വചനം ബലിവേദിയിൽ

0
262

ദനഹാ 6-ാം ഞായർ (ഫെബ്രുവരി 12, 2-ാം ഞായർ)
നിയ. 24:9-22, ഏശ 63:7-16, ഹെബ്രാ 8:1-9:10, യോഹ 3:22-4:3 

 അനുസ്യൂതം തുടരുന്ന ദൈവിക ഉടമ്പടിയുടെ ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ വചനഭാഗങ്ങളെല്ലാം. പഴയനിയമത്തിൽ ദൈവം തന്റെ ജനവുമായിച്ചെയ്ത ഉടമ്പടിയ
നുസരിച്ചു പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും ഉടമ്പടിയുടെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നുണ്ട്. ഹെബ്രായലേഖനത്തിൽ എങ്ങനെ ഈ ഉടമ്പടി ഈശോയിലൂടെ തുടരുന്നു എന്ന് വ്യക്തമാക്കുമ്പോൾ യോഹന്നാന്റെ സുവിശേഷം മാമ്മോദീസായിലൂടെ നമ്മളിൽ എത്തിനിൽക്കുന്ന ഈ ഉടമ്പടി ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഉടമ്പടി ഒരു ബന്ധമാണ്. ഇത് ഒരുവൻ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പുമുതലുള്ള ബന്ധമാണ്. ഒരുവന്റെ ജീവിതകാലത്തോളം നിലനിൽക്കുന്ന ബന്ധം ഭൂമിൽനിന്ന് കടുന്നുപോകുമ്പോഴും തുടരുന്ന ബന്ധം. പിതാവായ ദൈവവുമായുള്ള ഈശോമിശിഹായിലൂടെ വെളിപ്പെടുത്തപ്പെട്ട് സ്ഥാപിക്കപ്പെട്ട ഈ ബന്ധമാണ് നമ്മുടെ ക്രൈസ്തവികതയുടെ അടിസ്ഥാനം. നമ്മുടെ ആത്മീയത പടുത്തുയർത്തപ്പെടേണ്ടത് ഞാനും എന്റെ ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണ്. എന്റെ പ്രാർത്ഥന ഈ ബന്ധത്തിന്റെ ഉറപ്പുള്ള കണ്ണിയായി മാറണം. എന്റെ നേർച്ചകാഴ്ചകൾ, നോമ്പ് ഇവ ഈ ബന്ധത്തിൽ നിന്ന് ഉരുത്തിരിയുന്നതാകണം. എന്റെ കൂദാശാസ്വീകരണങ്ങൾ ഞാൻ എന്റെ സ്വന്തമായവനെ, എന്നെ സ്വന്തമാക്കിയവനെ കണ്ടുമുട്ടുന്ന വേളകളായിത്തീരണം. അവിടെയാണ് കേവലം ആചരണങ്ങളുടെ അലസത വിട്ട്, ആഘോഷങ്ങളുടെ ധൂർത്ത് ഒഴിവാക്കി, കപടഭക്തിയുടെ ഏട്ടുകെട്ടലുകളില്ലാതെ എനിക്ക് വ്യക്തിപരമായി മാർ തോമ്മാ ശ്ലീഹായെപ്പോലെ ‘എന്റെ കർത്താവേ എന്റെ ദൈവമേ’ എന്ന് ചങ്കിൽ തട്ടി വിളിക്കാനാകുന്നത്.
