ആരാധനാവത്സരത്തിൽ ദനഹാക്കാലത്തുനിന്നും നോമ്പുകാലത്തേക്കാണ് നാം യാത്രചെയ്യുന്നത്. ദനഹാക്കാലത്തിൽ പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തുന്നു. വിശ്വാസം-വെളിപ്പെടുത്തിയ ദൈവത്തിനുള്ള മറുപടിയാണ്.
കൂടാരത്തിൽ വസിക്കുന്ന ദൈവം
മനുഷ്യന്റെ ദൈവസങ്കല്പത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതാണ് വിശുദ്ധ ഗ്രന്ഥത്തിൽ തെളിയുന്ന കാഴ്ചപ്പാടുകൾ. ഉത്പത്തി പുസ്തകത്തിന്റെ ആദ്യഭാഗത്ത് സ്രഷ്ടാവായി വെളിപ്പെടുത്തുന്ന ദൈവം അബ്രാഹത്തിന്റെ ദൈവാനുഭവങ്ങളിൽ വിശ്വസ്തനായ ദൈവമാണ്. മൂശെയ്ക്ക് മുൾപടർപ്പിൽ പ്രത്യക്ഷപ്പെടുന്ന ദൈവംതന്നെ ഇസ്രായേൽ ജനത്തിന്റെ സംരക്ഷകനായി രാത്രി അഗ്നിസ്തംഭത്തിലും പകൽമേഘസ്തംഭത്തിലും കൂടെ യാത്രചെയ്യുന്നു(പുറപ്പാട് 33). ”കർത്താവു പറഞ്ഞു: ഞാൻതന്നെ നിന്നോടുകൂടെ വരികയും നിനക്കു ആശ്വാസം നല്കുകയും ചെയ്യും” (33:14). കർത്താവു മേഘത്തിൽ ഇറങ്ങിവന്നു മൂശെയ്ക്കുതന്നെത്തന്നെ വെളിപ്പെടുത്തി കടന്നുപോയി. ”കർത്താവു കാരുണ്യവാനും കൃപാനിധിയുമായ ദൈവം; കോപിക്കുന്നതിൽ വിമുഖൻ, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുന്നതൻ; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോടു കരുണകാണിക്കുന്നവൻ” (34:6-7). ഈ ദൈവംതന്നെ ജനത്തിനുകൂടെ വസിക്കുവാൻ ഒരു കൂടാരം സജ്ജമാക്കുവാൻ നിർദ്ദേശം നല്കുകയും (പുറ 25,8) ദൈവം കൂടാരത്തിൽ വസിക്കുകയും ചെയ്തു (33:9). ഈ ദൈവം പ്രവാചകരിലൂടെയും പ്രബോധകരിലൂടെയും പലവിധത്തിൽ വീണ്ടും വെളിപ്പെടുത്തി (ഹെബ്ര 1:1).
കൂടാരത്തിൽനിന്നു ഹൃദയത്തിലേക്ക് കൂടെ യാത്രചെയ്യുന്നവനും കൂടാരത്തിൽ വസിക്കുന്നവനുമായ ദൈവത്തിൽനിന്നു കൂടെവസിക്കുന്ന, ഉള്ളിൽ വസിക്കുന്ന ദൈവത്തിലേക്കുള്ള മാറ്റമാണ് പുതിയനിയമ ദൈവസങ്കല്പത്തിന്റെ കാതലും സൗന്ദര്യവും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും (മത്താ1,22-23). പുതിയനിയമത്തിൽ പുത്രൻ തമ്പുരാൻ വെളിപ്പെടുത്തിയ ദൈവം സ്‌നേഹമുള്ള പിതാവും കാരുണ്യത്തിൽ സമ്പന്നനും മനുഷ്യഹൃദയത്തിൽ വസിക്കുന്നവനുമാണ്. പിതാവ യയ്ക്കുന്ന സത്യാത്മാവ് നിങ്ങളോടൊത്തു വസിക്കുന്നു, നിങ്ങളിലായിരിക്കുകയും ചെയ്യും (യോഹ 14:17). വീണ്ടും അവിടുന്ന് കൂടുതൽ വ്യക്തമായി പഠിപ്പിക്കുന്നു: ”നിങ്ങൾ എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലുംവസിക്കും”(യോഹ15:4).ഈദൈവശാസ്ത്രമാണ് പൗലോസ് ശ്ലീഹാ തന്റെ വിശ്വാസിസമൂഹത്തിനു കൈമാറികൊടുക്കുന്നത്. ”നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ?” (1 കോറി6:19)ഉള്ളിൽവസിക്കുന്നദൈവാത്മാവിനെക്കുറിച്ചുള്ള ബോധ്യമാണ് ശ്ലീഹായുടെ പ്രബോധനങ്ങൾക്ക് അടിസ്ഥാനം: ”നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമർപ്പിക്കുവിൻ” (റോമ 12:1).
