ദൈവസ്‌നേഹത്തിന്റെ പാരമ്യമാണ് രക്തസാക്ഷിത്വം. സഭയിൽ നിരവധി രക്തസാക്ഷികളുണ്ട്. സീറോ-മലബാർ സഭയിലെ പ്രഥമ രക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രചോദനത്താൽ സാമൂഹികനീതിക്കുവേണ്ടി 41-ാമത്തെ വയസ്സിൽ രക്തസാക്ഷിത്വം വരിച്ച ആ ധീരകന്യകയുടെ ഓർമ്മ തന്നെ നമ്മെ വിശുദ്ധീകരിക്കും.
ജനനം, ബാല്യം, വിദ്യാഭ്യാസം
എറണാകുളം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് പുല്ലുവഴി. പുല്ലുവഴി ഇടവകയിൽ 1954 ജനുവരി 30-ാം തീയതി – നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 6-ാം വാർഷികദിനത്തിൽ – വട്ടാലിൽ പൈലോച്ചന്റെയും ഏലീശ്വാമ്മയുടെയും ഏഴു മക്കളിൽ രണ്ടാമത്തെ സന്താനമായി റാണി മരിയ ജനിച്ചു. അവളുടെ മാമ്മോദീസ സെയിന്റ് തോമസ് ദൈവാലയത്തിൽ ഫെബ്രുവരി 5-ാം തീയതി നടന്നു. ”മറിയം” എന്നായിരുന്നു അവളുടെ മാമ്മോദീസാപ്പേര്. ”മേരിക്കുഞ്ഞ്” എന്ന ഓമനപ്പേരിൽ അവൾ അറിയപ്പെട്ടു. അവൾ ആദ്യം പഠിച്ച വാക്ക് ”ഈശോ’ എന്ന മധുര നാമമായിരുന്നു. വല്യമ്മച്ചിയോടൊപ്പം അവൾ എന്നും പള്ളിയിൽ പോയി ഭക്തിപൂർവ്വം ദിവ്യബലിയിൽ സംബന്ധിച്ചു. വല്യമ്മച്ചിയാണ് അവളെ പ്രാർത്ഥനാശീലത്തിൽ വളർത്തിയത്.
ഏഴാമത്തെ വയസ്സിലാണ് മേരിക്കുഞ്ഞ് ആദ്യ കുർബാന സ്വീകരിച്ചത്. അന്നു
മുതൽ ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കാൻ അവൾ തീവ്രമായി ആഗ്രഹിച്ചു. നല്ല അനുസരണമുള്ള ഒരു കുട്ടി. ആർക്കും എന്തു സഹായവും ചെയ്യാൻ അവൾ സദാ സന്നദ്ധയായി. അലസത അവളെ തീണ്ടിയതേയില്ല. കൃഷിപ്പണിയിൽ ചാച്ചനേയും അടുക്കളപ്പണിയിൽ അമ്മയേയും അവൾ സഹായിച്ചിരുന്നു. പഠനത്തിൽ അവൾ മിടുമിടുക്കിയായിരുന്നു. പാവങ്ങളെയും രോഗികളെയും അവൾ പ്രത്യേകം സ്‌നേഹിച്ചു. വിശുദ്ധരുടെ ജീവചരിത്ര പാരായണം അവൾക്കു പ്രിയംകരമായിരുന്നു. മിഷൻ ലീഗിന്റെ അംഗമായിരുന്ന അവൾ ”കുഞ്ഞു മിഷനറി” എന്ന പ്രസിദ്ധീകരണം മുടങ്ങാതെ വായിച്ചുപോന്നു. പ്രാർത്ഥനയും ഈ വായനയും അവളിൽ പ്രേഷിതചൈതന്യം ഊതിക്കത്തിച്ചു. പാവങ്ങൾക്കുവേണ്ടി മാത്രം ജീവിക്കാൻ ആ കൊച്ചു മനസ്സ്കൊതിച്ചു.
