മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 2 : മാർത്തോമ്മാ നസ്രാണിസഭയുടെ പേർഷ്യൻ സഭയുമായുളള ബന്ധം

ക്രിസ്തുവർഷത്തിനു മുമ്പ് ദക്ഷിണേന്ത്യയുമായി പേർഷ്യയ്ക്ക് സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധം ഉണ്ടായിരുന്നു. ഇസ്ലാമിന്റെ ഉദയം വരെ അറമായ അഥവാ കൽദായ (സുറിയാനി) ഭാഷയായിരുന്നു ദക്ഷിണേന്ത്യ ഉൾപ്പെട്ട കിഴക്കിന്റെ വാണിജ്യഭാഷ. അതോടൊപ്പം പേർഷ്യൻ സാമ്രാജ്യത്തിലെ സഭകളും ദക്ഷിണേന്ത്യൻ സഭകളും തമ്മിൽ മാർത്തോമ്മാശ്ലീഹായുമായി നേരിട്ടോ അല്ലാതെയോ ഉളള ശ്ലൈഹികാരംഭത്തിന്റേതായ ഒരു ബന്ധവുമുണ്ടായിരുന്നു (ഭാരതത്തിലേയ്ക്കു വരുന്ന വഴി മാർത്തോമ്മാ ശ്ലീഹാ പേർഷ്യൻ സഭ ആരംഭിച്ചുവെന്നാണ് പാരമ്പര്യം). മാർത്തോമ്മാ ശ്ലീഹായുടെ ശിഷ്യനായ മാർ അദ്ദായിയാണ് എദേസ്സായിൽ സഭ സ്ഥാപിച്ചത്. അദ്ദായിയുടെ ശിഷ്യനായ മാർ മാറിയാണ് സെലൂഷ്യ-സ്റ്റെസിഫോണിൽ സുവിശേഷവത്കരണം നടത്തിയത്. അതുകൊണ്ടാവണം പേർഷ്യൻ സാമ്രാജ്യത്തിലെ സഭകളും ദക്ഷിണേന്ത്യൻ സഭയും മാർത്തോമ്മാശ്ലീഹായെ തങ്ങളുടെ പൊതുവായ ശ്ലീഹായായി കരുതുന്നത്.

എ.ഡി. 410 ലെ സെലൂഷ്യൻ സൂനഹദോസിൽ വച്ച് സെലൂഷ്യ-സ്റ്റെസിഫോൺ മെത്രാപ്പോലീത്തായെ പേർഷ്യൻ സാമ്രാജ്യത്തിലെ സഭാസമൂഹങ്ങളുടെ (പേർഷ്യ, എദേസ്സാ)

പരമാദ്ധ്യക്ഷനായി അവരോധിച്ചു. ആദ്ധ്യാത്മികതയിലും മാർത്തോമ്മാ പൈതൃകത്തിലും തങ്ങളോടു യോജിക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സഭാസമൂഹങ്ങളുടെ മേലുള്ള സെലൂഷ്യൻ കാതോലിക്കോസിന്റെ പരമാധികാരം ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികളും സ്വീകരിച്ചു.
കൽദായ (പേർഷ്യൻ-സെലൂഷ്യൻ) കാതോലിക്കോസ് മാർത്തോമ്മാ നസ്രാണി

സഭയുടെ ആലങ്കാരികാദ്ധ്യക്ഷൻ

പേർഷ്യൻ സഭാധികാരം ഭാരതത്തിൽ നടപ്പിലാക്കിയത് റിവാർദഷിർ രൂപതവഴിയായിരുന്നു. ഈ രൂപത ഭാരതത്തിലേയ്ക്കുളള കപ്പൽ മാർഗ്ഗത്തിലായിരുന്നു. എ.ഡി. 410 -നും
420 -നുമിടയ്ക്ക് ഈ രൂപത മെത്രാപ്പോലിത്തൻ രൂപതയായി ഉയർത്തപ്പെടുകയും അതിന് ഭാരത സഭയുടെമേൽ അധികാരം ലഭിക്കുകയും ചെയ്തു. അഞ്ചാം ശതകം മുതൽ റിവാർദഷിറിലെ മെത്രാപ്പോലിത്ത മാർത്തോമ്മോ നസ്രാണിസഭയ്ക്കായി മെത്രന്മാരെ നിയോഗിച്ച് അയച്ചിരുന്നതായി കരുതാം. എന്നാൽ പാത്രിയാർക്കീസ് ഈശോയാബ് മൂന്നാമൻ (649-660) റിവാർദഷിറിലെ മെത്രാപ്പോലിത്തായ്ക്ക് ഭാരതസഭയുടെമേലുളള പരമാധികാരം ഇല്ലാതാക്കുകയും ഭാരതസഭയെ സ്വയംഭരണാധികാരമുളള ഒരു സഭയാക്കുകയും കാതോലിക്കോസ്-
പാത്രിയാർക്കീസിന്റെ നേരിട്ടുളള നിയന്ത്രണത്തിലാക്കുകയും ചെയ്തു. പാത്രിയാർക്കീസ് തിമോത്തി ഒന്നാമൻ (780-823) ഈശോയാബ് മൂന്നാമന്റെ തീരുമാനം ശരിവയ്ക്കുകയും ഭാരതകത്തോലിക്കാസഭയുടെ മെത്രാപ്പോലീത്തായെ നിയമിക്കാനും അഭിഷേകം ചെയ്യാനുമുളള അധികാരം പാത്രിയാർക്കീസിൽ തന്നെ നിക്ഷിപ്തമാക്കുകയും ചെയ്തു.

