ദനഹാക്കാലം

ഈശോയുടെ പ്രത്യക്ഷീകരണവും പരസ്യജീവിതവും ഈശോമിശിഹാ മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കായി പൂർത്തിയാക്കിയ ദൈവികരഹസ്യങ്ങൾ വ്യത്യസ്തകാലഘട്ടങ്ങളിലൂടെ സഭ അനുസ്മരിക്കുന്നതാണ് ആരാധനാവത്സരത്തിന്റെ കാതൽ. നമ്മുടെ കർത്താവായ ഈശോമിശിഹാ യോർദ്ദാനിൽ വച്ച് സ്വീകരിച്ച മാമ്മോദീസായുടെ അനുസ്മരണവും തുടർന്നുള്ള പരസ്യജീവിതത്തിന്റെ ആരാധനാപരമായ പുനരവതരണവുമാണ് ദനഹാക്കാലത്തിന്റെ അടിസ്ഥാന പ്രമേയം. ജനുവരി 6-ന് ആഘോഷിക്കുന്ന ദനഹാത്തിരുനാൾ മുതൽ വലിയനോമ്പുവരെയുള്ള ദിവസങ്ങളാണ് ദനഹാക്കാലം. ഈ കാലഘട്ടത്തിലെ ആഴ്ചകളുടെ എണ്ണത്തിന് വ്യക്തതയില്ല. വലിയ നോമ്പിന്റെ ആരംഭം ഒരു നിശ്ചിത തീയതിയിലല്ലാത്തതിനാൽ അതിനു തൊട്ടുമുമ്പുള്ള ഈകാലത്തിന്റെ ദൈർഘ്യത്തിന് കുടുതൽ കുറവുകൾ ഉണ്ടാവുക സ്വാഭാവികമാണ്. മനുഷ്യരക്ഷക്കായി ശരീരം സ്വീകരിച്ച പുത്രനായ ദൈവം, തൻ്റെ ദൈവത്വം ലോകത്തിനു പ്രത്യക്ഷമാക്കുന്നതും അതുവഴി സൃഷ്ടികളെയെല്ലാം വിശുദ്ധീകരിക്കുന്നതും ഈ കാലഘട്ടത്തിന്റെ പ്രാർത്ഥനാവിഷയങ്ങളാണ്.
സാധാരണക്കാരനായ ഒരു തച്ചന്റെ മകനായി മാത്രം മറ്റുള്ളവർ കണ്ടിരുന്ന ഈശോയുടെ ദൈവത്വം മറ്റുള്ളവർക്ക് വെളിപ്പെടുത്തപ്പെട്ടത് അവന്റെ മാമ്മോദീസാവേളയിലാണ്. മാമ്മോദീസായ്ക്കു മുമ്പ് തന്റെ മുന്നോടിയായ യോഹന്നാൻ മാംദാനായാൽ മാത്രം തിരിച്ചറിയപ്പെട്ടിരുന്ന ഈശോ മാമ്മോദീസായിൽ വെള്ളത്തിൽ നിന്ന് കയറിയപ്പോൾ സ്വർഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധ റൂഹാ പ്രാവ് ഇറങ്ങിവരുന്നതുപോലെ അവന്റെ മേൽ ആവസിക്കുകയും ചെയ്തു. ഈ സമയം സ്വർഗ്ഗത്തിൽ നിന്നും കേട്ട ഒരു ശബ്ദം ഈശോയുടെ ദൈവപുത്രത്വത്തിന് പിതാവ് നൽകിയ അംഗീകാരമാണ്. അതുമാത്രമല്ല ലോകചരിത്രത്തിൽ അതുവഴി വെളിപ്പെടാനിരുന്ന പരിശുദ്ധ റൂഹായുടെ സാന്നിദ്ധ്യവും അവിടെ പ്രത്യക്ഷമായി. അങ്ങനെ ദൈവപുത്രനായ മിശിഹായുടെ മാമ്മോദീസായിലൂടെ വെളിപ്പെടുത്തപ്പെട്ട പരിശുദ്ധ ത്രിത്വത്തെയും മാമ്മോദീസായ്ക്കു ശേഷമുള്ള ഈശോയുടെ പരസ്യജീവിതത്തെയും ദനഹാക്കാലത്ത് സഭ ധ്യാനവിഷയമാക്കുന്നു.
ദനഹാത്തിരുനാൾ
അതിപുരാതനകാലം മുതൽ സഭയിൽ ദനഹാത്തിരുനാൾ ആഘാഷിച്ചിരുന്നു.
