുന്നു.
ആർച്ചുബിഷപ്പ് മെനേസിസിന്റെ ലക്ഷ്യം
മാർ അബ്രാഹം നിര്യാതനായപ്പോൾ മെനേസിസ് 1598-ൽ കൊച്ചിയിലെത്തി. ഉടൻതന്നെ തന്റെ ആഗമനവിവരം അറിയിച്ചുകൊണ്ടും തന്നെ വന്നു സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അദ്ദേഹം ആർച്ചുഡീക്കന്സന്ദേശമയച്ചു. ആർച്ചുഡിക്കൻ രണ്ട് പണിക്കർമാരുടെയും ആയുധപാണികളായ 3000നസ്രാണിഭടന്മാരുടെയും അകമ്പടിയോടെ കൊച്ചിയിലേയ്ക്കു പുറപ്പെട്ടു. എന്തും നേരിടാനുള്ള ഒരുക്കത്തിലായിരുന്നു ഈ പുറപ്പാട്. ഭാഗ്യംകൊണ്ട് ഈ സന്ദർശനം സംഘർഷാവസ്ഥയ്‌ക്കൊന്നും വഴിതെളിച്ചില്ല. മെനേസിസ് അധികം താമസിയാതെ വൈപ്പിക്കോട്ടെത്തി. അവിടെയുള്ള ദൈവാലയത്തിൽ പ്രസംഗം നടത്തി. ആട്ടിൻകൂട്ടിലേയ്ക്കുള്ള യഥാർത്ഥ വാതിൽ റോമാസഭയാണെന്നും ഇവിടെ രഹസ്യത്തിൽ വന്നുചേരുന്ന സുറിയാനിമെത്രാന്മാർ യഥാർത്ഥവാതിലിലൂടെ കടക്കാത്തവരാകയാൽ അവരെ സൂക്ഷിക്കണമെന്നുമായിരുന്നു പ്രസംഗസാരം.
നസ്രാണികളെ നെസ്‌തോറിയൻ പാഷണ്ഡതയുടെ ഉറവിടമായ സുറിയാനിആരാധനക്രമത്തിലും ഭാഷയിലും നിന്ന് ‘മോചിപ്പിച്ച്’ അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലത്തീൻ റീത്തിലേതുപോലെ ആക്കണമെന്നുമായിരുന്നു മെനേസിസിന്റെ ലക്ഷ്യം. ഇതിനായി അദ്ദേഹം പലസ്ഥലങ്ങൾ സന്ദർശിക്കുകയും അനേകം വൈദികവിദ്യാർത്ഥികൾക്ക് തിരുപ്പട്ടം നല്കുകയുംചെയ്തു. ആർച്ചുഡീക്കൻ തന്റെ അധികാരം ഉപയോഗിച്ചു. പട്ടമേൽക്കുന്നവരും അവരുടെ മാതാപിതാക്കന്മാരും ഈ നടപടിയിൽ നിന്നും പിന്തിരിയണമെന്നും അല്ലാത്തപക്ഷം മഹറോനിൽ ഉൾപ്പെടുമെന്നും അദ്ദേഹം അവർക്ക് മുന്നറിയിപ്പു നൽകി.ആർച്ചുഡിക്കൻ ധർമ്മസങ്കടത്തിൽ        മെനേസിസ്മെത്രാപ്പോലീത്ത കൊച്ചി രാജാവിനെ ഭീഷണിപ്പെടുത്തി സ്വപക്ഷത്താക്കുകയും ജനങ്ങളെല്ലാം തന്നെ അനുസരിക്കണമെന്ന് കല്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. പോർട്ട്ഗീസ് സഹായംപ്രതീക്ഷിച്ചിരുന്ന രാജാവിന്ഗത്യന്തരമില്ലായ്കയാൽ അപ്രകാരം ചെയ്യേണ്ടിവന്നു.
കൊച്ചിരാജാവിന്റെ സ്വാധീനം വിനിയോഗിച്ചുകൊണ്ട് മെനേസിസ് ആർച്ചുഡീക്ക
നെതിരായി പ്രസംഗിക്കുകയും ആദ്ദേഹവും കൂട്ടരും മഹറോൻ ചൊല്ലപ്പെടേണ്ടവരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആർച്ചുബിഷപ്പ്മെനേസിസിന്റെ ഹിതങ്ങൾക്കനുസൃതമായി പ്രവർത്തിച്ചുകൊള്ളാമെന്ന് നിസ്സഹായനായ ആർച്ചുഡീക്കൻ സമ്മതിച്ചു.
ഉടൻതന്നെ തന്റെ ഹിതമെന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് പത്തു വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കത്ത് മെനേസിസ് ആർച്ചുഡീക്കന് അയച്ചുകൊടുത്തു.
പത്തു വ്യവസ്ഥകൾ
മെനേസിസ് ആർച്ചുഡീക്കന് നല്കിയ 10 വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്.
1. നെസ്‌തോറിയൻ അബദ്ധ സിദ്ധാന്തങ്ങളെ ശപിക്കുക.
2. തോമ്മായുടെ നിയമവും പത്രോസിന്റെ നിയമവും ഒന്നാണെന്ന് പ്രഖ്യാപിക്കുക.
3. മെനേസിസ് അനുശാസിക്കുന്ന രീതിയിൽ വിശ്വാസപ്രഖ്യാപനം നടത്തുക.
4. നസ്രാണി സഭയിലെ എല്ലാ പുസ്തകങ്ങളും തിരുത്തുന്നതിനോ ഒഴിവാക്കുന്നതിനോ മെനേസിസിനെ ഏല്പിക്കുക.
5. മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുക.
6. നെസ്താറിയനായ ബാബേൽ പാത്രിയാർക്കീസിനെ ശപിക്കുക.
7. മാർപ്പാപ്പാ അയയ്ക്കുന്നതും ഗോവ അംഗീകരിക്കുന്നതുമായ മെത്രാനെ മാത്രം സ്വീകരിക്കുക.
8. പുതിയ മെത്രാനെ ലഭിക്കുന്നതുവരെ മാർപ്പാപ്പായിൽ നിന്നും അധികാരം ലഭിച്ച മെനേസിസിനെ മേലധികാരിയായി അംഗീകരിക്കുക.
9. മെനേസിസ് ആവശ്യപ്പെടുന്ന സ്ഥലത്ത് സൂനഹദോസ് വിളിച്ചുകൂട്ടുക.
10. ഭടന്മാരെ കൂടാതെ മെനേസിസിനെ അതേ വാഹനത്തിൽ അനുഗമിക്കുക. ഇവയിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കാത്തത് എല്ലാം സ്വീകരിക്കാത്തതിന് തുല്യമാണ്.
(തുടരും…)