ആരാധനക്രമാലാപനം-2 (ലിറ്റർജിക്കൽ ചാന്റ്)

ഗാനാത്മകദൈവശാസ്ത്രമാണ് ആരാധനക്രമാലാപനം. ആരാധന നിത്യപുരോഹിതനായ മിശിഹായുടെ പുരോഹിതപ്രവൃത്തിയാണ്. മിശിഹാ സഭയുടെ ശിരസ്സും സഭാംഗങ്ങൾ മിശിഹായുടെ മൗതികശരീരത്തിന്റെ അംഗങ്ങളുമാണല്ലോ. ശിരസ്സായ മിശിഹായുടെ പ്രവൃത്തിയാണ് ആരാധനയെങ്കിൽ അത് മിശിഹായുടെ അവയവങ്ങളാകുന്ന സഭാംഗങ്ങളുടെ മുഴുവൻ പ്രവൃത്തിയുമാണ്. രണ്ടു ലക്ഷ്യങ്ങളാണല്ലോ ആരാധനയ്ക്കുള്ളത്:                             1. ദൈവമഹത്ത്വീകരണം; 2. മനുഷ്യവിശുദ്ധീകരണം. ആരാധനക്രമാലാപനത്തിന്റെ ലക്ഷ്യങ്ങളും ഇവതന്നെയാണ്. ദൈവമഹത്ത്വത്തിനും മനുഷ്യവിശുദ്ധീകരണത്തിനും സഹായിക്കുന്ന ഒരു കലയെന്ന നിലയിൽ ആരാധനക്രമാലാപനം മറ്റേതു കലയെക്കാളും മഹത്ത്വമുള്ള കലയാണ്.
ദൈവശാസ്ത്രപരമായി മൂന്നു വശങ്ങളാണ് ആരാധനക്രമാലാപനത്തിനുള്ളത്:               1. സഭാപരം; 2. കൂദാശാപരം; 3. അന്ത്യോന്മുഖം.                                                         3.1. സഭാപരം                                                                                ആരാധനക്രമാലാപനം മിശിഹായുടെ ശരീരമാകുന്ന സഭയെ ഒന്നിച്ചു പ്രാർത്ഥിക്കുവാൻ സഹായിക്കുന്നു. മിശിഹായും മിശിഹായിൽ ത്രിത്വത്തിലെ മൂന്നാളുകളും ആരാധനക്രമശുശ്രൂഷയിൽ സന്നിഹിതരാകുന്നു. ശ്ലീഹന്മാർ മിശിഹായെ ഭൗതികശരീരമുള്ളവനായി കണ്ടനുഭവിച്ചെങ്കിൽ നമുക്കു മിശിഹായെ ആരാധനക്രമത്തിലൂടെ മൗതികശരീരത്തിൽ കാണുവാനും കേൾക്കുവാനും
സ്പർശിക്കുവാനും അനുഭവിക്കുവാനും സാധിക്കുന്നു (1 യോഹ 1,1-4). മിശിഹായിൽ ഒന്നായി നിന്നു പ്രാർത്ഥിക്കുമ്പോൾ ത്രിതൈ്വകദൈവത്തിൽ ഒന്നായിനിന്നും നാം
പ്രാർത്ഥിക്കുന്നു. മിശിഹായിലൂടെ പിതാവായ ദൈവവുമായി ദൈവമക്കൾക്കടുത്ത ഊഷ്മളബന്ധം നാം അനുഭവിക്കുന്നു. അതുപോലെ ദൈവപിതാവുമായി നമ്മെ ബന്ധിപ്പിക്കുന്ന പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയിൽ പരസ്പരവും നാം ഒന്നിക്കുന്നു. സഭാത്മകമായ ഈ കൂട്ടായ്മയെ ഊട്ടിയുറപ്പിക്കുന്ന ഒരു മാദ്ധ്യമമാണ് ആരാധനക്രമാലാപനം.