റവ. ഫാ. സ്‌കറിയാ പറപ്പളളിൽ

ദനഹാ 7-ാം ഞായർ (ഫെബ്രുവരി 19, 3-ാം ഞായർ)
നിയ. 14:2-15:4, ഏശ. 42:5-9,14-17, 1 തിമോ. 6:9-21 മത്താ. 7:28-8:13 സംസ്‌കാരങ്ങൾ രൂപപ്പെട്ടുവരുന്ന കാലത്തിന്റെ കഥയാണ് നിയമാവർത്തന പുസ്തകത്തിനു പറയാനുളളത്. ദൈവത്തിന്റെ സ്വന്തം ജനം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ടത് അവരുടെ വിശുദ്ധിയുടെയും ഔദാര്യത്തിന്റെയും പേരിലാകണമെന്നതാണ് ഇന്നത്തെ ഒന്നാം വായനയുടെ പൊരുൾ. വിശുദ്ധിയുടെ സങ്കൽപ്പത്തിനു പിഴവു വരാതിരിക്കാൻ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും പോലും ദൈവനിശ്ചയപ്രകാരം എന്ന സങ്കൽപ്പം ഇവിടെ പരിഗണിക്കപ്പെടുന്നു. പ്രത്യേക അവകാശമോ ഓഹരിയോ ഇല്ലാത്ത ലേവ്യരും, ഒറ്റപ്പെട്ടു പോകാവുന്ന പരദേശിയുമൊക്കെ അവഗണിക്കപ്പെട്ടു പോകാത്ത സാമൂഹികക്രമമാണ് ഈ ജനതയുടെ ചൈതന്യം. എല്ലാ നിയമങ്ങൾക്കും പിന്നിലുളള ചോദന ജനം ദൈവഭയമുളളവരായി വ്യാപരിക്കണമെന്നതാണ്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുളള ദൈവിക പദ്ധതി ജനം ഔദാര്യമുളളവരാകുക എന്നതാണ്.
അനേക ജനതകൾക്കിടയിൽനിന്നുളള ഇസ്രായേലിന്റെ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഭൂമിയിൽ നീതി സ്ഥാപിക്കലാണെന്ന് രണ്ടാം വായന പ്രബോധിപ്പിക്കുന്നു. നീതിയിലാണ് അനേകരുടെ അന്ധത മാറുന്നത്. തടവറയും അന്ധതയുമൊക്കെ അവകാശമായി കിട്ടുന്നവർക്ക്, നീതി, മോചനകാരണമാകുന്നു. ക്രിസ്ത്യാനിയുടെ കാലികപ്രസക്തി നീതിയുടെ ദൂതരും വിമോചനത്തിന്റെ മുന്നണിപ്രവർത്തകരുമാകുകയാണ്. വിഷം വമിക്കുന്ന ചുറ്റുപാടുകളിൽ ശീലങ്ങളുടെ തടവറയിലായിപ്പോകുന്നവരെ വിമോചിപ്പിക്കാനും അന്ധകാരത്തിന്റെ സന്തതികളും പ്രചാരകരുമായിത്തീരുന്നവർക്ക് പ്രകാശമായി മാറുവാനുമുളള ഉത്തരവാദിത്വവും കടമയും ഓരോ ക്രൈസ്തവനുമുണ്ട്. നമ്മുടെ കാലം ഇരുട്ടിനും ബന്ധനങ്ങൾക്കും കട്ടികൂട്ടാൻ മത്സരിക്കുന്നു. അടിമത്വത്തിന്റെ കനൽക്കാറ്റേറ്റ് ചിറകറ്റുവീഴുന്ന നിസ്സഹായ ജന്മങ്ങൾക്കു കൈത്താങ്ങാകുവാനും വിമോചകരാകു
വാനും ഇസ്രായേലിനു നിയോഗമുണ്ടായിരുന്നു. എന്നാൽ വിമോചകരാകുവാൻ വിളിക്കപ്പെട്ടവർ അടിമകളായ ദുരവസ്ഥ ചരിത്രത്തിന്റെ പാഠമാണ്. ചരിത്രം നമ്മിലൂടെ ആവർത്തിക്കപ്പെടാതിരിക്കാനുളള തപ്തമായ പ്രാർത്ഥനയാണ് ഈ വായനാഭാഗം.
