ഭാരതകമാകെ അജപാലന – പ്രേഷിത പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം – 2

സഭയുടെ ആരംഭഘട്ടത്തിൽ പ്രാദേശിക സഭാസമൂഹങ്ങൾ തമ്മിൽ കോർത്തിണക്കുക എളുപ്പമായിരുന്നില്ല. കാനൻ നിയമങ്ങളും മറ്റും രൂപപ്പെട്ടത് ഏറെനാളുകൾക്കു ശേഷമായിരുന്നല്ലോ. അതുമായി പ്രാദേശിക തലത്തിലുള്ള ചെറുസമൂഹങ്ങൾ ഒന്നുചേർന്ന് ശ്ലീഹന്മാരുടെ പിൻഗാമികളോടൊത്ത് രൂപതാസമൂഹങ്ങൾ നിലവിലായി. പിന്നീട് അടുത്തുള്ള രൂപതാസമൂഹങ്ങൾ ചേർന്ന് അതിരൂപതകളും മറ്റും നിലവിൽ വന്നു. പിന്നീട് പ്രൊവിൻസുകൾ ചേർന്ന് പാത്രിയാർക്കീസുമാരുടെ അധികാരത്തിനു വിധേയമായി വിപുലമായ സഭകൾ രൂപപ്പെട്ടുവെന്നു വേണം കരുതാൻ. റോമും അന്ത്യോക്യായും അലക്‌സാൺഡ്രിയായും പിന്നീടു കോൺസ്റ്റാന്റിനോപ്പിളും അന്നു പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു. പേർഷ്യൻ സഭയും അറിയപ്പെട്ട സഭാകേന്ദ്രമായി മാറി. അതോടൊപ്പം പാത്രിയാർക്കീസുമാരിൽ പ്രഥമൻ (First among equals) എന്ന നില റോമിനു കൈവന്നു.പത്രോസ് പൗലാസ് ശ്ലീഹന്മാരുടെ പ്രേഷിതഫലവും അവരുടെ കബറടക്ക സ്ഥലവും റോമിലായിരുന്നതുകൊണ്ടും റോമിന്റെ അക്കാലത്തെ രാഷ്ട്രീയ പ്രാബല്യംകൊണ്ടും ഇങ്ങനെയൊരു പൊതുധാരണയുണ്ടായി എന്നു വേണം കരുതാൻ.
പാശ്ചാത്യ മനോഭാവങ്ങൾ
ആദ്യ കാലഘട്ടങ്ങളിൽ അധികാര ക്രമീകരണങ്ങളെക്കാൾ ക്രൈസ്തവ വിശ്വാസം ക്രോഡീകരിക്കാനായിട്ടാണ് സഭകൾ ശ്രമിച്ചത്. നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസുകൾ ക്രൈസ്തവ വിശ്വാസത്തിന്റെ കാതലായ ഭാഗങ്ങൾ, ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന രേഖകൾ, തയ്യാറാക്കി. പക്ഷെ ഇതോടു ചേരാത്തവർ മറ്റു സഭകളായി, ‘പാഷണ്ഡരായി’ മാറി. പൗരസ്ത്യ സഭകൾ പലതും വിഭജിക്കപ്പെട്ടു. പാശ്ചാത്യ ദേശങ്ങളിൽ റോമിന്റെ നേതൃത്വം മിക്കവാറും അംഗീകരിച്ച കഴിഞ്ഞിരുന്നു. വിശ്വാസത്തിൽ ഐക്യപ്പെട്ട പൗരസ്ത്യ സഭകളും തുല്യരിൽ പ്രഥമൻ എന്ന നിലയിൽ റോമിനെ അംഗീകരിച്ചു. തർക്ക വിഷയങ്ങളിൽ സാർവ്വത്രികസൂനഹദോസിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അക്കാലങ്ങളിൽ എല്ലാ കാര്യങ്ങളിലും റോമിനെ സമീപിക്കാനോ അധികാരത്തിന് അങ്ങനെ വിധേയമാകാനോ എളുപ്പമായിരുന്നില്ല.