ഹൃദയമാകുന്ന കൂടാരം
ഉള്ളിൽ വസിക്കുന്ന ദൈവത്തിനായി ഹൃദയമാകുന്ന കൂടാരം വിശുദ്ധീകരിക്കുവാനുള്ള ആഹ്വാനമാണ് നോമ്പുകാലം നല്കുന്നത്. കർത്താവിന്റെ വെളിപ്പെടുത്തലുകളെല്ലാം വെളിപാടു സ്വീകരിക്കുന്നവരുടെ നന്മയും വിശുദ്ധീകരണവും ലക്ഷ്യം വച്ചുള്ളതുകൂടിയാണ്. ”നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ ഞാൻ പരിശുദ്ധനാണ്” (ലേവ്യർ 11:45). ഈ ആത്മബോധത്തിൽനിന്നും തിരിച്ചറിവിൽ
നിന്നും മാത്രമേ സ്വയം വിശുദ്ധീകരണ പ്രക്രിയയിലേക്കു കടക്കുവാൻ ഏതൊരു വിശ്വാസിക്കും സാധിക്കുകയുള്ളു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവത്തിന്റെ വെളിപ്പെടുത്തലുകൾ (ഞല്‌ലഹമശേീി)െ ആത്മസംഘർഷത്തിലേക്കും ഹൃദയപരിവർത്തനത്തിലേക്കും (ഞല്ീഹൗശേീി) വിശ്വാസി സമൂഹത്തെ നയിക്കണം. കർത്താവിനെ തിരിച്ചറിഞ്ഞപ്പോൾ സക്കേവൂസിനുണ്ടാകുന്ന മാറ്റം ഈ വെളിപാടിന്റെയും ആത്മസംഘർഷത്തിന്റെയും ഫലമാണ്. (ലൂക്കാ19, 1-10). എങ്കിൽ മാത്രമേ വെളിപ്പെടുത്തിയ ദൈവത്തിന്റെ സ്വഭാവത്തിലേക്കു വളർന്നു അവിടുത്തേക്കു പ്രീതികരമായ ജീവിതം നയിക്കുവാൻ ഒരുവനു സാധിക്കൂ. ഈ ബോധ്യവും അതു ജീവിക്കാനുള്ള തീവ്രമായ ആഗ്രഹവുമാണ് ജീവിതത്തിൽ ചില തീരുമാനങ്ങളും നിലപാടുകളുമെടുക്കുവാൻ (ഞലീെഹൗശേീി) ഒരുവനെ ശക്തനാക്കുന്നത്. അതിനുള്ള ആഹ്വാനമാണ് നോമ്പുകാലം നല്കുന്നത്. എന്നാൽ നല്ലതിനുവേണ്ടി ആഗ്രഹിച്ചതുകൊണ്ടുമാത്രം ഫലമില്ല. ആഗ്രഹപൂർത്തിക്കായി ആത്മസമർപ്പണം ചെയ്യുന്നവരേ യഥാർത്ഥ മാനസാന്തരത്തിന്റെ ഫലം അനുഭവിക്കൂ. ടാഗോർ ഗീതാജ്ഞലിയിൽ അവതരിപ്പിക്കുന്ന ഒരു ചിന്ത ശ്രദ്ധേയമാണ്: ”അങ്ങാണ് എന്റെ ഏറ്റവും വലിയ സ്‌നേഹിതൻ, അങ്ങയിൽ വിലമതിക്കാനാവാത്ത സമ്പത്തുമുണ്ടെന്നെനിക്കറിയാം. പക്ഷേ എന്റെ വീട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിപൊട്ടുകൾ തട്ടിക്കളയുവാൻ എനിക്കു മനസ്സില്ല” (ഗീതാജ്ഞലി 28). ഹൃദയമാകുന്ന കൂടാരം ശുദ്ധിയാക്കാതെ ഉള്ളിൽ വസിക്കുന്ന ദൈവത്തിന്റെ സുകൃതംഅനുഭവിക്കുവാൻ ആർക്കും സാധിക്കില്ല. അതിനു നാം ജീവിതത്തിൽ ചില നിഷ്ഠകൾ വയ്ക്കുകയും ചിലകാര്യങ്ങളോട് ”നോ” യും മറ്റു ചിലവയോടു ”യെസ്” ഉം പറയുവാൻ ധൈര്യം കാണിക്കണം.
