”ഞാൻ ജീവിക്കുന്നതിന് എന്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു, എന്നാൽ ഞാൻ നന്നായി ജീവിക്കുന്നതിന് എന്റെ അദ്ധ്യാപകരോടും.” അലക്‌സാണ്ടർ ദി ഗ്രേറ്റിന്റെ ഈ വാക്കുകൾ ഒരു വ്യക്തിയുടെ വളർച്ചയിൽ കുടുംബവും മാതാപിതാക്കളും, അദ്ധ്യാപകരും വിദ്യാലയവും വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നു. മാതാപിതാക്കളിൽ നിന്ന് ജീവൻ സ്വീകരിക്കുന്ന മക്കൾ അവരിൽ നിന്നു തന്നെയാണ് ജീവിക്കാനാവശ്യമായതെല്ലാം ആദ്യമായി സ്വന്തമാക്കുന്നത്. മാതാപിതാക്കളുടെ ഈ ദൗത്യത്തോട് ഏറ്റവും അടുത്തു സഹകരിക്കുന്നവരാണ് ഗുരുക്കന്മാർ. അജ്ഞതയാകുന്ന ഇരുട്ടിനെ അറിവുകൊണ്ടും നല്ല മാതൃകകൊണ്ടും ഇല്ലാതാക്കുന്ന ഗുരുശ്രേഷ്ഠന്മാർ ഭാവി തലമുറയെ കരുപിടിപ്പിക്കുന്നതിൽ അവിഭാജ്യഘടകങ്ങളാണ്. ഇവരുടെ ദൗത്യത്തെ കൂടുതൽ ഫലപ്രാപ്തിയിലെത്തിക്കാൻ മഹാന്മാരുടെയും ആത്മീയ നേതാക്കളുടെയും സാമൂഹ്യപരിഷ്‌കർത്താക്കളുടെയും ഈടുറ്റ ഗ്രന്ഥങ്ങളുടെയും സ്വാധീനവും സഹായവും അത്യന്താപേക്ഷിതം. കുട്ടികളുടെ പരിശീലനത്തിൽ ഇതുവരെ നാം പുലർത്തിയിരുന്ന നിഷ്ഠകളും രീതികളുമാണിവ.
പുതിയ പ്രശ്‌നങ്ങൾ
എന്നാൽ കുട്ടികളുടെ പരിശീലനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന പ്രവണ
തകൾ, മറ്റു ശക്തികൾ അവരുടെ പരിശീലനത്തെ കൈയടക്കിയിരിക്കുന്നു എന്നു ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. ദീർഘനാൾ കുടുംബത്തിലും മാതാപിതാക്കളുടെ സംരക്ഷണയിലും അദ്ധ്യാപകരുടെ പരിശീലനത്തിലും കഴിയുന്ന കുട്ടികളെ പുതിയ ഒരു സിനിമയോ അതിലെ കഥാപാത്രങ്ങളോ അമിതമായി സ്വാധീനിക്കുന്നതിന്റെ കാരണമെന്താണ്? അല്ലെങ്കിൽ കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി എന്ന വ്യാജേന രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം വച്ചുകൊണ്ട് തങ്ങളെ സമീപിക്കുന്ന കുട്ടി നേതാക്കന്മാരുടെ സ്വാധീനത്തിൽപ്പെട്ട് അതുവരെ തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരെയും, തങ്ങൾ പഠിച്ച സ്ഥാപനങ്ങളെയും തളളിപ്പറയുകയും നശിപ്പിക്കുകയും ചെയ്യുന്നതെന്താണ്? അതുമല്ലെങ്കിൽ പരീക്ഷയ്ക്കു തോറ്റതിന്, അദ്ധ്യാപകർ വഴക്കുപറഞ്ഞതിന്, മാർക്കു കുറഞ്ഞതിന്, ചോദിക്കുന്നതെല്ലാം സാധിച്ചു കിട്ടാത്തതിന് ആത്മഹത്യ ചെയ്യുകയും വീടുവിട്ട് ഇറങ്ങിപ്പോകുകയും ചെയ്യുന്നതെന്താണ്? ശരിയായ മൂല്യബോധവും, ധാർമ്മിക പരിശീലനവും ജീവിതത്തിലെ പരുപരുത്ത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാനും നേരിടാനും ഉളള സാഹചര്യവും സംവിധാനവും കുടുംബങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ലഭിക്കാത്തതോ അതു വികലമായി ലഭിക്കുന്നതോ ആണ് ഇത്തരം പ്രവണതകൾ കുട്ടികളിൽ ഉണ്ടാകുന്നതിന്റെ കാരണം.
