ജീവിത സമഗ്രത അഭ്യസിക്കേ പുണ്യം

ഒരു ക്രൈസ്തവന്റെ ജീവിതം ഒരു അത്‌ലറ്റിന്റെ ജീവിതം പോലെയാണെന്ന് പറയാറുണ്ട്. ഒരു അത്‌ലറ്റ് മത്സരിക്കാനായി ഒരു സുപ്രഭാതത്തിൽ ട്രാക്കിലേക്ക് ചാടുകയല്ല സാധാരണയായി ചെയ്യുന്നത്. മത്സരിക്കുന്നതിനു വളരെ മുമ്പുതന്നെ കഠിനമായ പരിശീലനത്തിലൂടെ തയ്യാറെടുപ്പുകൾ നടത്തിയാണ് അതിനു യോഗ്യത നേടുന്നത്.
ഈ ഒരു തയ്യാറെടുപ്പ് ഒരു ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും സാമൂഹിക ജീവിതത്തിലും അത്യന്താപേക്ഷിതമാണ്. വിശ്വാസത്തിലും ധാർമ്മികതയിലും ചെറുപ്പം മുതലേ കിട്ടുന്ന പരിശീലനമാണ് നല്ല ക്രൈസ്തവരായി ജീവിക്കാൻ ഒരുവനെ പ്രാപ്തനാക്കുന്നത്.
ഇന്നത്തെ പുതിയ സംസ്‌ക്കാരത്തെക്കുറിച്ച് പറയുന്നത് ‘culture based on appearance’ എന്നാണ്. ബാഹ്യരൂപത്തിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു സംസ്‌ക്കാരം; വീടു പണിയുന്നതും വസ്ത്രം ധരിക്കുന്നതും വിദ്യാഭ്യാസം നേടുന്നതുമെല്ലാം മറ്റുള്ളവരെ കാണിക്കാനും അറിയിക്കാനും വ്യഗ്രതയുള്ള ഒരു സംസ്‌ക്കാരം. പൊതു പ്രവണത അതാണെങ്കിലും ആത്യന്തികമായി മനുഷ്യൻ അതിൽ പൂർണ്ണമായും തൃപ്തനല്ല. അതുകൊണ്ടാവാം ആധികാരികമായ ആഴമുള്ള ജീവിതങ്ങൾ കാണുമ്പോൾ മനുഷ്യൻ അവരിലേക്കു ആകൃഷ്ടനാകുന്നത്. എന്നാൽ ഉയർന്ന വ്യക്തിത്വവും മനസ്സാക്ഷിയുമുള്ള, ആധികാരികതയുള്ള നേതാക്കളുടെ അഭാവം ഇന്ന് ലോകം മുഴുവൻ നേരിടുന്ന പ്രതിസന്ധിയാണ്. സമൂഹത്തിന്റെ trend അനുസരിച്ച്, ചിലപ്പോൾ വളരെ സങ്കുചിതമായി, ചിലപ്പോൾ അമിത പുരോഗമനവാദിയായി ബുദ്ധിപരമായി ഒട്ടും സത്യസന്ധതയില്ലാത്ത നേതാക്കന്മാരെയാണ് രാഷ്ട്രീയ-സാമൂഹിക-ആത്മീയരംഗത്ത് പിന്തുടരേണ്ടി വരുന്നത്. സമൂഹത്തിന്റെ trend ഏതെല്ലാം രീതിയിൽ മാറി മറിഞ്ഞു വന്നാലും ആധികാരികമായ ജീവിതങ്ങൾക്കുവേണ്ടി ഇന്നു മനുഷ്യൻ ദാഹിക്കുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണത്.
