സ്വാശ്രയപീഡനങ്ങൾ: സത്യവും മിഥ്യയും

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് വാർത്താകേരളത്തിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. സർക്കാർ കോളേജിലെ ‘ദളിത് പീഡനവും’ സ്വാശ്രയകോളേജുകളിലെ ‘വിദ്യാർത്ഥി പീഡനവും’ നിരവധി സമരങ്ങൾക്കു കാരണമായി. തൃശൂർ ജില്ലയിലെ പാമ്പാടിയിൽ പ്രവർത്തിക്കുന്ന നെഹ്രു  എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയും അതേത്തുടർന്നുണ്ടായ വിദ്യാർത്ഥികളുടെ പ്രതിഷേധവും സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ സ്വാശ്രയ വിരുദ്ധ സമരമായി വളർന്നു. പല സ്വാശ്രയസ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും അവയുടെ വസ്തുവകകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഒട്ടേറെ സ്വപ്നങ്ങൾ ജീവിതത്തിൽ ബാക്കിയുണ്ടായിരുന്ന സഹപാഠിയുടെ മരണം സുഹൃത്തുക്കളിൽ വികാരവിക്ഷോഭം സൃഷ്ടിക്കും എന്നതിൽ സംശയമില്ല. എന്നാൽ അവരുടെ വികാരത്തെ മുതലെടുക്കാൻ ചില കോണുകളിൽനിന്ന് ബോധപൂർവ്വകമായ ശ്രമം നടക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിൽ ലാഭേച്ഛയില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ഏറെ ക്ലേശങ്ങൾ സഹിച്ച് അവ നടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നത് ജനസേവന
തല്പരരായ വ്യക്തികളും പ്രസ്ഥാനങ്ങളുമായിരുന്നു. ഇക്കാര്യത്തിൽ ക്രൈസ്തവസഭകൾ മറ്റാരേക്കാളും ബഹുദൂരം മുന്നിലുമായിരുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കാൻ പറ്റിയ കച്ചവടസ്ഥാപനങ്ങളായി കണ്ടുകൊണ്ട് ഈ മേഖലയിലേയ്ക്കു കടന്നുവന്നവർ അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസത്തെ കച്ചവടച്ചരക്ക് ആക്കുകയായിരുന്നു. മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ് മദ്യമുതലാളിമാർ മുതൽ മത-ജാതി സംഘടനകൾ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുളള അനുവാദം സർക്കാരിൽ നിന്നു വാങ്ങിയെടുക്കുകയും വിദ്യാഭ്യാസക്കച്ചവടം ആരംഭിക്കുകയുമായിരുന്നു. ഇക്കാര്യത്തിൽ ചിലരുടേത് സാമ്പത്തികനേട്ടം മാത്രമായിരുന്നുവെങ്കിൽ സാമ്പത്തികത്തോടൊപ്പം വർഗ്ഗീയലക്ഷ്യങ്ങളുളളവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രൈമറി ക്ലാസ്സുകളിൽ പോലും വർഗ്ഗീയത കുത്തിവയ്ക്കുന്ന പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന സ്‌കൂളിനെക്കുറിച്ച് വാർത്ത പുറത്തുവന്നിട്ട് അധികനാളുകൾ ആയിട്ടില്ല. എന്നാൽ മികച്ച അദ്ധ്യയനവും പശ്ചാത്തലസൗകര്യങ്ങളും അച്ചടക്കവും നിലനില്ക്കുന്ന ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടു മത്സരിക്കാൻ പുത്തൻ പണക്കാരുടെ പുതുതലമുറ സ്ഥാപനങ്ങൾക്ക് ഇനിയും സാധിച്ചിട്ടില്ല. സ്വന്തംകുട്ടികളുടെ നന്മയും സുരക്ഷിതമായ ഭാവിയും ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ജാതിമതചിന്തകളില്ലാതെ ക്രൈസ്തവ സ്ഥാപനങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം തകർക്കുകയും അതുവഴി നേട്ടങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമങ്ങൾ കുറെക്കാലമായി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. നെഹൃ
കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ സൃഷ്ടിച്ച വികാരവിക്ഷോഭം മുതലെടുത്ത് ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ദുഷ്പ്രചാരണങ്ങൾ അഴിച്ചുവിടാൻ സംഘടിത ശ്രമങ്ങളുണ്ടായി. തലശ്ശേരി അതിരൂപതയുടെ വിമൽ ജ്യോതിയും കാഞ്ഞിരപ്പളളി രൂപതയുടെ അമൽ ജ്യോതിയുമുൾപ്പെടെയുളള സ്ഥാപനങ്ങളുടെ സൽപ്പേരു നശിപ്പിക്കാൻ ഓൺലൈൻ പത്രങ്ങളിൽ ‘ആളില്ലാ പരാതികളും’ എഴുത്തുകാരന്റെ പേരില്ലാ ലേഖനങ്ങളും വ്യാജ രസീതുകളും പ്രചരിപ്പിക്കുകയായിരുന്നു. തീവ്രവാദികളെപ്പോലെ മുഖം മറച്ച് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടവർ വിദ്യാർത്ഥികളും പുർവ്വ വിദ്യാർത്ഥികളും ആണെന്ന അവകാശവാദത്തോടെയാണ് ആരോപണങ്ങൾ നിരത്തിയത്. എന്നാൽ ഗുരുതരമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ ആർക്കും സാധിച്ചില്ല. ഹോസ്റ്റലിൽ ഒച്ച വയ്ക്കാൻ സാധിക്കാത്തതും ക്ലാസ്സു കട്ടു ചെയ്തു സിനിമക്കു പോകാൻ സാധിക്കാത്തതും ഹെൽമറ്റു ധരിക്കാതെ ബൈക്ക് ഓടിക്കാൻ സാധിക്കാത്തതും താടിയും മുടിയും വളർത്തി ഫ്രീക്കന്മാരായി നടക്കാൻ സാധിക്കാത്തതും ഒക്കെയായിരുന്നു ഇവിടുത്തെ വിദ്യാർത്ഥികൾ നേരിടുന്ന ‘പീഡനങ്ങൾ’ ആയി ആരോപിക്കപ്പെട്ടത്. ഇത്തരം ബാലിശമായ ആരോപണങ്ങളുമായി വന്ന് തങ്ങളുന്നയിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളുടെ വില കളയരുതെന്ന് ഇടിമുറിയും ക്രൂരമായ പീഡനമുറകളുമുളള കോളേജുകളിലെ കുട്ടികൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