3.2. കൂദാശാപരം
നിത്യപുരോഹിതനായ മിശിഹായുടെ വിശുദ്ധീകരണസാന്നിദ്ധ്യം നമ്മുടെ മദ്ധ്യേ സന്നിഹിതമാക്കുന്ന അനുഭവമാണ് ആരാധനക്രമം നമുക്കു നല്കുന്നത്: ”എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്കെഴുതുന്നത്. എന്നാൽ, ആരെങ്കിലും പാപം ചെയ്യാനിടയായാൽത്തന്നെ പിതാവിന്റെ സന്നിധിയിൽ നമുക്കൊരു മദ്ധ്യസ്ഥനുണ്ട് – നീതിമാനായ ഈശോമിശിഹാ” (1 യോഹ 2,1-2). നിത്യപുരോഹിതനായ മിശിഹായെക്കുറിച്ച് വീണ്ടും ഇപ്രകാരം പറയുന്നു: ”അതുപോലെതന്നെ മിശിഹായും വളരെപ്പേരുടെ പാപങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു. അവൻ വീണ്ടും വരും – പാപപരിഹാരാർത്ഥമല്ല, തന്നെ ആകാംക്ഷാപൂർവം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി” (ഹെബ്രാ 9,28). മിശിഹായുടെ ഈ രണ്ടാം ആഗമനം അനുഭവമാകുന്ന വേദിയാണ് സഭയുടെ ആരാധനക്രമം. അതുപോലെതന്നെ ”രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ 18,20) എന്നു പറഞ്ഞ മിശിഹായുടെ ദൃശ്യസാന്നിദ്ധ്യം അനുഭവത്തിൽ ഉൾക്കൊള്ളുവാൻ നമ്മെ സഹായിക്കുന്ന മാദ്ധ്യമമാണ് ആരാധനക്രമാലാപനം.
3.3. അന്ത്യോന്മുഖം
ആരാധനക്രമം സ്വർഗത്തിന്റെ മുന്നാസ്വാദനം നല്കുന്ന വേദിയാണ്: ”ദൈവം തന്നെ സ്‌നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ
നമുക്കു ദൈവം അതെല്ലാം ആത്മാവുമുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു” (1 കൊറി 2,9) എന്നു പറഞ്ഞിരിക്കുന്നത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ അനുഭവമാക്കുവാൻ ആരാധനക്രമാലാപനം നമ്മെ സഹായിക്കുന്നു. വെളിപാടുപുസ്തകം വിവരിക്കുന്ന സ്വർഗ്ഗത്തിലെ വിജയഗീതം (19,1-4) കാതുകളിൽ മുഴങ്ങുന്ന അനുഭവമാണ് ആരാധനക്രമാലാപനം നമുക്കു നല്കുന്നത്.
ഈ ത്രിവിധ മാനങ്ങളുള്ള ദൈവശാസ്ത്രം കാണുവാൻ കഴിവുള്ള കണ്ണുകളും കേൾക്കുവാൻ കഴിവുള്ള കാതുകളും ആരാധനാസമൂഹത്തിനുണ്ടാവണം.
3.4. ആരാധനക്രമാലാപനത്തിന്റെ ദൈവികസ്വഭാവം
ദൈവവും മനുഷ്യനും തമ്മിൽ കണ്ടുമുട്ടുന്ന വേദിയാണ് ആരാധനക്രമാഘോഷം. ഈ കണ്ടുമുട്ടലിന് മൂന്നു പ്രത്യേകതകളുണ്ട്: 1. പ്രത്യക്ഷീകരണസ്വഭാവം; 2.പ്രത്യുത്തരസ്വഭാവം; 3. പ്രബോധനസ്വഭാവം.
1. പ്രത്യക്ഷീകരണസ്വഭാവം
ആരാധനക്രമാഘോഷം ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെ വേദിയാണ്. ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിനെ ദൈവവചനം എന്നാണല്ലോ നാം വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ആരാധനക്രമാഘോഷത്തെ ദൈവവചനത്തിന്റെ ആഘോഷം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ വചനത്തിനു മൂന്നു മാനങ്ങളുണ്ട്: 1. ദൈവത്തിൽനിന്നുള്ള വചനം (Word from God); 2. ദൈവത്തോടുള്ള മനുഷ്യന്റെ വചനം (Word to God); 3. ദൈവത്തെക്കുറിച്ചുള്ള വചനം (Word about God). ഈ മൂന്നു മാനങ്ങളിൽ ആദ്യത്തേതിനാണ് പ്രത്യക്ഷീകരണസ്വഭാവമുള്ളത്. ആരാധനക്രമപ്രാർത്ഥനകൾ ദൈവവചനങ്ങൾക്കൊണ്ട്നെ യ്‌തെടുത്തിട്ടുള്ളതാണെന്നു പറയാം. അതിൽ പങ്കെടുക്കുന്നവരിലേക്ക്, അവർ അറിയുന്നില്ലെങ്കിലും, ദൈവവചനം കടന്നുവരും. ഈ കടന്നുവരവിന് ആക്കം വർദ്ധിപ്പിക്കുന്ന ഒന്നാണ് ആരാധനക്രമാലാപനം.