നോമ്പിന്റെ ചൈതന്യം
നോമ്പ് എന്ന വാക്കിനർത്ഥം മിതാഹാര വ്രതം, ഉപവാസം എന്നൊക്കെയാണ.് ഉയിർപ്പുതിരുന്നാളിനു മുമ്പുള്ള നോമ്പാചരണത്തെ വലിയ നോമ്പ് എന്നു വിളിക്കുന്നു.
ജീവിതത്തിന്റെ നവീകരണമാണ്
നോമ്പിന്റെ ആത്യന്തിക ലക്ഷ്യം. ഉപവാസം, ദാനധർമ്മം, നീതി എന്നിവയോടുകൂടിയുള്ള പ്രാർത്ഥന ഫലം ചെയ്യുന്നു (തോബിത്12:8). ബാഹ്യമായ ആചാരാനുഷ്ഠാനത്തേക്കാൾ ആന്തരിക ചൈതന്യമാണ് ഉണ്ടാകേണ്ടത്. ജോയേൽ പ്രവാചകന്റെ പ്രബോധനം ശ്രദ്ധേയമാണ്. ”നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്; നിങ്ങളുടെ ദൈവമായ കർത്താവിങ്കലേക്കു മടങ്ങുവിൻ” (2:13). നിങ്ങളെതന്നെ കഴുകി വ്യത്തിയാക്കുവിൻ എന്ന ഏശയ്യായുടെ പ്രവചനഭാഗവും ഇതിനോടു ചേർത്തുവായിക്കാവുന്നതാണ് (1:16).
ആത്മാവുനഷ്ടപ്പെട്ടഉപവാസമല്ലഞാൻആഗ്രഹിക്കുന്നതെന്നും ഉപവാസത്തിന്റെ കാമ്പ് സ്വന്തം സുഖം തേടുന്നതല്ലെന്നും ഏശയ്യ പ്രവാചകൻ ഓർമ്മപ്പെടുത്തുന്നു (58). ”ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞനാഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്നു ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?” (58:8) ശരിയായ ഉപവാസത്തിന്റെ ഫലം ആത്മീയ സന്തോഷവും ജീവിത പരിവർത്തനവുമാണ്. അപ്പോൾ മാത്രമേ ”നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടി വിരിയൂ” (ഏശയ്യ 58:8).
പൗരസ്ത്യ പാരമ്പര്യംആത്മീയ വിശുദ്ധീകരണവും നവീകരണവും ലക്ഷ്യംവച്ചു പൂർണ്ണമനസ്സോടെ ഭക്ഷണത്തിൽനിന്നു വിരമിക്കുന്നതിനെ
നോമ്പ് എന്നു വിളിക്കുന്നു. ഭക്ഷണത്തിന്റെ ഇനം,അളവ് എന്നിവയിലുള്ള ക്രമീകരണത്തിലൂടെയാണ് ഇതു സാധിക്കുക. ഭക്ഷണസാധനങ്ങൾ വേണ്ടെന്നു വയ്ക്കുന്നതുമാത്രമല്ല ഉപവാസത്തിന്റെ സാരം. ദൈവത്തോടൊപ്പം ആയിരിക്കുവാനുള്ള (ഉപവസിക്കുക) തീരുമാനമാണ് പ്രധാനം. ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാവോടും കൂടി സ്‌നേഹിക്കുകയാണ് ഉപവാസത്തിന്റെ കാതൽ. ഫ്രാൻസിസ് പാപ്പാ
പറയുന്ന കാര്യം സവിശേഷ ശ്രദ്ധ അർഹിക്കുന്നു: ‘നമ്മുടെ അനേകം വിഗ്രഹങ്ങളെ നമ്മിൽനിന്നു പുറംതള്ളുവാനും അവിടുത്തെ മാത്രം ആരാധിക്കുവാനുമാണ് അവിടുന്നു നമ്മെ ക്ഷണിക്കുന്നത്’. യോഹന്നാൻ ശ്ലീഹായും ഇക്കാര്യം ഓർമ്മപ്പെടുത്തുന്നു. ”കുഞ്ഞുമക്കളെ വിഗ്രഹങ്ങളിൽ
നിന്ന് അകന്നിരിക്കുവിൻ.” (1 യോഹ5,21).