4 -ാമത്തെ വയസ്സിൽ ആശാൻ കളരിയിൽ അക്ഷരാഭ്യാസം ആരംഭിച്ചു. പ്രൈമറി
വിദ്യാഭ്യാസം വീടിനടുത്തുള്ള ഒരു സ്‌കൂളിലായിരുന്നു. പിന്നെ 9-ാം ക്ലാസ്സു വരെ അല്പം അകലെയുള്ള ”ജയകേരളം” ഹൈസ്‌കൂളിൽ പഠിച്ചു. തൃപ്പൂണിത്തുറയിലുള്ള സെയിന്റ് ജോസഫ്‌സ് സ്‌കൂളിൽ പഠിച്ച് 10-ാം ക്ലാസിൽ ഉന്നതവിജയം നേടി. കർമ്മലീത്ത സിസ്റ്റേഴ്‌സിന്റെ ഹോസ്റ്റലിൽ താമസിച്ചുകൊണ്ടായിരുന്നു പഠനം.
ക്ലാരസഭയിൽ
ക്ലാരമഠത്തിൽ ചേരുന്നതിനു മുമ്പുതന്നെ അനുസരണവും ദാരിദ്ര്യചൈതന്യവും ലാളിത്യവും ഹൃദയവിശുദ്ധിയും അവളുടെ ചങ്ങാതിമാരായിരുന്നു. ഈശോ തന്റെ ശുശ്രൂഷക്കായി മാടിവിളിക്കുന്നതായി അവൾക്ക് ആനുഭവപ്പെട്ടു. 1973 ജൂലൈ 3-ാം തീയതി ദുക്‌റാനത്തിരുനാൾ ദിനത്തിൽ – അവളും കൂട്ടുകാരി സിസിലിയും കൂടി കിടങ്ങൂരുള്ള ക്ലാരമഠത്തിൽ പ്രവേശിച്ചു. സിസ്റ്റർ റാണി മരിയ എന്ന പേരാണ് അവൾ സ്വീകരിച്ചത്. ”ലോകമേയാത്ര” – ഇനിമുതൽ അവൾ ഈ ലോകത്തിന്റേതല്ല.
1981 മെയ് 1-ാം തീയതി സിസ്റ്റർ റാണി മരിയ നിത്യവ്രത വാഗ്ദാനം നടത്തി. അതോടെ അവൾ പൂർണ്ണ സമർപ്പിതയായി. അവളിലെ പ്രേഷിതചൈതന്യം
പൂർവ്വാധികം ഉജ്ജ്വലിച്ചു. മിഷൻ പ്രദേശങ്ങളിൽ എത്തിച്ചേരാൻ അവൾ തീക്ഷ്ണമായി ആഗ്രഹിച്ചു.
ഉത്തരേന്ത്യയിൽ
1973-ൽ ക്ലാരസഭയുടെ എറണാകുളം പ്രോവിൻസ് ഉത്തരേന്ത്യയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. അതറിഞ്ഞ സിസ്റ്റർ റാണി അധികാരികളുടെ അനുഗ്രഹാശിസ്സുകളോടെ അങ്ങോട്ടു തിരിച്ചു. അവിടെ അവൾ കണ്ടത് തികച്ചും ദരിദ്രരായ ജനങ്ങളെയാണ്. നമ്മുടെ രാഷ്ട്രപിതാവ് ”ഹരിജനങ്ങൾ” – ദൈവത്തിന്റെ മക്കൾ – എന്നു വിളിച്ചത് ഇതുപോലുള്ള ഇന്ത്യയിലെ പാവങ്ങളെയാണ്. പട്ടിണിയും രോഗങ്ങളും അവരെ വേട്ടയാടുന്നു. അവർക്ക് അക്ഷരജ്ഞാനമില്ല. ഇതിനു പുറമേ ഒരു രഹസ്യം സിസ്റ്റർ റാണി മനസ്സിലാക്കി. ആരോരുമില്ലാത്ത ഈ സാധുക്കളെ സമ്പന്നരായ ജന്മികളും പണവ്യാപാരികളും (ബ്ലേഡുകാർ) നിരന്തരം ചൂഷണം ചെയ്യുന്നു. ഊണും ഉറക്കവുമില്ലാതെ – എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് പാവങ്ങളുടെ സമുദ്ധാരണത്തിനുവേണ്ടി അദ്ധ്വാനിക്കാൻ – വേണ്ടിവന്നാൽ ജീവൻ ത്യജിച്ചു പോലും അവരെ ഉദ്ധരിക്കാൻ 21 വയസ്സു മാത്രം പ്രായമുള്ള കരുത്തുറ്റ ആ കന്യാസ്ത്രീ തീരുമാനിച്ചു. ചെറുപ്പത്തിലുണ്ടായിരുന്ന ആത്മധൈര്യം ഇരട്ടിയായി; പ്രാർത്ഥനയിൽ നിന്നു കരുത്തു നേടി.
