ഗർഭച്ഛിദ്ര നിയമങ്ങളും കോടതിവിധിയും

1971 -ലെ ഇന്ത്യൻ ഗർഭച്ഛിദ്രനിയമവും (വകുപ്പ് 3/2-ബി) അതിന്റെ പരിഷ്‌കരണവും ആറു മാസം വളർച്ചയുളള ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ മുംബൈക്കാരിക്ക് അനുവാദം നല്കിയ സുപ്രീം കോടതി വിധിയുമെല്ലാം ജീവന്റെ മൂല്യത്തെ വികലമാക്കുകയാണ് എന്ന വാദം എങ്ങനെ മനസ്സിലാക്കാം?
മനുഷ്യജീവനെ എത്രാമത്തെ ആഴ്ചയിലാണ്, ഏതു ലിംഗമായിരിക്കുമ്പോഴാണ്, ഏതൊക്കെ വൈകല്യങ്ങൾ ഇല്ലാത്തപ്പോഴാണ് നശിപ്പിക്കാൻ പാടില്ലാത്തത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഇന്ത്യൻ MTP Act (Medical Termination of Pregnancy Act 1971) അനുസരിച്ച് ഇരുപത് ആഴ്ചവരെയുളള കുഞ്ഞിനെ മാത്രമേ ഭ്രൂണഹത്യ നടത്താവൂ. ഇതേ നിയമം പരിഷ്‌കരിച്ചുകൊണ്ട് 24 ആഴ്ചവരെ പ്രായമുളള മനുഷ്യജീവനെ നശിപ്പിക്കാം എന്ന് നിർദ്ദേശിച്ചിരിക്കുന്നു. ഇതിനോടൊപ്പംതന്നെ കുഞ്ഞിനു വൈകല്യമുളളതുകൊണ്ട് ആറു മാസം (24 ആഴ്ച) പ്രായമുളള കുഞ്ഞിനെ കൊല്ലുന്നതിന് സുപ്രീം കോടതി മുംബൈയിൽനിന്നുളള ഒരു സ്ത്രീക്ക് അനുവാദം കൊടുത്തു കഴിഞ്ഞു. ഇരുപത് ആഴ്ചവരെയില്ലാത്ത എന്ത് അവകാശമാണ് ഇരുപത്തിയൊന്നാമത്തെ ആഴ്ച ഒരു ജീവനു ലഭിക്കുന്നത്? പെൺഭ്രൂണഹത്യ തെറ്റാണെന്നു വാദിക്കുന്നവർ പെണ്ണല്ലാത്ത ഭ്രൂണങ്ങളെ നശിപ്പിക്കുന്നതിന്അ നുകുലിക്കുന്നുമുണ്ട്. ജീവന്റെ മഹത്ത്വത്തിന്റെ കാര്യത്തിൽ ആണിനും പെണ്ണിനും തമ്മിൽ എന്തു വ്യത്യാസമാണുളളത്?

ആദ്യത്തെ ആഴ്ചകളിൽ ഭ്രൂണം മനുഷ്യജീവനാണോ, വ്യക്തിയാണോ, വെറും കോശങ്ങളുടെ കൂട്ടമല്ലേ, വൈകല്യമുളള കുഞ്ഞുങ്ങൾ ജനിക്കാൻ അനുവദിക്കുന്നതിനേക്കാൾ നശിപ്പിക്കുന്നതല്ലേ നല്ലത്, ഭ്രൂണം സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാകയാൽ സ്ത്രീയുടെ അവകാശമല്ലേ ഭ്രൂണഹത്യ തുടങ്ങി അനേകം തെറ്റിദ്ധാരണകളും സംശയങ്ങളും ആളുകളുടെ മനസ്സിലുണ്ട്.

