വിശുദ്ധ ജോൺ ഡി ബ്രിട്ടോ (1647-1693) തിരുനാൾ – ഫെബ്രുവരി 4

വിശുദ്ധ ജോൺ ഡി ബ്രിട്ടോ പോർട്ടുഗലിൽ ജനിച്ച്, ഇന്ത്യയിൽ മിഷൻ പ്രവർത്തനം നടത്തി, ഇവിടെ വച്ച് രക്തസാക്ഷിത്വം വരിച്ച ഒരു വലിയ വിശുദ്ധനാണ്. വിശുദ്ധ ഫ്രാൻസിസ് സേവ്യറിനുശേഷം ഇവിടെ സുവിശേഷപ്രഘോഷണം നടത്തിയ അദ്ദേഹവും തീക്ഷ്ണമതിയായ ഒരു ജസ്വീറ്റ് മിഷനറിയായിരുന്നു. ”പോർട്ടുഗീസുകാരനായ ഫ്രാൻസിസ് സേവ്യർ” (The Portuguese Francis Xavier) എന്നും ”ഇന്ത്യയിലെ സ്‌നാപക യോഹന്നാൻ” (The John the Baptist of India) എന്നും അദ്ദേഹം വിളിക്കപ്പെടാറുണ്ട്. ഇന്ത്യയിലെ ക്രൈസ്തവസഭയെ പാശ്ചാത്യ സംസ്‌കാരത്തിന്റെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കാൻ ശ്രമിച്ച ഈ വിശുദ്ധന്റെ പേരിന് സാംസ്‌കാരികാനുരൂപണത്തിന്റെ (inculturation) ഈ കാലഘട്ടത്തിൽ പ്രത്യേക പ്രസക്തിയുണ്ട്. തമിഴ് നാട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവർത്തനം. തമിഴിൽ ”അരുൾ ആനന്ദർ” (Arul Anandar) എന്ന പേര് സ്വയം സ്വീകരിച്ച് ഒരു തുറവി (സന്ന്യാസി) യായി ജീവിച്ചുകൊണ്ടാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
ജനനം ബാല്യം വിദ്യാഭ്യാസം
വിശുദ്ധ ജോൺ ബ്രിട്ടോ 1647 മാർച്ച് 1-ാം തീയതി പോർട്ടുഗലിലെ ലിസ്ബണിൽ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തിലാണു ജനിച്ചത്. അദ്ദേഹത്തിന്റെ
പിതാവായ സാൽവഡോർ ഡി ബ്രിട്ടോ പെരെയിര ബ്രസീലിലെ പോർട്ടുഗീസ് കോളനിയുടെ വൈസ്രോയി ആയിരിക്കുമ്പോഴാണു മരിച്ചത്. അമ്മ ഭക്തയായ ഒരു സാധ്വിയായിരുന്നു. പിതാവിന്റെ മരണശേഷം ജോൺ, പേദ്രോ ദ്വിതീയൻ രാജാവിന്റെ കൊട്ടാരത്തിൽ കുറേക്കാലം ജീവിച്ചു. ബാലനായ ജോണിന്റെ ഭക്തജീവിതം കൂട്ടുകാർക്കു രസിച്ചില്ല; അതിനാൽ അവരിൽ നിന്നു ഒട്ടധികം അവനു സഹിക്കേണ്ടിവന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ രോഗം പിടിപ്പെട്ടു; വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ മാധ്യസ്ഥ്യത്താൽ അവൻ സുഖംപ്രാപിച്ചു. അന്നുതൊട്ട് വിശുദ്ധ സേവ്യറിനെ അനുകരിച്ച് ഒരു മിഷനറിയാകണമെന്ന് അവൻ ആഗ്രഹിച്ചു.
1662-ൽ അവൻ ഈശോസഭയിൽ ചേർന്ന്, പ്രഖ്യാതമായ കോയിംബ്രാ (Coimbra) യൂണിവേഴ്‌സിറ്റിയിൽ പഠനം ആരംഭിച്ചു. ദക്ഷിണേന്ത്യയിലുളള മധുരയിലേക്ക് അവൻ സഞ്ചരിച്ചു. വൈദികനായിക്കഴിഞ്ഞ ശേഷം വിശുദ്ധ ഫ്രാൻസിസിനെപ്പോലെ ഇന്ത്യയിൽ പ്രേഷിതവേല ചെയ്യണമെന്നായിരുന്നു അവന്റെ ആഗ്രഹം. ക്രമേണ ആ ആഗ്രഹം പൂവണിഞ്ഞു.
