സഭയ് ക്കെതിരെ വീശുന്ന ചുഴലിക്കാറ്റുകൾ

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

 1. ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്നും കേരളത്തിന്റെ തീരമേഖല ഇനിയും വിമുക്തമായിട്ടില്ല. ‘ഓഖി’ എന്ന പേരിന്റെ അർത്ഥം കണ്ണ് എന്നാണ്. ഈ ചുഴലിക്കാറ്റിന്റെ വരവ് നേരത്തേ അറിഞ്ഞ് മുന്നുറിയിപ്പു നൽകേണ്ട സംവിധാനങ്ങൾ കണ്ണടച്ച് ആലസ്യത്തിലാണ്ടപ്പോൾ നൂറുകണക്കിനു കുടുംബങ്ങളാണ് കണ്ണീർക്കടലിൽ ആയത്.
  പാവപ്പെട്ടവന്റെ ജീവനും കണ്ണീരിനും പലരും യാതൊരു വിലയും കല്പിക്കുന്നില്ലെന്ന് തുടർന്നുണ്ടായ സംഭവവികാസങ്ങൾ തെളിയിച്ചു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് നേരത്തേ മുന്നറിയിപ്പു ലഭിച്ചിട്ടും മത്സ്യത്തൊഴിലാളികൾക്ക് വിവരം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു സാധിച്ചില്ല. എന്നാൽ ഇതേ അറിയിപ്പു ലഭിച്ച തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉദ്യോഗസ്ഥർ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയതിനാൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിച്ചു. എന്നാൽ കേരളത്തിൽ ഗുരുതരമായ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ എത്ര നിസ്സാരമായാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ്. വാഹനാപകടത്തിൽ ഒരാൾ മരിച്ചാൽ ഡ്രൈവർക്കെതിരേ മനഃപൂർവ്വമല്ലാത്ത നരഹത്യക്കു കേസ് എടുക്കാറുണ്ട്. എന്നാൽ ഉത്തരവാദപ്പെട്ട പദവിവഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലൂം നൂറുകണക്കിന് ആൾക്കാർ കൊല്ലപ്പെട്ടിട്ടും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. തെറ്റ് തുറന്നു സമ്മതിക്കാൻ തയ്യാറാകാതെ ന്യായീകരണം കണ്ടെത്താനും ദുരന്തത്തെ നിസ്സാരവത്കരിക്കാനുമാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചത്. പിതാവും, ഭർത്താവും, മകനും നഷ്ടപ്പെട്ട സ്ത്രീകളുടെ ചങ്കുപൊട്ടിയുള്ള കരച്ചിലിനെ ചാനൽ ചർച്ചയിൽ അവഹേളിക്കുകയാണ് വിപ്ലവപാർട്ടിയുടെ വനിതാമന്ത്രി ചെയ്തത്. ഉള്ളിൽ ഒന്നൊളിപ്പിച്ച് പുറമേ മറ്റൊന്നു ഭാവിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ അഭിനയിക്കാൻ അറിയാത്ത കുറെ പച്ചമനുഷ്യരുടെ വികാരപ്രകടനങ്ങളെ പുച്ഛിച്ചുതള്ളുന്നത് തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പേരിൽ വോട്ടു വാങ്ങി ജയിച്ച പ്രസ്ഥാനത്തിന്റെ ജനപ്രതിനിധി ആണെന്നത് നമ്മളെ ലജ്ജിപ്പിക്കേണ്ടതാണ്.
  ദുരന്തമുഖത്ത് സാന്ത്വനവുമായി ആദ്യം ഓടിയെത്തിയത് കത്തോലിക്കാസഭ
  യായിരുന്നു. വൈദികരും സന്ന്യസ്തരും വിശ്വാസികളും കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങി. സർക്കാരും ഉദ്യോ
  ഗസ്ഥരും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അനാസ്ഥ കാണിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായത് കടലിന്റെ മക്കളുടെ കദനത്തിന്റെ ആഴമറിയുന്ന കുറച്ചുപുരോഹിതരായിരുന്നു. നേരോടെ നിർഭയം നിരന്തരം ഉയർന്നത് അവരുടെ പ്രവാചകധ്വനിയായിരുന്നു. കടലടങ്ങുംമുമ്പുതന്നെ തങ്ങളുടെ സഹജീവികളെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയവരെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം തുടങ്ങിവെച്ചതും ക്രിസ്ത്യൻ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു. തങ്ങൾക്കു ലഭിക്കാത്ത സ്വീകാര്യത സഭയ്ക്കും പുരോഹിതർക്കും ലഭിക്കുന്നതിൽ അസഹിഷ്ണുക്കളായ കുറെ ആളുകൾ ഈ അവസരം സഭയ്‌ക്കെതിരേ ഉപയോഗിക്കാൻ തുനിഞ്ഞിറങ്ങി. സൈബർ സഖാക്കൾ തുടങ്ങിവച്ച കുപ്രചരണങ്ങൾക്ക് മാധ്യമസഖാക്കൾ പ്രചാരം
  നൽകി. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയിൽപ്രധാനപ്പെട്ട ഒരുപങ്കു വഹിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായം വൈകുന്നതിനെ മറച്ചുവയ്ക്കാൻ അവർക്ക് കത്തോലിക്കാസഭ എന്തുനൽകി എന്നു    ചർച്ചചെയ്യാനാണ് മാധ്യമത്തൊഴിലാളികൾ ശ്രമിച്ചത്.