പൗരസ്ത്യ പാരമ്പര്യമനുസരിച്ച് ദൈവകല്പനകളുടെ ലംഘനത്തോടൊപ്പം ഭോജന പ്രിയവും ആദാമിന്റെ തെറ്റിൽ ഉൾപ്പെടുന്നു. മാർ അപ്രേം പിതാവു
നല്കുന്ന വ്യാഖ്യാനം പരിഗണനാ വിഷയമാണ്. ”ആദാം ആദോനിൽവച്ച് തെറ്റു ചെയ്യാനുപയോഗിച്ച അതേ ആയുധത്താൽ നമ്മുടെ കർത്താവു തെറ്റിനെ തോല്പിച്ചു.
കനി തിന്നുവാനുള്ള മോഹത്താൽ ആദാം തെറ്റിലകപ്പെട്ടു. ഭക്ഷണത്താൽ വഴിതെറ്റിച്ച ദുഷ്ടനെ ഭക്ഷണത്തിൽനിന്നകന്നുള്ള ഉപവാസംവഴി മിശിഹാ തോല്പിച്ചു”. ഈശോയുടെ പരസ്യ ജീവിതത്തിനു മുമ്പുള്ള 40 ദിവസത്തെ ഉപവാസം സഭാമക്കൾക്ക് എന്നും മാതൃകയാണ്. നസ്രാണികൾ ഉപവാസത്തെ സ്‌നേഹിച്ചിരുന്നുവെന്ന് ഫ്രാൻസിസ് ഡയനീഷ്യസ് എന്ന ഈശോ സഭാ വൈദികൻ 1578 ൽ കൊച്ചിയിൽ നിന്നു പോർട്ടുഗീസ് ഭാഷയിലെഴുതിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ജഡം, അഹം, ലോകം
പരസ്യജീവിതത്തിനുമുമ്പ് 40 ദിവസങ്ങൾ ഉപവസിച്ചും പ്രാർത്ഥിച്ചും വന്ന ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങളാണ് എക്കാലത്തെയും മനുഷ്യരുടെ പ്രലോഭനങ്ങൾ (മത്തായി 4:1-11). ഈശോയ്ക്കുണ്ടായ ഒന്നാമത്തെ പ്രലോഭനം ജഡത്തിന്റെ അല്ലെങ്കിൽ ശരീരത്തിന്റെ പ്രലോഭനമാണ്. കല്ലുകളെ അപ്പമാക്കി ഭക്ഷിക്കുക- ശരീരത്തിന്റെ വിശപ്പടക്കാനുള്ള പ്രലോഭനമാണ് ആദ്യത്തേത്. ശരീരത്തിന്റെ വിശപ്പ് പ്രതീകാത്മകമായും നമുക്കു മനസ്സിലാക്കാവുന്നതാണ്. ആത്മാവിന്റെ സുകൃതജീവിതത്തെ തടസ്സപ്പെടുത്തുന്ന എന്തും ശരീരത്തിന്റെ വിശപ്പുകളാണ്. ജഡത്തിന്റെ വ്യാപാരങ്ങളെക്കുറിച്ച് പൗലോസ് ശ്ലീഹാ ഓർമ്മപ്പെടുത്തുന്നു (ഗലാ 5:16-21): ജഡമോഹങ്ങൾ ആത്മാവിനെതിരാണ്, അതുകൊണ്ടാണ് ഈശോ പറയുക: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന്.ഈശോയ്ക്കുണ്ടായ രണ്ടാമത്തെ പ്രലോഭനം അഹത്തിന്റെ പ്രലോഭനമാണ് (മത്താ 4:5-6) ദൈവലായഗോപുരത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടുക. ദൈവദൂതന്മാർ നിന്നെ കാത്തുകൊള്ളും; ദൈവാലയ അങ്കണത്തിൽ കൂടിയിരിക്കുന്ന എല്ലാവരുടെയും മുമ്പിൽ നിനക്കു വലിയവനാകാം. ദൈവപ്രീതിയേക്കാൾമനുഷ്യപ്രീതിഅന്വേഷിക്കുവാനുള്ള പ്രലോഭനമാണ് മനുഷ്യനുണ്ടാകുന്നത്. അജപാലകരും ഇന്ന് ഈ പ്രലോഭനത്തിനു വിധേയപ്പെടാതിരിക്കുവാൻ ഗുരു മുന്നറിയിപ്പു തരുന്നു. ‘നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനാകണം’. ‘മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമാകുവാനുമാണ്’. പൗലോസ് ശ്ലീഹായുടെ ആഹ്വാനവും ഈ വിധത്തിൽ ശരിയായ ദർശനം തരുന്നതാണ്, ‘ഓരോരുത്തരും മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി പരിഗണിക്കട്ടെ’.ഈശോയുടെ മൂന്നാമത്തെ പ്രലോഭനം സൃഷ്ടിയെ ആരാധിക്കുവാനുള്ളതാണ്. ലോകത്തിന്റെ മഹത്ത്വത്തിനും നേട്ടത്തിനും