പരിശീലനം, പ്രത്യേകിച്ച് ധാർമ്മിക പരിശീലനം കുടുംബത്തിൽ തുടങ്ങി വിദ്യാലയത്തിലൂടെയും സമൂഹത്തിലൂടെയും തുടരേണ്ട പ്രക്രിയയാണ്. മാതാപിതാക്കളിൽ നിന്ന് ചെറുപ്പത്തിൽത്തന്നെ ശരിയായ സ്വാധീനമോ മാതൃകയോ ലഭിക്കാത്ത കുട്ടികളാണ് എളുപ്പത്തിൽ മറ്റു തെറ്റായ സ്വാധീനങ്ങളിൽ വീഴുന്നത്. ഓരോന്നും ആധികാരികമായി ലഭ്യമാകുന്ന ഇടങ്ങളും നൽകുന്ന ആളുകളുമുണ്ട്. മെഡിസിൻ പഠിക്കാൻ ആരും കലാമണ്ഡലത്തിൽ പോകില്ല, എഞ്ചിനീയറിംഗ് പഠിക്കാൻ കലാഭവനിലും. അതൊക്കെ അതിനായി നിശ്ചയിക്കപ്പെട്ട ഇടങ്ങളിലും, ആളുകളെയുമാണ് നാം സമീപിക്കുന്നത്. അതുപോലെ കുട്ടികൾ ധാർമ്മിക പരിശീല
നവും ശരിയായ ലൈംഗിക വിദ്യഭ്യാസവും ജീവിതലക്ഷ്യങ്ങളും നേടേണ്ടത് സിനിമകളിലെ സാങ്കൽപ്പികമായ കഥാപാത്രങ്ങളിൽ നിന്നോ, സത്യസന്ധതയില്ലാത്ത രാഷ്ട്രീയക്കാരിൽ നിന്നോ അല്ല മറിച്ച്, കുടുംബങ്ങളിൽ നിന്നും ആത്മീയ പാഠശാലകളിൽ നിന്നുമാണ്. ശരിയായ പരിശീലനവും ബോധനവും ലഭിക്കണ്ട പ്രക്രിയയും അതു ലഭിക്കേണ്ട കുടുംബങ്ങളും വിദ്യാലയങ്ങളുമാണ് കുട്ടികളുടെ ജീവിതത്തിലെ മൂല്യച്യുതിയും അപഭ്രംശങ്ങളും പരിഹരിക്കാൻ നാം അടിയന്തിരമായി പുനരുദ്ധരിക്കേണ്ടത്.
നിർഭാഗ്യവശാൽ നാം കുട്ടികളുടെ പരിശീലനത്തെ ഭാഗികമായും വൈകാരികമായും മാത്രമാണ് സമീപിക്കുന്നത്. അതു സമൂഹത്തിലെയും ഭരണരംഗത്തെയും പൊതു
പ്രവണതയുമാണ്. കുട്ടികളുടെ പരിശീലനത്തിൽ പലപ്പോഴും അവരുടെ സ്വാതന്ത്ര്യത്തെയും ഗൗരവമല്ലാത്ത ആവശ്യങ്ങളെയും അമിതമായി പരിഗണിക്കുന്നതുകൊണ്ട് അവരുടെ സമഗ്ര വളർച്ചയും പരിശീലനവും
വേണ്ടരീതിയിൽ ഫലപ്രദമാകാതെ പോകുന്നു.
