വചനം ബലിവേദിയിൽ

0
283

നോമ്പ് 3-ാം ഞായർ (മാർച്ച് 12, 2-ാം ഞായർ)
ഉല്പത്തി 7:6-24; ജോഷ്വാ 5:13-6:5; റോമാ 7:14-25; മത്തായി 20:17-28

പ്രലോഭനങ്ങൾ നിറഞ്ഞ ലോകത്തിൽ വസിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ആത്മീയ ജീവിതം എന്നും വെല്ലുവിളികൾ നിറഞ്ഞ ജീവിതമാണ്. ശിഷ്യന്മാർക്കുപോലും ഇത്തരത്തിൽ വെല്ലുവിളികൾ ഉണ്ടായി എന്നു വചനം പറയുന്നു. സെബദിപുത്രന്മാരെ സംബന്ധിച്ചിടത്തോളം അത് സ്ഥാനമാനങ്ങൾ നേടിയെടുക്കുക എന്ന പ്രലോഭനമായിരുന്നു. പൗലോസ്ശ്ലീഹായ്ക്ക് അത് ഇച്ഛിക്കാത്ത തിന്മചെയ്യുവാനുള്ള മനസ്സിന്റെ ചാഞ്ചല്യമായിരുന്നു. ഇവിടെ എങ്ങനെയാണ് ഈ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയുന്നത്. ഇതിന് നിരന്തരം കർത്താവിനോടുകൂടെയായിരിക്കുക എന്നതുമാത്രമാണ് പരിഹാരം, ദൈവാശ്രയത്തിൽ നിലനിൽക്കുക എന്നതുമാത്രമാണ് പോംവഴി. മാനവരാശിമുഴുവൻ പ്രളയത്തിൽ ഇല്ലാതാകുമ്പോൾ ദൈവാശ്രയത്തിൽ ജീവിച്ച നോഹയ്ക്കും കുടുംബത്തിനും ദൈവം രക്ഷനൽകുകയാണ്. ദൈവത്തിന്റെ ജനമായ ഇസ്രയേലിന് തന്റെ സൈന്യാധിപനെത്തന്നെ അയച്ച് ജറിക്കോ പിടിച്ചടക്കുന്ന യത്‌നത്തിൽ ദൈവം തുണനൽകുകയാണ്. തന്റെ ജീവരക്തം നൽകി നമുക്കു രക്ഷനൽകാൻ നമ്മിലൊരുവനായിത്തീർന്ന കർത്താവിനെ നിരന്തരം കൂടെക്കൂട്ടാൻ കൂദാശകളിലൂടെ എന്നും അവനോട് ഒട്ടി നിൽക്കാൻ നമുക്കാവട്ടെ. അപ്പോൾ സാത്താനെ അവന്റെ സകല ശക്തികളോടും പ്രലോഭനങ്ങളോടും കൂടെ അതിജീവിക്കാൻ നാം പ്രാപ്തരാകും.
റവ. ഫാ. സ്‌കറിയാ പറപ്പളളിൽ

നോമ്പ് 4-ാം ഞായർ (മാർച്ച് 19, 3-ാം ഞായർ)
ഉല്പത്തി 11:1-32; ജോഷ്വാ 6:27-7-15; റോമാ 8:12-21; മത്താ 21:23-46