ലേഖനഭാഗം യൗവ്വനത്തോടുളള ഹൃദയാകർഷണമാണ്. യുവത്വം സർഗ്ഗാത്മകമാകുന്നത് നിത്യജീവനെ മുറുകെപ്പിടിക്കുമ്പോഴാണെന്ന ഓർമ്മപ്പെടുത്തൽ കാലദേശാതീതമായ പ്രബോധനമായി മാറുന്നു. തിമോത്തിയോസ് എന്ന ചെറുപ്പക്കാരനായ സഹകാരിയെ വലിയ ഉത്തരവാദിത്വങ്ങളിലേയ്ക്കു പൗലോസ് ശ്ലീഹാ നയിക്കുകയാണ്. ”നിന്നെ ഭരമേല്പിച്ചത് നീ കാത്തു സൂക്ഷിക്കുക”. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന യൗവ്വനത്തെ തിരുത്തുന്ന ബോധനപ്രക്രിയയാണിത്. അധാർമ്മികമായ വ്യർത്ഥഭാഷണവും വിജ്ഞാനാഭാസത്തിന്റെ വൈരുദ്ധ്യങ്ങളും ആഘോഷമാക്കുന്ന ‘ന്യൂജൻ’ (പുതുതലമുറ) ആഭിമുഖ്യങ്ങളിലേയ്ക്ക് കാലമെത്തുന്നതിനു മുമ്പേയുളള വിരൽചൂണ്ടലാണ് ഇന്നത്തെ മൂന്നാം വായന. വിജ്ഞാനം ഒരിക്കലും ആഭാസമല്ല. അങ്ങനെ ആയിത്തീർന്നാൽ അതു വൈരുദ്ധ്യമാണ്. വിവരസാങ്കേതിക വിദ്യകൾ അനുദിനം അത്ഭുതകരമായ ഔന്നത്യങ്ങൾ കീഴടക്കുമ്പോൾ നൂറ്റാണ്ടുകൾക്കു പുറകിലിരുന്ന് ഈ കാലഘട്ടത്തെ ശാസിക്കുന്ന ദൈവവചനത്തെ നാം വിസ്മയകണ്ണോടെ കാണുക. സുവിശേഷമാകട്ടെ വിജാതീയന്റെ മനസ്സിന്റെ നന്മയും വിശ്വാസതീക്ഷ്ണതയും ഉയർത്തിപ്പിടിക്കുന്നു. ഭൃത്യനുവേണ്ടി സഹായമഭ്യർത്ഥിക്കുന്ന യജമാനനാണിവിടെ കേന്ദ്ര കഥാപാത്രം. മാതാപിതാക്കളെപ്പോലും ശുശ്രൂഷിക്കാൻ മനസ്സു വയ്ക്കാത്ത, ബന്ധങ്ങളും കടപ്പാടുകളുമൊക്കെ ഭാരമായി കരുതുന്ന, സ്വാർത്ഥതയുടെ പുറംതോടിനുളളിൽ സ്വന്തം കാര്യങ്ങൾ ഭദ്രമാക്കുന്നവരുടെ കർണ്ണപുടങ്ങളിലേയ്ക്കാണ് ഭൃത്യന്റെ കാര്യത്തിൽ കരുതലുളള ശതാധിപന്റെ അഭ്യർത്ഥന മുഴങ്ങുന്നത്. കുടുംബ ബന്ധങ്ങളിൽ ശൈഥില്യവും നവമാദ്ധ്യമങ്ങളിൽ സൗഹൃദവർദ്ധനയും മുഖമുദ്രയാക്കുന്ന പുതിയ കാലഘട്ടത്തെ ഈ ശതാധിപൻ അഭിസംബോധന ചെയ്യുന്നു.
