മെനേസിസ് നിർദ്ദേശിച്ച പത്ത് വ്യവസ്ഥകളിൽ പലതും, റോമാ മാർപ്പാപ്പായുമായി പൂർണ്ണ ഐക്യമുള്ള കത്തോലിക്കരായിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് അനിഷ്ടകരമായിരുന്നെങ്കിലും ധർമ്മിഷ്ഠനും ദൈവഭക്തനുമായ ആർച്ചുഡീക്കൻ ഗീവർഗ്ഗീസ് അതിൽ ഒപ്പുവച്ചു. ആസന്നമായ ദുരന്തത്തിൽ നിന്ന് ”തന്റെ ജനത്തെ രക്ഷിക്കുന്നതിന്” അദ്ദേഹത്തിന് അതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പന്തക്കുസ്ത കഴിഞ്ഞു വന്ന മൂന്നാമത്തെ ഞായറാഴ്ച 1599 ജൂൺ 20-ന് സൂനഹദോസ് ആരംഭിച്ചു. ഇന്നത്തെ എറണാകുളം ജില്ലയിലെ ഉദയമ്പേരൂർ എന്ന സ്ഥലത്താണ് കൗൺസിൽ കൂടാൻ തീരുമാനിച്ചത്. ഉദയമ്പേരൂരിൽ ഉണ്ടായിരുന്ന പള്ളി മാർ സാപ്പോർ എ. ഡി. 890-ൽ സ്ഥാപിച്ചതായി പറയപ്പെടുന്നു. സൂനഹദോസിന്റെ അദ്ധ്യക്ഷൻ മെനേസിസ് തന്നെയായിരുന്നു. മലബാറിലെ പള്ളികളിൽ നിന്നുള്ള 153 വൈദികരും 660 അല്മായരും സൂനഹദോസിൽ പങ്കെടുത്തു.
സൂനഹദോസ് ഒന്നാം ദിവസം
പരി. കുർബാനയോടെ 1599 ജൂൺ 20-ന് കൗൺസിൽ ആരംഭിച്ചു. എല്ലാ വൈദികരോടും ദിവ്യബലി അർപ്പിക്കാനും പാപസങ്കീർത്തനം നടത്തി ആത്മശുദ്ധി പ്രാപിച്ചവർ ദിവ്യകാരുണ്യം സ്വീകരിക്കാനും മെനേസിസ് നിർദ്ദേശിച്ചു. മെനേസിസ് തന്നെ ക്ലെമന്റ് മാർപ്പാപ്പ അയച്ചതാണെന്ന് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന പോർട്ടുഗീസ് ഭാഷയിൽ നടത്തി. പള്ളുരുത്തി ഇടവകാംഗമായ യാക്കോബ് കത്തനാർ ഈ പ്രസ്താവനയുടെ മലയാള പരിഭാഷ നടത്തി.
അങ്കമാലിയിൽ മെത്രാൻ ഇല്ലാത്തതുകൊണ്ടും അങ്കമാലി രൂപത ഗോവൻ ആധിപത്യത്തിലായതുകൊണ്ടും ഗോവ മെത്രാപ്പോലീത്ത എന്ന നിലയ്ക്ക് മെനേസിസ് മെത്രാപ്പോലീത്തായ്ക്ക് സൂനഹദോസ് വിളിച്ചുകൂട്ടാൻ അധികാരമുണ്ട് എന്നതായിരുന്നു മലയാള പരിഭാഷയുടെ ചുരുക്കം.
സമ്മേളനം ആരംഭിക്കുന്ന സമയത്ത് നാട്ടുകാരായ ചില കത്തനാരന്മാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പൊതുവേ കാര്യങ്ങൾ മെനേസിസിന്റെ പദ്ധതിയനുസരിച്ചു തന്നെ നീങ്ങി. പിന്നീട് സത്യപ്രതിജ്ഞ ചെയ്യൽ ആയിരുന്നു അതിനും
പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മെനേസിസ് തന്റെ നയവും ഭീഷണിയും കൊണ്ട് എല്ലാം നിയന്ത്രിച്ചു നിർത്തി.
രണ്ടാം ദിവസം
രണ്ടാം ദിവസത്തെ പ്രമേയം വിശ്വാസ പ്രഖ്യാപനമായിരുന്നു. അതിൽ നെസ്‌തോറിയസ്സിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും തള്ളിപ്പറയാൻ എല്ലാവരെയും പ്രേരിപ്പിച്ചു. മെത്രാപ്പോലീത്താ തന്നെ വിശ്വാസ പ്രഖ്യാപനം നടത്തി. അതിനു ശേഷം ആർച്ചുഡീക്കൻ ഗീവർഗ്ഗീസ് സ്വന്തം പേരിൽ പ്രഖ്യാപനം നടത്തി.
