പുരോഹിതനും പ്രശ്‌ന പരിഹാരവും അജപാലനപരമായി എല്ലാ സാഹചര്യങ്ങളും തിരിച്ചറിയാൻ കടപ്പെട്ടവരാണ് പുരോഹിതർ. എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ കരുണയുടെ കരം ചൂണ്ടിക്കാട്ടേണ്ടവരാണവർ. വിവാഹം എന്ന യാഥാർത്ഥ്യം അതിന്റെ നിറവിൽ ജീവിക്കാത്തവരുടെ സാഹചര്യങ്ങൾ അജപാലനപരമായി വിവേചിച്ചറിയാൻ വൈദികർക്ക് ചുമതലയുണ്ട് എന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു. അവരുമായി അജപാല സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ നാം തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്:
1. ക്രമമായ ജീവിത സാഹചര്യങ്ങളെ മനപ്പൂർവ്വം ഉപേക്ഷിച്ച് തകർച്ചകളിലേക്ക് വീണ്, പുതിയ ബന്ധങ്ങൾ സ്ഥാപിച്ചവർ – ഹൃദയ കാഠിന്യമുള്ളവരും, തെറ്റുകൾ തിരിച്ചറിയാൻ വിമുഖരും, ദൈവാലയത്തേയും വിശ്വാസികളേയും പുരോഹിതരേയും ജീവിതത്തിൽ നിന്ന് മാറ്റി നിർത്തുന്നവർ. അങ്ങനെയുള്ളവരെ അജപാലന ശുശ്രൂഷയിൽ ഒഴിച്ചു നിർത്താനാവില്ല. അവരുടെ തെറ്റുകളെക്കുറിച്ച്, ബോധമുള്ളവരാക്കിയും അനുതപിച്ച് പ്രാർത്ഥിക്കാൻ പരീശീലനം നൽകിയും അവരെ ഉൾചേർത്തു നിർത്തുവാൻ സഭയ്ക്ക് കടമയുണ്ട്.
2. വിശ്വാസം പണ്ടേ നഷ്ടമായവർ, തങ്ങളുടെ ഭൗതികതയിൽ മുഴുകി ജീവിക്കുന്ന, ഒന്നിനോടും കൂസലില്ലാതെ ജീവിക്കുന്ന ഇവർക്കിടയിലും രക്ഷയുടെ വചനം വിതയ്ക്കപ്പെടണം.
3. തികഞ്ഞ അനീതികളിൽ പെട്ടുപോയവർ, ആദ്യ ജീവിതപങ്കാളിയാൽ ഉപേക്ഷിക്കപ്പെട്ടവരും, എന്നും നിലനിൽക്കാനാവാത്ത നിസ്സഹായതയിൽ രണ്ടാം ബന്ധത്തിന് വിധിക്കപ്പെട്ടവരും തൽഫലമായി മാനസികമായ തളർച്ചയിലും മുറിവുകളിലും കഴിയുന്നവർ. അങ്ങനെയുള്ള സാഹചര്യത്തിൽ പുനർ വിവാഹം ചെയ്യേണ്ടിവരുന്നവർ – സഭയുടെ വിവാഹ നിയമങ്ങൾക്ക് എതിരായി ജീവിക്കാൻ ആഗ്രഹിച്ചവരല്ലാത്തതിനാൽ തന്നെ അങ്ങനെയുള്ളവരുടെ സാഹചര്യങ്ങൾ പരിഗണിക്കപ്പെടണം. മാമ്മോദിസാ സ്വീകരണം ഒരുവനെ, പൗരസ്ത്യ സഭാ ചിന്താധാരകളിലെങ്കിലും, തിരുശരീര സ്വീകരണത്തിന് അടിസ്ഥാന യോഗ്യത നൽകുന്നു. കൊലപാതകം നടത്തിയവൻ അനുതപിക്കുമ്പോൾ നാം കുർബാന കൊടുക്കുന്നു. അവൻ ഒരിക്കലും അവൻ കൊല ചെയ്ത ആളെ ജീവിപ്പിക്കുന്നില്ല. വ്യഭിചാരം ചെയ്യുന്നവൻ അനുതപിക്കാനേ കഴിയൂ, അവന് ചെയ്തുപോയ വ്യഭിചാരം എന്ന പ്രവൃത്തിയെ ഇല്ലാതാക്കാൻ കഴിയില്ല. അവനും അനുതപിച്ച് കുർബാന സ്വീകരിക്കാനാവുന്നു.