2. പ്രത്യുത്തരസ്വഭാവം
ദൈവവചനത്തിനു മനുഷ്യൻ നല്കുന്ന പ്രത്യുത്തരത്തിന്റെ സ്വഭാവവും ആരാധനക്രമാഘോഷത്തിനുണ്ട്. അവിടെ സന്നിഹിതനാവുകയും സംസാരിക്കുകയും ചെയ്യുന്ന ദൈവത്തിന് മനുഷ്യൻ നല്കുന്ന പ്രത്യുത്തരമാണ് പ്രാർത്ഥന. ഈ പ്രാർത്ഥനാസ്വഭാവമാണല്ലോ ആരാധനക്രമത്തിലുടനീളം കാണുക. ഇപ്രകാരം ദൈവത്തിന്റെ സംസാരത്തിനു പ്രത്യുത്തരം നല്കുന്ന പ്രാർത്ഥനയാണ് യഥാർത്ഥമായ പ്രാർത്ഥന. മനുഷ്യനു ഹൃദയംകൊണ്ട് ദൈവത്തിനു പ്രത്യുത്തരം നല്കുവാൻ ഏറ്റം സഹായകരമാണ് ആരാധനക്രമാലാപനം. പരിശുദ്ധാത്മാവിൽ
പുത്രനിലൂടെ പിതാവിനെ സ്തുതിക്കുവാനും ആരാധിക്കുവാനും ഹൃദയവികാരങ്ങൾ പങ്കുവയ്ക്കുവാനും ആരാധനക്രമാലാപനം ഉത്തേജനം നല്കുന്നു.
3. പ്രബോധനസ്വഭാവം
ആരാധനക്രമാഘോഷത്തിന് ദൈവവചനം മനുഷ്യൻ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു വേദിയുടെ സ്വഭാവമുണ്ട്. മനുഷ്യമനസ്സിന് ദൈവികമായ ബോധവല്ക്കരണം ലഭിക്കുന്ന വേദിയാണ് ആരാധനക്രമാഘോഷം: ”എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (യോഹ 14,26) എന്ന ഈശോയുടെ വാക്കുകൾ ഇവിടെ അന്വർത്ഥമാകുകയാണ്. മനുഷ്യമനസ്സിനെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ബോധവല്ക്കരിക്കുന്ന അരൂപിയുടെ പ്രവർത്തനമാണ് ആരാധനക്രമത്തിൽ നടക്കുന്നത്. ഈ പ്രബോധനം ആസ്വാദ്യകരമാക്കുവാൻ ആരാധനക്രമാലാപനം സഹായിക്കും. ആരാധനക്രമാലാപനം പ്രാർത്ഥനയെ കൂടുതൽ ആസ്വാദ്യകരമാക്കിത്തീർക്കുകയും മനുഷ്യമനസ്സുകളെയും ഹൃദയങ്ങളെയും ഒന്നിപ്പിക്കുകയും ചെയ്യുന്നു. ആരാധനക്രമശുശ്രൂഷകൾക്ക് ആഘോഷമായ പരിവേഷം നല്കുകയും ആരാധനാസമൂഹത്തെ സജീവമായി ശുശ്രൂഷയിൽ പങ്കെടുക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഇപ്രകാരം ആരാധനക്രമത്തെ സജീവമാക്കുക എന്ന പൊതുവായ കാര്യത്തോടൊപ്പം എടുത്തുപറയേണ്ട ചില പ്രത്യേകതകളുമുണ്ട്.
4.1. ശുശ്രൂഷാപരം
ആരാധനക്രമാലാപനം ആരാധനാസമൂഹത്തെ ശുശ്രൂഷാക്രമപ്രകാരം അണിനിരത്തുന്നു. സഭാശരീരത്തിന്റെ ശിരസ്സായ മിശിഹായെ പ്രതിനിധീകരിക്കുന്ന കാർമ്മികൻ ബഹുവചനത്തിലാണു പ്രാർത്ഥിക്കുന്നത്. ആരാധനാസമൂഹത്തിന്റെ തലവനെന്ന നിലയിൽ സമൂഹത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന ശുശ്രൂഷയാണ് കാർമ്മികന്റേത്. ‘ആമ്മേൻ’ എന്നു പ്രത്യുത്തരിച്ചുകൊണ്ട് സമൂഹത്തിലുള്ള ഓരോരുത്തരും കാർമ്മികനോടു ചേർന്നുനില്ക്കുന്ന അവരുടെ നിലപാടുകൾ പ്രകടമാക്കുകയും ചെയ്യുന്നു. സഭയുടെ കുടുംബാരൂപിയിൽ ഒന്നായി ജീവിക്കുവാനും വളരുവാനും ഇതു സഹായിക്കുന്നു. മിശിഹായുടെ ശരീരമാകുന്ന സഭയെയും ഈ നിലപാട് പ്രതിനിധീകരിക്കുന്നു. സഭാശരീരത്തിന്റെ ശിരസ്സാകുന്ന മിശിഹായെ പ്രതിനിധീകരിച്ചുകൊണ്ട് കാർമ്മികനും അവയവങ്ങളാകുന്ന സഭാംഗങ്ങളും ഒന്നായി നിന്നുകൊണ്ട് മിശിഹായിലൂടെ പരിശുദ്ധാത്മാവിൽ പിതാവിനെ ആരാധിക്കുന്ന ത്രിത്വാത്മകവും സഭാത്മകവുമായ ആരാധനയായി ആരാധനക്രമശുശ്രൂഷയെ അനുഭവമാക്കുവാൻ ആരാധനക്രമാലാപനം സഹായിക്കുന്നു.
