കൂദാശകൾ

ദൈവം മനുഷ്യനു തന്നെത്തന്നെ വെളിപ്പെടുത്തുന്നതും മനുഷ്യൻ ദൈവത്തെ
അന്വേഷിക്കുന്നതും പ്രതീകങ്ങളിലൂടെയാണ്. കാരണം സത്യാന്വേഷിയായ മനുഷ്യർ പരിമിതികൾ ഉള്ളവനാണ്. ദൈവത്തിന്റെ അപരിമേയത ഉൾക്കൊള്ളണമെങ്കിൽ അവൻ പുറത്തു കടക്കണം. ഈ പുറത്തുകടക്കലിന് ആവശ്യമായി വരുന്ന ഘടകങ്ങളാണ് പ്രതീകങ്ങൾ. എന്നാൽ കൂദാശ എന്നു പറയുന്നത് മാന്ത്രിക അടയാളങ്ങളല്ല. മറിച്ച് വിശ്വാസത്തിന്റെ അടയാളങ്ങളാണ്. ചുരുക്കിപ്പറഞ്ഞാൽ ഈശോയിൽ പൂർത്തീകരിക്കപ്പെട്ട രക്ഷാകരപദ്ധതി ഇന്ന് സഭയിലൂടെ അനുഭവവേദ്യമാകുന്നതാണ് കൂദാശകൾ. ക്രൈസ്തവജീവിതം ആരംഭിക്കുന്നതും വളരുന്നതും കൂദാശകൾ വഴിയാണ്. നിത്യജീവിതം ഉറപ്പാക്കിക്കൊണ്ട് ഈ ലോകത്തിൽ നിന്ന് കടന്നുപോകാൻ സഹായിക്കുന്നതും കൂദാശകളാണ്. അവ നമ്മെ മിശിഹായിൽ പുതിയ സൃഷ്ടികളാക്കുകയും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ഈശോയുടെയും തിരുസ്സഭയുടെയും വിശുദ്ധരഹസ്യങ്ങളുടെ ആഘോഷങ്ങളാണവ.
കൂദാശകൾ തിരുസ്സഭയുടെ ജീവിതത്തിൽ ദൈവത്തിന്റെ നിർണ്ണായക ഉടപെടലുകളാണ്. അവ ദൈവവും മനുഷ്യനും
തമ്മിലുള്ള കണ്ടുമുട്ടലുകളാണ്. കയറിച്ചെല്ലുന്ന (ascending) മനുഷ്യനും ഇറങ്ങിവരുന്ന (descending) ദൈവവും എല്ലാ കൂദാശകളിലുമുണ്ട്. നമ്മുടെ ഇടയിൽ സന്നിഹിതമാക്കപ്പെട്ടിരിക്കുന്ന രക്ഷാകര ചരിത്രമാണ് – ഈശോ സ്ഥാപിച്ച് സഭയെ ഭരമേൽപ്പിച്ച സവിശേഷമായ കൃപാവരത്തിന്റെ നീർച്ചാലുകളാണ് കൂദാശകൾ. അതിനാൽ അവ ലോകാവസാനംവരെ എല്ലാക്കാലത്തും ജീവനുള്ളതും സ്പർശനക്ഷമവുമായ ഒരു യാഥാർത്ഥ്യമായി തുടരുന്നു. ഉത്ഥിതനായ ഈശോ അവയിൽ സദാ സന്നിഹിതനായിരിക്കുകയും അവയിലൂടെ രക്ഷണീയശക്തി പ്രകടമാക്കുകയും ചെയ്യുന്നു.
കൂദാശയെ നിർവ്വചിച്ചാൽ നമുക്ക് ഇപ്രകാരം പറയുവാൻ കഴിയും: ‘അദൃശ്യമായ കുപാവരത്തെ സൂചിപ്പിക്കാനും നൽകാനും വേണ്ടി ഈശോ സ്ഥാപിച്ച ദൃശ്യമായ അടയാളമാണ് കൂദാശ. എല്ലാ കൂദാശകളും അടയാളങ്ങളാണ്. ദൃശ്യമായ ഒരു വസ്തു (അടയാളം) മറ്റൊരു യാഥാർത്ഥ്യത്തിലേയ്ക്കു വിരൽ ചൂണ്ടുന്നു. ഉദാഹരണമായി ഒരു സ്ഥലത്ത് പുക ഉയരുന്നതു കണ്ടാൽ അവിടെ തീയുണ്ടെന്നാണ് സൂചന.