ഞാൻ നേരിട്ടറിഞ്ഞ ഒരു സംഭവ നിങ്ങളുമായി പങ്കു വയ്ക്കട്ടെ. എന്റെ അടുക്കൽ കൗൺസിലിംഗിനായി വന്ന ഒരു കുടുംബത്തെ ഞാൻ ഓർമ്മിക്കുന്നു. വിവാഹിതരായി 3 മക്കൾ (പെൺമക്കൾ) ജനിച്ചുകഴിഞ്ഞപ്പോഴാണ് ഭർത്താവിന് വിദേശ ജോലി ലഭിച്ചത്. അവിടെ പോയി ജോലി ചെയ്ത് ഒന്നരവർഷം കഴിഞ്ഞപ്പോൾ ഭാര്യ മക്കളെ മൂന്നുപേരെയും ഭർത്താവിന്റെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് ഒരാഴ്ചത്തെ ധ്യാനത്തിനായി പോയി. ഇപ്പോൾ 12 വർഷം കഴിഞ്ഞു ഇതുവരെയും തിരിച്ചു വന്നിട്ടില്ല. നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ സ്‌കൂൾ പ്രണയത്തിന്റെ പിൻതുടർച്ചയായി ഭാര്യ അന്യ വിശ്വാസത്തിൽപ്പെട്ട ഒരുവന്റെ കൂടെയാണ് പോയതെന്നും വിദേശത്തു കഴിയുന്നു എന്നും വിവരം ലഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാർക്ക് അവളെക്കുറിച്ച് ഒന്നും അറിയില്ല. ജോലി രാജിവെച്ച് വന്നയാൾ അഞ്ചുവർഷങ്ങൾ ജോലികൾ ചെയ്ത് പിള്ളേർക്കൊപ്പം കഴിഞ്ഞു. മാതാവ് രോഗിയായി. പിതാവ് മരണമടഞ്ഞു, 3 പെൺകുട്ടികളെ
പോറ്റുവാൻ സന്നദ്ധയായ ഒരു സ്ത്രീയെ ബന്ധുക്കൾ തന്നെ കണ്ടെത്തി കൊണ്ടുവന്നു. അവൾക്കു മക്കളുണ്ടാവില്ല, എന്നാൽ കുഞ്ഞുങ്ങളെ നോക്കാൻ തയാറാണ്. എന്നാലും വിവാഹം പള്ളിയിൽ നടത്താനാവുന്നില്ല. അയാൾ ആ സ്ത്രീയുടെ കൂടെ താമസിച്ചുതുടങ്ങി. മക്കളെ അവൾ നന്നായി നോക്കുന്നു. എല്ലാക്കാര്യങ്ങളും ഭംഗിയായി നടത്തുന്നു.
ചിലപ്പോഴെങ്കിലും ശാരീരികമായി സ്‌നേഹം പങ്കുവയ്ക്കുവാൻ ഞങ്ങൾ പ്രലോഭിതരാകുന്നു എന്ന് അയാൾ തുറന്നു പറയുന്നു. ദൈവാലയത്തിൽ പോയി വി.കുർബാന സ്വീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലായിരിക്കുന്നു. ഇപ്പോൾ കുട്ടികൾ പറയുന്നു പപ്പായ്ക്ക് അച്ചൻ തരാത്ത ഈശോയെ ഞങ്ങൾക്കും വേണ്ട.