ഇംഗ്ലീഷിൽ ഇങ്ങനെ ഒരു ചൊല്ലുണ്ട്: ‘If you want to be good at something study the best’. ഏതെങ്കിലും മേഖലയിൽ മികച്ചവരാകാൻ ആ മേഖലയിലെ ഏറ്റവും മികച്ചവരെ പഠിക്കുക. എല്ലാവരും ജീവിതത്തിൽ പുലർത്തുന്ന ഒരു രീതിയാണിത്. നല്ല പാട്ടുകാരനാകാൻ ഏറ്റവും നല്ല പാട്ടുകാരുടെ പാട്ടാണ്
കേൾക്കുന്നതും പഠിക്കുന്നതും. നല്ല അഭിനേതാവാകാൻ ഏറ്റവും നല്ല അഭിനേതാക്കളുടെ സിനിമയും നാടകവുമാണ് കാണുന്നതും പഠിക്കുന്നതും. ഇങ്ങനെ ഓരോ മേഖലയിലും മികച്ചവരെ കണ്ടു പഠിക്കാനും
പരിശീലിക്കാനുമാണ് നാം ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.
കുഞ്ഞുങ്ങളുടെ പരിശീലനത്തിൽ നിർഭാഗ്യവശാൽ അത്തരം ജാഗ്രത ഉണ്ടാവുന്നില്ല. എല്ലാം കണ്ടും ആരെയും അനുകരിച്ചും എല്ലാ സ്വാധീനങ്ങളിൽപ്പെട്ടും ശരിയായത് പരിശീലിക്കാനും പഠിക്കാനും മികച്ചവരെ അനുകരിക്കാനും പറ്റാതെ വരുന്നു. ‘we become what we celebrate’ എന്നു പറയാറുണ്ടല്ലോ. കുട്ടികൾ ആഘോഷിക്കുന്നത്, കാണുന്നത്, കേൾക്കുന്നത് അവരെ സ്വാധീനിക്കുന്നു. Rock stars, film stars, വിപ്ലവനേതാക്കൾ, സാഹസികത കാട്ടുന്നവർ ഇവരിൽ പലരും കുട്ടികളുടെ നന്മയുള്ള ഭാവിക്ക് ആവശ്യമില്ലാത്തവരാണ്.
കുട്ടികളെ ശരിയായത് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും മികച്ചവരെ മാത്രം പഠിച്ചു
വളരാനും ഉപേക്ഷ വിചാരിക്കരുത്. ഏറ്റവും കൂടുതൽ പരിശീലനം, മാതൃക ആവശ്യമുള്ള മേഖലയാണ് ലൈംഗികധാർമ്മിക മേഖല. കാരണം ഏതു മേഖലയിലും ഉന്നതസ്ഥാനത്തെത്തിയാലും ശരിയായി പെരുമാറാൻ പഠിച്ചില്ലെങ്കിൽ പക്വതയോടും
ആത്മനിയന്ത്രണത്തോടെയും സത്യസന്ധമായും ധാർമ്മികമായും പെരുമാറാൻ പഠിച്ചില്ലെങ്കിൽ നേടിയ നേട്ടങ്ങളും കൈവരിച്ച വൈദഗ്ദ്ധ്യവും ഒരു പ്രയോജനവും ചെയ്യില്ല എന്ന് ലോകം മുഴുവനിലുമുള്ള എല്ലാ മേഖലയിലുമുള്ള പല പ്രമുഖരുടെയും വീഴ്ചകൾവഴി നാം മാധ്യമങ്ങളിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. എല്ലാ ജീവനെയും ആദരിക്കാനും അതിന്റെ ആരംഭം മുതലുള്ള മൂല്യത്തെ തിരിച്ചറിയാനും വ്യക്തിപരമായ വിശുദ്ധി, പുണ്യങ്ങൾ അഭ്യസിച്ച് സ്വന്തമാക്കാനും ചെറുപ്പം മുതലേ പരിശീലിച്ചാൽ ഭാവിയിൽ വിഷമിക്കേണ്ടി വരുകയില്ല.
