രൂപതാ വൈദികർക്ക് വിരമിക്കൽ പ്രായം ആവശ്യമോ? ചോദ്യങ്ങൾക്കു മറുപടി

രൂപതാമെത്രാന്മാരുടെയും പരിശുദ്ധ സിംഹാസനത്താൽ നിയമിക്കപ്പെട്ട മറ്റുള്ളവരുടെയും വിരമിക്കൽ സംബന്ധിച്ച് പരിശുദ്ധ പിതാവ് ഈ അടുത്തകാലത്തുനൽകിയ കല്പനയിൽ പുരോഹിതശുശ്രൂഷയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. സഭയിലെ ഉദ്യോഗങ്ങൾ ഒരു പദവിയോ, അംഗീകാരമോ അല്ല എന്ന് പ്രസ്തുത രേഖ വ്യക്തമാക്കുന്നു. പുരോഹിതശുശ്രൂഷ ദൈവജനത്തിനുള്ള സേവനമാണ്. അതിനാൽ, ഏല്പിക്കപ്പെട്ടപദവി പൂർണ്ണ ശക്തിയോടുകൂടി നിർവ്വഹിക്കപ്പെടണം. പരിശുദ്ധപിതാവ്പറയുന്നു: ‘ഇന്നത്തെ സമൂഹം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാവശ്യമായ പ്രാപ്തിയോടെയും, ശാരീരികവും ആത്മീയവുമായ കഴിവുകളോടെയും വേണം അവർ പ്രവർത്തിക്കാൻ. സ്‌നേഹത്താൽ പ്രചോദനം ഉൾക്കൊണ്ട് സമൂഹനന്മയെ ആഗ്രഹിക്കുന്ന ഏതൊരാളും തന്റെ ശാരീരികബലഹീനതകളെക്കുറിച്ച് ബോധ്യപ്പെടുകയും ഉദ്യോഗം നിർവ്വഹിക്കാനുള്ള ബുദ്ധിമുട്ടു മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്നു. ശാരീരിക അവശതകൾ തന്റെ ശുശ്രൂഷയെ ബാധിക്കുന്നുവെന്നു മനസ്സിലാക്കി സ്ഥാനത്യാഗം ചെയ്യും. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായുടെ മാതൃക ഇത്തരുണത്തിൽ സ്മരണീയമാണ്. ഏതൊരു ശുശ്രൂഷയും ആത്മാക്കളുടെ രക്ഷയാണല്ലോ ലക്ഷ്യമാക്കുന്നത്. അത് നിർവ്വഹിക്കാനാവശ്യമായ പ്രായപരിധിയും അനാരോഗ്യവും വിരമിക്കലിന് മാനദണ്ഡങ്ങളായി സഭ വച്ചിരിക്കുന്നു. ആത്മാക്കളുടെ രക്ഷ ആഗ്രഹിക്കുന്ന സഭയിൽ ഫലപ്രദമായ ശുശ്രൂഷയ്ക്ക് വിരമിക്കൽ അത്യന്താപേക്ഷിതമാണ്’.
മനുഷ്യന്റെ സജീവമായ ജീവിതാവസ്ഥയുടെ അവസാനഭാഗമായി കാണാവുന്നതാണ് അവന്റെ വിരമിക്കൽ പ്രായം (retirement age). ഒരു പുരോഹിതനെ സംബന്ധിച്ചിടത്തോളം പൗരോഹിത്യവിളിയുടെ പൂർത്തീകരണവും പൗരോഹിത്യ ശുശ്രൂഷയുടെ സമാപ്തിയും വിരമിക്കൽ പ്രായത്തിലാണ് കാണുന്നത്. ഒരു          രൂപതാ വൈദികന് വിരമിക്കൽ പ്രായമായി നിശ്ചയിച്ചിരിക്കുന്നത് 75 വയസ്സാണ്.