ദമ്പതികളുടെ അണ്ഡവും ബീജവും സംയോജിക്കുന്ന നിമിഷം മുതൽ അതൊരു പുതിയ ജീവനാണ്. അനുകുലമായ ഒരു സാഹചര്യത്തിൽ വളരാനും പൂർണ്ണത പ്രാപിക്കാനും പിന്നീട് എൺപതോ തൊണ്ണൂറോ അതിലുമപ്പുറമോ വർഷം വരെ ജീവിക്കാനും ഈ പുതിയ ജീവനു സാധിക്കും. ഒരു പുതിയ ജീവന്റെ അന്തസ്സ് അതിന്റെ ലിംഗമോ, ആരോഗ്യമോ, നിറമോ,ആരെങ്കിലും ഇഷ്ടപ്പെടുന്ന അതിന്റെ ഗുണഗണങ്ങളോ ഒന്നും അല്ല, മറിച്ച് അതൊരു മനുഷ്യജീവനാണ് എന്നുളളതാണ്. ഏതൊരു ജീവനും, അതൊരു കോശം മാത്രമായ അവസ്ഥയിലായാലും (zygote) ഇരുപത് ആഴ്ചയായാലും, പ്രായമായി മരണാസന്നനായാലും/ മരണാസന്നയായാലും ഒരേ അന്തസ്സും അവകാശവുമാണുളളത്. എല്ലാ മനുഷ്യജീവന്റെയും മഹത്ത്വം അത് ദൈവത്തിന്റെ ഛായയിലും സാദൃശത്തിലും സൃഷ്ടിക്കപ്പെട്ടു എന്നുളളതാണ്, ദൈവം ദാനമായി ജീവൻ നൽകി എന്നുളളതാണ്. ഏതു മനുഷ്യനും, അത് മാർപ്പാപ്പാ ആയായലും രാഷ്ട്രത്തലവന്മാരായാലും എത്ര ഉന്നതരായാലും അണ്ഡവും ബീജവും ചേർന്ന്; ഒരു കോശമായി (zygote), രണ്ടു കോശമായി, നാലായി, എട്ടായി, ആഴ്ചകളായി, മാസങ്ങളായി, വളർച്ചയുടെ പടവുകൾ കടന്നാണ് അമ്മയുടെ ഉദരത്തിൽനിന്ന് ജനിച്ച് ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ എത്തിയത്. ഈ ലോകത്ത് ഇന്നു ജീവിക്കുന്ന എല്ലാ മനുഷ്യരും വളർച്ചയുടെ ആദ്യഘട്ടത്തിൽ ഒരു കോശമായിരുന്നു; രണ്ടും നാലും ഇരുപതും ആഴ്ചകൾ പ്രായമുളള ജീവനായിരുന്നു. എല്ലാ മനുഷ്യന്റെയും വളർച്ച ആദ്യകാലങ്ങളിൽ ഇപ്രകാരമായിരിക്കെ, എങ്ങനെയാണ്, ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസവത്തിന്റെ ഇരുപതോ ഇരുപത്തിനാലോ ആഴ്ചക്കു മുമ്പോ, ചില രാജ്യങ്ങളിൽ പതിനാലു ദിവസത്തിനു മുമ്പോ ഭ്രൂണഹത്യ ആകാമെന്നു നിയമം നിർമ്മിക്കുന്നത്.

എല്ലാ മനുഷ്യജീവനും ഗർഭധാരണനിമിഷം മുതൽ മനുഷ്യവ്യക്തിയായിട്ടാണ് ബഹുമാനിക്കപ്പെടേണ്ടത്. പുതിയ ജീവൻ രൂപപ്പെട്ടു കഴിഞ്ഞാൽ അത് അമ്മയുടെ ശരീരത്തിലെ ഒരു അവയവമല്ല, ഏതാനും കോശങ്ങളുടെ കൂട്ടമല്ല, മാതാപിതാക്കളുടെ സ്വത്തല്ല, മറിച്ച് എല്ലാ മനുഷ്യരെയും പോലെ ജീവിക്കാനും വളരാനും എല്ലാ അവകാശവുമുളള ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് പരിഗണിക്കപ്പെടേണ്ടത്. മാതാവിന്റെയോ പിതാവിന്റെയോ സൗകര്യമോ അസൗകര്യമോ അനുസരിച്ച് സ്വന്തമാക്കാനോ വളർത്താനോ നശിപ്പിക്കാനോ ഇഷ്ടംപോലെ കൈകാര്യം ചെയ്യാനോ ഉളള ഒരു വസ്തുവല്ല ഭ്രൂണാവസ്ഥയിലുളള മനുഷ്യജീവൻ.