പുക തീയുടെ അടയാളമാണ്. പക്ഷെ, പുകയിൽ തീയില്ല, പുക കാണുന്നയാൾ അതിനു പിന്നിലുള്ള തീയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. കൂദാശകൾ ദൃശ്യ അടയാളങ്ങളാണ്. ഉദാ. പരി. കുർബാനയിലെ ഗോതമ്പപ്പം നാം മനസ്സിലാക്കുന്നത്, അല്ലെങ്കിൽ മനസ്സിലാക്കേണ്ടത് കർത്താവിന്റെ തിരുശരീരമായിട്ടാണ്; കർത്താവിനെത്തന്നെയാണ്. അടയാളം എന്ന നിലയിൽ ഒരു വസ്തുവും അത് സൂചിപ്പിക്കുന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നില്ല. അതിലേയ്ക്കു വിരൽ ചൂണ്ടുക മാത്രമേ ചെയ്യുന്നുള്ളു. എന്നാൽ കൗദാശിക അടയാളങ്ങൾ മറ്റൊരു യാഥാർത്ഥ്യത്തിലേയ്ക്കു വിരൽ ചൂണ്ടുക മാത്രമല്ല, ആ യാഥാർത്ഥ്യം സംലഭ്യമാക്കുക കൂടെ ചെയ്യുന്നതാണ്. അതിനാൽ കൂദാശകൾ വെറും അടയാളങ്ങൾ മാത്രമല്ല പ്രതീകങ്ങൾ കൂടെയാണ്- ”സമ്പന്നമാക്കപ്പെട്ട അടയാളം”. പ്രതീകം എന്ത് സൂചിപ്പിക്കുന്നുവോ അത് ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഉദാ. വിവാഹമോതിരം വെറും ഒരു അടയാളമല്ല, ഒരു പ്രതീകമാണ്; സ്‌നഹത്തിന്റെയും വിശ്വസ്തയുടെയും പ്രതീകം. ആയതിനാൽ കൂദാശകൾ അദൃശ്യമായ വരപ്രസാദത്തെ സൂചിപ്പിക്കുക മാത്രമല്ല അത് പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് കൂദാശകളെ ‘വിശുദ്ധ പ്രതീകങ്ങൾ’ (sacred signs) എന്നാണ് ദൈവശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്. കൂദാശകളിൽ ഉപയോഗിക്കുന്ന അടയാളങ്ങളെ 4 ഗണങ്ങളായി തിരിക്കാം.
1. വചനം/വാക്ക്
കാർമ്മികൻ ഉച്ചരിക്കുന്ന വചനമാണ് കദാശകളിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളം. കൗദാശിക വസ്തുവിന്റെ അർത്ഥം നിശ്ചയിക്കുന്നത് അതിനൊപ്പം ഉരുവിടുന്ന വചനമാണ്; വചനമില്ലാതെ കൂദാശയില്ല. ഉദാ. മാമ്മോദീസായിൽ ”പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസ മുക്കപ്പെടുന്നു” എന്ന വചനങ്ങളാണ് മാമ്മോദീസ നൽകുമ്പോൾ വൈദികൻ ഉരുവിടുന്നത്. അത് ആ പ്രവൃത്തിയെ അർത്ഥമുള്ളതാക്കി തീർക്കുന്നു.
2. ആംഗ്യങ്ങൾ
കൂദാശകളുടെ പരികർമ്മത്തിൽ ആംഗ്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. ഇവ നമു
ക്കുണ്ടാകേണ്ട വികാരങ്ങളെയും ആന്തരിക
ഭാവങ്ങളെയും പ്രകടമാക്കുന്നു. വാക്ക് ആംഗ്യത്തിന്റെ അർത്ഥം വ്യക്തമാക്കുന്നു. ആംഗ്യങ്ങൾ വചനത്തിനു ശക്തി നൽകുന്നു. ഉദാ. മുട്ടുകുത്തുക, കൈകൂപ്പുക, ആശീർവദിക്കുക തുടങ്ങിയവ.