റവ. ഡോ. ബാബു പുത്തൻപുരയ്ക്കൽ

നോമ്പ് ഒന്നാം ഞായർ (ഫെബ്രുവരി 26, 4-ാം ഞായർ) പേത്തുറത്താ
പുറ. 34:1-7,27-35, ഏശ 58:1-12,14, എഫേ. 4:17-5:4,15-21 മത്താ. 3:16-4:11 ആരാധനാവത്സരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാലത്തിലേയ്ക്കു നാമിന്ന് പ്രവേശിക്കുകയാണ്. വലിയനോമ്പുകാലം (സൗമാ റമ്പാ) തുടങ്ങുന്ന ഈ ഞായർ ‘പേത്തുറത്താ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്നു സന്ധ്യാനമസ്‌കാരത്തോടുകൂടി (റംശാ) അമ്പതു നോമ്പ് ആരംഭിക്കുന്നു. പേത്തുറത്താ എന്ന വാക്ക് ‘പെഫെർത്താ’ എന്ന സുറിയാനി പദത്തിന്റെ തത്ഭവരൂപമാണ്. പുളിപ്പില്ലാതാക്കുക, എന്ന അർത്ഥമുളള ‘പ്ഥർ’ എന്ന ക്രിയാപദത്തിൽനിന്നുണ്ടായ നാമരൂപമാണിത്. രുചികുറഞ്ഞ ഭക്ഷണം കഴിക്കുന്ന സമയം എന്ന ധ്വനിയാകാം ഈ പേരിന് അടിസ്ഥാനം. എന്നാൽ തിരികെ വിരിക, അവസാനിക്കുക, വിടപറയുക എന്നും ‘പ്ഥർ’ എന്ന മൂലക്രിയാപദത്തിന് അർത്ഥമുളളതിനാൽ നോമ്പാരംഭത്തിൽ പഴയതിൽ നിന്നു വ്യത്യസ്തമായി പുതിയൊരു ജീവിതചര്യ തുടങ്ങുന്നു എന്നു സൂചിപ്പിക്കുന്നതുകൊണ്ടുമാകാം ഈ ദിനത്തിനു പേത്തുറത്താ എന്ന പേരു വന്നത്. ഭക്ഷണം അവസാനിച്ചു, നോമ്പും ഉപവാസവും ആരംഭിച്ചു എന്നും അർത്ഥമാക്കുന്നുണ്ടാകാം. വിടപറയൽ എന്ന അർത്ഥത്തിൽ നിലവിലുളള ആഘോഷങ്ങളോടു വിടപറഞ്ഞ് നോമ്പിന്റെ വിശുദ്ധിയിലേയ്ക്കു പ്രവേശിക്കണം എന്നും പേത്തുറത്താ ഞായർ നമ്മെ ഓർമ്മിപ്പിക്കുന്നു.
നോമ്പാചരണത്തിന്റെ യഥാർത്ഥ ചൈതന്യം എന്താണെന്ന് ഇന്നത്തെ വായനകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ആദ്യവായനയിൽ (പുറ. 34,1-7,27-35) മൂശെയ്ക്ക് ദൈവം രണ്ടാമതും പത്തു കല്പനകൾ അടങ്ങിയ ഉടമ്പടി പത്രിക നൽകുന്ന സന്ദർഭം വിവരിക്കുന്നു. കൃപാനിധിയും കോപിക്കുന്നതിൽ വിമുഖനും സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനും തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുന്നവനും കാരുണ്യവാനുമായ ദൈവത്തിന്റെ സ്‌നേഹമാണ് കല്പനകൾ നൽകിയ അവിടുന്ന് നമ്മോടു പ്രകാശിപ്പിക്കുന്നത്. കൽപനകൾ ഭാരമായി കരുതാതെ അവ അനുസരിച്ച് അനുഗ്രഹം അവകാശമാക്കാനും മൂശെയെപ്പോലെ ദൈവത്തോടൊത്ത് (ഉപവസിക്കുക=കൂടെ വസിക്കുക) ആയിരുന്നുകൊണ്ട് മുഖം തേജോമയമാക്കേണ്ട കാലമാണ് വലിയനോമ്പിന്റേത്.