ഇങ്ങനെയുള്ളവർക്ക് യാതൊരാലോചനയുമില്ലാതെ കുർബാന കൊടുത്ത് വിപ്ലവകാരികളാകണമെന്നല്ല ഞാനുദ്ദേശിക്കുക. എന്നാലും രണ്ടു ചോദ്യങ്ങൾ പ്രസക്തങ്ങളാണ്:
1. നിസ്സഹായതയിൽ തുരുത്തുകൾ തേടിയവർ, പൂർണ്ണമായി അനുതപിക്കുകയും തങ്ങൾ ജീവിക്കുന്ന ബന്ധം വൈവാഹികതയുടെ പൂർണ്ണ അവസ്ഥയിലല്ലെന്ന്, മനസ്സിലാക്കുമ്പോഴും രണ്ടാം ബന്ധത്തിൽ ക്രിസ്തീയ അരൂപിയിൽ ജീവിക്കുകയും ഈശോയെ സ്വീകരിക്കുവാൻ പശ്ചാത്താപപൂർവ്വം ഒരുങ്ങുകയും ചെയ്യുമ്പോൾ അവർക്ക് വി. കുർബാന നല്കിയാൽ കുർബാനയുടേതോ അവിഭാജ്യമായ വിവാഹത്തിന്റെയോ വില നഷ്ടപ്പെടുമോ? ദൈവം യോജിപ്പിച്ചത് വേർപെടുത്തി മറ്റെവിടെയോ പോയി വേറൊരു കൂട്ടുമായി ജീവിക്കുന്നയാളുടെ പങ്കാളിയായിരുന്ന വ്യക്തി ഈ സമൂഹത്തിലനുഭവിക്കേണ്ടിവരുന്ന യാതനകൾ സഭ പൂർണ്ണമായി
മനസ്സിലാക്കിയിട്ടുണ്ടോ? വിവാഹമോചിതയായ ഒരു യുവതിയ്ക്ക് മറ്റൊരു
തുണയില്ലാതെ (കേരളത്തിൽ) കഴിഞ്ഞുകൂടുക പ്രയാസകരമാണ്. അവൾ ചെറുപ്പമാണെങ്കിൽ അവളുടെ അവസ്ഥ വളരെ പരിതാപകരമാണ്. അവൾക്ക് വരുന്ന ഫോൺ കോളുകൾ, അവളുടെ ചുറ്റും കൂടുന്ന സ്‌നേഹാഭ്യർത്ഥനകൾ, അവ
ൾക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന സഹായങ്ങൾ, അവസരങ്ങൾ, ഇങ്ങനെയൊരു അവസ്ഥയിൽ ഒരു ബന്ധം രൂപപ്പെടുത്താതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് അവൾ വലിച്ചിഴയ്ക്കപ്പെടും. ഇത് അവൾ സ്വയം വരുത്തി വച്ച അവസ്ഥയല്ലാത്തപ്പോൾ എല്ലാ നിയമക്കുരുക്കുകളും അഴിയുന്നതുവരെ കാത്തുനിൽക്കാൻ അവൾക്കായില്ല എന്നുവരാം – അങ്ങനെയുള്ള അവസ്ഥയിലാണ് അവൾ പുതിയൊരു ബന്ധത്തിലേയ്ക്ക് തിരിഞ്ഞതെന്നും അതിൽ അവൾ ദൈവകാരുണ്യം യാചിച്ച് ജീവിക്കുന്നുണ്ടെന്നും ഒരു പുരോഹിതൻ അജപാലസംഭാഷണത്തിൽ തിരിച്ചറിയുകയും ചെയ്യുമ്പോൾ ഈ ആത്മാവിനെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാറുണ്ടോ?
2. പുരോഹിതന് ഈ അവസരത്തിൽ കേൾക്കുക, ആശ്വസിപ്പിക്കുക എന്നതിലുപരി കൗദാശിക സ്വീകരണത്തിനായി എന്തെങ്കിലും കൂടുതൽ ചെയ്യാനാകുമോ?