പിന്നീട് എല്ലാ വൈദികരും മലയാളത്തിൽ വിശ്വാസ പ്രഖ്യാപനം നടത്തി.
മൂന്നാം ദിവസം
മാമ്മോദീസ, സ്ഥൈര്യലേപനം എന്നീ കൂദാശകളെ പറ്റി ചർച്ച ചെയ്യുകയും അവയെക്കുറിച്ചുള്ള തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു.
നാലാം ദിവസം
പരി. കുർബാന ഒരു ബലി എന്ന നിലയിലും ഒരു കൂദാശ എന്ന നിലയിലും ചർച്ച ചെയ്യപ്പെട്ടു. കുമ്പസാരം, രോഗീലേപനം എന്നീ കൂദാശകളെപ്പറ്റിയും ചർച്ച ചെയ്തു.
അഞ്ചാം ദിവസം
ആദിപാപം, ശുദ്ധീകരണസ്ഥലം, വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം, വിഗ്രഹങ്ങളുടെ വണക്കം തിരുവവതാരം, കന്യകാമറിയത്തിന്റെ ദിവ്യമാതൃത്വം, ത്രിത്വം, സഭയും അതിന്റെ സംഘടനകളും, വേദപുസ്തകങ്ങളിലെ അംഗീകൃതഗ്രന്ഥങ്ങൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
ആറാം ദിവസം
തിരുപ്പട്ടം, വിവാഹം എന്നീ കൂദാശകൾ ചർച്ച ചെയ്യപ്പെട്ടു. വൈദികർ വിവാഹം
കഴിക്കരുതെന്നും തീരുമാനമായി.
ഏഴാം ദിവസം
അങ്കമാലിയുടെ സ്വാധീനശക്തി കുറയ്ക്കാനായിട്ടായിരിക്കണം മെനേസിസ് ആ രൂപതയെ പല ഇടവകകളാക്കി മാറ്റാനുള്ള തീരുമാനമെടുത്തു. താഴ്ന്ന ജാതിയിൽ നിന്നും മതം മാറി വരുന്നവർക്കായി പ്രത്യേകം പള്ളി വേണമെന്ന് കത്തനാരന്മാർ വാദിച്ചതിന്റെ ഫലമായി അനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവർക്ക് ഏത് പള്ളിയിൽ നിന്നും കൂദാശ സ്വീകരിക്കാമെന്ന് വിധിച്ചു. അസന്മാർഗ്ഗിക ആചാരങ്ങളെക്കുറിച്ചും പാരമ്പര്യസ്വത്തു തർക്കം, ദത്തെടുക്കൽ, വസ്ത്രധാരണരീതി എന്നിവയും ചർച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജോതിഷം, അയിത്താചരണം തുടങ്ങിയവ ക്രിസ്ത്യാനികൾക്ക് നിഷിധമാക്കി. ഇതോടൊപ്പം
പാഷണ്ഡത ആരോപിച്ച് നസ്രാണികളുടെ നിരവധി ഗ്രന്ഥങ്ങൾ നശിപ്പിച്ചു. അപ്രകാരം നശിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു:
1. പാർസിമാൻ
2. മാർഗസീശ
3. പിതാക്കന്മാരുടെ പുസ്തകം
4. പവിഴത്തിന്റെ പുസ്തകം
5. മാക്കമൊത്ത് (പറുദീസ)
6. മിശിഹായുടെ തിരുബാല പുസ്തകം
7. സൂന്നഹദോസുകളുടെ പുസ്തകം
8. സ്വർഗ്ഗത്തിൽ നിന്നും വന്ന കത്ത്
9. കമീസിന്റെ പാട്ടുകൾ
10. നർസായുടെ പുസ്തകം
11. പ്രഹൻ പുസ്തകം. യൗസേപ്പിന് മറിയത്തെ കല്യാണം കഴിക്കുന്നതിനു മുൻപ് വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തിൽ പറയുന്നു.
12. യോഹന്നാൻ വരകൽദോസ. ഈശോ കർത്താവും ദൈവത്തിന്റെ പുത്രനും
വെവ്വേറേയാണെന്നു പറയുന്ന പുസ്തകം
13. വാവാകട്ടെ പുസ്തകം
14. നൂഹറ
15. എംങ്കർത്താ പുസ്തകം
16. കമ്മീസിന്റെ പാട്ടുകൾ
17. ഇദാറ
18. സൂബാടേ നമസ്‌കാരം
19. അൻപത് നൊയമ്പിന്റെ ഉദർ പ്രാർത്ഥന (തുടരും…)