മനുഷ്യജീവന്റെ ശരിയായ ഒരു സംസ്‌ക്കാരം പടുത്തുയർത്താൻ ലൈംഗികതയെയും സ്‌നേഹത്തെയും ജീവിതത്തെ മുഴുവനെയും അവയുടെ യഥാർത്ഥമായ അർത്ഥമനുസരിച്ചും അവയുടെ ഗാഢമായ പരസ്പരബന്ധത്തിലും സ്വീകരിക്കാനും അനുഭവിക്കാനും കുട്ടികളെ ചെറുപ്പത്തിലേ സഹായിക്കണം. ലൈംഗികതയെയും സ്‌നേഹത്തെയും സംബന്ധിച്ച യഥാർത്ഥമായ വിദ്യാഭ്യാസം പ്രത്യേകിച്ച്, കൗമാരത്തിലെത്തിയവർക്കും യുവജനത്തിനും നൽകുവാനുള്ള കടമയെ ഉപേക്ഷിക്കാൻ പാടില്ല. ഒരു വ്യക്തിയെ മുഴുവനും സ്പർശിക്കുന്നതും സമ്പന്നമാക്കുന്നതുമായ ലൈംഗികത അതിന്റെ ശരിയായ അർത്ഥത്തെ, സ്‌നേഹത്തിൽ സ്വയം ദാനമായി നൽകുവാൻ ഒരുവനെ സഹായിക്കുന്നതിലാണ് വെളിവാക്കുന്നത് (Evangelium Vitae 17).
ലൈംഗികതയെ നിസ്സാരവത്ക്കരിക്കുന്നതാണ് ഇന്നത്തെ സമൂഹം പ്രത്യേകിച്ച് സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ ധാർമ്മിക പ്രശ്‌നം. ലൈംഗികത എന്നാൽ ഒരാൾ അയാളെ സ്വയം ദാനമായി നൽകി സ്‌നേഹിക്കുന്നതിനെ സംബന്ധിച്ച വിഷയമാണ്. ലൈംഗിക ധാർമ്മികതയെന്നാൽ ആരെയും സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാതെ സ്വയം ദാനമായി നല്കുന്ന സ്‌നേഹത്തിൽ വളരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. സെക്‌സ് അല്ലെങ്കിൽ ലൈംഗികപ്രവൃത്തി ലൈംഗികതയുടെ ഒരു പ്രധാനപ്പെട്ട പ്രകാശനമാണ്. അതിന്റെ ആധികാരികമായ പ്രകാശനം സമ്പൂർണ്ണ സമർപ്പണത്തിലും നിത്യംനിലനിൽക്കുന്ന വിവാഹ ഉടമ്പടിയിലൂടെ ദമ്പതികൾ സ്വയം ദാനമായി നൽകുന്ന ദാമ്പത്യബന്ധത്തിലും മാത്രമാണ്.
രണ്ടു തരത്തിലുള്ള അർത്ഥമാണ് ദമ്പതികളുടെ ജീവിത്തിലെ ലൈംഗികതയുടെ പ്രകാശനത്തിന് ഉള്ളത്. സ്‌നേഹം, ജീവൻ എന്നീ രണ്ടർത്ഥങ്ങൾ മനഃപൂർവ്വം വേർപിരിക്കാതെ പ്രകാശിപ്പിക്കുമ്പോൾ മാത്രമാണ് ആ ബന്ധം ധാർമ്മികമായി സത്യമാകുന്നത്.
സ്‌നേഹം നൽകലിനെ ജീവൻ നൽകലിൽ നിന്ന് വേർതിരിക്കുന്ന തിന്മകളാണ് ഗർഭനിരോധന മാർഗ്ഗങ്ങളും ഭ്രൂണഹത്യയും.
അവിടെ ദമ്പതികൾ തമ്മിൽ സ്‌നേഹമുണ്ടാകും എന്നാൽ ജീവനെ നിഷേധിക്കു
കയോ നശിപ്പിക്കുകയോ ചെയ്യുന്നു. ജീവനെ സ്വീകരിക്കുകയും അതേസമയം ദമ്പതികൾ തമ്മിലുള്ള ദാമ്പത്യബന്ധം/സ്‌നേഹം ഇല്ലാതാക്കുകയും ചെയ്യുന്ന തിന്മയാണ് കൃത്രിമ പ്രത്യുല്പാദന മാർഗ്ഗങ്ങളും ക്ലോണിംഗ് പോലെയുള്ള സാങ്കേതികവിദ്യകളും.