സിസ്റ്റർ റാണി കൂട്ടുകാരിയായ മറ്റൊരു സിസ്റ്ററിനോടൊപ്പം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. പാവങ്ങൾക്കു വേണ്ട സഹായമെത്തിക്കാൻ അവൾ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. അവർ, ആ ആത്മാർത്ഥതയുടെ മുമ്പിൽ തല കുനിച്ചു. അങ്ങനെ
വീടില്ലാത്തവർക്കു വീടുണ്ടായി; വെള്ളമില്ലാത്തിടത്തു വെള്ളമുണ്ടായി; ഗ്രാമങ്ങളിൽ
വൈദുതി പ്രകാശം പരത്തി. ഈ സേവനങ്ങൾക്കിടയിലും മനുഷ്യർ ഏറ്റവും കൂടുതൽ ദാഹിക്കുന്നത് ദൈവത്തിനുവേണ്ടിയാണെന്ന സത്യം മനസ്സിലാക്കിയിരുന്ന സിസ്റ്റർ റാണി അവർക്ക് സുവിശേഷസന്ദേശം
നൽകാൻ മറന്നില്ല. കഥകളിലൂടെ – കലകളിലൂടെ – ബൈബിളിന്റെ സ്‌നേഹസന്ദേശം ജനഹൃദയങ്ങളിലേക്ക് ഒഴുകി. ജാതിമതഭേദം കൂടാതെ സകലരും റാണിക്കു സ്വന്തമായി; സിസ്റ്റർ റാണി എല്ലാവർക്കും എല്ലാമായി.
വാഴ്ത്തപ്പെട്ടവളുടെ ജീവചരിത്രം രചിച്ച സിസ്റ്റർ ഇൻഫന്റ് മേരി FCC എഴുതുന്നു: ”സിസ്റ്റർ റാണി മരിയ ഒരു തീപ്പന്തമായിരുന്നു. അവൾ പറന്നെത്തിയിടത്തെല്ലാം പ്രകാശിച്ചു. സ്വയം ആളിക്കത്തിയ ആ തീപ്പന്തത്തിന് വടക്കേ ഇന്ത്യ മുഴുവനെയും പ്രകാശപൂരിതമാക്കാൻ കഴിഞ്ഞു. അല്ല, ലോകം മുഴുവനേയും ഇന്ന് അവൾ പ്രകാശിപ്പിക്കുകയാണ്”.
സേവനങ്ങൾ
1975-ലാണ് അവൾ വടക്കേ ഇന്ത്യയിലേക്കു പറന്നത്. അവിടെ എട്ടു വർഷം ബിജ്‌നോറിലെ പാവപ്പെട്ടവരോടൊപ്പം വസിച്ചു. പിന്നെ അവിടെ നിന്ന് അവൾ സാത്‌നാ രൂപതയിലേക്കു പറന്നു. അവിടെ ഓഡ്ഗഡി പ്രദേശത്തെ ആദിവിസികളെ അവൾ സ്‌നേഹിച്ചു, ശുശ്രൂഷിച്ചു. ”പാവങ്ങളുടെ അമ്മ”, ”ചിരിക്കുന്ന സിസ്റ്റർ” എന്നൊക്കെയാണ് ജനങ്ങൾ അവളെ വിളിച്ചിരുന്നത്. അവിടെനിന്ന്, ഏതാനും വർഷത്തെ സേവനത്തിനു ശേഷം സിസ്റ്റർ റാണി ഉദയനഗറിൽ പറന്നെത്തി. വിന്ധ്യാപർവ്വത സാനുവിലാണ് ഉദയനഗർ. അവിടുത്തെ സാധുക്കളെ സ്വയം പര്യാപ്തരാക്കിയശേഷം സിസ്റ്റർ ഇൻഡോറിലെത്തി. അവളുടെ പ്രവർത്തനങ്ങളുടെ മധുരഫലങ്ങൾ അനുഭവിച്ച ജനങ്ങൾ അവളെ ”ഇൻഡോർ റാണി” എന്നു വിളിച്ചു തുടങ്ങി.
