വി. യോഹന്നാൻ എഴുതിയ സുവിശേഷം-9

(യോഹ 4,1-42)

സമറിയായിലുള്ള ഈശോയുടെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്ന ഏക സുവിശേഷകൻ യോഹന്നാൻ ശ്ലീഹായാണ്. പാലസ്തീനായിൽ യൂദയായ്ക്കും ഗലീലിയായ്ക്കും ഇടയ്ക്കുള്ള പ്രദേശമാണ് സമറിയാ. ബി. സി. 721 ൽ ഇസ്രായേലിന്റെ തലസ്ഥാനമായിരുന്ന സമറിയാ അസ്സീറിയാക്കാർ കീഴടക്കുകയും സമറിയാക്കാരും അസ്സീറിയാക്കാരും തമ്മിൽ മിശ്രവിവാഹത്തിൽ ഏർപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. അങ്ങനെയുണ്ടായ സങ്കരവർഗ്ഗമായിരുന്നു സമറിയാക്കാർ. അതുകൊണ്ട് യഹൂദർ സമറിയാക്കാരെ തങ്ങളെക്കാൾ താഴ്ന്നവരായി കരുതുകയും അതിന്റെ ഫലമായി
അവർ തമ്മിൽ പരസ്പര സമ്പർക്കമില്ലാതാവുകയും ചെയ്തു (2 രാജാ 17,24-41). ഈ പശ്ചാത്തലത്തിലാണ് ഈശോ സമറിയായിലൂടെ കടന്നുപോകുന്നതും സമറിയാക്കാരി സ്ത്രീയുമായി കണ്ടുമുട്ടുന്നതും.
സമറിയാക്കാരി സ്ത്രീക്ക് ഘട്ടംഘട്ടമായി ഈശോ സ്വയം വെളിപ്പെടുത്തികൊടുക്കുന്നു. മൂന്നു ഘട്ടങ്ങളിലായാണ് അവൾ ഈശോയെ തിരിച്ചറിയുന്നത്. ആദ്യഘട്ടത്തിൽ ജീവജലത്തിന്റെ ദാതാവായും (4,7-15), പിന്നീട് ഒരു പ്രവാചകനായും (4,16-19) അവസാനം മിശിഹായായും (4,20-26) അവൾ ഈശോയെ തിരിച്ചറിയുന്നു.
കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ, തന്നോടു യാതൊരു ബന്ധവുമില്ലാത്ത, ബന്ധപ്പെടാൻ പാടില്ലാത്ത, ഒരു യഹൂദനായിമാത്രം ഈശോയെ കണ്ട അവളോട് അവിടുന്നു പറയുന്നു: ”ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ തരിക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കിൽ, നീ അവനോടു ചോദിക്കുകയും അവൻ നിനക്ക് ജീവജലം തരികയും ചെയ്യുമായിരുന്നു” (4,10). തന്റെ യഥാർത്ഥ വ്യക്തിത്വത്തിലേക്കു കണ്ണു തുറക്കാൻ ഈശോ അവളെ ക്ഷണിക്കുന്നു. അവളോടു സംസാരിക്കുന്ന താൻ അവളെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ ദാനമാണ് എന്ന വസ്തുതയിലേക്ക് ഈശോ അവളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ദൈവത്തിന്റെ സ്‌നേഹം വെളിപ്പെടുത്തുന്ന, ദൈവവചനം മാംസമായ അവിടുത്തെ സ്വീകരിച്ച് അവിടുന്നിൽ വിശ്വസിക്കുവാൻ, വചനമാകുന്ന ജീവജലം പാനം ചെയ്യുവാൻ, അവളെ അവിടുന്ന് ആഹ്വാനം ചെയ്യുകയാണ്. അവൾ അതു മനസ്സിലാക്കാതെ പച്ചവെള്ളത്തെക്കുറിച്ചു ചിന്തിച്ച്, ‘ഞങ്ങൾക്കു വെള്ളം തന്ന യാക്കോബിനേക്കാൾ വലിയവനാണോ നീ’ എന്നു ചോദിച്ചപ്പോൾ ഈശോ പറഞ്ഞു: ”ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും, എന്നാൽ ഞാൻ നല്കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നല്കുന്ന ജലം അവനിൽ നിത്യജീവനിലേക്കു നിർഗ്ഗളിക്കുന്ന അരുവിയാകും” (4,13-14). ജീവജലം ഭാവികാലദാനമായി ഈശോ പറയുമ്പോൾ അതു പരിശുദ്ധാത്മാവിനെയാണ് സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവാകുന്ന ദാനം മനുഷ്യജീവിതത്തിൽ ദൈവസ്‌നേഹത്തിന്റെയും നിത്യജീവന്റെയും വറ്റാത്ത ഉറവയാകും. ദൈവവചനവും ദൈവാരൂപിയും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ദൈവവചനത്തെ ജീവിതത്തിൽ സ്വാംശീകരിക്കുവാനുള്ള ശക്തി തന്ന് സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്.