‘ദനഹ’ എന്ന അറമായ പദത്തിന്റെ അർത്ഥം ഉദയം, പ്രത്യക്ഷീകരണം, പ്രഭ എന്നെല്ലാമാണ്. പാശ്ചാത്യസഭ, പൗരസ്ത്യ ദേശത്തു നിന്നും ശിശുവായ ഈശോയെ ആരാധിക്കുവാൻ വന്ന ജ്ഞാനികളെയും ആ സന്ദർശനം വഴി ലോകത്തിന് ഈശോ വെളിപ്പെടുത്തപ്പെട്ടതിനെയും അനുസ്മരിക്കുമ്പോൾ പൗരസ്ത്യ സഭകൾ കർത്താവിന്റെ മാമ്മോദീസായും അതുവഴി പരിശുദ്ധ ത്രിത്വം വെളിപ്പെടുത്തപ്പെട്ടതിനെയും അനുസ്മരിക്കുന്നു. സീറോ മലബാർ സഭയിൽ പൊതുവായി ഈ തിരുനാളിനെ ദനഹാത്തിരുനാൾഎന്നു വിളിച്ചിരുന്നെങ്കിലും പ്രാദേശികമായി രാക്കുളിത്തിരുനാൾ എന്നും പിണ്ടിപ്പെരുനാൾ എന്നും ഇത് അറിയപ്പെട്ടിരുന്നു.
പഴയ കാലങ്ങളിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ ഈ ദിവസം രാത്രിയിൽ നദിയിലോ തടാകത്തിലോ ഈശോയുടെ മാമ്മോദീസായെ അനുസ്മരിച്ച് കുളിക്കുകയും പതിവായിരുന്നു. പാലാ വലിയപള്ളി, മുട്ടുചിറ എന്നീ ദൈവാലയങ്ങളിൽ ഇപ്പോഴും ഇത് രാക്കുളിത്തിരുനാൾ എന്നാണ് അറിയപ്പെടുന്നത്. മറ്റു ചില സ്ഥലങ്ങളിൽ വാഴപ്പിണ്ടിയിൽ നിർമ്മിച്ച പ്രത്യേക ദീപത്തിനു മുകളിൽ നമ്മുടെ കർത്താവിന്റെ പ്രതീകമായ വിശുദ്ധ സ്ലീവാ സ്ഥാപിച്ച് അതിനു ചുറ്റും ”ദൈവം പ്രകാശമാകുന്നു” എന്നർത്ഥമുള്ള ”ഏൽപ്പയ്യ” എന്ന് ഏറ്റുപറഞ്ഞുകൊണ്ട്നൃത്തം ചെയ്യുമായിരുന്നു.
വിശുദ്ധരുടെ അനുസ്മരണം വെള്ളിയാഴ്ചകളിൽ
ഈശോയുടെ മാമ്മോദീസായും പരസ്യജീവിതവുമാണ് ദനഹാക്കാലത്തെ അനുസ്മരണവിഷയം. തങ്ങളുടെ ജീവിതത്തിലൂടെ പരസ്യമായി ഈശോയ്ക്ക് സാക്ഷ്യം വഹിച്ച ചില വിശുദ്ധാത്മാക്കളെ സഭ അനുസ്മരിക്കുന്നത് ഈ കാലത്തിലെ വെള്ളിയാഴ്ചകളിലാണ്. കർത്താവിന്റെ പീഡാസഹനവും മരണവും അനുസ്മരിക്കുന്ന വെള്ളിയാഴ്ച തന്നെ തങ്ങളുടെ ജീവിതവും മരണവും വഴി ഈശോയുടെ പെസഹാരഹസ്യങ്ങൾക്ക് സാക്ഷ്യം വഹിച്ച വിശുദ്ധരെ അനുസ്മരിക്കുന്നു. ഉയിർപ്പുതിരുനാളിന്റെ തീയതി ഓരോ വർഷവും വ്യത്യസ്തമായതിനാൽ വലിയ നോമ്പ് തുടങ്ങുന്നതും വ്യത്യസ്തമായ തീയതികളിലായിരിക്കും. അതുകൊണ്ട് ദനഹാക്കാലത്ത് 9 വെള്ളിയാഴ്ചകൾ വരെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഓരോവെള്ളിയാഴ്ചയും അനുസ്മരിക്കുന്നതിനായി പൗരസ്ത്യ സുറിയാനി സഭയുമായി കൂടുതൽ ബന്ധപ്പെട്ട വിശുദ്ധരെ തിരഞ്ഞെടുത്തിരുക്കുന്നു. ആദ്യത്തെ വെള്ളിയാഴ്ച മാർ യോഹന്നാൻ മാംദാനയെയും രണ്ടാം വെള്ളി മാർ പത്രോസ് മാർ പൗലോസ് എന്നീ ശ്ലീഹന്മാരെയും മൂന്നാം വെള്ളി നാല് സുവിശേഷകന്മാരെയും സഭ അനുസ്മരിക്കുന്നു. നാലാമത്തെ വെള്ളിയാഴ്ചയാകട്ടെ ആദ്യ രക്തസാക്ഷിയായ മാർഎസ്തപ്പാനോസിനെയാണ് സഭ ഓർമ്മിക്കുന്നത്. അഞ്ചും ആറും വെള്ളിയാഴ്ചകളിൽ യഥാക്രമം ഗ്രീക്കു സഭാപിതാക്കന്മാരെയും സുറിയാനിസഭാപിതാക്കന്മാരെയും സഭ തന്റെ പ്രാർത്ഥനകളിലൂടെ അനുസ്മരിക്കുന്നു. ഏഴാമത്തെ വെള്ളി സഭാമദ്ധ്യസ്ഥനെയാണ് അനുസ്മരിക്കുന്നത്; അതായത് മാർത്തോമ്മാ ശ്ലീഹാ. അതേ ദിവസം തന്നെ ഇടവക മദ്ധ്യസ്ഥനെയും അനുസ്മരിക്കാറുണ്ട്. എട്ടാം വെള്ളിയാഴ്ച, നാലാം നൂറ്റാണ്ടിൽ അസ്സീറിയയിൽ സാപ്പോർ രണ്ടാമന്റെ മതമർദ്ദനകാലത്ത് രക്തസാക്ഷികളായ 40 പേരെ അനുസ്മരിച്ച് അവരുടെ മാദ്ധ്യസ്ഥ്യം പ്രാർത്ഥിക്കുന്നു. മരിച്ചുപോയസകല വിശ്വാസികളെയും അനുസ്മരിക്കുന്ന ദിവസമാണ് അവസാന വെള്ളി. അതിനു ശേഷം തുടർന്ന് വരുന്ന നോമ്പുകാലത്തെ ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവുമെല്ലാം മരിച്ചവിശ്വാസികൾക്കുവേണ്ടിക്കൂടി സമർപ്പിക്കണമെന്ന് ഈ ദിവസം വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നു. ചില വർഷങ്ങളിൽ ആഴ്ചകളുടെ എണ്ണം 9-ൽ കുറഞ്ഞുവന്നാൽ 8-ഉം  7-ഉം ആഴ്ചകളിലെ അനുസ്മരണങ്ങൾ ഉപേക്ഷിക്കുകയും അഞ്ചും ആറും വെള്ളികളിലെ അനുസ്മരണങ്ങൾ ഒന്നിപ്പിക്കുകയും ചെയ്യും. ആഴ്ചകളുടെ എണ്ണം എത്ര കുറവായാലും അവസാന വെള്ളി സകല മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ മാറ്റി വച്ചിരിക്കുന്നു.
മുന്നു നോമ്പ്
സീറോ മലബാർ സഭയിൽ ദനഹാക്കാലത്ത് അനുഷ്ഠിക്കുന്ന ആചരണമാണ് മുന്നു നോമ്പ്. ദനഹാക്കാലത്തിന്റെ ആരാധനക്രമ ചൈതന്യവുമായി വലിയ ബന്ധം ഈ ആചരണത്തിനില്ല. പഴയനിയമത്തിലെ യൗനാൻ പ്രവാചകന്റെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള നിനവേക്കാരുടെ ഉപവാസവും പ്രാർത്ഥനയുമാണ് ഈ ആചരണത്തിനു പിന്നിലുള്ളത് എന്നാണ് പൊതുവെയുള്ള ധാരണ. 6-ാം നൂറ്റാണ്ടിൽ നടന്ന മറ്റൊരു സംഭവമാണ് ഇതിനു പ്രചോദകമായതെന്ന് അനുമാനിക്കാം. എ.ഡി. 570-നും 580-നുമിടയിൽ പേർഷ്യൻ സാമ്രാജ്യത്തിലെ ബേസ് ഗർമൈ, ആസോർ, നിനവേ എന്നീ പ്രദേശങ്ങളിൽ കഠിനമായ പ്ലേഗ് ബാധയുണ്ടായി. ജനം ദൈവത്തോട് കരുണ യാചിച്ചപ്പോൾ ഒരു മാലാഖാ പ്രത്യക്ഷപ്പെടുകയും ”നിങ്ങൾ ഉപവാസത്തോടെ പ്രാർത്ഥിക്കുക, പ്ലേഗ് ശമിക്കും” എന്ന് അറിയിക്കുകയും ചെയ്തു. അവർ തിങ്കളാഴ്ചമുതൽ ഉപവാസമനുഷ്ഠിക്കുകയും വെള്ളിയാഴ്ച പരിശുദ്ധ കുർബ്ബാന സ്വീകരിക്കുകയും ചെയ്തു. തത്ഫലമായി പ്ലേഗ് ശമിച്ചു.