മെത്രാപ്പോലീത്ത ആദ്ധ്യാത്മിക തലവൻ

കൽദായ പാത്രിയാർക്കീസിനാൽ അയയ്ക്കപ്പെട്ട കൽദായ മെത്രാപ്പോലീത്താമാർ ഭാരതസഭയുടെ ആദ്ധ്യാത്മിക ആചാര്യന്മാരായിരുന്നു. അവർ വിശുദ്ധീകരണകർമ്മം, അതായത് വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷം അനുഷ്ഠിക്കുക, കൂദാശകൾ പരികർമ്മം ചെയ്യുക എന്നിവയാണ് പ്രധാനമായും ചെയ്തിരുന്നത്. സഭാഭരണത്തിലും സാമ്പത്തികവും ഭൗതികവുമായ കാര്യങ്ങളിലും അധികം ഇടപെട്ടിരുന്നില്ല.
അർക്കദിയാക്കോൻ യഥാർത്ഥ തലവനും ഭരണകർത്താവും
ഇന്ത്യ മുഴുവന്റെയും അർക്കദിയാക്കോൻ ആയിരുന്നു മാർത്തോമ്മാ നസ്രാണികളുടെ യാഥാർത്ഥ ഭരണകർത്താവ്. അദ്ദേഹം ബ്രഹ്മചാരിയായ ഒരു മാർത്തോമ്മാ നസ്രാണി വൈദികനായിരുന്നു. മെത്രാപ്പോലീത്താ സിംഹാസനത്തിൽ ഒഴിവു വരുമ്പോഴെല്ലാം അദ്ദേഹമാണ് സഭാഭരണം നിർവ്വഹിച്ചിരുന്നത്. മാർത്തോമ്മാ നസ്രാണികളുടെ ഔദ്യോഗിക ഗുരുവായിരുന്നു അർക്കദിയാക്കോൻ. നിയമനിർമ്മാണത്തിനും അന്യായം വിധിക്കലിനും ഭരണനിർവ്വഹണത്തിനുമുളള അധികാരം അർക്കദിയാക്കോനിൽ നിക്ഷി
പ്തമായിരുന്നു.

ആരാധനക്രമപരമായ ബന്ധം

പതിനാറാം നൂറ്റാണ്ടുവരെ ഭാരതത്തിൽ മാർത്തോമ്മാ നസ്രാണികളുടെ സഭ മാത്രമേ ഉണ്ടായിരുന്നുളളു. തോമ്മാശ്ലീഹാ സ്ഥാപിച്ച പേർഷ്യൻ സഭയുമായി ഈ സഭ കാലക്രമത്തിൽ ബന്ധപ്പെട്ടു. തങ്ങളുടെ ആരാധനക്രമത്തിന്റെ ഉളളടക്കം ഈശോയുടെ ഭാഷയായ അറമായ (സുറിയാനി) യിൽ മാർത്തോമ്മാ ശ്ലീഹായിൽ നിന്നുതന്നെ തങ്ങൾക്കു ലഭിച്ചതാണെന്ന് മാർത്തോമ്മാ നസ്രാണികൾക്കു
പൂർണ്ണ ബോദ്ധ്യമുണ്ടായിരുന്നു. പിന്നീട് ഇതേ തോമ്മാ പൈതൃകവും ആരാധനക്രമവും ഉളള പേർഷ്യൻ സഭകളിലെ ആരാധനക്രമപരമായ പുരോഗതികളെ സ്വീകരിച്ച്, തങ്ങളുടെ ആരാധനക്രമം അവർ സമ്പുഷ്ടവും പൂർണ്ണവുമാക്കി.
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സഭ പേർഷ്യൻ സഭയുമായി ബന്ധപ്പെട്ടുവെന്നും പേർഷ്യയിൽനിന്നെത്തിയ മെത്രാപ്പോലിത്താമാരാണ് പതിനാറാം നൂറ്റാണ്ടുവരെ ഈ സഭയുടെ ആദ്ധ്യാത്മിക നേതൃത്വം വഹിച്ചിരുന്നതെന്നും നാം കണ്ടു. പൗരസ്ത്യ സഭയെന്ന നിലയിൽ ആരാധനക്രമത്തിലും മാർത്തോമ്മാ നസ്രാണിസഭ പേർഷ്യൻ സഭയെ ഉൾക്കൊണ്ടു. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ ലത്തീൻ ഭരണം ആരംഭിച്ചതു മുതൽ കൽദായ (പേർഷ്യൻ) സഭയുമായുളള മാർത്തോമ്മാ നസ്രാണി സഭയുടെ ബന്ധം വിഛേദിക്കപ്പെട്ടു. ലത്തീൻ ഭരണത്തിൽ ബുദ്ധിമുട്ടിയ മാർത്തോമ്മാ നസ്രാണികൾ പേർഷ്യൻ സഭയുമായുളള ബന്ധം പുനഃസ്ഥാപിക്കാൻ പലതവണ ശ്രമിച്ചു. റോക്കോസ്, മേലൂസ്സ് തുടങ്ങിയ കൽദായ മെത്രാന്മാരെ 19-ാം നൂറ്റാണ്ടിൽ ഭാരതത്തിൽ കൊണ്ടുവന്നെങ്കിലും അത് സഭയിൽ ഭിന്നിപ്പുണ്ടാക്കി. കൽദായ പാത്രിയാർക്കീസുമാർ പലതവണ മാർത്തോമ്മാ നസ്രാണിസഭയുടെ ഭരണം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ലത്തീൻ ആധിപത്യം ശക്തമായിരുന്നതിനാൽ അതിനു സാധിച്ചില്ലെന്നതാണു സത്യം.
തുടരും…