പ്രോഫ. ജെയിംസ് സെബാസ്റ്റൃൻ
നമുക്ക് ഏവർക്കും പ്രിയങ്കരനായിരുന്ന ജോസ് ഫിലിപ്പ് സാർ നിത്യതയിലേയ്ക്ക് യാത്രയായി. ആദ്ദേഹത്തിന്റെ സഭാശുശ്രൂഷകളെ ആദരവോടെ സ്മരിക്കേണ്ടതാണ്.
അര നൂറ്റാണ്ടു പിന്നിട്ട തന്റെ മതബോധന സപര്യ ജോസ് ഫിലിപ്പ് സാർ ആരംഭിക്കുന്നത് ദൈവാലയ മുത്തശ്ശി എന്നു വിശേഷിപ്പിക്കപ്പെടുന്ന ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കാ പള്ളിയുടെ തിരുമുറ്റത്താണ്. ചങ്ങനാശേരി അതിരൂപതയുടെ മതബോധന കേന്ദ്രമായ സന്ദേശ നിലയത്തിന്റെ സെക്രട്ടറി, വിശ്വാസപരിശീലന രംഗത്തെ പല നൂതന സംരംഭങ്ങളുടെയും ഉപജ്ഞാതാവ്, സെമിനാരിപഠനത്തിലൂടെ ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ കേരളസഭയിലെ ഏക അല്മായൻ, മതബോധന ശാസ്ത്രത്തിൽ നിരവധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവ്, ദൈവശാസ്ത്രപഠന ശാലകളിലെ അദ്ധ്യാപകൻ, കേരളസഭയിലെ ശ്രദ്ധേയനായ മതാദ്ധ്യാപകപരിശീലകൻ, നിരവധി പുരസ്‌കാരങ്ങളുടെയും അവാർഡികളുടെയും ജേതാവ് എന്നിങ്ങനെ സീറോ മലബാർ സഭയുടെ മാത്രമല്ല, കേരളസഭയുടെ മുഴുവൻ മതബോധനരംഗത്ത് ശ്രദ്ധേമായ സംഭാവനകൾ നൽകിയ അല്മായ ദൈവശാസ്ത്രജ്ഞനാണ് മതബോധന രംഗത്തെ മഹാമേരു എന്നുവിശേഷിപ്പിക്കപ്പെടാവുന്ന ജോസ് ഫിലിപ്പ് മേടയിൽ. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷമുള്ള പന്ത്രണ്ടു വർഷം (1968-1980) തന്റെ ഇടവകയിലെ മതബോധന രംഗം ഊർജ്ജസ്വലമാക്കുവാൻ അദ്ദേഹം അർപ്പണമനോഭാവത്തോടെ അത്യദ്ധ്വാനംചെയ്തു. പല നൂതന പരിപാടികളും അക്കാലത്ത് അദ്ദേഹം അവിടെ ആവിഷ്‌കരിച്ചു.തന്റെ 29-ാമത്തെ വയസ്സിൽ ഇടവക സൺഡേ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 1980-ൽ ചമ്പക്കുളം സെന്റ് മേരീസ് സൺഡേ സ്‌കൂൾചങ്ങനാശേരിഅതിരൂപതയിലെ ബസ്റ്റ്സൺഡേസ്‌കൂളായിതെരഞ്ഞെടുക്കപ്പട്ടു. തന്റെ നീണ്ട 12 വർഷങ്ങളിലെ നിരന്തരമായ കഠിനാദ്ധ്വാനത്തിന് കിട്ടിയ അംഗീകാരമായിരുന്നു അത്. ഇക്കാലയളവിൽ തന്നെ അദ്ദേഹം സെന്റ് ബർക്കുമാൻസ് കോളേജിൽ നിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം (1966-1971) നേടി. ഒപ്പം തന്നെ ചിത്രകലയിലും ഫോട്ടോഗ്രാഫിയിലും പ്രാവീണ്യം നേടി. ഇടക്കാലത്ത് (1974-1978) നാഷനൽ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഫോട്ടോ സ്റ്റുഡിയോയും
നടത്തി അദ്ദേഹം ഖ്യാതി നേടി. സന്ദേശനിലയത്തിന്റെ പുസ്തകപരിചയപ്പെടുത്തൽ
ടീമിൽ (1974-78) അദ്ദേഹം അംഗമായിരുന്നു. മതബോധനരംഗത്തെ അർപ്പണമനോ
ഭാവം, ചിത്രകലയിലും ഫോട്ടോഗ്രാഫിയിലുമുള്ള നൈപുണ്യം, ദൈവശാസ്ത്രവിഷയങ്ങളിലുള്ള താല്പര്യം ഇവയെല്ലാം ശ്രദ്ധിച്ച അന്നത്തെ സൺഡേസ്‌കൂൾ ഡയറക്ടർ ബഹു. ജോസഫ് പെരുന്തോട്ടത്തിലച്ചൻ സാറിനെ 1980-ൽ സന്ദേശനിലയത്തിന്റെ സെക്രട്ടറിയായും, മതാദ്ധ്യാപക പരിശീലനപരിപാടികളുടെ ഓർഗനൈസറുമായി നിയമിച്ചു. സി.എൽ.റ്റി, ബി.സി.റ്റി, റ്റി.ബി.എഫ്,എം.സി.സി, ഓഡിയോ വിഷ്വൽ ട്രെയിനിംഗ് കോഴ്‌സ്, വിശ്വാസോത്സവം എന്നിവ ചിട്ടപ്പെടുത്തി നടപ്പിലാക്കുന്നതിൽ ജോസ് ഫിലിപ്പ് സാറിന്റെ സംഭാവന നിർണ്ണായകമായിരുന്നു.