മാത്രമല്ല, പൗരസ്ത്യ സഭകളിലും അവരുടേതായ ദൈവശാസ്ത്ര കേന്ദ്രങ്ങളും വേദപണ്ഡിതരുമുണ്ടായിരുന്നു. റോമിന്റെ എല്ലാക്കാര്യത്തിലുമുള്ള ഇടപെടലിന് ആവശ്യമില്ലായിരുന്നു. ഇന്നത്തേതുപോലെ വ്യക്തമായ ഒരു അധികാര സംവിധാനം അന്നില്ലായിരുന്നുവെന്നു വേണം പറയാൻ. പൗരസ്ത്യ സഭാകേന്ദ്രങ്ങൾ അവരുടേതായിട്ടുള്ള ശ്ലൈഹിക പാരമ്പര്യത്തിനനുസൃതമായി ആരാധനക്രമവും ആദ്ധ്യാത്മികതയും ദൈവശാസ്ത്രവുമെല്ലാം രൂപപ്പെടുത്തിയെടുത്തു. ആ സഭകളുടെ വ്യക്തിത്വംപുലർത്താൻ അവർ ശ്രമിച്ചു.
പക്ഷേ പാശ്ചാത്യ ദേശങ്ങളെല്ലാം റോമിനോടു ചേർന്നുനിന്നു. റോമൻ സഭ പ്രബലശക്തിയായി മാറി. അവരുടെ കാഴ്ചപ്പാടിൽ പൗരസ്ത്യ സഭകൾ വെറും ഗ്രൂപ്പു
കളായിരിന്നിരിക്കാം. മാർപ്പാപ്പായോടു വിധേയത്വം പുലർത്തുന്ന ചിലരും അതിനെ നിഷേധിക്കുന്ന വേറെ ചിലരും എന്നു മാത്രമായി അവരുടെ കാഴ്ചപ്പാടു ചുരുങ്ങി.
പൗരസ്ത്യർ കൂടുതലും മദ്ധ്യ പൂർവ്വ ദേശത്തും മറ്റു ചില ചെറു രാജ്യങ്ങളിലും ഭാരതത്തിലും മാത്രമായതിനാൽ പൗരസ്ത്യസഭകളെ പലപ്പോഴും പാശ്ചാത്യർ അവഗണിക്കുന്നതായാണു നാം കാണുക. പിന്നെ പാശ്ചാത്യ മേധാവിത്വത്തിന്റെ കണ്ണുകളിലൂടെയാണ് അവർ അക്കാലത്ത് എല്ലാം വിലയിരുത്തിയത്. അതിനാൽ ഭാരതത്തിൽ ഒരു ക്രൈസ്തവ സമൂഹമുണ്ടായത് പോർട്ടുഗീസുകാരുടെ പ്രേഷിതപ്രവർത്തനംകൊണ്ടാണ് എന്ന് അവരിൽ ചിലർ പ്രചരിപ്പിക്കാനുമിടയായി. ലത്തീൻ സഭ എല്ലാ സഭകളുടെയും മാതൃ സഭയാണ് എന്നുവരെ പലരും പറഞ്ഞുവച്ചല്ലോ.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ
നിലപാടുകൾ
