‘സ്‌നേഹത്തിന്റെ ആനന്ദം’ ഉയർത്തുന്ന അജപാലന സാധ്യതകൾ

ഫ്രാൻസിസ് ദർശനത്തിലെ പ്രായോഗികത

ലോകം മുഴുവനിലുമുള്ള സഭാ നേതൃതലങ്ങളിൽ സ്‌നേഹത്തിന്റെ ആനന്ദം ചർച്ചാവിഷയമായി. ചില സ്ഥലങ്ങളിൽ പ്രാദേശികസഭ പുതിയ തീരുമാനങ്ങൾ സ്വീകരിച്ചു. ചിലയിടങ്ങളിൽ വ്യവസ്ഥകൾക്കനുസൃതമായി കൗദാശികബന്ധം പിരിഞ്ഞ് പുനർവിവാഹം ചെയ്തവർക്ക് വി. കുർബാന സ്വീകരണം സാധ്യമായി. ചിലയിടങ്ങളിൽ അങ്ങനെയൊരു സാധ്യതയെ തള്ളിക്കളഞ്ഞു. ഇതിനിടയിൽ ദൈവശാസ്ത്ര, ധാർമ്മിക ദൈവശാസ്ത്ര പണ്ഡിതർക്കിടയിൽ ആരോഗ്യകരവും അനാരോഗ്യകരവുമായ തർക്കങ്ങൾ ഉണ്ടായി. കേരളത്തിലെയോ ഭാരതത്തിലെയോ
മെത്രാൻ സമൂഹം പ്രസ്തുത പ്രബോധനത്തെക്കുറിച്ച്, ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ പറഞ്ഞതായി അറിവില്ല. ചില സെമിനാറുകൾക്കൊണ്ട് ഏകദേശം എല്ലാം അവസാനിച്ച മട്ടായി. ചർച്ചകളും തുടർവിചിന്തനങ്ങളും അനിവാര്യമാക്കിയിരിക്കുന്ന ഒരു പ്രബോധനമാണ് സ്‌നേഹത്തിന്റെ ആനന്ദം. പ്രാദേശിക സഭകളുടെ വ്യക്തിപരതയനുസരിച്ച് പ്രശ്‌നങ്ങളിലായിരിക്കുന്നവരെ അനുധാവനം ചെയ്യാനുള്ള നൂതന വഴികൾ കണ്ടെത്താൻ കഴിയണം. കേരളത്തിന്റെ സാഹചര്യത്തിലുള്ള ഒരു നിയമം സൃഷ്ടിക്കാൻ വത്തിക്കാന് സാധിച്ചെന്നിരിക്കുയില്ല. അവർക്ക് തരാൻ കഴിയുന്നത് പൊതുവായ നിയമങ്ങളാണ്. ആ നിയമങ്ങൾ പ്രായോഗികതയിൽ എത്തിക്കാൻ കേരളത്തിലെ സഭാനേതൃത്വമാണ് മുൻകൈ എടുക്കേണ്ടത്.
പുനർ വിവാഹിതർക്ക് വി. കുർബാന സ്വീകരണം സാധ്യമോ?
കൗദാശികമായി വിവാഹം ചെയ്യപ്പെട്ടവരും പങ്കാളി ജീവിച്ചിരിക്കവേ, മറ്റുബന്ധങ്ങളിലേക്ക് കുടിയേറുന്നവരെയുമാണ് ഇവിടെ ഉദ്ദേശിക്കുക. ഇപ്രകാരമുള്ള ബന്ധങ്ങൾ വി. ഗ്രന്ഥദൃഷ്ടിയിൽ വ്യഭിചാര ബന്ധങ്ങളാണ്. ദൈവം യോജിപ്പിച്ചതിൽ മനുഷ്യൻ വരുത്തുന്ന ക്രമക്കേടാണ്. അത്തരം ബന്ധം വിവാഹത്തിന്റെ ലക്ഷ്യം തന്നെയായ കൂട്ടായ്മ തകർത്ത ബന്ധങ്ങളാണ്, വളരെ പ്രത്യേകിച്ച് സന്താനങ്ങ
ളോടുകൂടി സ്ത്രീയെ ഉപേക്ഷിക്കുന്നത്, സന്താനങ്ങളെ ഉപേക്ഷിച്ച് മറ്റ് മനുഷ്യന്റെ കൂടെ ഇറങ്ങി പോവുക എന്നൊക്കെയുള്ളത്. ദൈവമുമ്പിൽ സമൂഹത്തെ സാക്ഷിയാക്കി എടുത്ത പ്രതിജ്ഞകളെ നിർഭയം- കാറ്റിൽ പറത്തുന്ന പ്രക്രിയയാണ് ഇവയൊക്കെ. അത്തരം മനോഭാവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കാപട്യങ്ങൾ അവരെ വി. കുർബാന സ്വീകരണത്തിന് അയോഗ്യരാക്കുന്നു. ഇതിൽ സംശയങ്ങളുടെ ആവശ്യമേ ഇല്ല. തങ്ങൾക്ക് കുർബാന സ്വീകരിക്കണം എന്ന് അവർക്ക് അവകാശപ്പെടാനാവില്ല. തമ്മിലുള്ള ഭിന്നത, ദൈവം യോജിപ്പിച്ചതിനെ വേർപ്പെടുത്തിയത്, പുരോഹിത, സമൂഹ മുമ്പിൽ കൈമാറിയ പ്രതിജ്ഞയുടെ ലംഘനം, എന്നുള്ളതെല്ലാം കുർബാന സ്വീകരണത്തിന് അയോഗ്യരാക്കുന്ന ഘടകങ്ങൾ തന്നെയാണ്.