കണ്ണിലെ കരട്
പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ജന്മികളുടെയും പണവ്യാപാരികളുടെയും നോട്ടപ്പുള്ളിയായിത്തീർന്നു സിസ്റ്റർ റാണി. അവൾ അവരുടെ കണ്ണിലെ കരടായി. ഒന്നുകിൽ അവളെ ഒഴിവാക്കുക, അല്ലെങ്കിൽ കൊന്നുകളയുക എന്ന് അവർ തീരുമാനിച്ചു. അവർ പലപ്പോഴും വധഭീഷണികൾ മുഴക്കി. ഇതുകൊണ്ടൊന്നും ആ പ്രേഷിത റാണി തളർന്നില്ല, കുലുങ്ങിയില്ല.
ഗ്രാമങ്ങൾ തോറും സിസ്റ്റർ സേവാസമിതികൾ ശക്തിപ്പെടുത്തി. ജനങ്ങൾ സ്വയം പര്യാപ്തരായി; പടിപടിയായി അവർ പുരോഗമിച്ചു; അവർ സന്തുഷ്ടജീവിതം നയിച്ചു തുടങ്ങി.
പ്രാർത്ഥിക്കുന്ന റാണി
അനുസ്യൂതമായ പ്രാർത്ഥനയായിരുന്നു സിസ്റ്റർ റാണിയുടെ ശക്തികേന്ദ്രം. വിശുദ്ധ കുർബാനയോടും ദൈവമാതാവിനോടും അവൾക്കു പ്രത്യേക ഭക്തിയുണ്ടായിരുന്നു.
പ്രവർത്തനത്തിനു മുമ്പ് ദീർഘനേരം അവൾ തിരുസക്രാരിയുടെ മുമ്പിൽ പ്രാർത്ഥിച്ചിരുന്നു; തിരിച്ചു വരുമ്പോൾ പലപ്പോഴും ദിവ്യനാഥന്റെ മുമ്പിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചിരുന്നു.
രക്തസാക്ഷിത്വം
സിസ്റ്റർ റാണി പ്രൊവിൻഷ്യൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെ സഭാകാര്യങ്ങൾ കൂടി അവൾക്കു ചെയ്യേണ്ടിവന്നു. അതിനായി വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും പലപ്പോഴും പോകേണ്ടതുണ്ടായിരുന്നു. ഈ സമയത്ത് ശത്രുക്കൾ അവളെ വധിക്കാൻ കെണികളൊരുക്കി.
1994 ഫെബ്രുവരി 24. അന്ന് മുരിങ്ങൂരിലെ ധ്യാനം കഴിഞ്ഞ് മദറും സിസ്റ്റർ തെരേസയും എത്തിയിരുന്നു. എല്ലാവരും വൈകിട്ട് ഒന്നിച്ചു കൂടിയപ്പോൾ സിസ്റ്റർ തെരേസ ധ്യാനാവസരത്തിൽ തനിക്കുണ്ടായ ഒരു ദർശനം അറിയിച്ചു. തങ്ങളുടെ സമൂഹത്തിൽ നിന്നും ഒരു രക്തസാക്ഷിയുണ്ടാകും എന്നതായിരുന്നു ആ ദർശനം. അത് അടുത്ത ദിവസം തന്നെ സംഭവിച്ചു.
1995 ഫെബ്രുവരി 25 ശനി, അന്നാണ് സിസ്റ്റർ റാണി ”കപിൽ” എന്ന ബസിൽ ഇൻഡോറിലേക്കു പുറപ്പെട്ടത്. നേരത്തെ പ്ലാൻ ചെയ്തിരുന്നതുപോലെ മൂന്നു കൊലയാളികളും ആ ബസിൽ കയറിപ്പറ്റി. നാട്ടിലെ കലാപനേതാവായിരുന്ന ജീവൻ സിംഗും, വാടകക്കൊലയാളിയായിരുന്ന സമുന്ദർ സിംഗും, ധർമ്മേന്ദ്ര സിംഗുമായിരുന്നു ആ മൂന്നു പേർ. ബസ് ഒരു വിജനപ്രദേശത്ത് എത്തിയപ്പോൾ തക്കം നോക്കിയിരുന്ന സമുന്ദർ സിംഗ് സിസ്റ്റർ റാണിയുടെ മുഖത്ത് കത്തികൊണ്ടു കുത്തി. പിന്നെയും പിന്നെയും അയാൾ കുത്തിക്കൊണ്ടിരുന്നു. ജീവൻ സിംഗ് അയാളെ പ്രോത്സാഹിപ്പിച്ചു.