മിഷൻ പ്രവർത്തനം
അമ്മയുടെയും കൊട്ടാരത്തിന്റെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മിഷൻ പ്രവർത്തനത്തിനായി ഇന്ത്യയിലേക്കു പുറപ്പെടാൻ അദ്ദേഹം നിശ്ചയിച്ചു. മകൻ പോർട്ടുഗൽ വിട്ടുപോകാതിരിക്കാൻ വേണ്ടതു ചെയ്യണമെന്ന് ദുഃഖാർത്തയായ മാതാവ് പേപ്പൽ നുൺഷിയയോട് അർത്ഥിച്ചു. ലോകത്തിൽ നിന്നു സന്ന്യാസത്തിലേക്കു തന്നെ വിളിച്ച ദൈവം ഇന്ത്യയിലേക്കു തന്നെ വിളിക്കുന്നുവെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എതിർപ്പുകൾ അസ്തമിച്ചു. അദ്ദേഹം ഇന്ത്യയിലേക്കു പുറപ്പെട്ടു. 1673-ൽ തമിഴ് നാട്ടിലെത്തി മറവരുടെ ദേശത്ത് സുവിശേഷം പ്രസംഗിച്ചു. 14 വർഷം മധുര, തഞ്ചാവൂർ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ച് അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരുന്നു. കാവി വസ്ത്രം ധരിച്ച്, സസ്യാഹാരം മാത്രം കഴിച്ചാണ് അദ്ദേഹം ജീവിച്ചത്. മത്സ്യ മാംസാദികളും മുട്ടയുമെല്ലാം ഉപേക്ഷിച്ചും വീഞ്ഞു കുടിക്കാതെയും ജീവിച്ച വിശുദ്ധൻ അനേകം പേരെ മാനസാന്തരപ്പെടുത്തി. ഈ ജീവിതശൈലി സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരകമായത് റോബർട്ടോ ഡി നൊബിലിയുടെ മാതൃകയായിരുന്നു. 1684-ൽ മറവരുടെ ദേശത്തെ രാജാവ് അദ്ദേഹത്തെ ജയിലിലാക്കി. തമിഴ് നാട്ടിൽനിന്നും ബഹിഷ്‌കൃതനായ അദ്ദേഹം 1687-ൽ ലിസ്ബണിലേക്കു മടങ്ങി. മിഷൻ പ്രദേശങ്ങളെ സഹായിച്ചുകൊണ്ട് അദ്ദേഹം ലിസ്ബണിൽ കഴിഞ്ഞു. അദ്ദേഹം നാട്ടിൽ തന്നെ കഴിഞ്ഞാൽ മതിയെന്ന് പേദ്രോ ദ്വിതീയൻ രാജാവ് ആഗ്രഹിച്ചെങ്കിലും, 1690-ൽ 24 പുതിയ മിഷനറിമാരോടൊപ്പം വിശുദ്ധൻ പിന്നെയും മറവരുടെ ദേശത്തെത്തി. മധുരമിഷനിൽ അദ്ദേഹത്തിന്റെ പ്രവർത്തനം വലിയ വിജയമായിരുന്നു.
രക്തസാക്ഷിത്വം
ജോൺ ഡി ബ്രിട്ടോയുടെ പ്രസംഗം മറവരുടെ രാജാവായിരുന്ന തടിയത്തേവന്റെ മാനസാന്തരത്തിനു കാരണമായി. അയാൾക്കു പല ഭാര്യമാരുണ്ടായിരുന്നു. അവരിൽ ഒരാളെ സ്വീകരിച്ചിട്ട് മറ്റുളളവരെ ഉപേക്ഷിക്കാൻ അദ്ദേഹം രാജാവിനെ ഉപദേശിച്ചു. ഈ സ്ത്രീകളിൽ ഒരാൾ അയൽപക്കത്തെ രാജാവായ സേതുപതിയുടെ അനന്തിരവളായിരുന്നു. അവളുടെ രോഷം വിശുദ്ധനെതിരെ ആളിക്കത്തി. സേതുപതി ക്രിസ്ത്യാനികൾക്കെതിരെ പീഡനം അഴിച്ചുവിട്ടു. ബ്രിട്ടോയെയും മതാദ്ധ്യാപകരെയും പിടികൂടി അയാൾ തലസ്ഥാനമായ രാമനാട്ടിലേക്കു കൊണ്ടു
പോയി. അവിടെനിന്ന് അദ്ദേഹത്തെ മുപ്പതു മൈൽ വടക്കുളള കടൽത്തീരത്തെ ഒറിലൂർ എന്ന സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ വച്ച് 1693 ഫെബ്രുവരി 4-ാം തീയതി വിശുദ്ധൻ വധിക്കപ്പെട്ടു.