പരിശുദ്ധാത്മാവ് ഭാവികാലവാഗ്ദാനമാണ്. ഈശോയുടെ മഹത്ത്വീകരണത്തിനുശേഷമേ ഈ ദാനം ലഭിക്കൂ (7,37-39).
ആന്തരിക ദാഹം ശമിപ്പിക്കുന്ന ജീവജലത്തെപ്പറ്റി കേട്ടപ്പോൾ, ആ ജലം കിട്ടണമെന്ന ആഗ്രഹം സമറിയാക്കാരിയിലുണ്ടായി.
അവളുടെ ആഗ്രഹം അറിയിച്ചപ്പോൾ ഭർത്താവിനെ വിളിച്ചുകൊണ്ടു വരുവാൻ ഈശോ അവളോട് ആവശ്യപ്പെട്ടു. ഇതിലൂടെ അവളുടെ പാപാവസ്ഥയിലേക്ക് ഈശോ വിരൽ ചൂണ്ടുകയായിരുന്നു. ജീവജലം സ്വീകരിക്കുവാൻ ഒരുക്കം ആവശ്യമാണ്. പാപകരമായ അവസ്ഥയിൽനിന്നും മാറ്റം വരുത്തുന്ന മാനസാന്തരം. അതിന് അവൾ ആദ്യം വിസമ്മതിച്ചെങ്കിലും ഈശോ തന്റെ പ്രവാചകസ്വഭാവം വെളിപ്പെടുത്തി അവളെ അതിന് നിർബന്ധിക്കുകയാണ്. അപ്പോൾ അവൾ ഈശോയെ പ്രവാചകനായി തിരിച്ചറിയുകയും പാപം ഏറ്റു പറയുകയും ചെയ്യുന്നു.
ഈശോ പ്രവാചകനാണെന്നു മനസ്സിലാക്കിയപ്പോൾ യഹൂദരും സമറിയാക്കാരും തമ്മിലുള്ള ശത്രുതയുടെയും വ്യത്യസ്ത ആരാധനാകേന്ദ്രങ്ങളുടെയും പശ്ചാത്തലത്തിൽ അവൾ യഥാർത്ഥ ആരാധനാകേന്ദ്രത്തെപ്പറ്റി ഈശോയോടു ചോദിക്കുന്നു.