4.2. സമാഗമപരം
പ്രാർത്ഥനയുടെ സംഭാഷണസ്വഭാവവും കണ്ടുമുട്ടൽ സ്വഭാവവും അനുഭവമാകുന്ന ഒന്നാണ് ആരാധനക്രമാലാപനം. പ്രാർത്ഥന ദൈവമനുഷ്യസംഭാഷണവും ദൈവവും മനുഷ്യനും തമ്മിലുള്ള കണ്ടുമുട്ടലുമാണല്ലോ. മദ്ബഹായിൽനിന്നും ബേമ്മായിൽനിന്നുമുള്ള പ്രാർത്ഥനകളും വായനകളും ദൈവത്തിന്റെ വചനത്തെയും സംസാരത്തെയും പ്രതിനിധീകരിക്കുമ്പോൾ ജനത്തിന്റെ പ്രാർത്ഥനകൾ മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പ്രത്യുത്തരത്തിന്റെ സ്വഭാവമുൾക്കൊള്ളുന്നു. അങ്ങനെയുള്ള ദൈവമനുഷ്യസമാഗമം അനുഭവത്തിൽ ഉൾക്കൊള്ളുവാൻ ആരാധനക്രമാലാപനം സഹായകമാണ്.
4.3. രൂപഭാവപരം
പ്രാർത്ഥനകളുടെ വിവിധ രൂപങ്ങളെ വ്യതിരിക്തങ്ങളായി അവതരിപ്പിച്ചുകൊണ്ട് ഓരോന്നിനും സഹജമായ രൂപഭാവങ്ങൾ നല്കി ആരാധനക്രമത്തെ സജീവമാക്കുന്ന ഒന്നാണ് ആരാധനക്രമാലാപനം. വ്യത്യസ്ത പ്രാർത്ഥനാരൂപങ്ങളുടെ ഒരു സമുച്ചയമാണല്ലോ ആരാധനക്രമം. സംഭാഷണങ്ങൾ, ഏറ്റുപറച്ചിലുകൾ, പ്രഖ്യാപനങ്ങൾ, വായനകൾ, സങ്കീർത്തനങ്ങൾ, പ്രകീർത്തനങ്ങൾ തുടങ്ങിയ വിവിധ പ്രാർത്ഥനാരൂപങ്ങളാണ് ആരാധനക്രമത്തിലുള്ളത്. അവയ്‌ക്കെല്ലാം അതാതിന്റെ പരിവേഷം നല്കി പ്രകടമാക്കുവാൻ ആരാധനക്രമാലാപനം സഹായിക്കുന്നു.
4.4. കർമ്മാനുഷ്ഠാനപരം
വിവിധ പ്രാർത്ഥനകളും കർമ്മങ്ങളുമാണല്ലോ ആരാധനക്രമത്തിലുള്ളത്. അവയ്ക്ക് അനുയോജ്യമായ ആഘോഷവും സൗന്ദര്യവും നല്കി, കാതുകൾക്കും കണ്ണുകൾക്കും കൂടുതൽ ആസ്വാദ്യകരമാക്കുവാൻ ആരാധനക്രമാലാപനം സഹായിക്കും.
4.5. ഏകോപനപരം
വിവിധ രൂപഭാവങ്ങളുള്ള കർമ്മങ്ങളും വിവിധ രീതികളിലുള്ള പ്രാർത്ഥനകളും ചേർന്നാണല്ലോ ആരാധനക്രമം രൂപംകൊള്ളുന്നത്. അവയെയെല്ലാം ഒന്നിപ്പിച്ച് ഒരു ആരാധനയായി, ഒരു ശുശ്രൂഷയാക്കി മാറ്റുവാൻ ആരാധനക്രമാലാപനം സഹായിക്കുന്നു. മിശിഹായുടെ സാന്നിദ്ധ്യവും പ്രവർത്തനവുമാണ് എല്ലാവരെയും എല്ലാറ്റിനെയും ഒന്നിപ്പിക്കുന്നത്. നിത്യപുരോഹിതനായ മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുചേരുന്ന ദൈവജനം അവിടുത്തെ പൗരോഹിത്യശുശ്രൂഷയിൽ ഒന്നിക്കുന്ന ഒരു അനുഭവമാണ് ആരാധനക്രമാലാപനം നല്കുന്നത്.
(തുടരും)