നാമകരണം
പീയൂസ് 9 -ാമൻ മാർപ്പാപ്പാ 1853 ഓഗസ്റ്റ് 21-ാം തീയതി ജോൺ ഡി ബ്രിട്ടോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തി. 1947 ജൂൺ 22-ാം തീയതി പീയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ചുവന്ന മണൽ
വിശുദ്ധ ജോൺ ഡി ബ്രിട്ടോ വധിക്കപ്പെട്ട കടൽത്തീരത്തെ സ്ഥലം ഇന്ന് ലോകം മുഴുവനുമുളള ഭക്തജനങ്ങൾക്ക് ഒരു തീർത്ഥാടനകേന്ദ്രമാണ്. അവിടെ പോർട്ടു
ഗീസുകാർ പണികഴിപ്പിച്ച മനോഹരമായ ദൈവാലയത്തിൽ വിശുദ്ധന്റെ രക്തം പുരണ്ടു ചുവന്ന മണലിന്റെ ഒരു കൂനയുണ്ട്. ഈ മണലിന് അത്ഭുതകരമായ രോഗശമനശക്തിയുണ്ട്. ഈ ചുവന്ന മണൽ രോഗമുളള ശരീരഭാഗങ്ങളിൽ വച്ച് നിരവധിയാളുകളുടെ തീരാരോഗങ്ങൾ മാറിയിട്ടുണ്ട്. ഈ പളളിയിൽ വന്നു പ്രാർത്ഥിച്ച മക്കളില്ലാത്ത ദമ്പതികൾക്കു സന്താനലാഭം ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യാനികൾക്കൊപ്പം ജാതിമതഭേദമില്ലാതെ ഹിന്ദുക്കളും മുസ്ലീങ്ങളും ഈ തീർത്ഥാടനകേന്ദ്രത്തിൽ വന്നും പോയുമിരിക്കുന്നു. ഓറിയൂരിലെത്തുന്ന പതിനായിരക്കണക്കിന് തീർത്ഥാടകർ ഒരു മതകർമ്മമെന്നതിനേക്കാൾ ഒരു ഉത്സവമായിട്ടാണ് അവിടുത്തെ തിരുനാളിനെ വീക്ഷിക്കുന്നത്. പ്രാർത്ഥനയും
നേർച്ചകളുമായി പ്രത്യേകദിവസങ്ങളിൽ ഇരുപത്തയ്യായിരത്തിലധികം പേരാണ് ഓരോ മാസവും അവിടെ വന്നെത്തുന്നത്.
സ്മാരകങ്ങൾ
പോർട്ടുഗലിലെ ലിസ്ബണിൽ ”സെയിന്റ് ജോൺ ഡി ബ്രിട്ടോ കോളജ്” എന്നപേരിൽ ജസ്വീട്ടുകളുടേതായ ഒരു കോളജ് ഉണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ വിശുദ്ധന്റെ
നാമത്തിലുളള സ്മാരകങ്ങളുണ്ട്. ഓറിയൂരിലുളള മനോഹര ദൈവാലയത്തിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. കോയമ്പത്തൂരിൽ വിശുദ്ധനു സമർപ്പിച്ചിട്ടുളള ഒരു പളളിയുണ്ട്. വിശുദ്ധന്റെ പേരിലുളള ജസ്വീറ്റ് ഹൗസുകൾ മുംബൈ, കേരളത്തിലെ തങ്കശ്ശേരി എന്നിവിടങ്ങളിലുണ്ട്. ഫോർട്ടുകൊച്ചിയിലെ ബിഷപ്പ്‌സ് ഹൗസിനടുത്തുളള ആംഗ്ലോ-ഇന്ത്യൻ ബോയിസ് ഹൈസ്‌കൂൾ വിശുദ്ധന്റെ പേരിലാണ്. കൊല്ലം രൂപതയിലുളള ശക്തികുളങ്ങര ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ വിശുദ്ധ ജോൺ ഡി ബ്രിട്ടോയാണ്. വി. ബ്രിട്ടോയുടെ തിരുനാൾദിനം ഈ പളളിയിൽ വലിയ പ്രദക്ഷിണത്തോടെയാണ് ആഘോഷിക്കുന്നത്. തമിഴ് നാട്ടിലെ ഒരു ജസ്വീറ്റ് കോളജ്
”അരുൾ ആനന്ദർ കോളജ്” എന്ന പേരിലാണ് അറിയപ്പെടുന്നത്; ഇത് മധുരയിലാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യക്കു പുറത്ത് ഫിലിപ്പൈൻസിലും, ഇൻഡൊനേഷ്യയിലും വിശുദ്ധന്റെ പേര് വിദ്യാഭ്യാസസ്ഥാപന
ങ്ങളിൽ ആദരിക്കപ്പെടുന്നുണ്ട്.
ഉപസംഹാരം
വിശുദ്ധന്റെ പ്രേഷിതതീക്ഷ്ണതയെ കഴിയും വിധം അനുകരിക്കാൻ നമുക്കു
പരിശ്രമിക്കാം. ”ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ഹാ കഷ്ടം” എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഒരിക്കലും മറന്നു പോകാതെ ഉളളിൽ അഗ്നിപോലെ നമുക്കു സൂക്ഷിക്കാം.