ആരാധിക്കാൻ ദൈവജനത്തിന് ഒരു സ്ഥലമേഉണ്ടാകാവൂ എന്ന ദൈവകല്പന (നിയ 12,2-12)യുടെ പശ്ചാത്തലത്തിലാണ് അവൾ ഈ ചോദ്യം ഉന്നയിക്കുന്നത്. ഈശോയാകട്ടെ ആരാധനയുടെ സ്ഥലമല്ല യഥാർത്ഥ ആരാധനയുടെ സ്വഭാവമാണ് വ്യക്തമാക്കിക്കൊടുക്കുന്നത്: ”ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്നതാണ് യഥാർത്ഥ ആരാധന” (4,23-24). ആത്മാവ് പരിശുദ്ധാത്മാവാണ്. സത്യം ഈശോയും (14,6). ഈശോ സത്യമാകുന്നത് ദൈവത്തിന്റെ വചനമായതുകൊണ്ടാണ് (17,17). ആത്മാവിലൂടെയാണ് യഥാർത്ഥ ദൈവമനുഷ്യബന്ധം സ്ഥാപിക്കാൻ കഴിയുക. ഈ ആത്മാവ് പുത്രസ്വീകാര്യത്തിന്റെ ആത്മാവാണ്. ഈ ആത്മാവുമൂലമാണ് നാം ആബ്ബാ-പിതാവേ എന്നു വിളിക്കുന്നത്
(റോമാ 8,15). പരിശുദ്ധാത്മാവിൽ പുത്രനിലൂടെ
പിതാവിനെ ആരാധിക്കുക എന്നതാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. ഇപ്രകാരം ത്രിത്വാത്മക കൂട്ടായ്മയിലുള്ള ആരാധന നടത്താൻ സാധിക്കുന്നത് ഈശോ നല്കുന്ന ജീവജലം -വചനവും അരൂപിയും- പാനം ചെയ്ത് യഥാർത്ഥ വിശ്വാസജീവിതം നയിക്കുന്നവർക്കാണ്. ഈ ആരാധന പ്രായോഗികമായി അന്വർത്ഥമാകുന്നത് പരിശുദ്ധ കുർബാനയർപ്പണത്തിലാണ്. ഈ വെളിപ്പെടുത്തലോടുകൂടി സമറിയാക്കാരി സ്ത്രീ ഈശോയെ മിശിഹായായി തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്യുന്നു.
ഈശോയുമായുള്ള കണ്ടുമുട്ടൽ സമറിയാക്കാരിയിൽ വലിയ ജീവിതപരിവർത്തനമുളവാക്കി. ഈശോയിലൂടെ അവൾക്കുണ്ടായ ദൈവാനുഭവം സമറിയാപട്ടണത്തിൽ അനേകരുമായി അവൾ പങ്കുവച്ചു. അതിന്റെ ഫലമായി അവരും ഈശോയുടെ വാക്കു കേൾക്കുവാനും ഈശോയെ ലോകരക്ഷകനായി ഏറ്റുപറയുവാനും ഇടയായി (4,42). മിശിഹാനുഭവം നമ്മിൽ മാനസാന്തരാനുഭവം ഉളവാക്കും. അതിന്റെ ഫലമായി നമ്മിൽ പ്രേഷിതതീക്ഷ്ണതയുണ്ടാവുകയും അത് അനേകർക്ക് വിശ്വാസത്തിന്റെ വഴി തെളിക്കുകയും ചെയ്യുമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
ചോദ്യങ്ങൾ
1. സമറിയാ എവിടെയാണ്? സമറിയാക്കാർ ആരാണ്?
2. ഈശോ സമറിയാക്കാരി സ്ത്രീക്ക് വാഗ്ദാനം ചെയ്യുന്ന ”ജീവജലം” എന്തിനെയാണു സൂചിപ്പിക്കുന്നത്?
3. ഈശോ സമറിയാക്കാരി സ്ത്രീക്കു വെളിപ്പെടുത്തുന്ന യഥാർത്ഥ ആരാധനയുടെ സ്വഭാവം എന്താണ്?
5. ഈശോയുമായുള്ള ശരിയായ കണ്ടുമുട്ടൽ എങ്ങനെയുള്ള മാറ്റങ്ങളാണ് നമ്മിൽ ഉളവാക്കുന്നത്?