  ദുരന്തത്തിനരയായവരുടെ മതം നോക്കിയല്ല സഭ സഹായം നൽകിയത്. എന്നാൽ ഈ ദുരന്തത്തിനിടയിലും ചില ‘ദുരന്തങ്ങൾ’ മതത്തിന്റെ പേരിൽ വർഗ്ഗീയത പ്രചരി
  പ്പിക്കാൻ ശ്രമിച്ചു. കർത്താവ് രക്ഷിക്കും എന്നു പറഞ്ഞ് ഹിന്ദുക്കളെ മതം മാറ്റിയിട്ട് ഇപ്പോൾ കാറ്റുവന്നപ്പോൾ കർത്താവു രക്ഷിച്ചില്ല എന്നൊക്കെ പുലമ്പലുകൾ നടത്തിയത് ചാണക ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയ പശുപാലൻ ആയിരുന്നു. വർഗ്ഗീയത തലയ്ക്കു പിടിച്ചാൽ ഒരു മനുഷ്യന് എത്രത്തോളം തരം താഴാമെന്ന് മനസ്സിലാകണമെങ്കിൽ ഇയാളുടെ വാചകക്കസർത്തുകൾ കേട്ടാൽ മതി. കൈലാസത്തിലും, ശബരിമലയിലും, മക്കയിലുമൊക്കെ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സാമാന്യ ബുദ്ധിയുള്ള ആരും ദൈവം എന്താ രക്ഷിക്കാൻ വരാതിരുന്നത് എന്നു ചോദിച്ചിട്ടില്ല. പക്ഷേ, ഇപ്പോൾ ചില ‘ദേശസ്‌നേഹികൾ’ ദൈവങ്ങൾ ദുരന്തങ്ങളിൽനിന്നു രക്ഷിച്ചവരുടെ കണക്കെടുക്കാൻ നടക്കുകയാണ്. ഈ സമയത്തുതന്നെ ‘മതം ഉപേക്ഷിക്കൂ, മനുഷ്യരാകൂ’ എന്ന ആഹ്വാനം ചില വിപ്ലവകാരികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. കഥയറിയാതെ ആട്ടം കാണുന്ന ചില ‘മതമില്ലാത്ത’ വിശ്വാസികളും അപകടമറിയാതെ ഈ ആശയത്തിന്റെ പ്രചാരകരാകുന്നു.
  ഓഖി ചുഴലിയെറിഞ്ഞത് ചില മുഖം മൂടികൾ കൂടിയായിരുന്നു. പ്രത്യയശാസ്ത്ര
  ക്കാരുടെയും, വിപ്ലവനേതാക്കന്മാരുടെയും, വർഗ്ഗീയവാദികളുടെയും, നിരീ
  ശ്വരവാദികളുടെയുമെല്ലാം തനിനിറം പുറത്തുവന്നപ്പോൾ അവരെല്ലാവരും സഭയ്‌ക്കെതിരേ നിലകൊള്ളുകയായിരുന്നു. സഭയെ ക്രൂശിക്കാനാണ് അവർ ഒന്നായി ആക്രോശിക്കുന്നത്. ഈ തിരിച്ചറിവിൽ നമുക്ക് കൂടുതൽ ജാഗ്രതയുള്ളവരാകാം. ”മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ,  അതു പാറമേൽസ്ഥാപിതമായിരുന്നു” (മത്തായി 7,25) എന്ന മിശിഹായുടെ വചനം നമുക്ക് ശക്തിപകരട്ടെ.