3. വസ്തുക്കൾ
കൂദാശകളിൽ വസ്തുക്കളും പ്രധാന പങ്കു വഹിക്കുന്നു. രണ്ട് തരത്തിലുള്ള വസ്തുക്കളാണ് കൂദാശകളിൽ ഉപയോഗിക്കുന്നത്. 1. സ്വാഭാവിക വസ്തുക്കൾ (ഉദാ. വെള്ളം, എണ്ണ etc.) 2. മനുഷ്യ നിർമ്മിത വസ്തുക്കൾ (ഉദാ. വസ്ത്രങ്ങൾ, പൂജാപാത്രങ്ങൾ etc.).
4. ആളുകൾ
കൂദാശകളിൽ ആളുകളും അടയാളങ്ങളായി വർത്തിക്കുന്നുണ്ട്. ഉദാ. കാർമ്മികൻ മിശിഹായുടെ അടയാളമാണ്; ആരാധനാസമൂഹം സഭയെ സൂചിപ്പിക്കുകയും സ്വർഗ്ഗീയ ആരാധനാസമൂഹത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
കൂദാശ ത്രിതൈ്വക രഹസ്യം
കൂദാശകളിൽ പിതാവായ ദൈവം പുത്രനിലൂടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴി ദൈവികജീവൻ പ്രദാനം ചെയ്യുന്നു. ഇതിലൂടെ ദൈവ ഐക്യവും രക്ഷയും സാധ്യമാകുന്നു. ഇതിൽ ഭാഗഭാക്കാകുന്നവർക്ക് പിതാവായ ദൈവത്തിന്റെ സ്‌നേഹവും കർത്താവീശോമിശിഹായുടെ കൃപയും പരിശുദ്ധാത്മാവിന്റെ
സഹവാസവും അനുഭവവേദ്യമാകുന്നു. കൂദാശകൾ നേരിട്ട് ഈശോയിൽ നിന്നുള്ളതാണ്. അവ മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള പിതാവിന്റെ സമ്മാനങ്ങളാണ്. പരിശുദ്ധാത്മാവ് എല്ലാ വിശുദ്ധീകരണ പ്രവർത്തനങ്ങളുടെയും ചലനാത്മക ഘടകമാണ്. വി. രഹസ്യങ്ങളുടെ (കൂദാശകളുടെ) സ്വീകരണത്തിലൂടെ പരി.ത്രിത്വത്തിന്റെ പരിശുദ്ധയിൽ നാമും പങ്കുചേരുന്നു.
കൂദാശകളുടെ ത്രിവിധ മാനങ്ങൾ
(a.) കൂദാശ ഒരു അനുസ്മരണ കർമ്മമാണ് (ഭൂതകാലം): ഈശോയിലൂടെ
പൂർത്തിയാക്കപ്പെട്ട രക്ഷാകര സംഭവങ്ങളാണ് കൂദായശിൽ നാം അനുസ്മരിക്കുന്നത്.
അവ ഈശോയുടെ പെസഹാരഹസ്യങ്ങളോട് നമ്മെ യോജിപ്പിക്കുന്നു.
(b.) പെസഹാ രഹസ്യങ്ങളെ ഇപ്പോൾ സന്നിഹിതമാക്കുന്നു (വർത്തമാനകാലം): ഈശോയുടെ രക്ഷാകരശക്തിയെ സന്നിഹിതമാക്കിക്കൊണ്ട് ഈശോയുമായുള്ള കണ്ടുമുട്ടൽ സാധ്യമാക്കുന്നു. ഈശോയുടെ രക്ഷാകരകൃത്യങ്ങൾ കൂദാശകളിലെ സജീവഭാഗഭാഗിത്വത്തിലൂടെ വിശ്വാസികളുടെ സമൂഹത്തിൽ സന്നിഹിതമാക്കുന്നു.
(c.) നിത്യജീവിതത്തിലേയ്ക്ക് നമ്മെനയിക്കുന്നു (ഭാവികാലം): സഭ ഈ ലോക
ത്തിൽ സ്ഥിതി ചെയ്യുന്നതും അതേസമയം സ്വർഗ്ഗോന്മുഖവുമാണെന്ന്, വാഗ്ദാനം ചെയ്യപ്പെട്ട നാട്ടിലേയ്ക്ക് തീർത്ഥാടനം ചെയ്യുന്ന ഒരു സമൂഹമാണെന്ന് വി. രഹസ്യ
ങ്ങൾ പ്രകടമാക്കുന്നു. ഈ ഭൂമിയിലുള്ള ദിവ്യരഹസ്യങ്ങളുടെ ആഘോഷം സ്വർഗ്ഗവും ഭൂമിയും ഒന്നുചേരുന്ന സ്വർഗ്ഗീയ ആരാധനയുടെ ഭാഗഭാഗിത്വമാണ്.