മുമ്പിൽ ദൈവത്തെ ഉപേക്ഷിക്കുവാനുള്ള പ്രലോഭനം (മത്താ 8:8-10). ഇന്നു മനുഷ്യൻ നേരിടുന്നതിൽ ഏറ്റവും പ്രധാനവും പലരും പരാജയപ്പെടുന്നതുമായ പ്രലോഭനമാണിത്. തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുമ്പോൾ താല്ക്കാലിക നേട്ടത്തിനുവേണ്ടി ദൈവത്തെ ഉപേക്ഷിച്ച് ”മാമോനെ” (ധനത്തെ) സേവിക്കാനും ആരാധിക്കാനുമുളള പ്രലോഭനമാണിത്. ഇവിടെ ഫ്രാൻസിസ് മാർപ്പാപ്പാ പറയുന്നകാര്യം ചിന്തോദ്ദീപകമാണ്: ഒരുതരം പ്രായോഗിക നിരീശ്വരത്വവും ആപേക്ഷികവാദവും ഇന്നു ജനങ്ങളെ ഭരിക്കുന്നു. ഇവ താഴെപ്പറയുന്ന ജീവിതശൈലിയിൽ അടങ്ങിയിരിക്കുന്നു.”ദൈവമില്ലാത്തതുപോലെ തീരുമാനങ്ങളെടുക്കുക, മറ്റുള്ളവരില്ലാത്തതുപോലെ ലക്ഷ്യങ്ങൾ നിശ്ചയിക്കുക, സുവിശേഷം സ്വീകരിച്ചവർ ഇല്ലാതിരുന്നാലെന്നപോലെ പ്രവർത്തിക്കുക” (സുവിശേഷത്തിന്റെ ആനന്ദം 80). സുവിശേഷത്തിന്റെ വെളിച്ചവും ബോധ്യങ്ങളും സ്വീകരിച്ചവർതന്നെ ഒരു പ്രത്യേക ജീവിത ശൈലികളുടെ ഉടമകളാകുന്നു: സാമ്പത്തിക ഭദ്രത, അധികാരം, മനുഷ്യ പുകഴ്ച എന്നിവ നേടുന്നതിലുള്ള അഭിനിവേശത്താൽ നയിക്കപ്പെടുക. ഈ ത്രിവിധ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ആഹ്വാനമാണ് നോമ്പുകാലം നല്കുക.
ഉപസംഹാരം
തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് കർത്താവിന്റെ രക്ഷ സ്വന്തമാക്കുവാനും
ഉയിർപ്പിന്റെ സന്തോഷം നേടുവാനുമാണ്
നോമ്പുകാലം ഓരോ വിശ്വാസിയെയും
ക്ഷണിക്കുന്നത്. സുവിശേഷം നല്കുന്ന
ആനന്ദമില്ലാത്ത ക്രൈസ്തവജീവിതം നയി
ക്കുന്നവരുണ്ട്. അതുകൊണ്ടാണ് ഫ്രാൻ
സിസ് പാപ്പാ പറയുന്നത് ”ഈസ്റ്ററില്ലാത്ത നോമ്പുകാലംപോലെ ജീവിതം നയിക്കുന്ന ചില ക്രിസ്ത്യാനികളുണ്ടെന്ന്”(സുവിശേഷ
ത്തിന്റെ ആനന്ദം 6). എന്നാൽ സുവിശേഷ
ത്തിന്റെ ആനന്ദത്താൽ നയിക്കപ്പെടുന്നവരും കർത്താവു കൊണ്ടുവന്ന രക്ഷയുടെ ഉടമകളായവരും പാപം, ദു:ഖം, ആന്തരിക ശൂന്യത, ഏകാന്തത എന്നിവയിൽനിന്നു സ്വതന്ത്രരാക്കപ്പെടുന്നു. ഇങ്ങനെ ജീവിക്കുന്നവരാണ് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നവർ; പാപത്തിന്റെ അടിമത്വത്തിൽനിന്നു മോചിതരായി പുതിയ സൃഷ്ടികളാകുന്നവർ. അങ്ങനെ സ്വന്തം ജീവിതത്തിൽ സ്‌നാപകന്റെ ദൗത്യം ഏറ്റെടുത്ത് വെളിച്ചത്തിനുസാക്ഷ്യംവഹിക്കുവാൻഓരോക്രൈസ്തവനും സാധിക്കണം. ഇതുതന്നെയാണ് നോമ്പിന്റെ അർത്ഥവും ലക്ഷ്യവും.