പന്ത്രണ്ടു ശ്ലീഹന്മാരിലൊരുവനായ വി. തോമാശ്ലീഹായാണ് സുവിശേഷം ആദ്യമായി പ്രസംഗിച്ചതെന്ന ബോധ്യമാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും പുലർത്തിയിരുന്നത്. പേർഷ്യൻ സഭയുമായുള്ള ബന്ധം ആദ്യ നൂറ്റാണ്ടുകൾ മുതൽ അവർ പുലർത്തിയിരുന്നു. ആരാധനക്രമ, ദൈവശാസ്ത്ര, ആദ്ധ്യാത്മികപാരമ്പര്യങ്ങളിൽ ഈ സഭകൾ ഒന്നിച്ചായിരുന്നു. ചെറിയന്യൂനപക്ഷമായതുകൊണ്ട് മാർത്താമ്മാ ക്രിസ്ത്യാനികൾക്ക് ഇവിടെ വലിയ ദൈവശാസ്ത്ര കേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ കഴിഞ്ഞില്ലെന്നുവേണം പറയാൻ. അതിനാൽപൗരസ്ത്യ സുറിയാനി വിശ്വാസ പാരമ്പര്യം തന്നെയായി നമ്മുടേതും. പൗരസ്ത്യ സഭകളിലെ പല മേലദ്ധ്യക്ഷന്മാരും കേരളം സന്ദർശിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യ സുറിയാനി സഭയുമായിട്ടാണ് നമുക്ക് ഹയരാർക്കിക്കൽ ബന്ധമുണ്ടായിരുന്നത്. അതുകൊണ്ട് പോർട്ടുഗീസു കാലത്തിനു മുമ്പ് റോമയുമായി നമുക്ക് നേരിട്ട് ബന്ധമുണ്ടായി എന്ന് ഉറപ്പിച്ചു പറയാനാവില്ല. അന്നു
ണ്ടായിരുന്ന ബന്ധം പേർഷൻ സഭ വഴിയായിരുന്നുവെന്നു വേണം പറയാൻ.
പേർഷ്യൻ സഭാകേന്ദ്രത്തിൽ നിന്ന് ഏറെ അകലെയായിരുന്നതിനാൽ പേർഷ്യൻ പാത്രിയാർക്കീസുമായി നമുക്ക് ഏറെ സമ്പർക്കമുണ്ടാകാനിടയില്ല. അവിടെ  നിന്ന്മെത്രാന്മാരെ അയയ്ക്കുമായിരുന്നു എങ്കിലും പ്രായോഗികമായി ഇവിടുത്തെ സഭയുടെ ഭരണം അർക്കദിയാക്കോന്റെ നേതൃത്വത്തിൽ നടന്നു. ഇടവകയിൽ വികാരിയും യോഗവും ചേർന്ന് ഭരണം നിർവ്വഹിച്ചു. മാർത്തോമ്മാക്രിസ്ത്യാനികളുടെ പൊതുഭരണം അർക്കദിയാക്കോനും ഇടവകയോഗപ്രതിനിധികളും ചേർന്ന് നിർവ്വഹിച്ചുപോന്നു. ഇവിടുത്തെ രാജാക്കന്മാരും സർക്കാരുകളും ഈ ക്രമീകരണം അംഗീകരിച്ചു. തങ്ങൾ ഒരു പ്രത്യേക സഭാസമൂഹമാണെന്ന് മാർത്തോമ്മാ ക്രിസ്ത്യാനികൾ അഭിമാനിച്ചിരുന്നു.