പല രാജ്യങ്ങളിലെയും ഗർഭസ്ഥശിശുക്കളോടുളള സമീപനം വിചിത്രമാണ്. എല്ലായിടത്തുംതന്നെ പൗരന്മാരുടെ സുരക്ഷക്കായി പലവിധ നിയമങ്ങളുണ്ട്. നിർബ്ബന്ധിപ്പിച്ചും പിഴശിക്ഷവിധിച്ചും ഒക്കെയാണ് പൗരന്മാരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കുന്നത്. ഉദ: സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കണമെന്ന നിർദ്ദേശവും മറ്റും പൗരന്മാരുടെ ജീവൻ വിലയുളളതാണ്; അത് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ബോദ്ധ്യത്തിൽനിന്നു വരുന്നതാണ്. നവജാതശിശുക്കളെയും പെൺഭ്രൂണങ്ങളെയുമൊക്കെ സംരക്ഷിക്കാനും പലവിധ നിയമങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ജീവനെ സംരക്ഷിക്കാൻ നിയമങ്ങളുളള ഇന്ത്യ പോലുളള ഒരു രാജ്യത്തുതന്നെയാണ് ഏതാനും ആഴ്ചകളുടെ കണക്കെടുത്ത്, കൂട്ടിക്കിഴിച്ച് ഗർഭസ്ഥശിശുക്കളെ കൊല്ലാനും നശിപ്പിക്കാനും നിയമങ്ങൾ നിലവിലുളളതും; ഉളളതു കൂടുതൽ ഉദാരമാക്കാൻ ആലോചിക്കുന്നതും. ഒരു വശത്ത് ജീവനെ സംരക്ഷിക്കാനുളള നിയമങ്ങൾ, മറുവശത്ത് ജീവനെ നശിപ്പിക്കാനുളള നിയമങ്ങൾ. ഇത് പരസ്പരവിരുദ്ധമല്ലേ?

മനുഷ്യാവകാശങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായതാണ്. ജീവിക്കാനുളള അവകാശം. അതാരെങ്കിലും – രാജ്യമോ, ഭരണകർത്താക്കളോ – ഔദാര്യപൂർവ്വം നൽകുന്നതോ, സ്വന്തം കഴിവുകൊണ്ടു നേടിയെടുക്കുന്നതോ, ഒരു നിശ്ചിത പ്രായത്തിനു ശേഷം ഉണ്ടാകുന്നതോ, ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ഭാഗമാകുന്നതുകൊണ്ടോ, കുടുംബമഹിമകൊണ്ടോ ലഭിക്കുന്നതല്ല. ഒരാൾ മനുഷ്യനാണ് എന്നതുമാത്രമാണ് അടിസ്ഥാന മനുഷ്യാവകാശത്തിനുളള മാനദണ്ഡം. അങ്ങനെയെങ്കിൽ ഇരുപതോ ഇരുപത്തിനാലോ ആഴ്ചക്കു മുമ്പ് ജീവനെ നശിപ്പിക്കാൻ അനുവദിക്കുന്ന നിയമം ഒരു മനുഷ്യന്റെ ജീവിക്കാനുളള അടിസ്ഥാനപരമായ അവകാശത്തെ ലംഘിക്കുന്നതാണ്. ഗർഭാവസ്ഥയിലുളള മനുഷ്യന്റെ ജീവനെ സംരക്ഷിക്കുന്നതിനു പകരം അതിനെ നശിപ്പിക്കാനുളള നിയമം നിർമ്മിച്ചിട്ട് പൗരന്റെ അവകാശങ്ങളെക്കുറിച്ചും അവന്റെ ജീവന്റെ സംരക്ഷണത്തിനാവശ്യമായ നിയമങ്ങളുടെ കാർക്കശ്യത്തെക്കുറിച്ചും ഊറ്റം കൊളളുന്നത് നിയമ നിർമ്മാതാക്കളുടെയും ഭരണകർത്താക്കളുടെയും നിലപാടുകളിലെ വൈരുദ്ധ്യമാണു കാണിക്കുന്നത്.

സത്യവും നന്മയും നീതിയും മനുഷ്യത്വവുമുളള ഭരണകർത്താക്കളും നിയമ നിർമ്മാതാക്കളും പുതുതലമുറയും ഏറ്റവും നിരാലംബരും നിഷ്‌ക്കളങ്കരും ജീവന്റെ പ്രാരംഭഘട്ടത്തിലായിരിക്കുന്നതുമായ ഗർഭസ്ഥ ശിശുക്കളെ, അതെത്ര ദിവസമായാലും ആഴ്ചയായാലും മാസമായാലും എത്ര ആരോഗ്യം കുറവുണ്ടെങ്കിലും, സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കേണ്ടത്. ഏറ്റവും ബലഹീനവും നിരാലംബവുമായ അവസ്ഥയിലുളള മനുഷ്യന്റെ ജീവനെ സംരക്ഷിക്കുന്നതിലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുമാണ് ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും, വികസനത്തിന്റെയും നിലവാരത്തിന്റെയും മാനദണ്ഡം അടങ്ങിയിരിക്കുന്നത്.