കൂദാശകൾ സാർവ്വത്രിക മതബോധനം
(a.) ഈശോ-കൂദാശ: എങ്ങനെയാണ് ഈശോയെ പ്രഥമ കൂദാശ എന്ന് വിശേഷിപ്പിക്കുന്നത്. കൂദാശ എന്നാൽ അദൃശ്യമായതിനെ ദൃശ്യമാക്കുന്നതാണല്ലോ. ഈ അർത്ഥത്തിൽ സൃഷ്ടികർമ്മത്തിൽ ദൈവത്തിന്റെ ശബ്ദമായ (വചനമായ) മിശിഹാ കാലത്തികവിൽ മനുഷ്യാവതാരം ചെയ്തു; അങ്ങനെ ദൈവത്തിന്റെ ഏകജാതൻ മനുഷ്യാവതാരത്തിലൂടെ അവിടുത്തെ കൂദാശയായി. ദൈവ-മനുഷ്യ സമാഗമത്തിന്റെയും സംഭാഷണത്തിന്റെയും പരകോടിയാണ്
ഈശോയിൽ സാധിക്കുന്നത്. മനുഷ്യൻ ദൈവത്തോടു സംസാരിക്കുന്നതും ദൈവം മനുഷ്യന് വെളിപ്പെടുത്തുന്നതുമായ സമ്മേളന കൂടാരമാണ് മിശിഹാ. അതിനാൽ
ദൈവത്തിന്റെ സ്വയാവിഷ്‌ക്കരണവും മനുഷ്യന്റെ കൗദാശികതയും മിശിഹാ സംഭവത്തിൽ പൂർണ്ണത കൈവരിക്കുന്നു. ചുരുക്കത്തിൽ ഈശോയുടെ മനുഷ്യത്വമാണ് കൂദാശ. ചരിത്രത്തിലെ ദൈവത്തിന്റെ ദൃശ്യ സാന്നിദ്ധ്യം, സ്വർഗ്ഗീയ പിതാവിന് മനുഷ്യനോടുള്ള അനിർവചനീയമായ സ്‌നേഹത്തിന്റെ ദൃശ്യ പ്രകടനം. യോഹന്നാൻ 14,9 ൽ പറയുന്നു: ”എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു”.
ഈശോ പ്രഥമ കൂദാശയാണ് എന്നു പറയുമ്പോൾ മറ്റുള്ള കൂദാശകളെപ്പോലെയല്ല, മറിച്ച് അസ്ഥിവാര കൂദാശ എന്ന നിലയിലാണ്. ഉദാ. ഒരു ചെടിയുടെ അടിസ്ഥാന ജീവൻ നിലനിൽക്കുന്നത് വേരിനെ ആശ്രയിച്ചാണ്. അതുപോലെ തന്നെയാണ് മറ്റെല്ലാ കൂദാശകളും നിലനിൽക്കുന്നത് ഈശോയുടെ കൗദാശികത്വത്തിലാണ്.