അങ്ങനെ ഒരു സ്വയംഭരണ സഭയായി മാർത്തോമ്മാ ക്രിസ്ത്യാനികൾ
നിലനിന്നു എന്നു പറയുന്നതിൽ തെറ്റില്ല. എന്നാൽ അത് ദൈവശാസ്ത്രപരമായ ഒരു വിശകലനത്തിൽ നിന്ന് ഉയിർക്കൊണ്ടാതാണെന്നു പറയാൻ വയ്യാ. സാർവ്വത്രിക സഭയുടെ കൂട്ടായ്മയിലെ ഒരു വ്യക്തിസഭ എന്നുള്ള ദൈവശാസ്ത്രപരമായ
നിലപാടല്ലായിരുന്നു അത് എന്നുള്ളതാവും ശരി. പോർട്ടുഗീസുകാർ വന്നപ്പോൾ ഒരേ വിശ്വാസമുള്ളവർ എന്നതിനാൽ അവരെ മാർത്തോമ്മാ ക്രിസ്ത്യാനികൾ സ്വാഗതം ചെയ്തു. പക്ഷേ പോർട്ടുഗീസുകാർക്ക് വ്യക്തിഗത സഭകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഒട്ടുമേ ഉണ്ടായിരുന്നില്ല. അവർ മാർത്തോമ്മാ ക്രിസ്ത്യാനികളെ ഒരു പക്ഷേ നെസ്‌തോറിയൻ വിശ്വാസികളെന്നു കരുതിയിരിക്കാം, അല്ലെങ്കിൽ വഴിതെറ്റിപ്പോയവരെന്നു കരുതിയിരിക്കാം. മാർത്തോമ്മാ ക്രിസ്ത്യാനികളെ ലത്തീൻ ക്രമങ്ങളോടു അനുരൂപപ്പെടുത്താനായിരുന്നു അവരുടെ ശ്രമം. ഉദയമ്പേരൂർ സൂനഹദോസ് പല നല്ല കാര്യങ്ങൾ ചെയ്‌തെങ്കിലും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഭരണക്രമമറിയാനും ആരാധനക്രമം വളർത്താനുമല്ല അവർ ശ്രമിൃച്ചത്. മറിച്ച്, പാശ്ചാത്യവത്ക്കരണത്തിനുള്ള വഴികൾ അവർ തുറക്കുകയാണ് ചെയ്തത്.
പോർട്ടുഗീസുകാരുടെ കാഴ്ചപ്പാട് സഭ ഒന്നു മാത്രമാകയാൽ ഇത്തരത്തിലുള്ള വൈവിധ്യത്തിന് അടിസ്ഥാനമില്ല എന്നായിരുന്നിരിക്കണം. അതുകൊണ്ട് വ്യത്യാസ
ങ്ങൾ മാറ്റാനായി അവർ ശ്രമിക്കുക സ്വാഭാവികം. അതിനു കണ്ട നല്ലൊരു മാർഗ്ഗം വൈദികപരിശീലനം ഏറ്റെടുക്കുക എന്നതായിരുന്നു. അതിനു മുമ്പുള്ള വൈദികപരിശീലനം സമഗ്രമായിരുന്നുവെന്നു പറയാൻ വയ്യാ. അവർക്കു അധികാരമുണ്ടായിരുന്നതിനാൽ അവരുടേതായ രീതിയിൽ വൈദിക പരിശീലനം നൽകാൻ അവർ ശ്രമിച്ചു. അത് ഏതാണ്ട് ഫലപ്രദമായെന്നു പറയാം. നമ്മുടെ പൊതുവായ വിശ്വാസവും ധാർമ്മികതയും പഠിപ്പിക്കാൻ അവർക്കു കഴിഞ്ഞു. നമ്മുടെ സഭയുടെ ആരാധനക്രമത്തെക്കുളിച്ചോ, ആദ്ധ്യാത്മികതയെക്കുറിച്ചോ ഒന്നും പാഠ്യപദ്ധതിയിലില്ലായിരുന്നു. 1962 വരെ പൂനാ സെമിനാരിയിൽ പഠിച്ച എനിക്കു സെമിനാരി പാഠ്യ പദ്ധതിയിൽ നമ്മുടെ  ലിറ്റർജിയെക്കുറിച്ചോ ആദ്ധ്യാത്മികതയെക്കുറിച്ചോ ഒന്നുമില്ലായിരുന്നു. പൂനയിൽ നിന്ന് CMI വൈദികർ ഞങ്ങളെ സുറിയാനി പഠിപ്പിക്കുകയും അനുഷ്ഠാനക്രമങ്ങൾ മനസ്സിലാക്കിത്തരുകയും ചെയ്തതല്ലാതെ മറ്റൊരു ഒരുക്കവും ഇല്ലായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചുള്ള അറിവുമാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. പൗരസ്ത്യ സഭകളുടെ സ്വഭാവവും പ്രത്യേകതകളും എന്താണെന്നും മറ്റുമുള്ളത് പഠന വിഷയമായിരുന്നില്ല. പാശ്ചാത്യ സഭയെ അനുകരിക്കുകയാണ് വേണ്ടത് എന്ന ചിന്തയാണു ഏറെ പ്രബലമായത്. അതിനാൽ നമ്മുടെ ആരാധനാഗ്രന്ഥങ്ങളും മറ്റും മാറ്റിമറിച്ചതിനോടു നമുക്കു വേണ്ട രീതിയിൽ പ്രതികരിക്കാനായില്ല. മാത്രമല്ല ലത്തീൻ പൊന്തിഫിക്കൽ ക്രമം സുറിയാനിയിൽ ആക്കി തന്നാൽ മതിയെന്നു നാം പരി. സിംഹാസനത്തോട് അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അത്രത്തോളം നമ്മുടെ സ്വത്വബോധം നമുക്കു നഷ്ടപ്പെട്ടിരുന്നു എന്നതാണു വസ്തുത.’റീത്തുകൾ’ ആചാരാനുഷ്ഠനങ്ങളിൽ മാത്രം വ്യത്യാസമുള്ള, ”അംബ്രോസിയൻ റീത്തു” പോലെ മാത്രം വ്യത്യസ്തമായ സമൂഹങ്ങളായി മാത്രമേ പല പാശ്ചാത്യരും പരിഗണിച്ചിരുന്നുള്ളു. അങ്ങനെയാണ് ‘റീത്ത്’ എന്ന വാക്കു തന്നെ പൗരസ്ത്യ സഭകളും ഉപയോഗിക്കാനിടയായത്. നമ്മിൽതന്നെ പലരും ആ രീതിയിലാണ് നമ്മുടെ സഭയെ കണ്ടത്. അതിനാലാണ് ലത്തീൻ റീത്ത് മറ്റു റീത്തുകളെക്കാൾ മേന്മയുള്ളത് എന്ന ചിന്തയുണ്ടായത്. ലത്തീൻ റീത്തിനെ അനുകരിക്കാനുള്ള പ്രവണത അങ്ങനെയാണ് വളർന്നു വന്നതെന്നു തോന്നുന്നു. ഇത് ഏക റീത്ത് വാദത്തിലേക്കു പലരെയും എത്തിക്കുകയുണ്ടായി. ലത്തീൻ സഭയാണു സാർവ്വത്രിക സഭ എന്ന ചിന്താഗതിയും ചിലർക്കുണ്ടായിരുന്നു.
CBCI യുടെ തീരുമാനങ്ങൾ എല്ലാ സഭകൾക്കും ബാധകമാണെന്ന രീതിയാണ് CBCI യുടെ ഭരണഘടനയിൽ ഒരു കാലത്തുണ്ടായിരുന്നത്. അതാണ് 1987-ലെ പരി. പിതാവ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ചരിത്രപ്രസിദ്ധമായ കത്തിന്റെ കാലംവരെ നീണ്ടുനിന്നത്.CBCI യുടെ കോട്ടയം സമ്മേളനത്തിൽ വടക്കേ ഇന്ത്യയിലെ പ്രഗത്ഭനായ ഒരു മെത്രാൻ ബഹു. മാത്യു വെള്ളാനിക്കലച്ചനോട് ‘after all, the Latin church is the universal church” എന്നു പറഞ്ഞത് ഓർമ്മിക്കുന്നു. ഇത്തരം ചിന്തകളാണ് പല സീറോ മലബാർ സഭാംഗങ്ങൾക്കും അടുത്തകാലം വരെ ഉണ്ടായിരുന്നത്. ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ പൗരസ്ത്യ സഭകളിൽ പലർക്കും ശരിയായ സ്വവാവബോധം നഷ്ടപ്പെട്ടിരുന്നുവെന്നു പറയാം. പാശ്ചാത്യർക്കും വ്യക്തിത്വമുള്ള സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ് സാർവ്വത്രിക സഭ എന്ന അവബോധവും ഏതാണ്ടു പാടേ നഷ്ടപ്പെട്ടിരുന്നു.
തുടരും