റവ. ഡോ. തോമസ് (ടോമി) തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജനുവരി 14 -നു സമാപിച്ച സിറോ മലബാർ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ മെത്രാനെ നിയമിച്ചുകൊണ്ടുളള മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കല്പന അന്ന് 4. 30 -ന് കാക്കനാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ
കൂരിയായിൽ പ്രഖ്യാപിച്ചു. മെത്രാഭിഷേകം ഏപ്രിൽ 23 -നു പുതുഞായർ ദിനത്തിൽ നടക്കും.
സിറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയതിന്റെ രജതജൂബിലി ഉദ്ഘാടനസമ്മേളനത്തെത്തുടർന്നായിരുന്നു
പുതിയ മെത്രാന്റെ നിയമനപ്രഖ്യാപനം. മേജർ ആർച്ച്ബിഷപ്പിന്റെ കല്പന കൂരിയാ
ചാൻസലർ റവ. ഫാ. ആന്റണി കൊളളന്നൂർ വായിച്ചു. മേജർ ആർച്ച്ബിഷപ്പും മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലിത്തായും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നിയുക്തമെത്രാനു ബൊക്കെ നല്കി.
ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലിത്തൻ ഇടവക തറയിൽ ടി. ജെ.
ജോസഫിന്റെയും മറിയാമ്മയുടെയും പുത്രനായി 1972 ഫെബ്രുവരി രണ്ടിനായിരുന്നു
നിയുക്ത മെത്രാന്റെ ജനനം. ചങ്ങനാശ്ശേരി സെന്റ് ജോസ്ഫ്‌സ് എൽ. പി. സ്‌കൂൾ, സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, എസ്. ബി. കോളജ് എന്നിവിടങ്ങളിലായി പ്രീഡിഗ്രി വരെയുളള പഠനം പൂർത്തിയാക്കി. 1989 -ൽ വൈദികപഠനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി. 2000 ജനുവരി ഒന്നിന് ആർച്ച്ബിഷപ്പ് മാർ ജോസ്ഫ് പവ്വത്തിലിൽനിന്ന്
പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പളളികളിൽ സഹവികാരിയായും താഴത്തുവടകര പളളിയിൽ വികാർ അഡ്മിനിസ്‌ട്രേറ്ററായും ശുശ്രൂഷ ചെയ്തു. 2004 -ൽ ഉപരിപഠനത്തിനായി റോമിലേയ്ക്കു പോയി. ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരുന്നു നിയുക്ത മെത്രാൻ. പ്രസിദ്ധനായ ധ്യാനഗുരുവും മനഃശാസ്ത്രജ്ഞനുമാണ് റവ. ഡോ. തോമസ് തറയിൽ. മനഃശാസ്ത്ര സംബന്ധമായ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. സെമിനാരികളിലും സ്ഥാപനങ്ങളിലും അദ്ധ്യാപകനായ അദ്ദേഹത്തിന് മലയാളം കൂടാതെ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.