കൂട്ടുകൂടിയും ഓടിക്കളിച്ചും തുള്ളിച്ചാടിയും കഥപറഞ്ഞും ചിത്രങ്ങൾ വരച്ചും ഒപ്പം പ്രാർത്ഥിച്ചും പഠിച്ചും നടന്നുപോരുന്ന വിശ്വാസോത്സവം എന്ന പഠനപരിപാടി
യുടെ മുഖ്യ ആസൂത്രകൻ ജോസ് ഫിലിപ്പ്സാർ ആയിരുന്നു.
വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട മത
ബോധന രീതിയാണ് മതാത്മക വിശ്വാസ തീർത്ഥാടന സമീപനം (Ecclesial faith pilgrimage approach). ഈ രീതിയെ ആസ്പദമാക്കി കേരളത്തിൽ ഉടനീളമുള്ള മതാദ്ധ്യാ
പകർക്ക് വിശ്വാസപരിശീലനം നൽകുന്നതിന് അദ്ദേഹം നേതൃത്വം നൽകി.
മതബോധനദൈവശാസ്ത്രത്തിൽ പി.ഓ.സിയിൽ നിന്ന് ഡിപ്ലോമ (1972-73), ധർമ്മാരാം കോളേജിൽ നിന്ന് B.Th. (1981-85), വടവാതൂർ സെമിനാരിയിൽ
നിന്ന് M.Th. (1988-90) എന്നിവ അദ്ദേഹം കരസ്ഥമാക്കി. മതബോധനസംബന്ധമായ നിരവധി ദേശീയ സെമിനാറുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മാർത്തോമ്മാ വിദ്യാനികേതൻ, അമലാ തിയോളജിക്കൽ കോളേജ്, മാങ്ങാനത്തുള്ള പൗരസ്ത്യ വിദ്യാനികേതൻ എന്നിങ്ങനെയുള്ള ദൈവശാസ്ത്ര പഠനശാലകളിൽ 25 വർഷത്തോളം അദ്ദേഹം അദ്ധ്യാപകനായിരുന്നു. മാർത്തോമ്മാ വിദ്യാനികേതന്റെ തുടക്കത്തിൽ ഏതാണ്ട് അഞ്ചു വർഷക്കാലം അതിന്റെ രജിസ്ട്രാരായും പ്രവർത്തിച്ചിട്ടുണ്ട്.
മതബോധനരീതിയെക്കുറിച്ചും മതബോധനദൈവശാസ്ത്രത്തെക്കുറിച്ചും 9
ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മൂന്ന്മതബോധനപാഠ പുസ്തകങ്ങളും
50 -ലധികം വർക്കുബുക്കുകളും സാർ തയ്യാറാക്കിയിട്ടുണ്ട്. വിഷ്വൽ എയ്ഡുകൾ, മതബോധന കിറ്റുകൾ എന്നിവ ഓരോ വർഷവും തയ്യാറാക്കി മതാദ്ധ്യാപകർക്ക് ബോധനത്തിനുവേണ്ടി നൽകിയിട്ടുണ്ട്. 110-ലധികം ലേഖനങ്ങളും പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്. കതിരൊളി മാസികയുടെ ആദ്യത്തെ അല്മായ എഡിറ്റർ ആയിരുന്നു ജോസ് ഫിലിപ്പ് സാർ.നിരവധി സഭാസമിതികളിൽ അദ്ദേഹം അംഗമായിരുന്നു. സീറോ മലബാർ സഭയുടെ മതബോധന ഡയറക്ടറി തയ്യാറാ
ക്കിയ വിദഗ്ദ്ധ സമിതയിൽ അദ്ദേഹം അംഗമായിരുന്നു. സീറോ മലബാർ സഭയുടെ മതബോധന കമ്മറ്റി, ചങ്ങനാശേരി അതിരൂപതയുടെ മതബോധന കമ്മറ്റികൾ, ബൈബിൾ കമ്മീഷൻ, പാസ്റ്ററൽ കൗൺസിൽ എന്നീ സമതികളിലും അദ്ദേഹം അംഗമായിരുന്നു.നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അതിരൂപതയുടെ എക്‌സലൻസ് അവാർഡ്(2002), മാർജോക്കബ് കുണ്ടുകുളംഅവാർഡ് (2205), മാർത്തോമ്മാ പുരസ്‌കാരം(2011), പുത്തൻപറമ്പിൽ തൊമ്മച്ചൻഅവാർഡ് (2012), എ.കെ.സി.സി. അവാർഡ് (2012), എന്നിവയൊക്കെ അദ്ദേഹത്തിന്റെ മതബോധനരംഗത്തെ നിസ്തുലമായ പ്രവർത്തനത്തിനു ലഭിച്ച അംഗീകാരമാണ്. എല്ലാറ്റിനും ഉപരിയായി സ്വർഗ്ഗത്തിൽ നിന്നുമുള്ള പുരസ്‌കാരത്തിനായി യാത്രയായ ജോസ് ഫിലിപ്പ് സാറിന്റെ സേവനങ്ങൾ എക്കാലവും അദ്ദഹത്തിന്റെ സതീർത്ഥ്യരും, സഹപ്രവർത്തകരും, ശിഷ്യന്മാരും, അഭ്യുദയകാംക്ഷികളും, വഴികാട്ടികളും, സന്ദേശനിലയവും,
മാർത്തോമ്മാ വിദ്യാനികേതനും, ചങ്ങനാശേരി അതിരൂപതയും സ്മരിക്കും എന്നതിനു രണ്ടു പക്ഷമില്ല.