കർത്താവിന്റെ മാമ്മോദീസായിൽ അധിഷ്ഠിതമായ നമ്മുടെ മാമ്മോദീസായെക്കുറിച്ച് ധ്യാനിക്കുവാനും അതിന്റെ ചൈതന്യത്തിൽ നമ്മുടെ ജീവിതം ചിട്ടപ്പെടുത്തുവാനും പരിശീലനം നേടാനുള്ള വേളയാണ് ദനഹാക്കാലം. സുറിയാനിസഭകളുടെ സജീവപാരമ്പര്യം മാമ്മോദീസാധിഷ്ഠിത ജീവിതത്തിന് എന്നും ഉന്നത
സ്ഥാനം നൽകിയിരുന്നു. സുറിയാനി
പിതാക്കന്മാരിൽ പലരും ഈ കൂദാശയ്ക്ക് ശ്രേഷ്ഠമായ വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും രചിച്ചിട്ടുണ്ട്. തന്റെ കൃതികളിലൂടെയും അതിലുപരി സ്വന്തം ജീവിതത്തിലൂടെയും മാമ്മോദീസായ്ക്ക് പ്രൗഢമായ വിശദീകരണം നൽകിയ അവരിലൊരാളായ അഫ്രഹാത്തിനെ നമുക്ക് പരിചയപ്പെടാം.
‘പേർഷ്യൻ മുനി’ (Persian Sage) എന്ന പേരിൽ കീർത്തി നേടിയ അഫ്രഹാത്ത് സുറിയാനിപിതാക്കന്മാരുടെ ഗണത്തിലെ ആദ്യത്തെ പ്രമുഖ പിതാവാണ്. എന്നാൽ ഇദ്ദേഹം ആരാണ് എന്ന് കൃത്യമായി നമുക്ക്
അറിയില്ല. ചില കൈയ്യെഴുത്തുപ്രതികളിലെ വിവരണങ്ങളും, പാരമ്പര്യങ്ങളും അനുസരിച്ച് ‘യാക്കോബ്’ എന്ന് വിളിക്കപ്പെട്ടിരുന്ന
അദ്ദേഹം മാർ മത്തായി ദയറായുടെ ശ്രേഷ്ഠ
നായിരുന്നെന്ന് പറയപ്പെടുന്നു. പത്താംനൂറ്റാണ്ടുമുതലുള്ള കൈയ്യെഴുത്തുപ്രതികളിൽ അദ്ദേഹം അഫ്രഹാത്ത് എന്നറിയപ്പെടുന്നു. നിനിവേ-മോസൂൾ പ്രദേശത്ത് വിജാതീയനായി ജനിച്ച അദ്ദേഹം പിന്നീട് മ്ശിഹായിൽ വിശ്വസിച്ച് സഭയിൽ അംഗമായെന്നാണ് പണ്ഡിതമതം.
തഹ്‌വീത്താ (Exposition / Demonstration) എന്ന പേരിൽ അറിയപ്പെടുന്ന, സുറിയാനി അക്ഷരമാലക്രമത്തിൽ എഴുതപ്പെട്ട, 23 ദൈവശാസ്ത്രവിശകലനങ്ങളുടെ സമാഹാരം അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. വി. ഗ്രന്ഥത്തിലും, യഹൂദപാരമ്പര്യങ്ങളിലും മെസപ്പൊട്ടാമിയൻ സംസ്‌ക്കാരത്തിലും അധിഷ്ഠിതമായ ഒരു ദൈവശാസ്ത്രദർശനമാണ് ഈ തഹ്‌വീത്താകളിൽ കാണാനാവുക. തന്റെ കൃതികൾ വി. ഗ്രന്ഥത്തിൽ ചാലിച്ച് രചിച്ച അഫ്രഹാത്ത് സ്വയം വിശേഷിപ്പിക്കുന്നത് ‘തിരുലിഖിത ശിഷ്യൻ’എന്നാണ്. AD 336337 വർഷങ്ങളിൽ എഴുതപ്പെട്ട ആദ്യത്തെ 10തഹ്‌വീത്താകൾ മിശിഹായിൽ അധിഷ്ഠിതമായ ജീവിതം നയിക്കാനുള്ള അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. അഉ 343344 വർഷങ്ങളിൽ തയ്യാറാക്കപ്പെട്ട 11 മുതൽ 22 വരെയുള്ളവയാകട്ടെവിശ്വാസസമർത്ഥകസ്വഭാവമുള്ളവയാണ്. യഹൂദവാദഗതികളെ ഖണ്ഡിച്ചുകൊണ്ട് ക്രൈ
സ്തവവിശ്വാസത്തിന്റെ അനന്യത അവഎടുത്തുകാട്ടുന്നു. അഉ 345-ൽഅവസാനത്തെതഹ്‌വീത്തായുംരചിക്കപ്പെട്ടു.