അനുധാവനം കുർബാന സ്വീകരണത്തിലേക്ക് നയിക്കപ്പെടാമോ?
ബലഹീനതകളുടെ മേഖലകളിൽ വ്യാപരിക്കുന്ന എല്ലാവരിലേക്കും കരുതലിന്റെ കരങ്ങൾ നീട്ടാൻ കടപ്പെട്ടവരാണ് വൈദികർ, കുടുംബം സമൂഹത്തിന്റെ എന്നപോലെ സഭയുടെയും നട്ടെല്ലാണ്. അതിനാൽ തന്നെ തകരുന്ന കുടുംബങ്ങളിലേക്കും പുതുതായി പടുത്തുയർത്തപ്പെടുന്ന ബന്ധങ്ങളിലേക്കും അതിന്റെ ധാർമ്മിക നിലവാരങ്ങൾ നോക്കാതെ തന്നെ, അവരുടെ ഇടയിൽ ദൈവരാജ്യത്തിന്റെ പുളിമാവായി വർത്തിക്കാൻപുരോഹിതൻ കടപ്പെട്ടവനാണ്.
ഇത്തരം കുടുംബങ്ങളിലെ അജപാലന പ്രവർത്തനങ്ങളിൽ പ്രത്യേകമായ വിധം ശ്രദ്ധ വൈദികർക്ക് ആവശ്യമാണ്.
വിവാഹത്തിലെ പ്രതിജ്ഞയെ നിരാകരിച്ച് മക്കളേയും പങ്കാളിയേയും ഉപേക്ഷിച്ചു പോവുകയും – ഇനി ഒരിക്കലും തിരിച്ചു വരാത്തവണ്ണം മറ്റു ബന്ധങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ജീവിതത്തിന്റെ അറ്റങ്ങൾ കൂട്ടിചേർക്കുവാൻ കഴിയാതെ, പുതിയ ബന്ധങ്ങളിലേക്ക് തങ്ങളെത്തന്നെ ചേർത്തുവയ്‌ക്കേണ്ടി വരുന്നവരുമുണ്ട്. അങ്ങനെയുള്ളവർ പ്രത്യേകമാംവിധം കാരുണ്യം അർഹിക്കുന്നു. അവർക്ക് ജീവിതകാലം മുഴുവൻ കുർബാന സ്വീകരിക്കുവാൻ കഴിയാതെ വരുക എന്നത് അജപാലനപരമായി ഏറെ ദുഖമുണ്ടാക്കുന്ന സാഹചര്യമാണ്.
ഇങ്ങനെയുള്ള പല കൂടിത്താമസങ്ങളും നമ്മുടെ അനുധാവനത്തിന് അതീതമായി നിൽക്കുന്നതുപോലെ തോന്നാറുണ്ട് – ഇങ്ങനെയുള്ളവർ വളരെയേറെ കാരുണ്യം അർഹിക്കുന്നവരാണ്. വളരെ വ്യത്യസ്തമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന്, ഒരു കൂട്ടില്ലാതെ ജീവിതം അസാധ്യമായ ഒരു സമൂഹത്തിൽ, മുമ്പോട്ട് ഓടുക എന്ന ലക്ഷ്യം വച്ച് ബന്ധങ്ങളിൽ പ്രവേശിക്കുന്നവരെ നാം കുറച്ചുകൂടി മനസ്സിലാക്കണം. അവർ അനുതാപമുള്ളവരാണ്, എന്നാൽ പഴയ ജീവിതത്തിലേക്ക് പോകാൻ ഒരു കാലത്തും കഴിയാത്തവരാണ്. അവരുടെ നിഷ്‌കളങ്കതയും ഗത്യന്തരമില്ലായ്മയിൽ ഉടലെടുത്ത പുതിയ ബന്ധവും, കൂട്ടായ്മ ലംഘിക്കാനോ, വ്യഭിചാരത്തിൽ ഏർപ്പെടാൻ കൊതിച്ചോ, എടുത്ത പ്രതിജ്ഞകൾക്ക് വിലകൊടുക്കാത്തതോ മൂലമല്ല അവർക്ക് ആദ്യ വിവാഹം നഷ്ടപ്പെട്ടത്. അങ്ങനെയുള്ളവർക്ക് ജീവിതകാലം മുഴുവനും വി. കുർബാന മുടക്കപ്പെടുന്നു എന്നതിൽ കരുണയുടെ മുഖമുണ്ടോ? കുർബാന മുടക്കപ്പെടുക എന്നത് വ്യക്തിക്കും കുടുംബത്തിനും അജപാലനശുശ്രൂഷ നന്നായി നിർവ്വഹിക്കുന്ന പുരോഹിതനും പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ
പലപ്പോഴും വിശുദ്ധ കുർബാന എന്നത് പലർക്കും അവരുടെ മുറിവുകൾ ഉണങ്ങുവാൻ ഏറ്റം അനുയോജ്യമായ ഔഷധമാണെന്ന് അമോറിസ് ലത്തിസിയ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.