അച്ഛനമ്മമാരുടെ അന്തസു കാക്കാൻ എഞ്ചിനീയറും ഡോക്ടറുമാകാൻ നിർബ്ബന്ധിപ്പിക്കപ്പെടുന്ന കുട്ടികളിൽ തങ്ങൾ എത്തിച്ചേർന്നിരുക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ വെറുക്കാനും അവിടെ ഒരു റിബലായി മാറാനുമുളള മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നതാണ് പല പ്രശ്‌നങ്ങൾക്കും കാരണം. ജേർണലിസ്റ്റ് ആകാനും സിനിമാ നടനാകാനും പരസ്യമോഡലാകാനും വക്കീലാകാനും ആഗ്രഹിക്കുന്നവർ എഞ്ചിനീയറിംഗ് കോളേജുകളിൽ ആരുടെയൊക്കെയോ നിർബ്ബന്ധത്തിനു വഴങ്ങി എത്തിച്ചേരുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത്. കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയ സ്ഥാപനങ്ങൾ എങ്ങനെയെങ്കിലും കുട്ടികളെ തികച്ച് ഫീസും ഫൈനും ചുമത്തി പിടിച്ചു നിൽക്കാൻ തത്രപ്പെടുകയാണ്. അവർക്കുവേണ്ടി പ്രവേശന പരീക്ഷകളിലെ മിനിമം മാർക്കുപോലും കുറച്ചുകൊടുത്ത് സർക്കാർ കരാർ ഒപ്പിടുന്നു. പ്രവേശനപരീക്ഷയ്ക്ക് മിനിമം മാർക്കു നേടാൻ സാധിക്കാത്തവർ കോഴ്‌സ് എങ്ങനെ പൂർത്തിയാക്കും എന്ന ചോദ്യം എല്ലാവരും സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഫലമോ, പരീക്ഷ പാസാകാതെ ‘പാസ് ഔട്ട്’ ആയ എഞ്ചിനീയർമാരും പരീക്ഷ പാസായാലും പണിയറിയാത്ത എഞ്ചിനീയർമാരും നാട്ടിൽ പെരുകിയിരിക്കുന്നു. ജോലി ലഭിക്കാതെയും കടബാദ്ധ്യതകളിൽപ്പെട്ടും ഒട്ടേറെപ്പേർ മാനസികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ യഥാർത്ഥ പ്രശ്‌നങ്ങൾ എന്താണെന്നു മനസ്സിലാക്കാതെ, തികച്ചും പ്രൊഫഷണലായി നടത്തപ്പെടുന്ന സ്ഥാപനങ്ങളെ പഴിചാരുന്നത് വാഹനം ഓടിക്കാൻ അറിയാത്തവർ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയശേഷം വാഹന നിർമ്മാണ കമ്പനിയെ കുറ്റം പറയുന്നതുപോലെ പരിഹാസ്യമാണ്.

കച്ചവടക്കണ്ണോടെ മാത്രം പ്രവർത്തിക്കുകയും വിദ്യാർത്ഥികളുടെ മനുഷ്യാവകാശങ്ങളെപ്പോലും പരിഗണിക്കാതെ അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരായ ജനവികാരത്തിന്റെയും പ്രതിഷേധങ്ങളുടെയും മറവിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ യശസ്സു തകർക്കാനും അവയ്‌ക്കെതിരെ അക്രമം അഴിച്ചുവിടാനും ചില ശക്തികൾ പ്രവർത്തിക്കുന്നതിന്റെ പിന്നിലെ ‘ചേതോവികാരം’ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാൻ നമുക്കു സാധിക്കണം. അച്ചടക്കം ലക്ഷ്യമിട്ടുളള നിയമങ്ങൾ കോഴിക്കോട് ഫറൂക്ക് കോളേജിൽ വിദ്യാർത്ഥികളുടെ നന്മയ്ക്കാണെന്നു വാദിക്കുകയും അവയ്‌ക്കെതിരായ സമരങ്ങളെ മുൻനിരയിൽ നിന്നു പ്രതിരോധിക്കുകയും ചെയ്ത വിദ്യാർത്ഥി സംഘടന ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുളള ചെമ്പേരി വിമൽ ജ്യോതി കോളേജിനെതിരേ അതേ നിയമങ്ങൾ വിദ്യാർത്ഥി വിരുദ്ധമാണെന്നു വാദിച്ചു സമരം നയിക്കുന്നത് എന്തുകൊണ്ടാണെന്നു നാം ചിന്തിക്കാതെ പോകരുത്. രാഷ്യട്രീയ പ്രവർത്തനം അകന്നു നിൽക്കുന്ന കാമ്പസുകളിൽ താടിയും തട്ടനവും നിസ്‌കാരമുറികളുംകൊണ്ടു നിറയ്ക്കാൻ ചില പ്രസ്ഥാനങ്ങൾ സംഘടിതമായി ശ്രമിക്കുന്നതും കാണാതെ പോകരുത്.