ദൈവത്തിന്റെ ഈ അനുഗ്രഹത്തിന് നന്ദി സൂചകമായി എല്ലാ വർഷവും ഈ ആചരണം നടത്തുന്ന പതിവ് ആരംഭിച്ചു. ഇതാണ് മുന്ന്നോമ്പിൻ്റെ ആരംഭം. കേരളത്തിൽ പ്രസിദ്ധമായ മൂന്നു നോമ്പാചരണം നടക്കുന്നത് കുറവിലങ്ങാട് മർത്തമറിയം പള്ളിയിലാണ്. ലോകത്ത് എവിടെയായാലും ആ ഇടവകാംഗങ്ങൾ എല്ലാം തിരുനാളിന് ഒരുമിച്ചു കൂടുന്ന പതിവ് ഇന്നും നിലനില്ക്കുന്നു. മറ്റു സ്ഥലങ്ങളിലേയ്ക്കു താമസം മാറിയവരും കൃത്യമായി മൂന്നു ദിവസങ്ങളിൽ ദൈവാലയത്തിൽ എത്തുകയും നേർച്ചകാഴ്ചകൾ അർപ്പിക്കുകയും ചെയ്യുകപതിവാണ്. കടുത്തുരുത്തി പോലുള്ള മറ്റ് പുരാതന ദൈവാലയങ്ങളിലും മൂന്നുനോമ്പ് ആചരിക്കുന്ന പതിവുണ്ട്.
കാലത്തിന്റെ ചൈതന്യം:
പ്രാർത്ഥനകളിലൂടെ ഈശോ യോർദ്ദാൻ നദിയിൽ വച്ച് യോഹന്നാൻ മാംദാനയിൽ നിന്നും മാമ്മോദീസ സ്വീകരിച്ച അവസരത്തിലാണ് പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തുന്നത്. മാമ്മോദീസ സ്വീകരിക്കാനായി ഈശോ നദിയിൽ ഇറങ്ങിയപ്പോൾ സ്വർഗ്ഗം തുറക്കപ്പെടുകയും പരി. റൂഹാ പ്രാവ്  അവന്റെ മേൽ എഴുന്നള്ളി വരുകയും ചെയ്തു. ഈ സമയം സ്വർഗ്ഗത്തിൽ നിന്നും ”ഇവൻ എന്റെ പ്രിയപുത്രനാകുന്നു” എന്ന പിതാവിന്റെ സ്വരം ദൈവത്വത്തിലെ ഒന്നാമത്തെ ആളിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ്. പാപമൊഴികെ എല്ലാ കാര്യങ്ങളിലും മനുഷ്യനോട് സദൃശ്യനായിരന്ന അവൻ ദൈവപുത്രനാണെന്നുള്ള പിതാവിന്റെ പ്രഖ്യാപനത്തോടെ ദൈവിക അന്തസത്തയെക്കുറിച്ച് വ്യക്തത ലഭിച്ചു. ഈശോയുടെ മാമ്മോദീസായിലൂടെ പരി. ത്രിത്വം വെളിപ്പെടുത്തപ്പെടുകയും പാപം ചെയ്ത് സ്വർഗ്ഗസൗഭാഗ്യം നഷ്ടമാക്കിയ മനുഷ്യരെ വീണ്ടും സ്വർഗ്ഗത്തിലേയ്ക്ക് ആനയിക്കുന്നതിനുവേണ്ടിയുള്ള മാർഗ്ഗം തുറന്നു തരികയും ചെയ്തു.