ലൈംഗികതയെ സ്വയം നൽകുന്ന സ്‌നേഹമായി കാണാതെ സ്വന്തം സുഖത്തിനായി തന്നിലേക്ക് തന്നെ ചുരുക്കുന്ന സ്വാർത്ഥതയാണ് സ്വയംഭോഗം. തന്റെ തന്നെ ശരീരത്തെ ഉപയോഗിച്ച് സ്വാർത്ഥവും താത്ക്കാലികവുമായ സുഖം നൽകുന്ന ലൈംഗികതയുടെ കപടമായ പ്രകാശനമാണ് ആ പ്രവൃത്തി. അതേ സമയം മറ്റുള്ളവരുടെ ശരീരത്തെയും – യഥാർത്ഥമോ ഭാവനാസൃഷ്ടിയോ – അവരുടെ ലൈംഗിക ക്രിയകളെയും പ്രദർശിപ്പിച്ചും ആസ്വദിച്ചും സ്വാർത്ഥസ്‌നേഹത്തിലേക്ക് താല്ക്കാലികസുഖത്തിലേക്ക് മാത്രം ഒതുക്കുന്ന പ്രവണതയാണ് അശ്ലീലക്കാഴ്ചകൾ/pronography.
സമ്പൂർണ്ണ സമർപ്പണമോ സ്ഥിരമായ ഉടമ്പടിയോ ഇല്ലാതെ വിവാഹത്തിനു മുമ്പ് ലൈംഗിക പ്രവൃത്തികളിലേർപ്പെടുന്നതിനെയാണ് അവിവാഹിത വേഴ്ച (fornication) എന്നു പറയുന്നത്. വിവാഹബന്ധത്തിലേർപ്പെട്ടിട്ട് ദാമ്പത്യ അവിശ്വസ്തത കാണിച്ച് ലൈംഗിക പ്രവൃത്തികളിലേർപ്പെടുന്നതിനെയാണ് വ്യഭിചാരം (adultery) എന്നു പറയുന്നത്. ചുരുക്കത്തിൽ സമൂഹത്തിലെ പല തിന്മകളും വ്യക്തിക്ക് ലൈംഗികതയെ ശരിയായി പ്രകാശിപ്പിക്കാൻ പരാജയപ്പെടുന്നതു മൂലമുണ്ടാകുന്നതാണെന്നു വ്യക്തം (cfr. CCC 23512356).
ശുദ്ധത ഒരു സമഗ്രത
ഒരു വ്യക്തിയിൽ ലൈംഗികതയുടെ ശരിയായ ഏകീകരണവും (integration) ശാരീരികവും ആത്മീയവുമായ തലത്തിലുള്ള അവന്റെ ആന്തരികൈക്യവുമാണ് ശുദ്ധത അർത്ഥമാക്കുന്നത്. ശുദ്ധത വ്യക്തിയുടെ സമഗ്രതയും സ്വയം ദാനത്തിന്റെ പൂർണ്ണതയും ഉൾക്കൊള്ളുന്നു. ശുദ്ധതയുള്ള വ്യക്തി തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ജീവന്റെയും സ്‌നേഹത്തിന്റെയും കഴിവുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നു. ഈ സമഗ്രത ഒരാളുടെ വ്യക്തിത്വത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുകയും അതിനെ മുറിപ്പെടുത്തുന്ന എല്ലാ പ്രവൃത്തിയെയും ചെറുക്കുകയും ചെയ്യുന്നു (CCC 23372338).