അടുത്ത നാളിൽ ചില കോളേജുകളിൽ ഉണ്ടായ അനിഷ്ടസംഭവങ്ങളും അവയെ തുടർന്നുണ്ടായ കോലാഹലങ്ങളും ഒക്കെ നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ഉളള പരിശീലനത്തിലെ പിഴവാണ് സൂചിപ്പിക്കുന്നത്. എന്തു കാരണത്തിന്റെ പേരി
ലായാലും ജീവിച്ചിരിക്കുന്ന പ്രിൻസിപ്പാളിന്റെ ശവസംസ്‌കാരം നടത്തുകയും, കസേര കത്തിക്കുകയും അദ്ധ്യാപകരെ അധിക്ഷേപിക്കുകയും വിദ്യാലയങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യം വിദ്യാർത്ഥികളുടെ അവകാശങ്ങളോ വിദ്യാഭ്യാസത്തിന്റെ പുരോഗതിയോ ഒന്നുമല്ല. മറിച്ച്, ആർക്കും വേണ്ടാത്ത ജീർണ്ണിച്ച രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളെ സജീവമാക്കുകയും, അറിവുളളവരും പഠിക്കാനാഗ്രഹിക്കുന്നവരും പുറന്തളളിയ കാമ്പസ് രാഷ്ട്രീയത്തെ വീണ്ടും കാമ്പസുകളിൽ പ്രതിഷ്ഠിക്കുകയും കുട്ടി നേതാക്കന്മാരുടെ ഭാവിരാഷ്ട്രീയ പ്രവേശനവുമൊക്കെയാണെന്ന് പകൽപോലെ വ്യക്തം. എത്ര സമരം ചെയ്തു, എത്ര അടികൊണ്ടു, എത്ര സ്ഥാപനങ്ങൾ തല്ലിപ്പൊളിച്ചു എത്ര സമുന്നതരെ പുലഭ്യം പറഞ്ഞു, എത്ര രക്തസാക്ഷികളെ ഉണ്ടാക്കി എന്നൊക്കെയാണ് പല പാർട്ടികളിലും നേതാക്കന്മാരാകാനുളള യോഗ്യത. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ വന്നിരുന്ന് മൂന്നു കുട്ടിനേതാക്കന്മാർ, ആർക്കാണ് രക്തസാക്ഷികൾ കൂടുതൽ ആർക്കാണ് കുറവ് എന്നു തർക്കിക്കുന്നതു കേട്ടു. ഇത്തരം ഇത്തിൾക്കണ്ണികളെ തിരിച്ചറിഞ്ഞ് മാറ്റി നിർത്താൻ പ്രബുദ്ധതയുളള വിദ്യാർത്ഥി സമൂഹത്തിനു സാധിക്കണം. അതിന് മാതാപിതാക്കളും അദ്ധ്യാപകരും ഒരുമിക്കണം. അവരുടെ സ്വാതന്ത്ര്യം എന്നാൽ സമൂഹത്തോടുളള ഒരു ഉത്തരവാദിത്വം കൂടിയാണെന്നും ശരിയായതു തിരഞ്ഞെടുക്കാനുളള പക്വതയാണെന്നും കുട്ടികൾ പഠിക്കണം. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ലഭിക്കുന്ന ശിക്ഷണവും അച്ചടക്കവും അടിമത്തമായി കാണാതെ അവ ശരിയായ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്ന പാതകൂടിയാണെന്ന് തിരിച്ചറിയണം.
പുതിയ ഫിലോസഫികൾ
സ്വാർത്ഥതയും സുഖലോലുപതയും മടിയും ഇന്നത്തെ തലമുറയുടെ ചിന്തകളിൽ നിറഞ്ഞു നിൽക്കുന്ന ഫിലോസഫികളാണ്. സ്വാർത്ഥതയുടെ ഫലമായ ആർത്തിയും അതിനായി ആരെയും എന്തിനെയും ദുരുപയോഗിക്കുന്ന പ്രവണതയും എപ്പോഴും എനിക്ക് എന്തു ലാഭം എന്നു മാത്രം ചിന്തിക്കുന്ന ശീലവും ഈ സ്വാർത്ഥമോഹികളുടെ പൊതുസ്വഭാവമാണ്. പൊതു സമൂഹത്തെ ദുർബലപ്പെടുത്തുന്ന, നാടിന്റെ നന്മയെ തകർക്കുന്ന ഈ ചിന്താരീതിയെ മുളയിലെ നുളളിക്കളയേണ്ടത് കുട്ടികളെ മറ്റുളളവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും പരോപകാരികളായി വർത്തിക്കാനും പരിശീലനം നൽകിക്കൊണ്ടാണ്.