ഇപ്രകാരം മുറിവേറ്റ് നിൽക്കുന്ന ദമ്പതികളോട് നാം കാട്ടുന്ന അജപാലന അനുധാവനം അവരെ വി. കുർബാന സ്വീകരണത്തിലെത്തിക്കുവാൻ പര്യാപ്തമാകുമോ? ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. ‘ഫാമിലിരിസ് കൊൺസോർഷിയോ’യും, ‘എക്ലേസിയാ ദ് യവുക്കരിസ്ത്യയും’ കൗദാശിക ബന്ധം വേർപ്പെടുത്തി പുതിയ ബന്ധത്തിലായിരക്കുന്നവർക്ക് പ്രസ്തുത അവസ്ഥയിലായിരിക്കുമ്പോൾ വി. കുർബാന സ്വീകരണം അസാധ്യമാണെന്ന് പഠിപ്പിക്കുന്നു. അജപാലന കാരുണ്യത്തിന്റെപേരിൽ അത്തരം പ്രവൃത്തികൾ ചെയ്യാൻ ആർക്കും അധികാരമില്ല എന്നും വ്യക്തമായി പഠിപ്പിക്കുന്നു. ഇത്തരം സന്ദർഭത്തിൽ അജപാലന അനുധാവനത്തിന് അമോറിസ് ലത്തിസിയാ നൽകുന്ന പ്രാധാന്യത്തിന് എത്രമാത്രം മുമ്പോട്ട് പോകുവാൻ കഴിയും?
അമോറിസ് ലത്തിസിയയുടെ ആഭിമുഖ്യം എന്തുകൊണ്ടും അഭിനന്ദനീയമാണ്. ഇതുവരെയും നേരിട്ടതുപോലെ പോരാ, സഭ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ എന്നും ധൈര്യമായ ചുവടുവയ്പ്പുകൾ ഇനിയും നടത്തണമെന്നും അമോറിസ് ലത്തിസിയയിലൂടെ ഫ്രാൻസിസ് മാർപ്പാപ്പാ വ്യക്തമാക്കുന്നു.
‘ഫാമിലിയാരിസ് കൊൺസോർഷ്യാ’യിലും ‘എക്ലേസിയ ദ് യവൂക്കരിയസ്ത്യ’യിലും, വിവാഹ മോചിതരായി പുനർവിവാഹം ചെയ്തവരുടെ ജീവിതയാഥാർത്ഥ്യങ്ങളെ
പരിഗണിക്കണമെന്നും സന്താന പരിപാലനത്തിനായി ഒരു കൂട്ട് ആവശ്യമായി വരുന്ന അവസരത്തിൽ അവർക്ക് അതിനുതകുന്ന ആളെ തേടാമെന്നും സഹോദരി സഹോദരന്മാരായി ജീവിക്കണമെന്നും അപ്പോൾ കൂദാശകൾക്കു മുടക്കം വരികയില്ലെന്നും സഭ പഠിപ്പിച്ചിട്ടുണ്ട്. ഇത് വളരെ അപ്രായോഗികമായ ഒരു നിർദ്ദേശമാണ് പ്രത്യേകിച്ചും ഇന്ത്യൻ സാഹചര്യത്തിൽ ഈ ആനുകൂല്യത്തിന് യാതൊരു പ്രസക്തിയുമില്ല. അധാർമ്മികപരമായി ചിത്രീകരിക്കാവുന്ന ഒരു കൂടിത്താമസമായേ അത് പരിഗണിക്കപ്പെടുള്ളൂ. (തുടരും)