എന്താണ് യഥാർത്ഥ ഉപവാസം എന്ന് ഏശയ്യായുടെ 58-ാം അദ്ധ്യായം വ്യക്തമാക്കുന്നു. ഇസ്രായേലിന്റെ കപട ഉപവാസ രീതികൾ തുടരുന്ന ഇന്നത്തെ തലമുറയ്ക്കും ഒരു മുന്നറിയിപ്പാണ് ഏശയ്യാപ്രവാചകന്റെ വാക്കുകൾ. ‘അവർ സ്വന്തം സുഖം തേടുന്നു, കലഹിക്കുന്നു, വേലക്കാരെ പീഡിപ്പിക്കുന്നു, അനീതി പ്രവർത്തിക്കുന്നു, സാബത്ത് ആചരിക്കുന്നില്ല’. യഥാർത്ഥ ഉപവാസം ദൈവത്തോടും സഹോദരനോടുമുളള ബന്ധം സ്‌നേഹത്തിൽ ഊട്ടിയുറപ്പിക്കുന്നതാകണം. ഇങ്ങനെ ഉപവസിക്കുന്നവർക്ക് ദൈവം ധാരാളം അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രവാചകൻ രേഖപ്പെടുത്തുന്നു. ‘നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടി വിടരും, ഭവനം ദൈവികപ്രകാശത്താൽ നിറയും…രോഗം സുഖം പ്രാപിക്കും, നീ പ്രാർത്ഥിച്ചാൽ ദൈവം ഉത്തരമരുളും, നിലവിളിച്ചാൽ ഇതാ ഞാൻ എന്നു മറുപടി തരും… കർത്താവ് നിന്നെ നിരന്തരം നയിക്കും, മരുഭൂമിയിലും നിനക്ക് സമൃദ്ധിയുണ്ടാകും’ എന്നിങ്ങനെ അനുഗ്രഹങ്ങളുടെ പട്ടിക നീളുന്നു.
എഫേസൂസുകാർക്കുളള ലേഖനത്തിലൂടെ ഒരു ക്രിസ്ത്യാനിയുടെ നോമ്പുകാലം ദൈവത്തെ അനുകരിക്കാനും മിശിഹായിൽ നവ്യമായ ഒരു ജീവിതം നയിക്കാനും അശ്രാന്ത പരിശ്രമം നടത്തുവാനുളള കാലമാണ് എന്ന് വി. പൗലോസ് ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ശാരീരികമോഹങ്ങളെ നിയന്ത്രിച്ച് ആത്മാവിൽ വ്യാപരിക്കാൻ ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ദൂരെയെറിയുവാൻ പരിശ്രമിക്കേണ്ട കാലമാണിത്. പ്രലോഭനങ്ങളെ അതിജീവിക്കുന്ന മിശിഹായെയാണ് സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനിയുടെ ഉപവാസത്തിന്റെ അടിസ്ഥാനംതന്നെ ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണല്ലോ. ഒരു മനുഷ്യനെന്ന നിലയിൽ പ്രലോഭനങ്ങളെ അതിജീവിക്കാൻ ഉപവാസത്തിലൂടെ കരുത്തു നേടിയ ദൈവപുത്രനെ നമുക്കു മാതൃകയാക്കാം. വചനത്താൽ സാത്താനെ പരാജയപ്പെടുത്തിയ ഈശോയുടെ വാക്കുകൾ നമുക്കു ഹൃദയത്തോടു ചേർക്കാം- മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്, ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് (മത്താ. 4,4). ശാരീരിക രോഗങ്ങളും സമ്പത്തിനോടുളള ആർത്തിയും പേരിനും പെരുമക്കും വേണ്ടിയുളള ദാഹവും നമ്മെ കീഴ്‌പ്പെടുത്താതിരിക്കാൻ വചനം ഭക്ഷണമാക്കി പ്രാർത്ഥനയിലും ഉപവാസത്തിലും കാരുണ്യപ്രവൃത്തികളിലും വ്യാപരിക്കേണ്ട വൃതശുദ്ധിയുടെ പുണ്യദിനങ്ങളാണ് വലിയനോമ്പുകാലം എന്നോർത്തുകൊണ്ട് നമുക്ക് നോമ്പിലേയ്ക്കു പ്രവേശിക്കാം.
റവ. ഫാ. ആന്റണി പുത്തൻകളം