സുഖലോലുപതയാണ് Supreme good എന്ന ധാരണ എനിക്ക് സുഖംതരുന്നതെല്ലാം ചെയ്യാൻ പ്രേരിപ്പിക്കും. അത് ലഹരിയിലും, വിഷയാസക്തിയിലും ചെന്ന് അവസാനിക്കുന്നതിന് ഉദാഹരണങ്ങൾ ധാരാളം. നൈമിഷിക സുഖങ്ങളും യാഥാർത്ഥ സന്തോഷവും തമ്മിൽ വേർതിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കണം. താത്ക്കാലിക സുഖാനുഭൂതികളുടെ പുറകെ മാത്രം പായുന്ന പ്രവണത യഥാർത്ഥ സ്ഥായിയായ സന്തോഷം ജീവിതത്തിൽ നിന്ന് നഷ്ടപ്പെടാനേ കാരണമാകു എന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കണം.
മടി മികവിന്റെ ശത്രുവും മന്ദോഷ്ണതയുടെ പിതാവുമാണ്. ഏറ്റവും കുറച്ച് അദ്ധ്വാനിച്ച് കൂടുതൽ ഫലം തേടുന്ന മനോഭാവം ഇതിന്റെ തുടർച്ചയാണ്. അദ്ധ്വാനിച്ചു പഠിച്ചും കഠിനമായി പരിശീലനത്തിലൂടെയും നേടുന്ന വിജയത്തേക്കാൾ cheap shining ലൂടെയും പെട്ടെന്ന് കൈയടി കിട്ടുന്ന കാര്യങ്ങൾക്കു പുറകെപോയി അബദ്ധങ്ങളിൽപ്പെടുന്നവരുടെ അടിസ്ഥാന മനോഭാവം അദ്ധ്വാനിക്കാനും ബുദ്ധിമുട്ടാനുമുളള മടിതന്നെയാണ്.
പുതിയ സമീപനം ആവശ്യം
ഒരു മനുഷ്യവ്യക്തിയിൽ ശാരീരികം, വൈകാരികം, ബൗദ്ധികം, ആത്മീയം എന്നീ ഘടകങ്ങളുണ്ട്. ഇവ നാലും ഒരുപോലെ പരിപോഷിപ്പിക്കപ്പെടുമ്പോഴാണ് ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ച സാധ്യമാകുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും നമ്മുടെ ബോധന സമ്പ്രദായത്തിലും കുടുംബത്തിലെ പരിശീലനത്തിലും വൈകാരികമായ ഘടകത്തിന് അമിത പ്രാധാന്യം ലഭിക്കുന്നുണ്ടോയെന്ന് ചിന്തിക്കണം. കുട്ടികളെ അദ്ധ്യാപകരും മാതാപിതാക്കളും ശിക്ഷിക്കാൻ പാടില്ല, അവർക്കു ക്ലേശം ഉണ്ടാകുന്ന രീതിയിലുളള പരീക്ഷ സമ്പ്രദായങ്ങൾ പാടില്ല, പഠിക്കാത്ത കുട്ടികളെ തോല്പിക്കാൻ പാടില്ല; ഇങ്ങനെ ചോദിക്കുന്നതും ആഗ്രഹിക്കുന്നതുമെല്ലാം നൽകി ജീവിതമെന്നാൽ കഷ്ടപ്പാടും അദ്ധ്വാനവുമില്ലാത്ത, സന്തോഷവും സുഖവും മാത്രമുളള ഒരു അവസ്ഥയാണ് എന്ന മിഥ്യാധാരണയാണ് കുട്ടികളിൽ അറിയാതെ നാം രൂപപ്പെടുത്തുന്നത്. പരസ്യങ്ങളിലേതുപോലെ
യാണ് ഇന്നു പലപ്പോഴും മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കുന്നത്. പരസ്യങ്ങളിൽ ഒരിക്കലും ഉൽപ്പന്നങ്ങളുടെ ദോഷവശങ്ങൾ പറയാറില്ല. നല്ല നിറവും, മണവും, രുചിയും ഗുണമേന്മയും എല്ലാമുളളവയായിട്ടാണ് ഉൽപ്പന്നങ്ങൾ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ ജീവിതത്തിന്റെ പ്രയാസങ്ങളെയും അധ്വാനത്തെയും കുട്ടികളെ പരിചയപ്പെടുത്താതെ എല്ലാം സുന്ദരം, മനോഹരം, ആനന്ദകരം എന്നു പരിചയപ്പെടുത്തിയാൽ അതു കുട്ടികളുടെ ജീവിതത്തിൽ വലിയ
പോരായ്മയായി അവശേഷിക്കും.