ശുദ്ധതയിൽ ആത്മനിയന്ത്രണത്തിനുള്ള പരിശീലനം അടങ്ങിയിട്ടുണ്ട്. അതായത് ഒരാളുടെ സ്വാതന്ത്ര്യം ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള പരിശീലനം. ആത്മനിയന്ത്രണം ദീർഘവും ബുദ്ധിമുട്ടുള്ളതുമായ പ്രവൃത്തിയാണ്. അത് ഒരാളുടെ മരണം വരെ നീണ്ടുനിൽക്കുന്ന ആവർത്തിച്ചുള്ള ഒരു പരിശീലനപ്രക്രിയയാണ്. ബാഹ്യമായ സമ്മർദ്ദങ്ങൾക്കും അന്ധമായ ഉൾപ്രേരണകൾക്കും വിധേയനാകാതെ വികാരങ്ങളെ നിയന്ത്രിച്ച് ബോധപൂർവ്വകവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിനനുസരിച്ചു പ്രവർത്തിക്കാൻ ശുദ്ധത പരിശീലിക്കുന്നത് സഹായിക്കും. ശുദ്ധത എന്ന പുണ്യം സംയമനം എന്ന ധാർമ്മികസുകൃതത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇത് മനുഷ്യന്റെ വികാരങ്ങളെയും ആസക്തികളെയും യുക്തികൊണ്ട് നിറയ്ക്കാൻ സഹായിക്കും. അതായത് വികാരങ്ങൾക്കടിപ്പെട്ട് തിന്മയിലേക്ക് പോകാതെ സ്വാതന്ത്ര്യത്തോടെ നന്മ തെരഞ്ഞെടുത്ത് തന്റെ ലക്ഷ്യം പിന്തുടരാനും അതിനു യോജിച്ച മാർഗ്ഗങ്ങൾ സ്വായത്തമാക്കാനും ഒരുവന്റെ അന്തസിന് ചേർന്നവിധം ജീവിക്കാനും സഹായിക്കും (ഇഇഇ 23372342).
ഓരോരുത്തരും അവനവന്റെ ജീവിതാവസ്ഥയ്ക്ക് ചേർന്ന രീതിയിലാണ് ശുദ്ധത പാലിക്കേണ്ടത്. ചിലർ അവിഭക്ത ഹൃദയത്തോടെ മഹനീയമായ വിധം ദൈവത്തിനു മാത്രം തങ്ങളെ നൽകുവാൻ പ്രാപ്തരാക്കുന്ന കന്യാത്വം അഥവാ സമർപ്പിത ബ്രഹ്മചര്യം ആശ്ലേഷിക്കുന്നു. മറ്റുള്ളവരാകട്ടെ, വിവാഹിതരായാലും അവിവാഹിതരായാലും, ധാർമ്മികനിയമത്തിന്റെ പൊതുവായ ക്രമങ്ങൾ അനുസരിക്കുന്നു. വിവാഹിതർ ദാമ്പത്യ ശുദ്ധത പാലിക്കാൻ കടപ്പെട്ടിരിക്കുന്നു; അവിവാഹിതർ വിരക്തിയിൽ ശുദ്ധത പാലിക്കുന്നു (CDF, Persona humana, 11).
വ്യക്തിപരമായ പരിശ്രമം ശുദ്ധതയിൽ വളരാൻ ഒഴിച്ചുകൂടാനാവാത്തതാണ്. അതുപോലെതന്നെ സാംസ്‌ക്കാരികമായ ഒരു അനുകൂല അന്തരീക്ഷവും അതിന് ആവശ്യമാണ്. വ്യക്തിയുടെ ഉന്നതിയും സമൂഹത്തിന്റെ അഭിവൃദ്ധിയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. മനുഷ്യവ്യക്തിയെന്ന നിലയിലുള്ള ഒരാളുടെ അവകാശങ്ങളെ മാനിക്കുന്ന വിദ്യാഭ്യാസം സ്വായത്തമാക്കാനുള്ള അവകാശങ്ങളെ ആദരിക്കുന്ന ഒരു സമീപനം ശുദ്ധതയ്ക്ക് ആവശ്യമാണ് (CCC 2344).
ശുദ്ധത പഠിപ്പിക്കാനും പരിശീലിപ്പിക്കാനും
ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്:-
1. കുട്ടികളുടെ പ്രായത്തിനും അറിവിനും അനുസരിച്ച് ലൈംഗികമായ അറിവുകൾ
പകർന്നുകൊടുക്കുന്നത് പ്രധാനമാണ്. ജീവശാസ്ത്രപരമായ അറിവുകളോട് ചേർത്ത് ലൈംഗികതയുടെ ക്രൈസ്തവവും മാനുഷികവുമായ അർത്ഥങ്ങൾ, അറിവുകൾ പകരണം. സമപ്രായക്കാരിൽ നിന്നും വിവിധങ്ങളായ മാധ്യമങ്ങളിൽ
നിന്നും കിട്ടിയിട്ടുള്ള തെറ്റായ അറിവുകളെ തിരുത്തി ശരിയായത് പഠിപ്പിക്കാനും ശ്രദ്ധിക്കണം.