ഈ കൃതികളിൽ നിന്ന് ലഭിക്കുന്ന വിവരണമനുസരിച്ച് അഫ്രഹാത്ത് ‘ബനൈ ക്യാമ’ (ഉടമ്പടിയുടെ മക്കൾ) എന്ന പേരിൽഅറിയപ്പെട്ടിരുന്ന താപസികസമൂഹത്തിലെ അംഗമായിരുന്നു. സുറിയാനിസഭകളിൽ അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് സന്ന്യാസജീവിതം സ്ഥാപനവത്ക്കരിക്കപ്പെട്ട് ദയറാകളായി വളർച്ച പ്രാപിച്ചത്. അതിനുമുൻപുതന്നെ ഈ സഭകളിൽ സജീവമായിനിലകൊണ്ടിരുന്നതാപസജീവിതശൈലിയാണ് ഉടമ്പടിയുടെ മക്കളുടേത്. കിഴക്കും പടിഞ്ഞാറുമുള്ള സഭകളിൽ ഏറെ ശ്ലാഘിക്കപ്പെടുന്ന ഇവരുടെ ജീവിതം ഇന്നും ലോകം മുഴുവനിലുമുള്ള സന്ന്യാസികൾക്ക് മാതൃകയായി നിലകൊള്ളുന്നു. ഈജിപ്തിലെ താപസികർ മരുഭൂമിയിലും വനാന്തരങ്ങളിലും ദൈവാനുഭവം തേടി അലഞ്ഞപ്പോൾ ഈ ഉടമ്പടിയുടെ മക്കൾ സഭയിൽ വസിക്കുന്ന കർത്താവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് തങ്ങളുടെ പ്രാദേശിക സഭയിൽ, സഭാസമൂഹത്തിന്റെ ഹൃദയമായി, സഭയുടെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി, ആരാധനാ വേളകളിൽ ഗായകരായി, വിശ്വാസ പരിശീലകരായി, സുവിശേഷപ്രഘോഷകരായി, ഉപവിയുടെ കാവൽക്കാരായി, ഒപ്പം അതീവ നിഷ്ഠപുലർത്തുന്ന താപസികരായി, സഭയുടെ പുളിമാവായി വർത്തിച്ചിരുന്നു.ബനൈ ക്യാമാമാരുടെ സമൂഹത്തിൽ പലതരത്തിലുള്ള ആളുകൾ ഉൾപ്പെട്ടിരുന്നു.
മാമ്മോദീസാ സ്വീകരിക്കുന്നവേളയിൽ ബ്രഹ്മചാരികളായി ജീവിച്ചുകൊള്ളാമെന്ന് സഭാസമൂഹത്തെ സാക്ഷിയാക്കി ഉടമ്പടി ചെയ്തിരുന്ന ‘ഈഹീദായാ’മാരായിരുന്നു ഇവരിലധികംപേരും. വിവാഹിതരായ ചില ആളുകളും ലൈംഗികബന്ധം ത്യജിച്ച് താപസികരായി ശിഷ്ടജീവിതം ബനൈ ക്യാ
മാമാരായി ജീവിച്ചിരുന്നു. ‘കന്ദീശാ’മാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ‘ഈഹീദായാ’ എന്ന വാക്കിന്റെ അർത്ഥം ‘ഏകജാതൻ’ എന്നാണ്. ദൈവപിതാവിന്റെ ഏകജാതനായ ഈശോയാണ് യഥാർത്ഥ ഈഹീദായ. ഈ ഈഹീദായക്ക് ശുശ്രുഷചെയ്യുവാൻ ഉടമ്പടി ചെയ്തിരുന്ന താപസികരുംഈഹീദായാമാർ എന്നറിയപ്പെട്ടിരുന്നു. ഹൃദയത്തിന്റെ പരിഛേദനമായി അഫ്രഹാത്ത് വിശേഷിപ്പിക്കുന്ന മാമ്മോദീസായുടെ ചൈതന്യം അതിന്റെ പൂർണ്ണതയിൽ ജീവിച്ചിരുന്നവരായിരുന്നു ഈ താപസികർ. അഫ്രഹാത്ത്, മാർ അപ്രേം തുടങ്ങിയ സുറിയാനി പിതാക്കന്മാരൊക്കെ ഈ താപസിക ഗണത്തിൽ പെട്ടവരായിരുന്നു.
മാമ്മോദീസാ സ്വീകരിച്ച എല്ലാവരും യഥാർത്ഥ ഈഹീദായ ആയ മ്ശിഹായെ ധരിക്കുന്ന ഈഹീദായാമാരാണ് എന്നാണ് മാർ അപ്രേം പറയുന്നത്. സഭാസമൂഹത്തിന് സമാന്തരമായ വഴിയെ ചരിച്ച് സ്വന്തമായി കെട്ടിപ്പടുക്കുന്ന ഒരു ആദ്ധ്യാത്മികത അവർക്ക് പരിചയമേ ഇല്ലായിരുന്നു. അവരുടെ ആദ്ധ്യാത്മികത സഭാജീവിതത്തിലുള്ള പരിപൂർണ്ണമായ ഉൾച്ചേരലായിരുന്നു. സഭയ്ക്കുള്ളിൽ ‘സഭ’കളായി, തങ്ങളുടേതായ സവിശേഷ കാരിസങ്ങൾക്ക് അമിത പ്രാധാന്യം നൽകി, സഭാത്മകജീവിതത്തെ അവഗണിക്കുന്ന ശൈലിയിൽ വളർന്നു
വരുന്ന ആധുനിക സന്ന്യാസപ്രസ്ഥാന
ങ്ങൾ തങ്ങളുടെ പ്രചോദകരായി ഉറ്റുനോക്കേ
ണ്ടത് സുറിയാനിസഭയുടെ അപൂർവ്വ മുത്തുകളായിരുന്ന ‘ഉടമ്പടിയുടെ മക്കളെയാണ്. സഭയുടെ ഉത്തമതനയരായി, തങ്ങളുടെ ഹൃദയത്തിന്റെ ഏകാഗ്രത നിമിത്തം നഗരങ്ങളിലും ജനമദ്ധ്യത്തിലും മരുഭൂമികൾ സൃഷ്ടിച്ച ഈ താപസികർ സന്ന്യാസികൾക്ക് മാത്രമല്ല മാമ്മോദീസാ സ്വീകരിച്ച എല്ലാവർക്കും ഉത്തമ മാതൃകകളാണ്.