ഇന്നത്തെ മാധ്യമങ്ങളിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുമെല്ലാം എല്ലാ വിഷയങ്ങളെയും വൈകാരികമായും ഭാഗികമായും മാത്രം സമീപിക്കുന്ന പ്രവണത വർദ്ധിക്കുന്നു. ഉദാഹരണമായി, കുട്ടികളുടെ ഇടയിൽ ഒരു ലൈംഗിക കുറ്റമോ അത്മഹത്യയോ ഉണ്ടാകുമ്പോൾ കുറ്റകൃത്യത്തിന് ഇരയായവരെയും അത് ചെയ്തവരെയും ആ സംഭവത്തെയും ചുറ്റി മാത്രം നമ്മുടെ പ്രതികരണങ്ങളും വിലയിരുത്തലുകളും അവസാനിക്കുന്നു. അതിലേയ്ക്കു നയിക്കപ്പെട്ട സാഹചര്യവും ആ കുറ്റം ചെയ്തവർക്കു ലഭിച്ച വികലമായ പരിശീലനവും അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾ ഇനിയും അതുപോലുളള കുറ്റ കൃത്യങ്ങൾ ചെയ്യാനുളള സാധ്യതയും നാം മനസ്സിലാക്കാതെ നമ്മുടെ പ്രതികരണങ്ങൾ അവസാനിക്കുന്നു. എന്നാൽ വീണ്ടും അത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രം വീണ്ടും നമ്മുടെ ചർച്ചകളും അന്വേഷണങ്ങളും പുനരാരംഭിക്കുന്നു. ഓരോ വിഷയങ്ങളേയും പ്രത്യേകിച്ച്, കുട്ടികളുടെ ജീവിതപ്രശ്‌നങ്ങളെയും പരിശീലനത്തെയും ഭാഗികമായും വൈകാരികമായും മാത്രം സമീപിച്ചാൽ ഒരു മാറ്റവും നടപ്പാവുകയില്ല.
ലോകത്തിൽ ഉളള എല്ലാ മാറ്റങ്ങളും നൂതനമായ പ്രവണതകളും ചെറുപ്രായത്തിൽ തന്നെ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികൾക്കാവശ്യമില്ല. കുട്ടികൾക്ക് ആവശ്യമുളളതുമാത്രമേ കുടുംബത്തിലും വിദ്യാലയങ്ങളിലും ലഭ്യമാകുന്നുളളു എന്ന് ഉറപ്പുവരുത്താനും അല്ലാത്തവയെ സ്‌ക്രീൻ ചെയ്യാനുമുളള അറിവും പക്വതയും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഉണ്ടാകണം. കുട്ടികൾക്കും സമൂഹത്തിനും ഇടയിലുളള സ്‌ക്രീൻ ആകണം കുടുംബങ്ങളും വിദ്യാലയങ്ങളും. മാതാപിതാക്കളും അദ്ധ്യാപകരും അവരുടെ യഥാർത്ഥ റോൾ വീണ്ടെടുത്താൽ ഒരു പൈങ്കിളി നായകനോ/നായികയോ ഏതെങ്കിലും പ്രത്യയശാസ്ത്രവാദികളോ വർഗ്ഗീയ വാദികളോ കുട്ടിരാഷ്ട്രീയം കളിക്കുന്ന ഛോട്ടാ നേതാക്കന്മാരോ നമ്മുടെ കുട്ടികളെ വഴിതെറ്റിക്കാൻ ഇടയാവുകയില്ല.