2. പ്രാർത്ഥനയിലും കൗദാശിക ജീവിതത്തിലുമുള്ള പരിശീലനം ശുദ്ധത വെറും മാനുഷികമായ പരിശ്രമത്തിന്റെ ഫലമായ നേട്ടമല്ലെന്നും ആത്മീയ പ്രയത്‌നത്തിന്റെ ഫലമായ ദൈവികദാനമാണെന്നും ഉള്ള ബോധ്യം ലഭിക്കും.
3. പാപത്തെക്കുറിച്ചും മനഃസ്താപത്തെക്കുറിച്ചും അനുരഞ്ജന കൂദാശയെക്കുറിച്ചുമുള്ള ശരിയായ ബോധനം നല്കണം. തെറ്റു തിരുത്താനും തിരിച്ചുവരാനും ശുദ്ധതയിൽ വളരാനും സാധിക്കുമെന്ന ബോധ്യം അതിലൂടെ ലഭിക്കും.
4. ആത്മനിയന്ത്രണത്തിലുള്ള പരിശീലനം നിരന്തരം കഠിനമായ പരിശ്രമത്തിലൂടെ നടക്കേണ്ടതാണെന്നും ശൈശവത്തിലും കൗമാരത്തിലും കൂടുതൽ ശ്രദ്ധിച്ചും തീക്ഷ്ണതയോടെയും നടത്തേണ്ടതാണെന്നും തിരിച്ചറിയണം.
5. ലൈംഗിക ദുരുപയോഗത്തിന്റെ പിന്നിലെ അടിസ്ഥാനകാരണം വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ ശരീരത്തിലേക്ക് മാത്രം ചുരുക്കുന്നുവെന്നതാണ്. ഈ ചുരുക്കൽ/തരംതാഴ്ത്തൽ, അവകാശങ്ങൾ, തുല്യത, അന്തസ്, സാധ്യതകൾ, വ്യക്തിത്വം എന്നിവ മാനിക്കാതെ ഉപയോഗിക്കപ്പെടാനുള്ള ശരീരമായി സ്ത്രീയെ അവതരിപ്പിക്കുന്നു. ശരീരം വ്യക്തിത്വത്തിന്റെ പ്രകാശനമാണെന്നും, അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിരൂപമാണെന്നും വി. ജോൺ
പോൾ മാർപ്പാപ്പാ പഠിപ്പിച്ചത് കുഞ്ഞുങ്ങളെ പഠിപ്പിക്കണം. വ്യക്തിയുടെ അന്തസിനെ മുറിപ്പെടുത്തുന്ന രീതിയിൽ ശരീരത്തെ അവതരിപ്പിക്കുന്ന അശ്ലീലക്കാഴ്ചകളും അവതരണങ്ങളും ഒഴിവാക്കാൻ പരിശീലിപ്പിക്കണം.
ലൈംഗികതയെ നിസ്സാരവത്ക്കരിക്കാതെ ശരിയായി മനസ്സിലാക്കി പ്രകാശിപ്പിക്കാൻ പരിശീലിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. ലൈംഗികതയെന്നാൽ ലളിതമായി പറഞ്ഞാൽ സ്‌നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഊർജ്ജമാണ്. അങ്ങനെ പൂർണ്ണമായും ശരിയായും ഓരോ ബന്ധത്തിനും യോജിച്ച രീതിയിൽ സ്‌നേഹി
ക്കാൻ പ്രാപ്തരാക്കുന്ന പുണ്യമാണ് ശുദ്ധത. ശുദ്ധത ശരിയായി പരിശീലിപ്പിച്ചാൽ തീരാവുന്ന ധാർമ്മികപ്രശ്‌നങ്ങളേ നമ്മുടെ സമൂഹത്തിലുള്ളു.