വ്യക്തിപരമായ സംസാരത്തിൽ ഒരു പുരോഹിതന് മറ്റാരെയുംകാൾ ഉപരി തന്റെ മുമ്പിലിരിക്കുന്ന വ്യക്തിയുടെ ആന്തരികത തിരിച്ചറിയാൻ കഴിയും. അയാളുടെ യഥാർത്ഥമായ അനുതാപം, തന്റെ ഉള്ളിൽ ഈശോയെ സ്വീകരിക്കാനുള്ള ആഗ്രഹം, താനായിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ്, ദൈവം ആഗ്രഹിക്കുന്ന ബന്ധമായി പുതിയ ബന്ധത്തെ വാർത്തെടുക്കാനുള്ള ആഗ്രഹം ഇവയൊക്കെ കണക്കിലെടുത്ത് പ്രസ്തുത വ്യക്തിക്കുവേണ്ടി അതിരൂപതാ കോടതിക്കുമുമ്പിലും അതിരൂപതാ അദ്ധ്യക്ഷന്റെ മുമ്പിലും നിലകൊള്ളുവാനും, അവരുമായി ഉണ്ടായ ആന്തരിക സംഭാഷണത്തിലൂടെ തിരിച്ചറിഞ്ഞ നിരപരാധിത്വത്തെ ഉയർത്തിക്കാട്ടുവാനും അവർ അനുഭവിക്കുന്ന അനീതിയെ ചൂണ്ടിക്കാട്ടി അവരുടെ ആദ്യവിവാഹത്തെ അസാധുവാക്കി പ്രഖ്യാപിക്കാൻ സാധ്യമായ നടപടികൾ ഉണ്ടോ എന്ന് അഭ്യർത്ഥിക്കുവാനും കഴിയുമോ? തുടർനടപടിയായി അങ്ങനെയുള്ളവരുടെ വിവാഹം ദൈവാലയത്തിൽ വച്ച് കൗദാശിക മാനത്തിലേക്ക് ഉയർത്തുകയും, അവരുടെ ദിവ്യകാരുണ്യ അനുഭവത്തിന് സഹായിയാവുകയും ചെയ്യുക എന്നതൊക്കെ ഇനിയും സാധ്യമായ കാര്യങ്ങളല്ലേ?
ഇവിടെ നാം ചെയ്യുക പാരമ്പര്യങ്ങളെയോ സഭാ പ്രബോധനങ്ങളെയോ മറികടക്കുകയല്ല. മറിച്ച് അർഹമായ ആനുകൂല്യങ്ങളിലേക്ക്, ദൈവം പങ്കുവയ്ക്കുന്ന കരുണയിലേക്ക് അനുതപിച്ച് കാത്തുനിൽക്കുന്നവരെ പരിഗണിക്കുക എന്നുള്ളത്
മാത്രമാണ്. അർഹതയില്ലാത്തവർക്ക് കുർബാന കൊടുക്കുവാൻ അമോറിസ് ലത്തിസിയ പഠിപ്പിക്കുന്നില്ല. അർഹത എന്നതിൽ അജപാലനപരതയും കരുണയും വ്യാപകമാക്കുക എന്ന ആഹ്വാനം ഒരു തരത്തിലും വി. കുർബാനയുടെ മഹത്ത്വമോ വിവാഹത്തിന്റെ അവിഭാജ്യതയോ നഷ്ടപ്പെടുത്തുകയോ കുറച്ചു കാണിക്കുകയോ ചെയ്യുന്നില്ല. മറിച്ച് അനുതാപത്തോടും ഒരുക്കത്തോടുംകൂടി, തങ്ങൾക്കാവുംവിധം പരിശ്രമിച്ചവരുടെ അദ്ധ്വാനത്തിനു മുമ്പിൽ പടിവാതിൽക്കൽ പുത്രനെയും കാത്തു നിൽക്കുന്ന പൂർണ്ണതയുള്ള പിതാവിന്റെ പൂർണ്ണതിലേക്കുള്ള സഭയുടെ വളർച്ചയുടെ ഭാഗമാണ്.