(b.) സഭ മിശിഹായുടെ കൂദാശ: മിശിഹാ എന്ന മണവാളനുമായി യോഗാത്മക സംസർഗ്ഗത്തിൽ ഒരു ശരീരമായി തീർന്ന ദൈവജനമാണ് സഭ. വി. പൗലോസ്
ശ്ലീഹായുടെ വാക്കുകളിൽ ”മിശിഹാ സഭയും സഭ മിശിഹായുമാണ്”. സഭ മിശിഹായുടെ ശരീരമാകുന്നു എന്നതു തന്നെയാണ് അതിന് കൗദാശികത നൽകുന്നത്. ”മിശിഹായുമായി സഗാഢം ബന്ധിതയായ സഭ ദൈവവുമായുള്ള ഈ ഐക്യത്തിന്റെയും മനുഷ്യവർഗ്ഗം മുഴുവനുമുള്ള യോജിപ്പിന്റെയും കൂദാശയാണ്” (LG. 1) എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ പഠിപ്പിക്കുന്നു. ഈശോ ദൈവത്തിന്റെ കൂദാശയായിരിക്കുന്നതുപോലെ സഭ ഈശോയുടെ കൂദാശയാണ്. കാരണം സഭയിലും സഭവഴിയും മിശിഹാ മനുഷ്യർക്ക് വെളിപ്പെടുത്തുകയും അവിടുത്തെ രക്ഷാകരദൗത്യം തുടർന്നുകൊണ്ടു പോകുകയും ചെയ്യുന്നു. മിശിഹായിൽ പൂർത്തിയാക്കപ്പെട്ട രക്ഷാകരസംഭവങ്ങൾ ലോകാവസാനം വരെയുള്ള സർവ്വ ജനപദങ്ങൾക്കും അനുഭവവേദ്യമാകുവാൻ അവിടുന്ന് തന്റെ ദൗത്യ നിർവ്വഹണം തുടരുന്നതിനായി സഭയെ ലോകത്തിനു നൽകി. മിശിഹായുടെ ദൗത്യത്തിന്റെ ലോകാവസാനം വരെയുള്ള തുടർച്ച ഇന്ന് സഭയിലാണ് നിവൃത്തിതമാകുക. അതിനാലാണ് സഭയെ രക്ഷയുടെ കൂദാശ എന്ന് വിശേഷിപ്പിക്കുന്നത്.
സഭ മിശിഹായുടെ ശരീരം ആയിരിക്കുന്നിടത്തോളം അവിടുത്തെ കൂദാശയുമാണ്. ഇത് പ്രധാനമായും 3 യാഥാർത്ഥ്യങ്ങളിലേയ്ക്കാണ് വിരൻ ചൂണ്ടുന്നത്:
1. ഈശോ സഭയിൽ സന്നിഹിതനാണ്.
2. ഈശോ സഭയിൽ സന്നിഹിതനാണെന്നു മാത്രമല്ല, അവളുമായി താദാത്മ്യപ്പെടുകയും ചെയ്യുന്നു. ശ്ലീഹന്മാരുടെ നടപടി 9,4-5 ൽ ”നീ പീഡിപ്പിക്കുന്ന ഈശോയാണ് ഞാൻ എന്ന ഈശോയുടെ വാക്കുകൾ ഈ താദാത്മ്യപ്പെടലിനെ വ്യക്തമാക്കുന്നു.
3. സഭയിലൂടെ വെളിപ്പെടുത്തുകയും മനുഷ്യരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നു- ഒരിക്കൽ തന്റെ ശരീരത്തിലൂടെ ചെയ്തതുപോലെ മനുഷ്യനു സ്വയം വെളിപ്പെടുത്താനും അവനോട് സംസർഗ്ഗം പുലർത്താനുമാണ് മിശിഹാ സഭയുടെ ശിരസായി നിലകൊള്ളുന്നത്.
ചുരുക്കത്തിൽ ദൈവ-മനുഷ്യ സമാഗമത്തിന്റെ കൂദാശയാണ് ഈശോ എന്നതിലാണ് ഈശോയുടെ തുടർച്ചയായ സഭ കൂദാശയായിരിക്കുന്നത്. സഭ കൂദാശയായതിനാലാണ് സഭാമക്കളുടെ ജീവിതത്തിലെ വിവിധ നിമിഷങ്ങൾക്ക് (7 കൂദാശകൾ) കൗദാശികത കൈവരുന്നത്. ഈശോ ദൈവത്തന്റെ കൂദാശയും സഭ ഈശോയുടെ കൂദാശയും ആയിരിക്കുന്നതുപോലെ ഏഴു കൂദാശകൾ സഭയുടെ കൂദാശകളാണ്.
കൂദാശകൾ സ്ഥിതി ചെയ്യുന്നത് സഭ എന്ന അടിത്തറയിലാണ്. കാരണം സഭയിലാണ് അവ നൽകുന്നതും സ്വീകരിക്കപ്പെടുന്നതും അവ പരികർമ്മം ചെയ്യുന്നതും; ചെയ്യുന്നതിനായി സഭാംഗങ്ങൾക്ക് അധികാരം
നൽകുന്നതും സഭയാണ്. കൂദാശകളുടെ പരികർമ്മത്തിൽ സഭ പ്രവർത്തനനിരതമാകുന്നു എന്നു മാത്രമല്ല സഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും അവരുടെ വിശുദ്ധി വളർത്താനും കൂദാശകൾ സഹായിക്കുന്നു.
(തുടരും…)