വലിയ നോമ്പിന്റെ നാലാം ആഴ്ചയിലേയ്ക്കുളള പ്രവേശനം ദൈവരാജ്യത്തിന്റെ പൗരത്വത്തിലേയ്ക്കു ദത്തെടുക്കപ്പെടാനുളള അവശ്യ യോഗ്യതകളെ ധ്യാനിച്ചുകൊണ്ടാകണമെന്ന് തിരുസ്സഭ ആഗ്രഹിക്കുന്നു. അഹങ്കാരം കുടഞ്ഞുകളഞ്ഞ്, നിഷിധമായവയോടു വിമുഖത കാട്ടി, ആത്മീയമായ ബലം നേടിയാണ് ദൈവരാജ്യത്തിന്റെ അവകാശികളാകുന്നതെന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ചരിത്രാതീതകാലത്തിന്റെ മിഴിവുളള ചിത്രമാണ് ബാബേൽ. ദൈവത്തോട് ആലോചന ചോദിക്കാനാവാത്ത ഹൃദയഭാവങ്ങളിൽ ബാബേൽ ഗോപുരങ്ങൾ ഉയരും. ഷീനാറിൽ ഒരു സമതലപ്രദേശം കണ്ടെത്തിയവർ നാഗരികതക്ക് അടിത്തറയിടുകയായിരുന്നു. ഇഷ്ടികയും കളിമണ്ണും പുതിയ കാലത്തിന്റെ അടയാളങ്ങളായി. ഓരോ കാലഘട്ടവും അതിന്റെ പ്രശ്‌നങ്ങളെ ഉളളിൽ പേറുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങൾക്കും സ്വന്തം നിലയിൽ പരിഹാരങ്ങൾ തേടുന്നവർക്കുളള ഉത്തരമാണ് പൂർത്തിയാകാതെ ഉപേക്ഷിക്കപ്പെട്ട ബാബേൽ ഗോപുരം. ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേലിന്റെ രണ്ടാംനിര നേതൃത്വത്തിന്റെ പിടിപ്പുകേടും പതനവും പരാമർശിക്കപ്പെടുന്നു. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത ജനത. അമോര്യരുടെ ആക്രമണത്തിൽ തകർന്നുപോയ, ആത്മവിശ്വാസം നഷ്ടപ്പെട്ട ജോഷ്വായെ ദൈവമായ കർത്താവ് സമാശ്വസിപ്പിക്കുന്നു; ആഖാന്റെ പാപത്തെ വെളിപ്പെടുത്തുന്നു.
നിഷിധവസ്തുക്കൾ കൈവശം വയ്ക്കുന്ന തലമുറകളിലൂടെ ആഖാൻ പുനരവതരിക്കുന്നു. വിലക്കപ്പെട്ടവയോട് ഇഷ്ടം കൂടുന്ന വൃദ്ധരിലൂടെ, മദ്ധ്യവയസ്‌കരിലൂടെ, യുവാക്കളിലൂടെ, കുട്ടികളിലൂടെ ആഖാൻ പുനർജ്ജനി തേടുന്നു.
ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കാനുളള ഉൾക്കരുത്തു നേടാൻ നോമ്പുകാലം ഉപയുക്തമാകണം. ദൈവാത്മാവിനാൽ നയിക്കപ്പെടാനുളള അവകാശം വി. കൂദാശകളാണു നമുക്കു നൽകുക. ദൈവമക്കളാണു നാം എന്ന നിമന്ത്രണം നിരന്തരമായി ഉളളിലുണ്ടാവുകയാണ് ജഡികമായി ജീവിക്കാതിരിക്കാനുളള മാർഗ്ഗം. വീണ്ടും വീണുപോകുമോ എന്ന ഭയം അടമത്വത്തിന്റെ ലക്ഷണമാണ്. ‘ഭയത്തലേയ്ക്കു നയിക്കുന്ന അടിമത്വത്തിന്റെ ആത്മാവല്ല പുത്രസ്വീകാര്യത്തിന്റെ ആത്മാവാണ്’ എന്നിൽ പ്രവർത്തിക്കുന്നതെന്ന അവബോധം അന്തസോടെ, കുലീനതയോടെ, മാന്യതയോടെ ജീവിക്കുവാൻ എന്നെ പ്രാപ്തനാക്കുന്നു.
ഇസ്രായേലിന്റെ ചരിത്ര സംഗ്രഹമാണ് സുവിശേഷവായനയുടെ പ്രമേയം. എല്ലാ പരിപാലനകളും സ്വീകരിക്കുകയും ഓഹരി നൽകാതിരിക്കുകയും ചെയ്യുന്ന നന്ദികേടിന്റെ തുടർക്കഥയിലെ ഒരു കണ്ണിയല്ലേ ഞാനും എന്ന ഒരു ധ്യാനമുണ്ടിവിടെ. തോട്ടക്കാർ ഉടമകളാകാൻ ആഗ്രഹിക്കുന്ന സ്വാഭാവിക കഥയാണിത്. അടിമകൾ ഉടമകളാകുന്നത് വിപ്ലവകഥകളിലെ വീരോചിതമായ ഏടാണ്. എന്നാൽ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക എന്ന അടിസ്ഥാന ധർമ്മം മറക്കുന്നവരിൽ നിന്ന് ദൈവരാജ്യം എടുത്തുമാറ്റപ്പെടുക തന്നെ ചെയ്യും. തീർന്നില്ല, യഥാകാലം ഫലം പുറപ്പെടുവിക്കുന്ന മറ്റൊരു ജനത തൽസ്ഥാനത്ത് ഉയർന്നുവരികയും ചെയ്യും.                                                                                   റവ. ഡോ. ബാബു പുത്തൻപുരക്കൽ