തിരിനന (Wick Irrigation) വെള്ളം ഏറ്റവും കുറച്ചുപയോഗിച്ചുള്ള കൃഷിരീതി

ഇ.ജെ.ജോസഫ് ഇളപ്പുങ്കൽ

ദൈവത്തെ സ്‌നേഹിക്കുന്ന മനുഷ്യന് പ്രകൃതിയെ സ്‌നേഹിക്കാതിരിക്കാനാവില്ല. ആരംഭം മുതലേ മനുഷ്യനു നൽകപ്പെട്ടിരുന്ന ഏറ്റവും അടിസ്ഥാന ജോലിയും കൃഷി തന്നെ. മനുഷ്യനു ഭക്ഷണം പ്രകൃതിനൽകുന്നതാല്ലാതെ മറ്റു യാതൊന്നുമില്ല. മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഭക്ഷണം ഉല്പാദിപ്പിക്കാൻ കൃഷി കൂടിയേ തീരൂ. മനുഷ്യന്റെ ഭക്ഷണത്തിൽ ഒരു നല്ല പങ്ക് പച്ചക്കറിയാണ്. കീടങ്ങളുടെ ആക്രമണം പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ്. വേനൽക്കാലത്ത് പച്ചക്കറി കൃഷി ചെയ്താൽ കീടങ്ങൾ താരതമ്യേന കുറവുംവിളവ് കൂടുതലുമാണ്. എന്നാൽ വേനൽക്കാലത്ത് വെള്ളത്തിന്റെ ദൗർലഭ്യം വലിയ പ്രശ്‌നമാണ്. ഇവിടെയാണ് ‘തിരിനന’ എന്ന നൂതന കൃഷിരീതിയുടെ പ്രസക്തി. നിരപ്പായ സ്ഥലത്തും മട്ടുപ്പാവിലും കൃഷി ചെയ്യാം. രാവിലെയും വൈകിട്ടും നനയ്ക്കേണ്ട ആവശ്യവുമില്ല. നാലു ദിവസം കൂടുമ്പോൾ വെള്ളം നല്കിയാൽ മതിയാവും. മികച്ച ഉല്പാദനവും ലഭിക്കും.
കൃഷി രീതി: മണ്ണെണ്ണവിളക്കിന്റെ തത്ത്വം തന്നെയാണ് ഇവിടെ പ്രയോഗിക്കുന്നത്. മൂന്നിഞ്ചോ അതിൽ കൂടുതലോ വ്യാസമുള്ള കട്ടിയുള്ള പി.വി.സി. പൈപ്പിൽ 1.5-2 അടി അകലത്തിൽ .75 ഇഞ്ച് വ്യാസമുള്ള ദ്വാരങ്ങൾ ഉണ്ടാക്കുക (.75 ഇഞ്ച് വ്യാസമുള്ള ലോഹ പൈപ്പ് ചൂടാക്കി ദ്വാരങ്ങൾ ഇടാം). സാമാന്യം വലിപ്പമുള്ള ഗ്രോ
ബാഗോ പ്ലാസ്റ്റിക്ക് ചെടിച്ചട്ടിയോ എടുത്ത് അതിന്റെ മദ്ധ്യത്തിൽ .75 ഇഞ്ച് വ്യാസമുള്ള ദ്വാരമിടുക. അരയടി താഴേയ്ക്കു നില്ക്കത്തക്കവിധം .75 ഇഞ്ച് വണ്ണമുള്ള തിരിയിട്ട്, മണൽ ചേർന്ന മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, മസ്സൂറി ഫോസ്‌ഫേറ്റ്, വേപ്പിൻ പിണ്ണാക്ക്, വൃത്തിയുള്ള ചകിരിച്ചോർ,സ്യൂഡോ മോണാസ്, പി.ജി.പി.ആർ 1 എന്നിവ10:10:4:4:2:2:1:1 എന്ന അനുപാതത്തിൽ ചേർത്ത് നന്നായി ഇളക്കി ഗ്രോബാഗിന്റെയോ ചെടിച്ചട്ടിയുടെയോ മദ്ധ്യഭാഗത്ത് തിരിനില്ക്കത്തക്കവിധം മുക്കാൽ ഭാഗം വരെനിറയ്ക്കുക. തിരിയുടെ പുറത്തുള്ള ഭാഗം പി.വി.സി. പൈപ്പിന്റെ ദ്വാരത്തിലൂടെ ഇറക്കി വയ്ക്കുക. പൈപ്പിന്റെ ഇരുവശങ്ങളിലും ഇഷ്ടികവച്ച് ഉറപ്പിച്ച് അതിൽ ഗ്രോബാഗോ ചെടിച്ചട്ടിയോ വയ്ക്കുക. സ്ഥലസൗകര്യമനുസരിച്ച് എത്ര എണ്ണം വേണമെങ്കിലും ഇതുപോലെ തയ്യാറാക്കാം. പൈപ്പ് വാട്ടർ ലവൽ ചെയ്ത് നേരെയാക്കിയിരിക്കണം. പൈപ്പിന്റെ ഒരു വശം എന്റ് ക്യാപ്പ് ഇട്ട് ഒട്ടിക്കണം. മറ്റേ വശത്ത് മുകളിലേയ്ക്കു നില്ക്കത്തക്ക വിധം എൽബോ ഫിറ്റ് ചെയ്ത് അതിലൂടെ വെള്ളമൊഴിച്ചതിനു ശേഷം എന്റ് ക്യാപ്പ് ഉപയോഗിച്ച് അതും അടയ്ക്കണം (വീണ്ടും തുറക്കാവുന്ന വിധത്തിൽ). ആവശ്യമുള്ളപ്പോൾ ഈ എന്റ് ക്യാപ്പ് ഊരി വീണ്ടും വെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്. ആദ്യത്തെ രണ്ടു ദിവസം മിശ്രിതം നന്നായി നനയത്തക്കവിധംനേരിട്ടു നനയ്ക്കുന്നതാകും ഉത്തമം. അതിനു
ശേഷം വിത്തുകൾ (തയ്യാറാക്കിയിട്ടുള്ള തൈകൾ) നടാവുന്നതാണ്. ചെടികൾക്ക് 10 ദിവസം കൂടുമ്പോൾ ജീവാമൃതമോ അല്ലെങ്കിൽ ചാണകം, ഗോമൂത്രം, കടലപ്പിണ്ണാക്ക്
എന്നിവ ചേർത്ത് 5 ദിവസം വച്ചതിനു ശേഷം ആ ലായിനി നേർപ്പിച്ചോ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം. ഓരോ പ്രാവശ്യവും ഒഴിക്കുമ്പോൾ അല്പാല്പം മണ്ണും ഇട്ടുകൊടുക്കണം. നേരത്തെ ബാഗു നിറയ്ക്കാൻ ഉപയോഗിച്ച മിശ്രിതമായിരിക്കും ഉത്തമം.ഇങ്ങനെ ചെയ്യുമ്പോൾ പ്രത്യേകിച്ച് നനയ്ക്കേണ്ട ആവശ്യമില്ല. 35-40 ദിവസമാകുമ്പോൾ വിളവെടുത്തു തുടങ്ങാം.