”എന്റെ ഈശോ, എന്റെ ഈശോ, മാതാവേ”
എന്നുള്ള വിളി കേട്ട് പിന്നോട്ടു നോക്കിയ യാത്രക്കാർ ഭയന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി
യോടി. കൊലയാളി സിസ്റ്റർ റാണിയെ വണ്ടിയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് വീണ്ടും വീണ്ടും കുത്തി. അമ്പതിലധികം മുറിവുകൾ അവളുടെ ശരീരത്തിലുണ്ടായിരുന്നു. ഓരോ കുത്തിനും ”ഈശോ, ഈശോ” എന്ന് അവൾ വിളിച്ചിരുന്നു. ഡ്രൈവറും കണ്ടക്ടറും പോലീസിൽ വിവരമറിയിച്ചു. ഉദയനഗർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഫോൺ കോൾ മദർ ലിസായെ വിവരം അറിയിച്ചു. നാച്ചമ്പൂർ താഴ്‌വരയിൽ പോയി സിസ്റ്ററിന്റെ മൃതദേഹം കൊണ്ടുവരാൻ അവർ പറഞ്ഞു. മദർ അലറിക്കരഞ്ഞുകൊണ്ട് ചാപ്പലിലേക്ക് ഓടി. കൂടെ സിസ്റ്റേഴ്‌സും. മദർ സക്രാരിയെ കെട്ടിപ്പിണർന്നു പൊട്ടിക്കരഞ്ഞു. പെട്ടെന്നു കണ്ണുകളുയർത്തിയപ്പോൾ, അതാ ശുഭ്രവസ്ത്രധാരിയായ ഒരു സിസ്റ്ററിന്റെ പുഞ്ചിരിക്കുന്ന മുഖം! അത് സിസ്റ്റർ റാണിയാണെന്ന് മദർ തിരിച്ചറിഞ്ഞു. ആ അത്ഭുത ദർശനം വേഗം മാഞ്ഞു പോയി. വേദനയുടെമധ്യത്തിൽ ദൈവം നൽകിയ ആശ്വാസത്തിന്റെ പൊൻകിരണം. കണ്ണീരൊഴുക്കുന്ന വമ്പിച്ച ഒരു ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ആ രക്തസാക്ഷിയുടെ സംസ്‌കാരത്തിരിനാൾ!
സമുന്ദർ സിംഗ്
കൊലയാളികൾ അറസ്റ്റു ചെയ്യപ്പെട്ടു. സമുന്ദർ സിംഗിന് ജീവപര്യന്തം തടവു
ശിക്ഷയാണു ലഭിച്ചത്. 2002 ഓഗസ്റ്റ് 31-ാം തീയതി സിസ്റ്റർ റാണിയുടെ അനുജത്തി
യായ സിസ്റ്റർ സെൽമി ജയിലിൽ ചെന്ന് അയാളുടെ കൈയിൽ രാഖി കെട്ടി അയാളെ
സഹോദരനായി സ്വീകരിച്ചു. വട്ടാലിൽ കുടുംബം അയാളോടു ക്ഷമിച്ചു. സിസ്റ്റർ റാണിയുടെ അമ്മ അയാളുടെ കരം ചുംബിച്ചു; അയാളെ മകനായി സ്വീകരിച്ചു. വട്ടാലിൽ കുടുംബത്തിന്റെ അപേക്ഷയനുസരിച്ച് അയാളെ നേരത്തെ ജയിൽ വിമുക്തനാക്കി. പൊട്ടിത്തകർന്ന ഹൃദയവുമായി സിസ്റ്റർ റാണിയുടെ ശവകുടീരത്തിലേക്ക് അയാൾ ഓടി. ”ദീദി, കഴിയുമെങ്കിൽ എന്നോടു പൊറുക്കുക” അയാൾ കണ്ണീരൊഴുക്കിപ്പറഞ്ഞു. കൃപാവരത്തിന്റെ വലിയൊരത്ഭുതമാണ് സമുന്ദർ സിംഗിന്റെ മാനസാന്തരം. അനുതാപംകൊണ്ട് തകർന്ന ഹൃദയത്തെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ.
വാഴ്ത്തപ്പെട്ടവൾ
2003-ൽ ഈ ധീര രക്തസാക്ഷിയുടെ നാമ കരണനടപടികൾ ആരംഭിച്ചു. 2017 നവംബർ 4-ാം തീയതി ഫ്രാൻസിസ് മാർപ്പാപ്പ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ഇതിന്റെ പ്രഖ്യാപനം ഇൻഡോറിൽ നടന്നു.