75 വയസ്സു പൂർത്തിയാകുമ്പോൾ അദ്ദേഹം തന്റെ രാജിക്കത്ത് രൂപതാദ്ധ്യക്ഷന് നൽ
കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നു (c. 297). എന്നാൽ, രാജി ഉടൻ പ്രാബല്യത്തിൽ വരുത്തണോ നീട്ടിവയ്ക്കണോ എന്ന് രൂപതാദ്ധ്യക്ഷന് തീരുമാനിക്കാം. അനാരോഗ്യം മൂലം 75 വയസ്സു പൂർത്തിയാകും മുമ്പ് വിരമിക്കാനുള്ള അവകാശം അവർക്കുണ്ട്. വിരമിച്ച വൈദികന്റെ താമസവും മറ്റു ജീവിതാവശ്യങ്ങളും ഉറപ്പുവരുത്തേണ്ടത് രൂപതാദ്ധ്യക്ഷനാണ്. അവരുടെ സാമൂഹ്യ സുരക്ഷിതത്വത്തിനായി ആവശ്യമായ സംവിധാനങ്ങൾ ഉണ്ടാകണം (c. 1021). രൂപതാനിയമാവലിക്കു വിധേയമായി തങ്ങളുടേതായ ഒരു പങ്ക് പുരോഹിതശുശ്രൂഷികൾ നൽകണമെന്ന് സഭാനിയമം അനുശാസിക്കുന്നു (c. 390). ഓരോ രൂപതയുടെയും നയപ്രകാരം വിരമിക്കുന്ന പുരോഹിതരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. അവരുടെ ആരോഗ്യത്തെയും, സഭാസമൂഹത്തിന്റെ പൊതുനന്മയെയും ഉദ്ദേശിച്ച് ഏതെല്ലാം തലങ്ങളിൽ അവരുടെ സേവനം ആവശ്യപ്പെടാം എന്നതിനെ സംബന്ധിച്ച് രൂപതാതലത്തിൽ നയമുണ്ടാക്കാവുന്നതാണ്. വിരമിക്കുന്ന പുരോഹിതരുടെ ഭൗതികവും, ആത്മീയവുമായ പരിപാലനത്തിന് പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട  ഒരു വൈദികനുള്ളത് അഭികാമ്യമാണ്. പല രാജ്യങ്ങളിലും (ഉദാ. അമേരിക്ക) വിരമിക്കുന്നതിനു മുന്നോടിയായി, അതിനു തയ്യാറാകുന്ന പുരോഹിതർക്ക് ശാരീരികവും, വൈകാരികവും, ആത്മീയവുമായ ഉണർവ്വു പ്രദാനം ചെയ്യുന്ന പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നുണ്ട്. നമ്മുടെ നാട്ടിലുള്ളതുപോലെ മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ എല്ലായിടത്തും നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ഇടയിൽ നിന്നും ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട പുരോഹിതരുടെ ജീവിത സായാഹ്‌നകാലം വിശ്വാസ സമൂഹത്തിന്റെ ശക്തമായ പിന്തുണയോടുകൂടെ ഫലപ്രദമായി നടപ്പാക്കുകയാണ് അഭികാമ്യം. സഭാനിയമ ചൈതന്യമനുസരിച്ച് ഓരോ രൂപതയും ദീർഘകാലത്തേക്കുള്ള, സാമ്പത്തിക സ്ഥിരത കൈവരാൻ ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് വിരമിക്കുന്ന പുരോഹിത ശുശ്രൂഷകരുടെ സംരക്ഷണം ഉറപ്പു വരുത്തണം. അമേരിക്കൻ ബിഷപ്‌സ്
കോൺഫറൻസ് ഇത്തരുണത്തിൽ നല്കിയ ഒരു മാർഗ്ഗരേഖ പ്രസ്താവനാ യോഗ്യമാണ്: തങ്ങളുടെ സ്വത്തുക്കളെ സംബന്ധിച്ച് വിൽപ്പത്രങ്ങളും ഒസ്യത്തും ഉണ്ടാക്കുമ്പോൾ തങ്ങളുടെ പ്രാദേശികസഭയുടെ ആവശ്യങ്ങൾ അവർ കണക്കിലെടുക്കാതെ പോകരുത്. വിരമിക്കുന്ന പുരോഹിതരുടെ ഭൗതിക സുരക്ഷയ്ക്കൊപ്പം ഒരു രൂപതയുടെ താല്പര്യം അവരുടെ ആദ്ധ്യാത്മികാഭിവൃദ്ധിയിലും ഉണ്ടാകണം.
കേരളത്തിൽ ചില രൂപതകളിൽ 75 വയസ്സു തികയുമ്പോൾ തങ്ങളുടെ ശുശ്രൂഷയിൽ നിന്നും പിരിയുന്ന രീതിയുണ്ട്. എന്നാൽ, സഭയുടെ പൊതു നിയമപ്രകാരം, 75 വയസ്സ് തികയുമ്പോൾ തങ്ങളുടെ രാജി രൂപതാദ്ധ്യക്ഷനു നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രൂപതയുടെയും, രാജിവയ്ക്കുന്ന പുരോഹിതശുശ്രൂഷിയുടെയും നന്മയെ പരിഗണിച്ച് അതു സ്വീകരിക്കുവാനുള്ള സമയക്രമം രൂപതാദ്ധ്യക്ഷന് നിശ്ചയിക്കാം.