മനുഷ്യരക്ഷകനായ ഈശോയുടെ മാമ്മോദീസായും മനുഷ്യരക്ഷാദായകമായ ക്രൈസ്തവരുടെ മാമ്മോദീസായും തമ്മിലുള്ള ബന്ധം ദനഹാക്കാലത്തെ മറ്റൊരു പ്രാർത്ഥനാവിഷയമാണ്. ഈശോയുടെ മാമ്മോദീസ ക്രൈസ്തവ മാമ്മോദീസായുടെ ആരംഭവും മാതൃകയുമാണ്. പാപികളായ മനുഷ്യരെ പാപത്തിന്റെ അടിമത്വത്തിൽ നിന്നും വിമോചനം നൽകുവാൻ വേണ്ടിയുള്ള മാമ്മോദീസായുടെ ആദ്യരൂപമാണ് ഈശോയുടെ മാമ്മോദീസ. ഈശോയുടെ മാമ്മോദീസ മൂലവും പരി. റൂഹായുടെ ആവാസം മൂലവും ലോകത്തിലെ ജലമെല്ലാം വിശുദ്ധീകരിക്കപ്പെട്ടു എന്നാണ് പൗരസ്ത്യസഭകളുടെ കാഴ്ചപ്പാട്. ഈശോയുടെ മാമ്മോദീസായിലുടെ ദൈവപുത്രരായി മാറുന്നതിന് സാധ്യതനൽകുന്ന മാമ്മോദീസ മനുഷ്യർക്ക് പ്രാപ്യമായി. പാപം ചെയ്തു പറുദീസ നഷ്ടമാക്കിയ ആദത്തിനും അവന്റെ അനന്തര തലമുറകൾക്കും സ്വർഗ്ഗത്തിലേക്കുള്ള പുനഃപ്രവേശനം സാധ്യമായി.
തന്റെ മരണവും ഉത്ഥാനവും മാമ്മോദീസായിലൂടെ ഈശോ മുൻകൂട്ടി അവതരിപ്പിച്ചു. ഈ ആശയത്തിലൂടെയാണ് ഈശോയുടെ മാമ്മോദീസായും ക്രൈസ്തവരുടെ മാമ്മോദീസായും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നത്. ”ലോകത്തിന്റെ പാപംവഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (യോഹ 1,29) എന്ന് ഈശോയെ ചൂണ്ടിക്കാട്ടി യോഹന്നാൻ മാംദാന പ്രഖ്യപിച്ചു. ഈശോയുടെമരണത്തെക്കുറിച്ചുള്ള സൂചനയാണ് നാം ഇവിടെ കണ്ടെത്തുന്നത്. തന്റെ സഹനമരണോത്ഥാനങ്ങളിലൂടെ ഈശോ ലോകരക്ഷ നൽകുന്നവനാണെന്ന് അവന്റെ മാമ്മോദീസായിൽ തന്നെ യോഹന്നാൻ മനസ്സിലാക്കി. ക്രൈസ്തവർ തങ്ങളുടെ മാമ്മോദീസായിലൂടെ ഈശോയോടൊപ്പം മരിക്കുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്ന് വി. പൗലോസ് ശ്ലീഹായും പഠിപ്പിച്ചിട്ടുണ്ട്. ഈശോയുടെ മാമ്മോദീസായിലൂടെ, മാമ്മോദീസ സ്വീകരിക്കുന്ന എല്ലാവർക്കും നീതീകരണവും പുത്രസ്വീകാര്യതയും നൽകപ്പെടുന്നു. സ്വർഗ്ഗരാജ്യത്തന്റെ സാമീപ്യമാണ് ദനഹാക്കാലം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ദൈവം വന്ന് മനുഷ്യനോടൊത്ത് വസിക്കുകയും പാപികളായ മനുഷ്യരെ ദൈവമക്കളാക്കി മാറ്റുകയുംചെയ്തു. തന്റെ പരസ്യജീവിതത്തിന്റെ പ്രഖ്യപിച്ചു.ആരംഭത്തിൽ തന്നെ പീഡാസഹനവും മരണവുംഉത്ഥാനവുമാകുന്ന പെസഹാരഹസ്യത്തെ മിശിഹാ പ്രതിഫലിപ്പിച്ചു. ഈ ദൈവികരഹസ്യങ്ങൾ തുടർന്നു വരുന്ന നോമ്പുകാലത്തും ഉയിർപ്പുകാലത്തും സഭപ്രത്യേകമായി അനുസ്മരിക്കുന്നു. ഈശോയുടെമാമ്മോദീസായിലൂടെയും പരസ്യജീവിതത്തിലൂടെയും കടന്നു പോയി അവിടുത്തെജീവിതത്തിലെ ദൈവികരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുവാൻ ദനഹാക്കാലം നമ്മെസഹായിക്കും.